Web Desk

November 22, 2021, 10:43 am

ചുരുളി ചുരുൾ നിവർത്തുന്ന ലോകം ആരുടേതാണ്?

Janayugom Online

ടൈം ലൂപ് കൺസപ്റ്റ് മാറ്റി നിർത്തിയാൽ, ഇ സന്തോഷ് കുമാറിന്റെ അന്ധകാരനഴിയോട് വളരെയധികം സാദ്യശ്യമുള്ള ആശയമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയിലെ ചുരുളി എന്ന ലോകം!

അടിയന്തിരാവസ്ഥക്കാലത്ത് പൊലീസിന്റെ തോക്കിൻമുനയിൽ നിന്നു രക്ഷപ്പെട്ടോടിയ ശിവൻ എന്ന വിപ്ലവകാരിയ്ക്ക്
കരടിയച്ചാച്ചന്റെ തുരുത്തിലെത്തുന്നതോടു കൂടിയുണ്ടാവുന്ന പരിവർത്തനമാണ് അന്ധകാരനഴി എന്ന നോവലിന്റെ പ്രധാന ഇതിവൃത്തങ്ങളിലൊന്ന്.
കരടിയച്ചാച്ചന്‍, അയ്യക്കുരു എന്ന പണിയന്‍, തേച്ചപ്പന്‍, അയാളുടെ ഭാര്യയായ മേരിപ്പെണ്ണ്, അവര്‍ വളര്‍ത്തുന്ന അയ്യപ്പന്‍ എന്ന കുരങ്ങ്, മലമുകളിലെ പണിയന്മാര്‍ എന്നിവരെല്ലാം ചേര്‍ന്ന അതിനിഗൂഢമായൊരു സ്ഥലമായിട്ടാണ് തുരുത്തിനെ ചിത്രീകരിച്ചിരിക്കുന്നത്.

സമൂഹത്തിലെ അധസ്ഥിത വർഗത്തിന്റെ മോചനം സ്വപ്നം കണ്ട് വിപ്ലവകാരിയുടെ ജീവിതം തിരഞ്ഞെടുത്ത അയാൾ പക്ഷേ തുരുത്തിലെത്തി, അടിയന്തിരാവസ്ഥക്കാലത്തെ ഒളിവ് ജീവിതം കഴിയുന്നതോടെ അധികാര മോഹിയും ചതിയനും കൊലപാതകിയുമായി മാറുന്നു. അഥവാ കരടിയച്ചാച്ചൻ തുരുത്തിലെ ജീവിതം അയാളെ അത്തരത്തിൽ മാറ്റിയെടുക്കുന്നു എന്ന് പറയാം. ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ പോരാടിയ ഒരു മനുഷ്യൻ ഒടുവിൽ അധികാര മോഹിയും സ്വേച്ഛാതിപതിയും സ്ത്രീമോഹിയുമൊക്കെയായി മാറുന്നതെങ്ങനെ എന്നതിന്റെ വൈരുധ്യാത്മകത മനസിലാവുന്ന വിധമാണ് ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത്.

ചുരുളിയിലും സമാന അവസ്ഥയാണുള്ളത്. ചുരുളിയിലെത്തിപ്പെടുന്നതോടെ മനുഷ്യർക്കുണ്ടാകുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മുഖ്യധാര സമൂഹത്തിൽ കള്ളനോ കൊലപാതകിയൊ പീഡകനോ ആയ മനുഷ്യരാണ് ചുരുളിയിലുള്ളത്.
അവർ ഒരേ സമയം ഒരു സ്ഥലത്തെ ദേവാലയമായും മദ്യശാലയായും കാണുന്നു. തെറി പറയുന്നു. ദേഷ്യം തോന്നിയവരോട് തോന്നുമ്പോലെ പെരുമാറുന്നു…
ആ ചുരുളിയിലേക്ക് ഷാജീവൻ, ആന്റണി എന്നിങ്ങനെ രണ്ട് പൊലീസുകാർ മയിലാടുംപാറ ജോയി എന്ന ഒരു കുറ്റവാളിയെ തിരഞ്ഞെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പുരുഷന്റെ നൈസർഗിക ചോദനകൾ പ്രകാശിപ്പിക്കാൻ യാതൊരു തടസവുമില്ലാത്ത ലോകമാണ് ചുരുളി. പരിഷ്കൃത ലോകത്തിന്റെ മെരുക്കലുകളിൽ പാകപ്പെട്ട ഷാജീവനും ആന്റണിയും ചുരുളിയിലെത്തുന്നതോടെ ചുരുളിക്കാരായി മാറുന്നു.

സിനിമയുടെ തുടക്കത്തിൽ പറയുന്ന തിരുമേനിയുടേയും മാടന്റേയും കഥ പോലെത്തന്നെ നമ്മൾ കുറ്റം മറ്റൊരാളിൽ തിരയുകയും യഥാർഥത്തിൽ നമ്മളാണ് കുറ്റവാളി എന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ കൂടിയാണ് ചുരുളി ചുരുൾ നിവർത്തുന്നത്. നിഗൂഢത സൃഷ്ടിക്കുവാൻ ടൈം ലൂപ്പ് ആശയവും അന്യഗ്രഹ ജീവികളുടെ സാന്നിധ്യവും ബ്ലാക് ഹോളു പോലെ ഒരു വൈറ്റ് ഹോളിന്റ സാധ്യതയും സിനിമ ചുരുട്ടി വെച്ചിട്ടുണ്ട്. മലയാള സിനിമയിൽ അത്തരം പരീക്ഷണം മുമ്പുണ്ടായിട്ടില്ലാത്തതിനാൽ സാധാരണ പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്കു സാധിക്കുന്നുണ്ട്.

സിനിമ പറയാനുദേശിച്ച ഇതിവൃത്തം മികച്ചതാണെങ്കിലും ഇത്തരം സിനിമകളുടെ ആവിഷ്‌കരണത്തിലെ ചില ക്ലീഷേകളാണ് ഇനി വിശദീകരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് എന്നീ സിനിമകളിലെല്ലാം കണ്ടു വരുന്ന ആണാഘോഷത്തിന്റെ തുടർച്ച തന്നെയാണ് ഈ സിനിമയിലും കാണുന്നത്. ഇറച്ചിയും വേട്ടയും പെണ്ണുപിടിയും മദ്യം കഴിക്കലും തെറിവിളിയും തമ്മിൽ തല്ലി മത്സരിക്കലുമാണ് സ്വാതന്ത്ര്യമെന്നും ആണിന്റെ പ്രാകൃത ചോദനയെന്നും അതാണ് സ്വർഗമെന്നുമുള്ള ചില ഗ്ലോറിഫൈഡ് ഡയലോഗുകൾ സിനിമയിലുണ്ട്.
ആണൽഭുത ലോകത്തിന്റെ ചിത്രീകരണമാണിത്.

ഇതിലെ പെണ്ണുങ്ങൾക്കും കുട്ടികൾക്കും എന്താണ് സംഭവിക്കുന്നത്?
അടുക്കളയിൽ പാചകം ചെയ്തും ആണുങ്ങളുടെ തമ്മിൽ തല്ല് പരിഹരിച്ചും പരിക്കു പറ്റുന്ന ആണുങ്ങളെ ശുശ്രൂഷിച്ചും കഴിഞ്ഞു കൂടുന്നു! അതാണോ യഥാർഥത്തിൽ പെണ്ണുങ്ങളുടെ ആനന്ദ ലോകം?!

തങ്ക എന്ന തിരുമ്മുകാരിപ്പെണ്ണിന്റെ ശരീരഭാവങ്ങൾക്ക് സ്പടികത്തിലെ സിൽക്സ്മിതയുടെ കഥാപാത്രമായ ലൈലയുമായാണ് സാമ്യം തോന്നുന്നത്.
പെങ്ങളേ എന്നു വിളിച്ചു വരുന്നവന്റെ കാമം തീർക്കേണ്ടി വരുന്ന, സ്വന്തം സംരക്ഷണയിൽ കഴിയുന്ന പ്രായപൂർത്തിയാവാത്ത കുഞ്ഞിനെ പീഡിപ്പിച്ചതിന് പകരമായി അവർ നീട്ടുന്ന പിച്ചക്കാശ് വാങ്ങി തൃപ്തിയടയേണ്ടി വരുന്ന ആൺലോകവുമായി സമരസപ്പെട്ട് കഴിയേണ്ടി വരുന്ന പെണ്ണ് ! ഇതാണോ പെണ്ണിന്റെ സ്വർഗം ?
ഒരിക്കലുമല്ല.
അമ്മയേയും പെങ്ങളേയും തിരിച്ചറിയായ്ക എന്നത് സ്വാതന്ത്ര്യത്തിന്റെ അനന്തസാധ്യതയായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.
ഒന്നുകിൽ പെങ്ങളേ എന്ന കപടവിളി ഒഴിവാക്കാം. അഥവാ അങ്ങനെ വിളിക്കുന്നുണ്ടെങ്കിൽ ആ വിളിയുടെ അർത്ഥത്തോട് നീതി പുലർത്തുക. അതാണ് വേണ്ടതെന്നാണ് തോന്നിയത്.

തങ്കയുടെ സംരക്ഷണയിൽ കഴിയുന്ന ആ ആൺകുഞ്ഞ് ഷാജീവനെന്ന കഥാപാത്രത്തെ നോക്കുന്ന നോട്ടവും അസ്പഷ്ടമായി കാണിക്കുന്ന ചില സീനുകളും ചുരുളി എന്ന ആൺലോകത്ത് കുഞ്ഞുങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്ന് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ആൺകുഞ്ഞ് തന്റെ കാലുകൾ ആളുന്ന അടുപ്പിലേക്ക് നീക്കിവെച്ചിരിക്കുന്ന ആ സീൻ പ്രതീകാത്മകമായൊരു ചിത്രീകരണമാണ്.

ആണുങ്ങൾക്ക് ഇത്തിരി വെടിയിറച്ചി വേണം, നന്നായി കള്ളു കുടിക്കണം, കൂടെക്കിടക്കാനൊരു പെണ്ണ് വേണം, പെണ്ണു തന്നെ വേണമെന്നുമില്ല. കുട്ടികളായാലും മതി, പിന്നെ സാമൂഹിക നിയന്ത്രണങ്ങളില്ലാതെ തെറി പറയണം, നേതാക്കൻമാരാവാൻ മൃഗങ്ങൾ നടത്തുന്ന പോലെ എതിരാളിയെ തോൽപ്പിക്കുന്ന ഗെയ്മുകൾ വേണം…
ഇത്ര മതി. അതാണ് ചുരുളി. ആണുങ്ങളുടെ സ്വർഗം !
പലരും വാഴ്ത്തിയ പോലെ പുരുഷന്റെ നൈസർഗിക ചോദനകളെ കപടമില്ലാതെ അനാവരണം ചെയ്ത സിനിമ തന്നെയാണ് ചുരുളി. അതിൽ തർക്കമില്ല. പക്ഷേ പുരുഷന്റെ നൈസർഗിക ചോദനയിൽ അത്രമാത്രം വാഴ്ത്തപ്പെടാനെന്തിരിക്കുന്നു?
വിഭവങ്ങൾക്കും ഇണകൾക്കും വേണ്ടി യുദ്ധം ചെയ്ത് ജീവിച്ചും മരിച്ചുമുള്ള — കയ്യൂക്കുള്ളവൻ കാര്യക്കാരനായ, അജ്ഞതയും അന്ധവിശ്വാസങ്ങളും നിറഞ്ഞ ആ പ്രകൃതി ചോദനക്കാലത്തെ ജീവിതം തിരിച്ചു പിടിക്കാനാണോ ഇത്തരം ആളുകൾ ഊറ്റം കൊള്ളുന്നത്? പുരുഷൻ മെരുക്കപ്പെട്ട ഒരു പ്രാകൃത ജീവിയാണെന്ന സത്യത്തെ അംഗീകരിക്കാൻ ആർക്കാണ് മടി? പുരുഷന്റെ ആ മെരുങ്ങലിൽ നിന്നാണ് ഇതര ജീവികളുടെ സ്വാതന്ത്ര്യവും സമാധാനവുമുണ്ടാവുന്നത്. അതായത്, ഒരാൾക്ക് തോന്നുമ്പോലെ തെറി വിളിക്കാനും ബലാത്സംഗം ചെയ്യാനും കൊല ചെയ്യാനും കുട്ടികളെ ചൂഷണം ചെയ്യാനും സാധിക്കുന്ന ഒരു ലോകത്തെയാണോ ആണുങ്ങളുടെ സ്വർഗമെന്ന് വിളിക്കുന്നത്? ആ ലോകത്ത് ദുർബലരായ ആണുങ്ങൾക്കു പോലും ജീവിക്കാനാവില്ല എന്നതാണ് സത്യം. സ്ലാപ് ഗെയ്മിൽ തോൽപ്പിച്ച കൊഡഗുകാരനെ ഷാജീവൻ കൊന്നതു പോലെ ജയ പരാജയങ്ങൾക്കു വേണ്ടി ആണുങ്ങളും പരസ്പരം കൊല്ലപ്പെടും. നിങ്ങളുടെ ഇണയെ ഇഷ്ടപ്പെട്ട മറ്റൊരുത്തൻ നിങ്ങളെ തല്ലിക്കൊന്ന് ഇണയെ സ്വന്തമാക്കും. ഇണ വെറും ഉപഭോഗ വസ്തു മാത്രമായിരിക്കും. നിങ്ങളുടെ കുഞ്ഞും അമ്മയും കൈകരുത്തുള്ളവരാൽ ബലാൽസംഗം ചെയ്യപ്പെടും. ആദിമ പ്രകൃതി ചോദനയിൽ ബന്ധങ്ങൾക്കും ജനാധിപത്യത്തിനും പ്രണയങ്ങൾക്കുമൊന്നും യാതൊരു പ്രസക്തിയുമില്ല. സർവൈവൽ ഓഫ് ദ ഫിറ്റെസ്റ്റ് / അതിജീവനം മാത്രമാണ് മുഖ്യം! നീതിയ്ക്കും നിയമങ്ങൾക്കുമൊന്നും അവിടെ പ്രസക്തിയില്ല.
വെള്ളക്കാരൻ കറുത്തവനെ കൊന്നുതള്ളും. നാസികൾ ജൂതരെ വംശീയ ഉന്മൂലനം നടത്തും. വംശത്തിന്റെ, ജാതിയുടെ, ലിംഗത്തിന്റെ, പ്രദേശത്തിന്റെ പേരിൽ ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന എല്ലാതരം വിവേചനങ്ങളുടേയും അന്ത:സത്ത ആ പ്രാകൃത ചോദന തന്നെയാണ്.
പ്രാകൃതനും അപകടകാരിയുമായ ആ പുരുഷനെ മെരുക്കുന്നതിനാണ് നിയമങ്ങളും നീതി സങ്കൽപങ്ങളും മതങ്ങൾ പോലും രൂപം കൊണ്ടത്. ദുർബലരായ മനുഷ്യരുടെ നിലനിൽപും അതിജീവനവും അവകാശങ്ങളും കൂടി ഉറപ്പു വരുത്തതിനും നൈസർഗിക പ്രകൃതി ചോദനകളെ മെരുക്കുന്നതിനും വേണ്ടിത്തന്നെയാണ് സംസ്കാരം, മാനവികത, ജനാധിപത്യ ബോധം തുടങ്ങിയ സങ്കൽപങ്ങൾ മനുഷ്യൻ ഉണ്ടാക്കുന്നത്.
ഈ മെരുങ്ങൽ പുരുഷനെ സംബന്ധിച്ച് കൂട്ടിലിട്ട കാളയെപ്പോലെയാണെങ്കിലും ദുർബലരായ മനുഷ്യരെ സംബന്ധിച്ച് ആ മെരുങ്ങൽ ആവശ്യവുമാണ്. പറഞ്ഞു വന്നത് പുരുഷന്റെ നൈസർഗിക ചോദനയിൽ — ഗ്ലോറിഫൈ ചെയ്യാൻ മാത്രം ഒന്നുമില്ലെന്നാണ്.

ഇനി ചുരുളി എന്തു കൊണ്ട് സംഭവിക്കുന്നു എന്നു നോക്കാം;
ജനാധിപത്യ ബോധവും മനുഷ്യാവകാശങ്ങളും പരിസ്ഥിതി സംരക്ഷണ നിയമങ്ങളുമുള്ള ഇന്നത്തെ ലോകത്ത് പുരുഷന്റെ ആദിമ ചോദനകൾക്ക് ചില നിയന്ത്രണങ്ങളുണ്ട്.
ആ നിയന്ത്രണങ്ങളിൽ കിടന്ന് കുതറുന്ന പുരുഷന്റെ കാമനകളാണ് ചുരുളിയെന്ന നിഗൂഢ ലോകത്ത് യാഥാർഥ്യമാകുന്നത്.
ഇതിൽ അന്യഗ്രഹ ജീവികൾക്ക് യാതൊരു പങ്കുമില്ല. അവർക്കാണിതിൽ പങ്കെന്ന് വരുത്തിത്തീർക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ടെങ്കിലും അതിന് യാതൊരു പ്രസക്തിയും ഈ കഥയിലില്ല. കാരണം ചുരുളി ഒരത്ഭുത പ്രദേശമല്ലല്ലോ…
നമുക്കു ചുറ്റും ധാരാളം ചുരുളികളുണ്ട്. മെരുക്കപ്പെടാത്ത ആണുങ്ങളുടെ നിഗൂഢ ലോകങ്ങളുണ്ട്.

കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന സെക്സ് മാഫിയകളും ലഹരിമാഫിയകളും പൊലീസ് ലോക്കപ്പുകളും അധോലോകവും സൈനിക താവളങ്ങളും രാത്രിമറവുകളും രാഷ്ട്രീയക്കാരുടെ രഹസ്യലോകങ്ങളുമെല്ലാം ഓരോ ചുരുളികൾ തന്നെയാണ്. മെരുക്കപ്പെടാത്ത പുരുഷന്റെ ചോദനകൾ അനർഗളം നിർഗളം ഒഴുകുന്ന ചുരുളികൾ !
യഥാർഥത്തിൽ ചുരുളികളിൽ നിന്നുള്ള ഒരു മോചനമാണ് സമൂഹത്തിന് വേണ്ടത്.

ചുരുളികളെ ആഘോഷിക്കുന്നതിനു പകരം
ചുരുളികളിലെ അപകടങ്ങൾ തിരിച്ചറിഞ്ഞ് ചുരുളികളില്ലാത്തൊരു — സ്ത്രീകളും കുട്ടികളും ഇതരജൻഡറുകളുമെല്ലാം സുരക്ഷിതരാവുന്ന അത്ഭുത ലോകങ്ങളാണ് നമുക്ക് വേണ്ടത്. ചുരുളികളുണ്ടാവുന്നതിനേക്കാൾ എല്ലാ മനുഷ്യരും തുല്യരായി ജീവിക്കുന്ന, സന്തോഷിക്കുന്ന ലോകമുണ്ടാക്കാനാണ് പ്രയാസം.
അത്തരമൊരു ചിന്തയിലേക്ക് ചുരുൾ നിവർത്താൻ ചുരുളിയ്ക്ക് ശേഷിയുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു!