18 December 2024, Wednesday
KSFE Galaxy Chits Banner 2

തുർക്കിയിൽ എർദോഗന് സംഭവിച്ച തിരിച്ചടി

പി ദേവദാസ്
April 4, 2024 4:15 am

മാർച്ച് 31ന് നടന്ന തുർക്കി പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി (എകെപി) ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. പ്രാദേശിക തലങ്ങളിൽ പ്രമുഖ നഗരങ്ങളിൽ പലതിലും പ്രതിപക്ഷമായ റിപ്പബ്ലിക് പീപ്പിൾസ് പാർട്ടി (സിഎച്ച്പി)യാണ് വിജയിച്ചത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് എകെപി രംഗത്തെത്തിയിട്ടുണ്ട്. 2019ലും സമാന ആവശ്യം സിഎച്ച്പി ജയിച്ച ചില നഗരങ്ങളിൽ എകെപി ഉന്നയിച്ചിരുന്നു. ഇസ്താംബൂളിലും അങ്കാറയിലും സിഎച്ച്പി ജയിച്ചതിനെ എർദോഗന്റെ പാർട്ടി ചോദ്യം ചെയ്തിരുന്നുവെങ്കിലും രണ്ടാം വോട്ടെണ്ണലിലും സിഎച്ച്പി തന്നെ വിജയം നിലനിർത്തി.
അങ്കാറയിൽ സിഎച്ച്പിയുടെ മൻസൂർ യാവാസ് 60 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഇസ്താംബൂളിൽ ഇക്രെം ഇമാമോഗ്ലുവും വിജയിച്ചു. മൂന്നാമത്തെ വലിയ നഗരമായ ഇസ്‍മീറിലും സിഎച്ച്പി വിജയം നേടി. ബർസ, അദാന, അന്റാലിയ എന്നീ നഗരങ്ങളിലും പ്രതിപക്ഷം വിജയം നേടി. 81 പ്രവിശ്യകളിൽ 36ലും സിഎച്ച്പിക്കാണ് വ്യക്തമായ മുന്നേറ്റമെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആകെയുള്ള 6.1 കോടി വോട്ടർമാരില്‍ 76 ശതമാനം വോട്ടു ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്.


ഇതുകൂടി വായിക്കൂ:  തുര്‍ക്കി ഇന്ത്യക്ക് നല്‍കുന്ന പാഠം


ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത കമ്മ്യൂണിസ്റ്റ് പാർട്ടി (ടികെപി) യുടെ വോട്ട് ഇരട്ടിയോളം വർധിച്ചുവെന്നതാണ്. 1,27,000 വോട്ടുകൾ ഇത്തവണ ടികെപിക്ക് ലഭിച്ചു. ഇത് മുന്‍ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ ഇരട്ടിയാണെങ്കിലും തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ യഥാർത്ഥ പ്രതിഫലനമായില്ലെന്നാണ് ഏപ്രിൽ ഒന്നിന് ചേർന്ന ടികെപി കേന്ദ്ര കമ്മിറ്റി പ്രാഥമിക കണക്കുകൾ പരിശോധിച്ച് വിലയിരുത്തിയത്.
ഭൂകമ്പത്തിൽ ഏറ്റവുമധികം നാശം വിതച്ച ജനവാസ കേന്ദ്രങ്ങളിലൊന്നായ ഹതേയിലെ ഡെഫ്‌നെ ജില്ലയിൽ ഒരു സഖ്യത്തിന്റെയും ഭാഗമാകാതെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത്. ഭൂകമ്പത്തിൽ തകർന്ന നഗരത്തെ പുനർനിർമ്മിക്കുക എന്ന വാഗ്ദാനം മുന്നോട്ടുവച്ച് മത്സരിച്ച ടികെപിക്ക് 39 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചെങ്കിലും ചെറിയ വ്യത്യാസത്തിലാണ് മേയർ സ്ഥാനം നഷ്ടപ്പെട്ടത്. രാജ്യത്തെ 32 ജില്ലകളിലും നിരവധി ചെറു നഗരങ്ങളിലും ടികെപിക്ക് ഒരു ശതമാനത്തിലധികം വീതം വോട്ടുകൾ ലഭിച്ചു, തുർക്കിയിലെ ഏറ്റവും യാഥാസ്ഥിതിക പ്രദേശങ്ങളിലായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ട്. 10 മുനിസിപ്പൽ കൗൺസിൽ സീറ്റും ഒരു പ്രവിശ്യാ കൗൺസിൽ സീറ്റും നേടി. പുതിയ മേഖലകളിൽ ഘടകം രൂപീകരിക്കുന്നതിനും പ്രവർത്തകരെ അണിനിരത്തുന്നതിനും സാധിച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയുടെ ഏറ്റവും നിർണായക നേട്ടമായി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്.


ഇതുകൂടി വായിക്കൂ:തുര്‍ക്കിയില്‍ വീണ്ടും എര്‍ദോഗന്‍


21 വർഷത്തിനു മുമ്പ് അധികാരത്തിലെത്തിയ ജനറൽ ത്വയ്യിബ് എർദോഗന്റെ ജനപിന്തുണ നാൾക്കുനാൾ ഇടിയുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ ഭൂരിപക്ഷം നേടുന്നതിന് എർദോഗന് കഴിഞ്ഞിരുന്നില്ല. എന്നാൽ 2014ലും 18ലും അതായിരുന്നില്ല സ്ഥിതി. അധികാരത്തിലെത്തിയതിനുശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ പാർട്ടി രാജ്യവ്യാപകമായ തിരിച്ചടി നേരിടുന്നത്. സിഎച്ച്പി ഇത്തവണയും വിജയം നിലനിർത്തിയ ഇസ്താംബൂളിലാണ് രാജ്യത്തെ ആകെ ജനസംഖ്യയായ 8.5 കോടിയിലെ അഞ്ചിലൊന്നും അധിവസിക്കുന്നത്.
വളരെ ദുരിതപൂർണമായ ജീവിത, സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് തെരഞ്ഞെടുപ്പിൽ എർദോഗന് തിരിച്ചടി നേരിട്ടത് എന്നത് പ്രധാനപ്പെട്ടതാണ്. ജീവിതച്ചെലവും ദാരിദ്ര്യവും ഒരുപോലെ വർധിപ്പിക്കുക എന്നത് രാജ്യഭരണം നിയന്ത്രിക്കുന്ന പ്രബല വിഭാഗത്തിന്റെ അജണ്ടയെന്നതുപോലെയാണ് നടപ്പിലാക്കപ്പെടുന്നത്. ഇതിനെതിരായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചെറുത്തുനില്പുകളും പ്രതിരോധങ്ങളും വ്യാപകമായതിന്റെ പ്രതിഫലനം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മ ഭരണവിഭാഗത്തിന് സഹായകമാകുന്ന വിധത്തിലാകുന്നുവെന്ന് ടികെപി ഉൾപ്പെടെ വിലയിരുത്തുന്നുണ്ട്. ജനങ്ങളുടെ ദുരിതവും ഭൂകമ്പം സമൂഹത്തിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും നിലനിൽക്കെ ആയിരുന്നു കഴിഞ്ഞ വർഷത്തെ പാർലമെന്റ്, പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകൾ നടന്നത്. ആ ഘട്ടത്തിൽ പ്രതിപക്ഷവും ഭരണകക്ഷിയായ എകെപിയും തമ്മിൽ മത്സരം നടന്നപ്പോൾ സുസ്ഥിരതയുള്ള സർക്കാർ എന്ന ജനങ്ങളുടെ തീരുമാനമാണ് എർദോഗന് രക്ഷയായത്. എന്നാൽ ഒരു വർഷമാകാറായിട്ടും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിനോ സാധിച്ചിട്ടില്ലെന്ന അനുഭവവും ജനങ്ങളുടെ മുന്നിലുണ്ടായി. അതുകൊണ്ടാണ് പ്രാദേശിക തെരഞ്ഞെടുപ്പിൽ സിഎച്ച്പിക്ക് മേൽക്കൈ നേടാനായത്. എന്നാൽ കൂടുതൽ യോജിച്ച പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കുവാൻ സാധിച്ചിരുന്നെങ്കിൽ എർദോഗൻ പാർട്ടിയുടെ പരാജയം കൂടുതൽ കനത്തതാകുമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയത്.


ഇതുകൂടി വായിക്കൂ: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ എടുത്തുകളയുന്നു


കഴിഞ്ഞ വർഷം മേയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എർദോഗന് രണ്ടാം റൗണ്ട് വരെ കടക്കേണ്ടിവന്നത് യോജിച്ച പ്രതിപക്ഷസഖ്യ സാന്നിധ്യം കൊണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയോടെ അത് അവസാനിച്ചു. എങ്കിലും കഴിഞ്ഞ തവണത്തെ സഖ്യത്തിന് നേതൃത്വം നൽകിയ സിഎച്ച്പിക്ക് ഔദ്യോഗിക കണക്ക് പ്രകാരം 38 ശതമാനം വോട്ടുകളാണ് രാജ്യവ്യാപകമായി ലഭിച്ചത്. എകെപിക്ക് 36 ശതമാനവും. ഏകദേശം രണ്ട് ശതമാനത്തോളം വോട്ടുകൾ പ്രതിപക്ഷ കക്ഷിയായ സിഎച്ച്പിക്ക് കൂടുതൽ ലഭിച്ചു. മൂന്നര ദശകത്തിനിടെ ആദ്യമായാണ് ഒരു പ്രതിപക്ഷ കക്ഷിക്ക് ഇതുപോലെ മേൽക്കൈ ലഭിക്കുന്നത്. എന്നാൽ മറ്റ് പ്രതിപക്ഷ കക്ഷികളുമായി യോജിപ്പ് വളർത്തിയെടുത്തിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടതാകുമായിരുന്നു.
രാജ്യത്താകെ കണക്കാക്കിയാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രണ്ട് ശതമാനത്തിലധികം വോട്ടുകളുടെ പിൻബലം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ട്. ഈ വോട്ടുവിഹിതങ്ങൾ യോജിച്ചിരുന്നുവെങ്കിൽ എകെപിക്ക് കൂടുതൽ ആഘാതമുണ്ടാകുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം തനിക്കും പാർട്ടിക്കും തിരിച്ചടിയാണെന്ന് അങ്കാറയിലെ പാർട്ടി ആസ്ഥാനത്ത് അനുയായികളോട് സംസാരിച്ച എർദോഗൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ പരാജയങ്ങള്‍ മുൻകൂട്ടി കണ്ടാകണം അടുത്ത തെരഞ്ഞെടുപ്പിൽ താൻ രംഗത്തുണ്ടാകില്ലെന്ന് എർദോഗൻ പറഞ്ഞതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.