റിയല്‍എസ്റ്റേറ്റ് ബില്യനയര്‍മാരുടെ എണ്ണത്തിലും അവരുടെ സ്വത്തിലും കോവിഡ് കാലയളവില്‍ പോലും പറയത്തക്ക ആഘാതമൊന്നും ഏല്പിച്ചിരുന്നില്ലെന്നത് ഒരു വസ്തുതയാണ്. അതേസമയം, ഐഎംഎഫ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ കാണുന്നത് ഇന്ത്യയിലെ ദാരിദ്ര്യരേഖക്കു താഴെയുള്ള കോടിക്കണക്കിനാളുകള്‍ പട്ടിണിയില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നിരക്കുകളിലോ സൗജന്യമായോ വിതരണം ചെയ്ത ഭക്ഷ്യ‑അവശ്യവസ്തുക്കളുടെയും ഭക്ഷ്യക്കിറ്റുകളുടെയും സഹായത്തോടെയായിരുന്നു എന്നാണ്. ഐഎംഎഫിന്റെ ഈ രേഖയുടെ ശീര്‍ഷകം “മഹാമാരി, ദാരിദ്ര്യം, അസമത്വം: ഇന്ത്യയില്‍ നിന്നുള്ള തെളിവ്” എന്നാണ്. നാണയനിധിയുടെ ഈ രേഖയില്‍ വ്യൂ റിസര്‍ച്ച് സെന്റര്‍ നേരത്തെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടുകള്‍ക്ക് കടകവിരുദ്ധമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. കോവിഡിന്റെ കടന്നാക്രമണത്തെ തുടര്‍ന്ന് 2020ല്‍ 75 മില്യന്‍ ഇന്ത്യന്‍ ജനതയാണ് ദാരിദ്ര്യത്തിലേക്കു തള്ളിവിടപ്പെട്ടത്. ഇത് തെറ്റായ നിഗമനമാണെന്നും പഠനത്തിനും വിശകലനത്തിനും നിഗമനങ്ങള്‍ക്കും സ്വീകരിക്കപ്പെട്ട പഴഞ്ചന്‍ രീതി ശാസ്ത്രമാണിതെന്നുമാണ് ഇതിന് കാരണമായി പറയുന്നത്. ഐഎംഎഫ് പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുന്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവായ ഡോ. അരവിന്ദ് വിര്‍മണിയുടെ അഭിപ്രായം, 2020–21ല്‍ 15–25 മില്യന്‍ ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലായെങ്കിലും 800 മില്യന്‍ പേര്‍ക്ക് സൗജന്യ ഭക്ഷണ വിതരണ പരിപാടി ഏര്‍പ്പെടുത്തുക വഴി അതിന്റെ ഗുരുതരമായ ആഘാതം ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു എന്നാണ്. ഇക്കാരണത്താല്‍ ‘താണവരുമാന സൃഷ്ടിയായ ദാരിദ്ര്യം’ എന്ന പ്രതിഭാസം പരിമിതപ്പെടുത്താനും കഴിഞ്ഞു. ഈ വിഭാഗത്തില്‍പ്പെടുന്ന, പ്രതിദിനം 1.9 ഡോളര്‍ ആളോഹരി വരുമാനമുള്ളവര്‍, 2020–21ല്‍ 4.1 ശതമാനം മാത്രമായിരുന്നു. 2019–20ല്‍ ഇത് 2.2 ശതമാനമായിരുന്നു എന്നതിനാല്‍, കോവിഡുകാലത്ത് വര്‍ധിച്ചെങ്കിലും അത് അത്രയേറെ ഗുരുതരാവസ്ഥയിലെത്തിയെന്നു കരുതുക സാധ്യമല്ല. ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കിയ നടപടിയുമായിരുന്നു. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നാ യോജന (പിഎംജികെഎവെെ)യിലൂടെ 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിന് അഞ്ച് കിലോ ഭക്ഷ്യധാന്യമാണ് സൗജന്യമായി വിതരണം ചെയ്തിരുന്നത്. ഗുരുതരമായ തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും സാമ്പത്തിക അസ്ഥിരതയും കോവിഡ് ഭീതിയും നിലവിലിരുന്നപ്പോള്‍ ഈ പദ്ധതിയിലൂടെ കിട്ടിയത് അത്ര വലിയൊരു ആശ്വാസമായിരുന്നു എന്ന് അവകാശപ്പെടുന്നതിലും അര്‍ത്ഥമില്ല. ഒന്നുമില്ലാതിരുന്നപ്പോള്‍ നാമമാത്രമായി എന്തെങ്കിലും കിട്ടി എന്നതൊഴിച്ചാല്‍ സമാനമായ ആശ്വാസമാണ് പ്രതിവര്‍ഷം മൂന്നു ഘട്ടങ്ങളിലായി പാവപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് 2000രൂപ നിരക്കില്‍ 6,000 രൂപ ധനസഹായം പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി (പിഎംകെഎസ്എന്‍)യിലൂടെ ലഭ്യമാക്കിയ നടപടിയും നല്കിയത്. എന്നാല്‍, ഇത്തരം ആശ്വാസ നടപടികള്‍ക്ക് താല്‍ക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളു. ദാരിദ്ര്യം പരിഹരിക്കുന്നതിനാവശ്യം സ്ഥായിയായ കര്‍മ്മപദ്ധതികളാണ്. പുതിയ തൊഴിലവസരങ്ങളും വരുമാനസ്രോതസുകളും ഗ്രാമീണ‑നഗരമേഖലാ ജനതയ്ക്ക് ഉറപ്പാക്കുകതന്നെ വേണം.
ഈ അവസരത്തിലാണ്, പുതിയ കേന്ദ്ര ബജറ്റില്‍ ഭക്ഷ്യസബ്സിഡിക്കായി വകയിരുത്തിയിരിക്കുന്ന വിഹിതത്തില്‍ കാണുന്ന കനത്ത ഇടിവ് പ്രസക്തമാവുന്നത്. 2022ലെ ബജറ്റില്‍ 4.33 ലക്ഷം കോടിയായിരുന്നു ഇതിനുള്ള നീക്കിയിരിപ്പെങ്കില്‍ 2023ല്‍ ഇത് 3.18 ലക്ഷം കോടി രൂപയായി ചുരുക്കിയിരിക്കുന്നു. ഭക്ഷ്യസബ്സിഡി വിഹിതത്തോടൊപ്പം വളം സബ്സിഡിയില്‍ 25 ശതമാനവും പെട്രോളിയം സബ്സിഡിയില്‍ 11 ശതമാനവും വെട്ടിച്ചുരുക്കല്‍ കാണാന്‍ കഴിയുന്നു. 2020–21 ലെ ഭക്ഷ്യസബ്സിഡി 5.41 ലക്ഷം കോടി രൂപയായിരുന്നു എന്ന വസ്തുത കൂടി ഇതുമായി ചേര്‍ത്തു കാണണം. ഭക്ഷ്യസബ്സിഡിയുടെ കാതലായ ഭാഗവും പരമദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് രണ്ട് രൂപാ നിരക്കില്‍ ഗോതമ്പും മൂന്ന് രൂപ നിരക്കില്‍ അരിയും വീതം 35 കിലോഗ്രാം വരെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അന്ത്യോദയ അന്നായോജന (എഎവെെ) നിലവിലിരിക്കുമ്പോഴാണ് സബ്സിഡിയില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നതെന്നോര്‍ക്കുക. മൊത്തം ദേശീയ ശരാശരി 67 ശതമാനം ആശ്വാസം ലക്ഷ്യമാക്കിയ ഈ പദ്ധതിയില്‍ 75 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്കും 50 ശതമാനം നഗര കുടുംബങ്ങള്‍ക്കുമാണ് ലഭ്യമാക്കേണ്ടിയിരുന്നത്. ഇതിലേക്കായി ലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ എഫ്‌സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അവസരത്തില്‍ വെറും 60 മില്യന്‍ ടണ്‍ മാത്രമാണ് ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. എന്നിട്ടും 2020ല്‍ നേടിയത് 67 ശതമാനം ദേശീയ കവറേജിനു പകരം 59 ശതമാനം മാത്രം. ഇതോടെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ അടിസ്ഥാന തത്വം തന്നെ ലംഘിക്കപ്പെട്ടു. മാത്രമല്ല, ലഭ്യമായ വിവരങ്ങളനുസരിച്ച് 100 മില്യന്‍ ജനങ്ങളെങ്കിലും പൊതുവിതരണ സംവിധാനത്തിന് പുറത്താണ്. അനര്‍ഹരായ ലക്ഷക്കണക്കിനാളുകള്‍ പിഡിഎസിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അധോഗതിയോടൊപ്പം, ഭരണകൂടത്തിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ താല്പര്യങ്ങള്‍ അപ്പാടെ അവഗണിക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം കൂടി ഇതിനകം ബോധ്യപ്പെട്ട കാര്യമാണ്. ഇത്തരം അവഗണനക്കുള്ള പൂര്‍ണമായ ബാധ്യത കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങളില്‍ നിക്ഷിപ്തവുമാണ്. എന്നാല്‍ ഇത് ഏറ്റെടുക്കാനോ, എന്തെങ്കിലും ആശ്വാസം നല്കാനോ, ഭരണകൂടങ്ങള്‍ മടിച്ചുനില്‍ക്കുമ്പോള്‍ കോര്‍പറേറ്റ് മേഖലാ മാനേജ്മെന്റ് സ്വന്തം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും (സിഇഒ) ചീഫ് എക്സ്പീരിയന്‍സ് ഓഫീസര്‍മാര്‍ക്കും (സിഎക്സ്ഒ) ഇക്കാലമത്രയും സാമ്പത്തിക ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയ വെെരുധ്യവും കൂടി പരിശോധിക്കേണ്ടിവരും. ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലെ അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്കായി 2021ല്‍ ലഭിച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും ചേര്‍ന്ന് പരിഗണിച്ചാല്‍ 2020നും 2021നും ഇടയില്‍ കുതിച്ചുയര്‍ന്നത് 2,424 കോടിയില്‍ നിന്ന് 3,222.4 കോടി രൂപയാണ്. അതായത് 32.9 ശതമാനം വര്‍ധന (‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ 2022 ഏപ്രില്‍ 8). ലിസ്റ്റ് ചെയ്യപ്പെട്ട കോര്‍പറേറ്റ് കമ്പനികള്‍ ഈ ഇനത്തില്‍ ഒരു വര്‍ഷത്തിനിടെ വരുത്തിയ മൊത്തം വര്‍ധന 8,200 കോടി രൂപയില്‍ നിന്നും 9,763 കോടി രൂപയിലേക്കായിരുന്നു കമ്പനി ബോര്‍ഡ്, അംഗങ്ങള്‍ക്കുള്ള പ്രതിഫലം കൂടിച്ചേര്‍ന്ന തുകയാണിത്. 153 സിഇഒമാരുടെ വാര്‍ഷിക പ്രതിഫലം 10 കോടി രൂപയോ അതിലേറെയോ ആയിരുന്നു. ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള സിഇഒമാര്‍ക്ക് മറ്റു പല ആനുകൂല്യങ്ങള്‍ കൂടി ഉണ്ടെന്നതിനാല്‍ വാര്‍ഷിക പ്രതിഫലം ഇതിലും ഏറെയായിരിക്കും. മൊത്തം, 10 കോടി പ്രതിഫലം പറ്റിയിരുന്ന സിഇഒമാര്‍ക്കു പുറമെ 162 സിഎക്സ്ഒമാരുമുണ്ടായിരുന്നു. ഇടത്തരം കമ്പനികളിലെ സിഇഒമാര്‍ക്കാണ് വന്‍വര്‍ധന ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം ചേര്‍ത്ത പട്ടിക നോക്കുക.
കുറിപ്പ്: ഇക്കൂട്ടത്തില്‍ റോണോ ജോയ് ദത്ത ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ പൂര്‍ണസമയ ഡയറക്ടര്‍ സിഇഒയും മാത്രമല്ല ഇന്‍ഡിഗൊ എയര്‍ലെെന്‍സ് നടത്തിപ്പു ചുമതലക്കാരന്‍ കൂടിയാണ്.
മുകളില്‍ ചേര്‍ത്തിരിക്കുന്ന പട്ടികയില്‍ കാണുന്ന പത്ത് കോര്‍പറേറ്റ് സിഇഒമാര്‍ക്കു പുറമെ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് പ്രൊമോട്ടര്‍മാരായ കലാനിധി മാരനും കാവേരി കലാനിധിമാരനുമുണ്ട്. ഇവര്‍ ഓരോരുത്തരുടെയും ശമ്പളം 87.5 കോടി രൂപ നിരക്കിലായിരുന്നു. തൊട്ടുപിന്നില്‍ 86.93 കോടി പ്രതിഫലം വരുന്ന ഹീറോ മോട്ടോഴ്സിന്റെ എം ഡിയും സിഇഒയുമായ പവന്‍ മുഞ്ചാന്‍, ദിവിലാബ്സ് ചെയര്‍മാന്‍ മുരളി കെ ദിവി (80.84 കോടി), ജെഎസ്ഡബ്ല്യു സ്റ്റീല്‍ എംഡി സജ്ജന്‍ ജിന്‍ഡാല്‍ (73.38 കോടി) വിപ്രൊവിന്റെ എംഡി തീയ്യരി ഡെലാപോര്‍ട്ട് (64.35 കോടി) രാംകൊ സിമന്റിന്റെ പി വെങ്കട്ട രാമരാജ (59.76 കോടി) ഇന്‍ഫോസിസിന്റെ സലീല്‍ പരീഖ് (49.68 കോടി) എന്നിങ്ങനെയുള്ളവരുടെ ഒരു പട്ടികയുമുണ്ട്. ടെക് മഹീന്ദ്ര സിഎംഡിയുടെ ശമ്പളവര്‍ധന 304 ശതമാനമായിരുന്നെങ്കില്‍, ഐടി മേഖലയിലെ പെര്‍സീസ്‌സ്റ്റന്റ് സിസ്റ്റംസ് സിഇഒ സന്ദീപ് കല്‍റായുടേത് 153 ശതമാനവും എല്‍ആന്റ്ടി ടെക്നോളജിയുടെ കേശബ് പാണ്ടെയുടേത് 147.4 ശതമാനവും വിപ്രൊയുടെ അസിം പ്രേംജിയുടേത് 129 ശതമാനവും മെെന്‍ട്രീയുടെ ദേബാശിശ് ചാറ്റര്‍ജ്ജിയുടെ ആനുകൂലങ്ങളുടേത് 107.9 ശതമാനം വീതവുമാണ് വര്‍ധന രേഖപ്പെടുത്തിയത്. ശതമാനമായ തോതിലുള്ള വര്‍ധനവ് തന്നെയായിരിക്കും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സിഇഒമാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും 2023ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നമ്മുടെ രാജ്യത്ത് നടക്കാന്‍ പോകുന്നതെന്നതില്‍ സംശയമില്ല. ചെന്നെെ നഗരത്തിലെ ‘ഐഡിയാസ്-2ഐടി’ എന്ന ഐടി സ്ഥാപനത്തിലെ 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 100 ജീവനക്കാര്‍ക്ക് മാരുതി കാര്‍ സൗജന്യമായി നല്‍കിയപ്പോള്‍ ഈ നഗരത്തിലെ തന്നെ ഒരു സോഫ്റ്റ്‌വേര്‍ സര്‍വീസ് കമ്പനിയായ കിസ്‌ഫ്ലോ സ്ഥാപനത്തിലെ അഞ്ച് മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്ക് ഒരു കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറുകളാണ് സമ്മാനമായി നല്‍കിയത്. കഠിനാധ്വാനം നല്‍കിയതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് ഈ ഔദാര്യം കോര്‍പറേറ്റ് വമ്പന്മാര്‍ നല്‍കിയിരിക്കുന്നതെന്നോര്‍ക്കുക.
പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ള ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങി, തിരിച്ചടവു സാഹചര്യങ്ങള്‍ വേണ്ടത്ര ഉണ്ടായിരുന്നിട്ടും കിട്ടാക്കടമെന്ന നിലയിലോ, ഒറ്റത്തവണ തിരിച്ചടവിന്റെ ഭാഗമായോ, ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നിരവധി കോടി രൂപയോളമാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന വെെരുധ്യവും നാം കാണാതിരിക്കരുത്. നാഷണല്‍ അസറ്റ് റീകണ്‍ സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍ദേശാനുസരണം കോര്‍പറേറ്റുകളുടെ വക വായ്പാ തിരിച്ചടവ് ബാധ്യത 82,845 കോടി രൂപയാണെന്നതും പ്രസക്തമാണ്. മാത്രമല്ല, ധനകാര്യ ഞെരുക്കം നേരിടാന്‍ ലാഭത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാന്‍ ആസ്തി വിറ്റഴിക്കല്‍ പെെപ്പ് ലെെന്‍ എന്നൊരു സംവിധാനം കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മോഡി സര്‍ക്കാര്‍. ഇതിലൂടെ 2022ല്‍ ലക്ഷ്യമിട്ട വിറ്റുവരവ് 88,000 കോടിയായിരുന്നത് 96,000 കോടിയും കടന്നിരിക്കുന്നു. 2023ലെ ലക്ഷ്യം 1.62 ട്രില്യന്‍ കോടിയുമാണ് (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, 2022 ഏപ്രില്‍ 13. ഇതും ഒരു വെെരുധ്യമാണ്.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.