26 April 2024, Friday

ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നു: യുഎന്‍

Janayugom Webdesk
ജെനീവ
November 22, 2022 7:08 pm

ഓരോ പതിനൊന്ന് മിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെടുന്നുവെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടച്ചുനീക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചാരണത്തിന് മുന്നോടിയായാണ് യുഎന്‍ മേധാവിയുടെ പ്രസ്താവന. ഈ മാസം 25 ആണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടച്ചുനീക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്.

ലോകത്ത് വ്യാപകമായി കണ്ടുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലൊന്നാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍. ഈ വിപത്തിനെ മറികടക്കാന്‍ സര്‍ക്കാരുകള്‍ ദേശീയതലത്തില്‍ തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സ്ത്രീകള്‍ക്കെതിരായ മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മുതല്‍ ലൈംഗിക്രാതിക്രമത്തിന് വരെ സ്ത്രീകള്‍ ഇരകളാകുന്നുണ്ട്. മനുഷ്യരാശിയുടെ പകുതിയെ ലക്ഷ്യമിട്ടുള്ള ഇത്തരം ലിംഗ വിവേചനം, ആക്രമണം എന്നിവ കുത്തനെ വര്‍ധിക്കുകയാണ്. ഇത് സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തത്തെ പരിമിതപ്പെടുത്തുന്നു. അവരുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും തടസപ്പെടുത്തുന്നു. സാമ്പത്തിക തുല്യതയും ലോകം ആവശ്യപ്പെടുന്ന സുസ്ഥിര വികസനത്തെയും തടസപ്പെടുത്തു, അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ചരിത്രത്തില്‍ മാത്രമായി മാറണം. അത്തരമൊരു മാറ്റത്തിനുള്ള സമയമാണിതെന്നും ഗുട്ടറസ് ആഹ്വാനം ചെയ്തു. സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിക്കണം. ഇത്തരം പദ്ധതികള്‍ ദേശീയതലത്തില്‍ രൂപകല്പന ചെയ്യുകയും പണം അനുവദിക്കുകയും നടപ്പാക്കുകയും വേണം. 2026 ഓടെ വനിതാവകാശ സംഘടനകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും അമ്പത് ശതമാനം പണം സര്‍ക്കാരില്‍ നിന്ന് ഉറപ്പാക്കണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

Eng­lish Sum­ma­ry: Every 11 min­utes, a woman is killed by a fam­i­ly member
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.