November 27, 2022 Sunday

Related news

November 25, 2022
November 24, 2022
November 24, 2022
November 19, 2022
November 8, 2022
November 8, 2022
November 5, 2022
October 6, 2022
October 4, 2022
September 22, 2022

ഇഡി അഥവാ എന്റ് ഓഫ് ഡെമോക്രസി

സുരേന്ദ്രന്‍ കുത്തനൂര്‍
August 27, 2022 5:30 am

ബംഗളുരു ആസ്ഥാനമായ ‘ആർട്ടിക്കിൾ‑14’ എന്ന ന്യൂസ് വെബ്സൈറ്റ് 2010 മുതൽ 2020 വരെയുള്ള കാലഘട്ടത്തെ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദശകം എന്ന് വിശേഷിപ്പിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. ഏറ്റവും കൂടുതൽ പേർ രാജ്യദ്രോഹത്തിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത് ഈ കാലഘട്ടത്തിലാണ് എന്നതിന്റെ പേരിലായിരുന്നു ഈ പ്രയോഗം. 2014 മുതലുള്ള മോഡി സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യദ്രോഹക്കേസുകളിൽ 98 ശതമാനവും നിസാരകാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മറ്റ് ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളിൽ പ്രധാന തലക്കെട്ടായ മൂന്ന് സംഭവങ്ങൾ ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ഒന്ന് പെഗാസസ് ചാര സോഫ്റ്റ്‍വേർ അന്വേഷണ സമിതി റിപ്പോർട്ട് സുപ്രീം കോടതിയിലെത്തിയത്. ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി 800 കോടി നീക്കിവച്ചു, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനെതിരായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി എന്നിവയാണ് മറ്റ് രണ്ടെണ്ണം.
രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കുന്ന ഇന്ത്യയുടെ സമകാലികദയനീയതയുടെ കറുത്ത ചിത്രങ്ങളാണ് മുകളിൽ പറഞ്ഞ സംഭവങ്ങൾ. പെഗാസസ് കേസ് എന്നത് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ന്യായാധിപൻമാരെയുമുൾപ്പെടെ അവരുടെ ഫോണുകളിൽ ചാര സോഫ്റ്റ്‍വേർ ഉപയോഗിച്ച് നുഴഞ്ഞുകയറി നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ നടത്തിയ അതീവഗുരുതരമായ നടപടിയെക്കുറിച്ചുള്ളതാണ്. കേസ് നേരത്തെ പരിഗണിച്ച പരമോന്നത കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടാണ് കോടതിക്ക് മുമ്പാകെ എത്തിയത്. കേന്ദ്രസർക്കാർ അന്വേഷണത്തോട് സഹകരിച്ചില്ല എന്നാണ് സമിതി അധ്യക്ഷനായിരുന്ന റിട്ട. ജസ്റ്റിസ് ആർ വി രവീന്ദ്രൻ വ്യക്തമാക്കിയത്. സുപ്രീം കോടതി നിയോഗിച്ച സമിതിയോട് പോലും സുതാര്യത പുലർത്താത്ത മോഡി ഭരണകൂടത്തിൽ നിന്ന് എന്ത് നീതിയാണ് പൊതുജനത്തിന് ലഭിക്കുക.


ഇതുകൂടി വായിക്കൂ: അന്വേഷണ ഏജന്‍സികളുടെ നിയമലംഘനങ്ങള്‍


ഡൽഹിയും ഝാർഖണ്ഡും മോഡിഭരണത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നു. പണം കൊടുത്ത് അധികാരം വിലയ്ക്ക് വാങ്ങുന്ന ബിജെപി ജനാധിപത്യത്തിന് പകരം വയ്ക്കുന്നത് പണമാണ്. ആ പണമുണ്ടാക്കാനവർ ഏജൻസികളെ കൃത്യമായി ഉപയോഗിക്കുന്നു. ഭരണ ഘടനാ ബാധ്യതയുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ കുറ്റാന്വേഷണ ഏജൻസികൾ വരെ മോഡി സർക്കാരിന്റെ ‘ഏജന്റുമാരാ‘യി പ്രവർത്തിക്കുന്നു. ന​രേ​ന്ദ്ര മോഡി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യശേ​ഷം ‘ഫു​ൾ പ​വ​റി’​ലാ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ് എ​ൻ​ഫോ​ഴ്സ്‍മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് അഥവാ ഇ​ഡി. ബി​ജെ​പി ഭരണത്തിൽ ഇ​ഡി ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ​ക്കെ​തിരെയാണ്. നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രെ ഇ​ഡി മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ചോ​ദ്യം ചെ​യ്ത​ത്. മു​ൻ കേ​ന്ദ്ര മ​ന്ത്രി പി ​ചി​ദം​ബ​രം ഇ​ഡിയുടെ കേ​സി​ൽ ജ​യി​ലിലായി. ക​ർ​ണാ​ട​ക​യി​ൽ കോ​ൺഗ്ര​സ് നേതാവ് ഡി ​കെ ശി​വ​കു​മാർ, എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ശ​ര​ദ് പ​വാ​ർ, അ​ജി​ത് പ​വാർ എന്നിവർ അന്വേഷണ നിഴലിലാണ്. ബംഗാളിൽ മ​മ​ത ബാ​ന​ർ​ജി​ മ​ന്ത്രി​സ​ഭ​യി​ലെ ധ​ന​മ​ന്ത്രി പാ​ർത്ഥ ചാ​റ്റ​ർ​ജി, മ​രു​മ​ക​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി എ​ന്നി​വ​രെ ഇ​ഡി കു​ടു​ക്കി. ആം ​ആദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യ സ​ത്യേ​ന്ദ​ർ ജ​യി​ൻ ജ​യി​ലി​ൽ തു​ട​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി​ക്കെ​തിരെ നിന്ന ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്, ടി​ആ​ർ​എ​സ് നേ​താ​വ് എ​ൻ നാ​ഗേ​ശ്വ​ര റാ​വു, ജ​മ്മു കശ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള, ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് തു​ട​ങ്ങി ഇ​ഡി കേ​സെ​ടു​ത്ത പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ നിര നീ​ണ്ടതാണ്. പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളും ക​ലാ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖരും ഇ​ഡി​യു​ടെ നി​ഴ​ലിലാ​ണ്. രാഷ്ട്രീയ നേതാക്കളെ ഇഡിയെ ഭീഷണിപ്പെടുത്തി വശപ്പെടുത്തി അധികാരം അട്ടിമറിക്കുകയാണ് ലക്ഷ്യം. അതിനുള്ള മൂലധന ശാക്തീകരണമാണ് വാണിജ്യ‑വ്യവസായ മേഖയിലെ ഇഡി വേട്ട. കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ ഓ​ഫീ​സി​ലേ​ക്കുവ​രെ കടന്നുകയറ്റം ഇ​ഡി​യു​ടെ പരിഗണനയിലാണ്.
പണം നല്കി ജനപ്രതിനിധികളെ വാങ്ങുന്നതിന് മോഡി-അമിത്ഷാ സഖ്യം വിളിക്കുന്ന ഓമനപ്പേരാണ് ‘ഓപ്പറേഷൻ താമര’. ജൂണിൽ ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചതോടെ ഓപ്പറേഷൻ താമരയിൽ വീഴുന്ന ആറാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര. ഗോവ, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, കർണാടക, മേഘാലയ എന്നിങ്ങനെ രാജ്യത്തിന്റെ മിക്കയിടത്തും ഓപ്പറേഷൻ താമരയിലൂടെ ബിജെപി അധികാരത്തിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് നേതാക്കളിൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച നടക്കുമ്പോഴാണ് ഗോവയിൽ ബിജെപി ഭരണം പിടിക്കുന്നത്. 15 കോൺഗ്രസ് എംഎൽഎമാരെയും രണ്ട് ജെഡിഎസ് പ്രതിനിധികളെയും വിലകൊടുത്തു വാങ്ങിയാണ് കർണാടകത്തിൽ കോൺഗ്രസ് സഖ്യസർക്കാരിനെ അട്ടിമറിച്ചിട്ടത്. മധ്യപ്രദേശിൽ 15 മാസം തികഞ്ഞ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കുന്നത് ഒറ്റയടിക്ക് 22 കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിച്ചാണ്. 2020 മാർച്ച് 20ന് കമൽനാഥ് രാജിവച്ചതിന്റെ പിറ്റേ ദിവസം സമ്പൂർണ ലോക്ഡൗൺ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് എതിരാളികളുടെ നീക്കങ്ങൾ തടഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമതരെ ബിജെപി ഭരിക്കുന്ന അസമിലും ഗോവയിലും താമസിപ്പിച്ചാണ് സർക്കാരിനെ അട്ടിമറിച്ചത്. ബിഹാറിൽ പദ്ധതി നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ തകര്‍ത്താണ് നിതീഷ് കുമാർ മഹാസഖ്യം ശക്തിപ്പെടുത്തിയത്.


ഇതുകൂടി വായിക്കൂ: നുണക്കോട്ടകൾ പൊളിഞ്ഞുതന്നെ വീഴും


ഝാർഖണ്ഡിൽ എംഎൽഎ മാരെ അടർത്തിമാറ്റി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി നേരത്തെ തുടങ്ങിയിരുന്നു. പശ്ചിമ ബംഗാളിലെ ഹൗറയിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ പണക്കെട്ടുകളുമായി കഴിഞ്ഞമാസം പിടിയിലായത് ഝാർഖണ്ഡിലെ ‘ഓപ്പറേഷൻ താമര’ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണമുയർന്നു. ജംതാരയിൽ നിന്നുള്ള ഇർഫാൻ അൻസാരി, ഖിജ്‍രിയിൽ നിന്നുള്ള രാജേഷ് കച്ചാപ്പ്, കൊലെബിരയിൽ നിന്നുള്ള നമൻ ബിക്സൽ എന്നീ മൂന്ന് കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്. കോൺഗ്രസ് ഇവരെ പുറത്താക്കി. മഹാരാഷ്ട്രയിൽ ഇഡിയെ ഉപയോഗിച്ച് ചെയ്തത് ഝാർഖണ്ഡിലും ചെയ്യാനാണ് അവർ പദ്ധതിയിടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അന്ന് പറഞ്ഞു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കുമെന്ന് പ്രചരിപ്പിച്ചാണ് സർക്കാരിനെ അട്ടിമറിക്കാൻ കുതന്ത്രങ്ങളുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഹേമന്ത് സാെരേനെ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്തതായി രാജ്ഭവൻ വൃത്തങ്ങൾ തന്നെ ചില മാധ്യമങ്ങളെ അറിയിച്ചതും വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി സ്വന്തം പേരിൽ ഖനനത്തിന് അനുമതി നല്കിയെന്ന ബിജെപിയുടെ പരാതിയിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നേരിട്ട് സിറ്റിങ് നടത്തുകയെന്ന അപൂർവ സംഭവവുമുണ്ടായി. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മിഷൻ മുദ്രവച്ച കവറിൽ ഗവർണറുടെ ഓഫീസിന് നല്കിയ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചതു തന്നെ തിരക്കഥ തയാറാക്കിയത് ബിജെപിയാണെന്നതിന്റെ തെളിവായി.
ഡൽഹി സർക്കാരിനെ താഴെയിറക്കാൻ ബിജെപി 800 കോടി രൂപ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആരോപിച്ചത്. ഒരു എംഎൽഎയ്ക്ക് 20 കോടി വീതം 40 എംഎൽഎമാരെ തങ്ങളുടെ കൂടെയാക്കാനാണ് ബിജെപി ആഗ്രഹിച്ചതെന്നും കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു. ഈ 800 കോടി ആരുടേതാണെന്നും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്താനും ആം ആദ്മി നേതാവ് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ ബിജെപിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടുവെന്ന് എഎപി വക്താവ് സൗരഭ് ഭരധ്വജും പറഞ്ഞു. ആം ആദ്മിയിൽ നിന്ന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 12 എംഎൽഎമാരെ ബിജെപി സമീപിച്ചെന്നും പാർട്ടി വക്താവ് അറിയിച്ചു.


ഇതുകൂടി വായിക്കൂ: വികസനത്തിന് രാഷ്ട്രീയമില്ല


ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ യെ അൽ ഖ്വയ്ദയോടാണ് പഴയ സഖ്യകക്ഷിയായ ശിവസേനയുടെ മുഖപത്രം സാമ്ന ഉപമിച്ചത്. മഹാവിഷ്ണുവിന്റെ പ്രിയ പുഷ്പമായ താമരയെ ബിജെപി അപമാനിച്ചു എന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ‘കേന്ദ്ര സർക്കാരും അതിനെ നിയന്ത്രിക്കുന്നവരും 2024ലെ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നു. ഇത്രയും വലിയ ഭൂരിപക്ഷമുണ്ടായിട്ടും ഇവർ എന്തിനാണ് പേടിക്കുന്നത്? ഒരു ഉത്തരമേയുള്ളൂ, ഇവർ വിശുദ്ധരല്ല, ഇവർ മോഷ്ടിക്കുന്നു’ എന്ന് സാമ്ന പറയുന്നു. എന്നാലും കരുതിയിരിക്കേണ്ടത് ജനാധിപത്യത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്നവരുടെ കടമയാണ്. കാരണം ഇരുട്ടിന്റെ ശക്തികൾ ഏതുവഴിയിലൂടെയും ഏതു രൂപത്തിലും നുഴഞ്ഞു കയറാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും ഓപ്പറേഷൻ താമരയുടെ വേരുകൾ സംശയാസ്പദമായ രീതിയിൽ പ്രത്യക്ഷമായതാണ്. കേരളത്തിലെ എംഎൽഎമാർക്ക് 152 ആയിരുന്നു വോട്ടിന്റെ മൂല്യം. മുർമുവിന് 152 വോട്ട് മൂല്യം കിട്ടി. അതായത് ഒരു വോട്ട്. യശ്വന്ത് സിൻഹയ്ക്ക് 139 വോട്ടും 21128 മൂല്യവും. കേരളത്തിൽ ആരും വോട്ട് ചെയ്യില്ലെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ ഇത് ബിജെപി നേതൃത്വം സമർത്ഥമായ ഇടപെടലിലൂടെ അട്ടിമറിച്ചുവെന്ന് വേണം വിലയിരുത്താൻ. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മുര്‍മുവിന് വോട്ടുണ്ടാകണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. അതിന് തടസമായി നിന്നത് കേരളം മാത്രമായിരുന്നു. അതിനായി ഓപ്പറേഷൻ താമര അതീവ രഹസ്യമാക്കി നടത്തിയത് വിജയത്തിലെത്തിയതിന്റെ സൂചനയാകാം ഒരു വോട്ട്. അതുകൊണ്ട് കരുതിയിരിക്കണം, കാവലിരിക്കണം. അല്ലെങ്കിൽ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം ജനാധിപത്യം കെെവിട്ടു പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.