10 May 2024, Friday

ഡിജിറ്റൽ ക്രോപ് സർവ്വേക്ക് മാന്നാറിൽ തുടക്കം

Janayugom Webdesk
മാന്നാര്‍
July 13, 2023 7:48 pm

കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രിസ്റ്റാക്ക്) പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ക്രോപ് സർവ്വേക്ക് ആലപ്പുഴ മാന്നാറിൽ തുടക്കമായി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി അഡീഷണൽ ഡയറക്ടർ അജയകുമാർ എസ് സർവ്വേയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ജോയിന്റ് ഡയറക്ടർ ഡോ. കെ മോഹൻദാസ് പദ്ധതി വിശദീകരണം നടത്തി. അഗ്രി-സ്റ്റാക്ക് പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ക്രോപ്പ് സർവ്വേ ചെയ്യുന്നതിനായി കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്.

ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിലെ 299 വില്ലേജുകളിൽ ആണ് കേരളത്തിൽ ഡിജിറ്റൽ ക്രോപ്പ് സർവേ നടത്തുന്നത്. കൃഷി-റവന്യൂ വകുപ്പുകൾ സംയുക്തമായാണ് പദ്ധതിയിൽ പങ്കെടുക്കുന്നത്. ഐ ടി അധിഷ്ഠിത സാങ്കേതിക വിദ്യകളെയും, വിവിധ ഡേറ്റാബേസുകളെയും സമാഹരിച്ചു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി-സ്റ്റാക്ക്. ഇന്ത്യയിലെ മുഴുവൻ കർഷകരുടേയും, കാർഷിക മേഖലയുടെയും സമഗ്രമായ വികസനമാണ് ഇതിന്റെ ലക്ഷ്യം. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഡയറക്ടർ മുക്താനന്ദ് അഗ്രവാൾ, അണ്ടർ സെക്രട്ടറി ചന്ദൻ കുമാർ, കേന്ദ്ര കൃഷി മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.

മാന്നാർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, മാന്നാർ വില്ലേജ് ഓഫീസർ എ വി ജയശ്രീ, കൃഷി ഓഫീസർ ഹരികുമാർ, കേരള കാർഷിക സർവകലാശാല റിട്ട. പ്രൊഫസർ തോമസ് മാത്യു എന്നിവർ സംസാരിച്ചു. യോഗത്തിന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജെയിംസ് സ്വാഗതവും ചെങ്ങന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സരിത എസ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.