19 May 2024, Sunday

Related news

May 13, 2024
May 6, 2024
May 6, 2024
April 10, 2024
March 7, 2024
February 26, 2024
February 21, 2024
February 16, 2024
February 7, 2024
January 15, 2024

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

Janayugom Webdesk
May 6, 2024 6:11 pm

പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ (70) അന്തരിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാലോട് കാഞ്ചിനടയില്‍ രാമകൃഷ്ണപിള്ള‑അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. പത്താം ക്ലാസുവരെ ഭരതന്നൂർ സ്കൂളിലായിരുന്നു പഠിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ്ങിന് ചേര്‍ന്നു. അസിസ്റ്റന്റ് എൻജിനീയറായി ജോലി കിട്ടി ‍‍‍കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി. ജനയുഗത്തിലും സിനിരമയിലും ചലച്ചിത്ര നിരൂപണ പംക്തി കൈകാര്യം ചെയ്തിരുന്നു.

പെരുമ്പടവം ശ്രീധരന്റെ തിരക്കഥയിൽ 1981ൽ പുറത്തിറങ്ങിയ ആമ്പൽപ്പൂവാണ് ആദ്യചിത്രം. സുകൃതം, സദ്ഗമയ, ക്ലിന്റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം, ഒരു സ്വകാര്യം, പുലര്‍വെട്ടം, അയനം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ എന്നിവയടക്കം 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എം മുകുന്ദന്റെ രചനയില്‍ സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും അഭിനയിച്ച് 2022ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.
ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി.
മൃതദേഹം നാളെ രാവിലെ 11.30ന് ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ശാന്തികവാടത്തില്‍ സംസ്കാരം. നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. ജനപ്രിയ സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് തന്റേതായ ഇടം സൃഷ്ടിച്ച സംവിധായകനായിരുന്നു അദ്ദേഹം. പ്രമുഖ എഴുത്തുകാരുടെ രചനകള്‍ അദ്ദേഹം നവ്യമായ കാഴ്ചാനുഭവമാക്കി മാറ്റിയെന്ന് ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Direc­tor Hariku­mar passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.