5 November 2024, Tuesday
KSFE Galaxy Chits Banner 2

ഇഡി: സുപ്രീം കോടതി വിധി നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരം

Janayugom Webdesk
July 29, 2023 5:00 am

ൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ ഔദ്യോഗിക കാലാവധി നാലാം തവണയും സെപ്റ്റംബർ 15 വരെ നീട്ടിനൽകിയ സുപ്രീം കോടതി വിധി രാജ്യത്തെ നിയമവാഴ്ചക്കേറ്റ കനത്ത പ്രഹരമാണ്. ഭരണഘടനാനുസൃതം രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്തേണ്ട അന്തിമ വിധികർത്താവായ സുപ്രീം കോടതി തന്നെയാണ് തങ്ങളുടെ മുൻകാല വിധിയുടെ ഗോൾപോസ്റ്റ് അത് നടപ്പാക്കാൻ ബാധ്യസ്ഥമായ കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് മാറ്റിസ്ഥാപിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധി യാതൊരു പ്രതിബന്ധവും കൂടാതെ നിയമവാഴ്ചയെ തകർക്കാനും അതിനെ മറികടക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാര ധാർഷ്ട്യത്തെ വകവച്ചുകൊടുക്കുകയാണ്. സുപ്രീം കോടതിയുടെ തന്നെ മൂന്ന് മുൻകാല വിധികളുടെ ഗുരുതര ലംഘനമാണ് മോഡി സർക്കാര്‍ നടത്തിയത്. നിയമവാഴ്ചയില്‍ അതിന്റെ പ്രത്യാഘാതങ്ങൾ തെല്ലും കണക്കിലെടുക്കാതെയാണ് ഒരു തവണകൂടി എസ് കെ മിശ്രയുടെ കാലാവധി ഇപ്പോൾ നീട്ടിനൽകിയിരിക്കുന്നത്. നിയമത്തിന്റെ മുമ്പിലെ തുല്യത എന്ന തത്വമാണ് ഇവിടെ കാറ്റിൽ പറത്തപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏതെങ്കിലും പൗരനോ സംസ്ഥാന സർക്കാരുകൾക്കുതന്നെയോ ലഭിക്കാത്ത ഭരണഘടനാതീതമായ ആനുകൂല്യവും പരിഗണനയുമാണ് മോഡി സര്‍ക്കാരിന് സുപ്രീം കോടതി ബെഞ്ച് കല്പിച്ചുനൽകിയിരിക്കുന്നതെന്ന് ഇക്കാര്യത്തിലുള്ള വിധിയും നിരീക്ഷണങ്ങളും വ്യക്തമാക്കുന്നു. ഇനിയും ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി തങ്ങളെ സമീപിക്കേണ്ടതില്ലെന്ന മുന്നറിയിപ്പ് വിധി നൽകുന്നുണ്ടെങ്കിലും മോഡി സർക്കാർ അതിന് മുതിരില്ലെന്ന് ആർക്കാണ് ഉറപ്പുനല്‍കാനാവുക? കാരണം, തങ്ങളുടെ ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രത്തിലെ ബിജെപി സർക്കാരിനും എസ് കെ മിശ്ര അത്രയേറെ അനിവാര്യനാണെന്നാണ് ഇഡിയുടെ നാളിതുവരെയുള്ള ദുരുപയോഗ പരമ്പരകൾ തെളിയിക്കുന്നത്.


ഇതുകൂടി വായിക്കൂ: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാധ്യമ വേട്ട തുടരുന്നു


ഇഡി ഡയറക്ടർ പദവിയിൽനിന്നും ഒഴിയാൻ പരമോന്നത കോടതി നിഷ്കർഷിച്ച അവസാനദിനത്തിന് നാലുദിവസം മുമ്പ് മാത്രമാണ് നാലാംതവണയും കാലാവധി നീട്ടിനൽകണമെന്ന ആവശ്യവുമായി മോഡി സർക്കാർ കോടതിയെ സമീപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ആഗോള സംഘടനയായ ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി(എഫ്ഐടിഎഫ്)ന്റെ തുടർന്നുവരുന്ന വിലയിരുത്തലിൽ രാജ്യത്തെ ഫലപ്രദമായി നയിക്കാൻ മിശ്ര അനിവാര്യനാണെന്ന വാദമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചത്. മിശ്ര ഒഴിച്ച് ഇഡിയിൽ മറ്റുള്ളവരെല്ലാം കഴിവുകെട്ടവരാണെന്ന വാദമാണ് ഇതെന്ന് കുറ്റപ്പെടുത്താൻ കോടതി മടിച്ചില്ല. അത് ആ ഏജന്‍സിയിലെ മറ്റുള്ള മുഴുവൻപേരുടെയും ആത്മവീര്യം കെടുത്തുമെന്നും അയാളില്ലെങ്കിൽ വകുപ്പ് ആകെ തകരുമെന്നുമാണോ വാദമെന്നും കോടതി ആരാഞ്ഞു. പക്ഷെ, കോടതിയുടെ ഈ യാഥാർത്ഥ്യബോധത്തിന് വിരുദ്ധമായിരുന്നു അന്തിമവിധി. മോഡി സർക്കാർ വാദിക്കുന്നതുപോലെ എഫ്ഐടിഎഫ് വിലയിരുത്തൽ രാജ്യത്തിന് ഇത്രമേൽ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നെങ്കിൽ കാലാവധി നീട്ടിക്കിട്ടാൻ ജൂലൈ 11ന് മൂന്നാം തവണ സുപ്രീം കോടതിയെ സമീപിച്ചപ്പോൾത്തന്നെ ഈ ആവശ്യം ശക്തമായി ഉന്നയിക്കാമായിരുന്നു. എഫ്ഐടിഎഫ് പ്രക്രിയ പൊടുന്നനെ ആകാശത്തുനിന്നു പൊട്ടിവീണ ഒന്നല്ല. അത് ഒരു തുടർപ്രക്രിയയാണ്. അതിൽ മിശ്രയെ സഹായിക്കുന്ന സഹപ്രവർത്തകരുടെ വിപുലമായസംഘം തന്നെയുണ്ട്. പുതുതായി വരുന്ന ഡയറക്ടർക്ക് സ്വാഭാവികമായും അവരുടെ പിന്തുണ ലഭിക്കേണ്ടതുമാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അത് ഭരണകൂടപരാജയമാണ്. മിശ്ര ഇപ്പോഴത്തെ പദവിയിൽ തുടരുന്നത് ‘നിയമവിരുദ്ധമാണെന്ന്’ കോടതി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മിശ്ര തൽസ്ഥാനത്ത് തുടരണമെന്ന ആവശ്യം ഒന്നുകിൽ ഭരണകൂടപരാജയമോ അല്ലെങ്കിൽ രാഷ്ട്രീയ നിക്ഷിപ്തതാല്പര്യമോ എന്ന് വിലയിരുത്തേണ്ടി വരും.


ഇതുകൂടി വായിക്കൂ: അമിത ജോലിയെടുക്കുന്ന കേന്ദ്ര ഏജന്‍സികള്‍


മോഡി ഭരണം കടുത്ത വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ഈ അരക്ഷിതത്വമാണ് പ്രതിപക്ഷത്തെ വേട്ടയാടാൻ ഇഡി, സിബിഐ, എൻഐഎ തുടങ്ങിയ അന്വേഷണ ഏജൻസികളെ കെട്ടഴിച്ചുവിടാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര ദുർഭരണത്തിനെതിരെ വളർന്നുവരുന്ന വിശാല പ്രതിപക്ഷ ഐക്യം അവരെ വിറളിപിടിപ്പിക്കുന്നുണ്ട്. മണിപ്പൂരിലെ വംശീയ കലാപവും അതിനെ നേരിട്ട്, സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാന‑കേന്ദ്ര ഇരട്ട എൻജിൻ സർക്കാരുകളുടെ പരാജയവും രാജ്യത്തെ പൊതു രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അന്തരീക്ഷവും ജനവികാരം എതിരെ തിരിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവും അവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രതിപക്ഷത്തെ ഒതുക്കാൻ കയ്യിലുള്ള വജ്രായുധമാണ് ഇഡി തലവൻ എസ് കെ മിശ്ര. രാജ്യത്തെ ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്ന ഈ രാഷ്ട്രീയ യാഥാർത്ഥ്യമാണ് സുപ്രീം കോടതി വിധിയിൽ അവഗണിക്കപ്പെട്ടിരിക്കുന്നത്. ഈ വിപത്തിനെ നേരിടാൻ ജനങ്ങളുടെ ജാഗ്രതയ്ക്കും ഉന്നതമായ ജനാധിപത്യബോധത്തിനും മാത്രമേ കഴിയു.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.