27 April 2024, Saturday

Related news

April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024

ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യ; പ്രതിപക്ഷം അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു, മാപ്പ് പറയണമെന്ന് മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 16, 2023 7:45 pm

ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സുവര്‍ണാവസരമായാണ് കോണ്‍ഗ്രസും ബിജെപിയും ഉപയോഗിച്ചതെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്‍പ്പെടെ കേന്ദ്രം നല്‍കാനുള്ള തുക കൃത്യമായി ലഭിച്ചുവെന്ന അവകാശവാദവും തെറ്റാണ്. പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടും അത് അംഗീകരിക്കാൻ അവർ തയ്യാറല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കളും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന് കേന്ദ്രത്തിൽ നിന്നും നെല്ല് സംഭരണത്തിന്റെ ഇനത്തിൽ ഒന്നും കിട്ടാനില്ലെന്നും കിട്ടാനുണ്ടെങ്കിൽ തന്നെ അത് കേരളം കണക്ക് കൊടുക്കാത്തതു കൊണ്ടാണെന്നുമായിരുന്നു പ്രചാരണം. എന്നാല്‍, ഇത് രണ്ടും വസ്തുതയല്ലെന്ന് മന്ത്രി പറഞ്ഞു. 2022–23 വരെ 644.03 കോടി രൂപ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്‌പി) ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. 2023–24ലെ നാളിതു വരെയുള്ള കണക്കുകൂടിച്ചേർത്താൽ 790.82 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ബിജെപി നേതാക്കൾ ഇത് നിഷേധിക്കുന്നത് നമുക്ക് മനസിലാക്കാം. കേരളത്തിലെ കർഷകർക്ക് വേണ്ടി ഇത് വാങ്ങിയെടുക്കാൻ ബാധ്യതയുള്ള പ്രതിപക്ഷ നേതാവും ഇതേ വാദം ആവർത്തിക്കുന്നത് കേരളത്തോടുള്ള ദ്രോഹമല്ലേ? കിട്ടാനുള്ള തുക വാങ്ങിയെടുക്കാൻ ഒരുമിച്ച് നിൽക്കുകയല്ലേ വേണ്ടത്? കർഷകന്റെ കണ്ണീരുകണ്ടാലും ശരി സർക്കാർ ഒന്നു വിഷമിക്കുമല്ലോ എന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സപ്ലൈകോ ഓഡിറ്റ് പൂർത്തിയാക്കിയ കണക്ക് നൽകാത്തതുകൊണ്ടാണ് കേന്ദ്രം കുടിശിക തരാത്തത് എന്നുപറയുന്നത് അടിസ്ഥാന രഹിതമാണ്. സപ്ലൈകോയില്‍ 2018–19 വരെയുള്ള ഓഡിറ്റ് പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള വര്‍ഷങ്ങളിലെ ഓഡിറ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 1600 ൽ അധികം ഔട്ട്‌ലെറ്റുകൾ ഉള്ള ഒരു വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഡിറ്റിൽ കാലതാമസം വരുന്നത് അസാധാരണമല്ലെന്നും മന്ത്രി പറഞ്ഞു.

വലിയ തുകകൾ തടഞ്ഞുവച്ചിട്ടുള്ളതിന് രണ്ട് കാരണമാണ് കേന്ദ്രസർക്കാർ പറഞ്ഞിട്ടുള്ളത്. സംസ്ഥാന വിഹിതത്തിൽ അധികം റേഷൻ വിതരണം ചെയ്തുവെന്നും എഫ്‌സിഐയിൽ നിന്നും കിലോ ഗ്രാമിന് 8.30 രൂപയ്ക്ക് വാങ്ങുന്ന അരി കൂടിയ വിലയ്ക്ക് വിതരണം ചെയ്തുവെന്നുമായിരുന്നു കേന്ദ്രം കണ്ടെത്തിയ കുറ്റങ്ങള്‍. കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന എഇപിഡിഎസ് ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ച് ഗുണഭോക്താക്കൾ തങ്ങളുടെ വിഹിതം കൈപ്പറ്റുന്ന കേന്ദ്രീകൃതസംവിധാനത്തിൽ എങ്ങനെ അധികം വിതരണം ചെയ്യാൻ പറ്റും?. മുൻവർഷത്തെ നീക്കിയിരിപ്പ് സ്റ്റോക്ക് കൂടി കണക്കിലെടുത്തതുകൊണ്ട് കേന്ദ്രത്തിനുപറ്റിയ തെറ്റായിരിക്കാം എന്ന് കേന്ദ്രത്തോട് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റേഷന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പുറത്താക്കിയ 57ശതമാനം റേഷന്‍ കാര്‍ഡുകാരെ കേരളം നീല, വെള്ള കാർഡുകാരായി തിരിച്ചു. നീല കാർഡുകാർക്ക് 8 രൂപ 30 പൈസയ്ക്ക് വാങ്ങുന്ന അരി 4 രൂപയ്ക്കും വെള്ളകാർഡുകാർക്ക് മാർക്കറ്റ് വിലയിലും വളരെ താഴെയുള്ള 10 രൂപ 90 പൈസയ്ക്കും നൽകുകയാണ്. ഇതിനായി മാത്രം 45 കോടി രൂപയിലധികമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും കത്തുകളിലൂടെയും നേരിട്ടുകണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഓഗസ്റ്റ് 14 ന് ലഭിച്ച 34.3 കോടി രൂപയാണ് ഏറ്റവും ഒടുവിൽ കിട്ടിയ കേന്ദ്രവിഹിതം. കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും അവകാശപ്പെടുന്ന തുകയുടെ വിശദാംശങ്ങൾ അവർ വെളിപ്പെടുത്തണമെന്ന് മന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു.

നെല്ല് സംഭരണത്തില്‍ തുക വേഗം ലഭിക്കാന്‍ കേന്ദ്രം വ്യവസ്ഥ മാറ്റണം

നെല്ല് സംഭരിച്ചുകഴിഞ്ഞാല്‍ കര്‍ഷകന് വേഗത്തില്‍ തുക ലഭിക്കുന്നതിനുവേണ്ടി കേന്ദ്രത്തിന്റെ പദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വികേന്ദ്രീകൃത ധാന്യസംഭരണം ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. അതിൽ മാറ്റം വരുത്താൻ കേന്ദ്രത്തിനേ അധികാരമുള്ളൂ. നിലവിൽ സംഭരിച്ച നെല്ല് അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്തതിന് ശേഷമേ കേന്ദ്രത്തിലേക്ക് ക്ലെയിം കൊടുക്കാൻ കഴിയൂ.

കേന്ദ്രം ഈ വ്യവസ്ഥ മാറ്റണം. നോഡൽ ഏജൻസിയായ സപ്ലൈകോ കർഷകരിൽ നിന്ന് നെല്ല് അളന്നെടുത്താലുടൻ ക്ലെയിം സമർപ്പിക്കാൻ കഴിയണം. ഈ ആവശ്യമുയർത്തി യോജിച്ചു നിൽക്കാൻ യുഡിഎഫ് തയ്യാറാകണം. അഞ്ച് വർഷത്തെ കുടിശിക കേന്ദ്രത്തിൽ നിന്ന് ചോദിക്കാൻപോലും ഒരുമിച്ച് നിൽക്കാത്തവർ അതിന് തയ്യാറാകുമോയെന്നും മന്ത്രി ചോദിച്ചു.

നിലവിലുള്ള സാഹചര്യത്തിൽ പിആർഎസ് വായ്പ ബാധ്യതയെ കർഷകന്റെ വ്യക്തിഗത ബാധ്യതാ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ബാങ്കുകൾ തയ്യാറാകണം. വായ്പ തുകയ്ക്കുള്ള ഗാരന്റി സപ്ലൈകോയും സർക്കാരും നൽകുന്നുണ്ട്. കേന്ദ്രസർക്കാർ തങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ബാങ്കുകൾക്ക് അതിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകണം. ബാങ്ക് പ്രതിനിധികളുമായി ഈ വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Eng­lish Sum­ma­ry: farmer sui­cide ; oppo­si­tion spread fake news min­is­ter gr anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.