അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏവരെയും വെല്ലുവിളിച്ച് പ്രതികാര ചുങ്കം പ്രഖ്യാപിച്ചു. വൈറ്റ് ഹൈസിലെ റോസ്ഗാര്‍ഡനില്‍ സംഘടിപ്പ മേക്ക് അമേരിക്കര എഗെയ്ന്‍ വെല്‍ത്തി പരിപാടികള്‍ അമേരിക്കയുടെ വിമോചനദിനം എന്നു വിശേഷിപ്പ് ട്രംപ് ചുങ്കപ്പട്ടിക പ്രഖ്യാപിച്ചത്, ഇന്ത്യക്ക് ഡിസ്‌കൗണ്ട്’ കഴിച്ച് 26 ശതമാനം ചുങ്കം ഏർപ്പെടുത്തുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയത്.
ചൈന 34 ശതമാനം, ജപ്പാൻ 24 ശതമാനം. വിദേശനിർമിത വാഹനങ്ങൾക്ക് 25 ശതമാനം തീരുവ അർധരാത്രി മുതൽ നിലവിൽവന്നു. പ്രധാന വ്യാപാര പങ്കാളികളായ കാനഡയെയും മെക്സിക്കോയെയും അമേരിക്കൻ പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചു. അവരുടെ വ്യാപാര രീതികൾ ന്യായമല്ലല്ലെന്നും തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയ്ക്ക് സുവർണ്ണകാലം ആരംഭിക്കുകയാണെന്നും അഭിവൃദ്ധിക്കുള്ള സമയമാണെന്നും ട്രംപ് അവകാശപ്പെട്ടു.
മറ്റ് രാജ്യങ്ങളുടെ അന്യായ വ്യാപാരത്തെ നിയന്ത്രിക്കാൻ പരസ്പരചുങ്കം ഏർപ്പെടുത്തുന്നത് സഹായിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ഈ നീക്കം ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാക്കുമെന്നും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നും സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ട്രംപ് ആവിഷ്‌കരിച്ച ചുങ്കപ്പട്ടികയുടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. പരസ്പര നികുതി ഏർപ്പെടുത്തുന്ന പ്രതികാര നടപടി ഗണ്യമായ വ്യാപാര കമ്മിയുള്ള 10-–-15 രാജ്യങ്ങളിൽ മാത്രമായി ചുരുക്കില്ലെന്നും എല്ലാ രാജ്യങ്ങൾക്കുമെതിരെ ചുങ്കം ഏർപ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനത്തെ തുടർന്ന് ലോകമാകെ വിപണികൾ അനിശ്ചിതാവസ്ഥയിലായി. അവസാന നിമിഷംവരെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാതിരിക്കാൻ വൈറ്റ്‌ഹൗസ് ജാഗ്രത പുലർത്തി. സൂചനകളൊന്നും ലഭ്യമാകാത്തതോടെ ഊഹാപോഹങ്ങൾ പരന്നു. ഓഹരിവിപണികളിൽ അനിശ്ചിതാവസ്ഥ പ്രതിഫലിച്ചു. അമേരിക്കയുടെ സഖ്യരാജ്യങ്ങൾതന്നെ ചുങ്കപ്രഖ്യാപനത്തിൽ കടുത്ത അമർഷത്തിലാണ്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസിന്റെ പകരച്ചുങ്കത്തില്‍ ഇന്ത്യന്‍ ഔഷധ മേഖല രക്ഷപെട്ടപ്പോള്‍ കാര്‍ഷിക, ചെമ്മീന്‍ കയറ്റുമതി രംഗത്തും ടെക്സ്റ്റൈല്‍ മേഖലയിലും വലിയ തിരിച്ചടി.
ജനറിക് മരുന്നുകളുടെ പ്രധാന ഉല്പാദകരാണ് ഇന്ത്യ. യുഎസില്‍ വില്‍ക്കുന്ന ജനറിക് മരുന്നുകളുടെ ഏതാണ്ട് പകുതിയോളവും ഇന്ത്യയില്‍ നിന്നാണ്. പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തിയാല്‍ വളരെ ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഈ മരുന്നുകള്‍ക്ക് വില ഗണ്യമായി കൂടും, ഇത് സാധാരണക്കാരെയും ബാധിക്കുമെന്നതിനാലാണ് ഈ രംഗത്തെ തീരുവ കൂട്ടല്‍ ഒഴിവായതെന്നാണ് സൂചന. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കമ്പോളം അമേരിക്കയാണ്. ആകെ കയറ്റുമതിയുടെ 17 ശതമാനവും യുഎസിലേക്കാണ്. ഏതാണ്ട് 7,750 കോടി ഡോളറായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വ്യാപാരം. ചെമ്മീനും പാലുല്പന്നങ്ങളുമടക്കമുള്ള കാര്‍ഷിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവ വ്യത്യാസം ഏതാണ്ട് 40 ശതമാനമാണ്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നികുതി 26 ശതമാനമായി ഉയരുന്നതോടെ ചെമ്മീന്‍ കയറ്റുമതിക്കാര്‍ ബുദ്ധിമുട്ടിലാകും. കേരളത്തിലെ ചെമ്മീനിന്റെ നല്ലൊരു പങ്കും കയറിപ്പോകുന്നത് യുഎസ് വിപണിയിലേക്കാണ്. ഉയര്‍ന്ന നികുതി ഈ മേഖലയുടെ നിലനില്പിന് തന്നെ ഭീഷണിയാകുമെന്നാണ് ചെമ്മീന്‍ കയറ്റുമതിക്കാര്‍ പറയുന്നത്. യുഎസുമായി പുതിയ കരാര്‍ വന്നില്ലെങ്കില്‍ ഈ രംഗത്ത് വലിയ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപയുടെ ശീതീകരിച്ച ചെമ്മീനാണ് കയറ്റി അയച്ചത്. ഇതില്‍ 22,000 കോടിയുടെ കയറ്റുമതിയും അമേരിക്കയിലേക്കായിരുന്നു. സമുദ്രോല്പന്ന കയറ്റുമതിയില്‍ ഇക്വഡോറാണ് ഇന്ത്യയുടെ പ്രധാന എതിരാളികള്‍. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഇക്വഡോറിന് 10 ശതമാനം മാത്രമാണ് നികുതിയുള്ളത്. ഇന്ത്യന്‍ ചെമ്മീനിന് യുഎസില്‍ വില വര്‍ധിക്കുകയും ഇക്വഡോറില്‍ നിന്നുള്ള ചെമ്മീന്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങും.
യുഎസ് തീരുവകള്‍ ഇന്ത്യന്‍ ടെക്സ്റ്റെെല്‍ മേഖലയെ ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എങ്കിലും ചൈന, ബംഗ്ലാദേശ് കയറ്റുമതികളിലെ ഉയര്‍ന്ന തീരുവകള്‍ ഇന്ത്യയിലെ തുണി നിര്‍മ്മാതാക്കള്‍ക്ക് വിപണി വിഹിതം നേടാനും ഉല്പാദനം ആകര്‍ഷിക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും അവസരം സൃഷ്ടിക്കുമെന്ന് ആഗോള വ്യാപാര ഗവേഷക സ്ഥാപനം (ജിടിആര്‍ഐ) പറയുന്നു. ആഗോള വ്യാപാരത്തിലും ഉല്പാദനത്തിലും ഇന്ത്യക്ക് തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഗവേഷകനായ അജയ് ശ്രീവാസ്തവ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.