12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 6, 2024

സർവീസ് കമ്പനികൾ തയ്യാറായാൽ ജനുവരിയിൽ വിദേശത്തേക്ക് ആദ്യ യാത്രാ കപ്പൽ: തുറമുഖ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 13, 2023 8:08 pm

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീർഘ വർഷത്തെ ആവശ്യം പ്രാവർത്തികമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ — കേരള സെക്ടറിൽ കപ്പൽ സർവീസ് നടത്തുവാൻ തയ്യാറുള്ളവരെ കണ്ടെത്താൻ നോർക്കയും കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ഉടൻ ടെണ്ടർ ക്ഷണിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. കഴിഞ്ഞ മാസം മുബൈയിൽ നടന്ന ജി20 ഗ്ലോബൽ മാരിടൈം സമ്മിറ്റിന്റെ വേദിയില്‍ വച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാളിന് സംസ്ഥാന തുറമുഖ മന്ത്രിയും ഗതാഗത മന്ത്രി ആന്റണി രാജുവും ഈ വിഷയത്തിൽ നിവേദനം നൽകിയിരുന്നു. ഈ നിവേദനം പരിഗണിച്ച് കേന്ദ്രമന്ത്രി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതു പ്രകാരം ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ കേരള മാരിടൈം ബോർഡ് — നോർക്ക മേധാവികളുടെ യോഗം വിളിച്ചു. ഈ യോഗത്തിന്റെ തുടർച്ചയായാണ് കേരള മാരിടൈം ബോർഡ് — നോർക്ക റൂട്ട്സും യോഗം ചേർന്ന് കപ്പൽ സർവീസ് നടത്താൻ തയ്യാറുള്ളവരെ കണ്ടെത്താനുള്ള താല്പര്യപത്രം ക്ഷണിക്കാനും, ഫീസിബിലിറ്റി സ്റ്റഡി നടത്താൻ ഉചിതമായ കമ്പനിയെ തിരഞ്ഞെടുക്കാനും തീരുമാനിച്ചത്. 

ഇതുപ്രകാരം യുഎഇയിൽ നിന്നും മുമ്പ് കപ്പൽ സർവീസ് നടത്തിയ കമ്പനി പ്രതിനിധികളെ ഉൾപ്പെടെ വിളിച്ചു സംസ്ഥാന തുറമുഖ മന്ത്രിയുടെ ഓഫിസ് ഒൺലൈൻ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും സർവീസ് നടത്താൻ പൂർണമായി തയ്യാറുള്ള കപ്പൽ സർവീസ് കമ്പനികളെ ലഭ്യമാകാത്ത പശ്ചാത്തലത്തിലാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള കപ്പൽ സർവീസ് നടത്താൻ തയ്യാറുള്ളവരെ കൂടി ഉൾപ്പെടുത്തി താല്പര്യ പത്ര നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശിച്ചത്. കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകിയതിനാൽ താല്പര്യപത്ര നടപടി വേഗത്തിലാക്കാൻ നോർക്കയുമായി തുറമുഖ വകുപ്പ് വീണ്ടും ബന്ധപ്പെട്ട് കത്തു നൽകിയിട്ടുണ്ട്. 

നടപടികൾ വേഗത്തിലാക്കി ജനുവരി രണ്ടാം വാരത്തിൽ കപ്പൽ സർവീസ് ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്നും ഇതിന് ആവശ്യമായ സാങ്കേതിക നടപടികൾ മാരിടൈം ബോർഡും നോർക്ക റൂട്ട്സും തുടക്കമിട്ടതായും മന്ത്രി അറിയിച്ചു. ബേപ്പൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ടൂറിസത്തിന് കൂടി ഉപയോഗപ്പെടുംവിധം യാത്രാ കപ്പൽ ആരംഭിക്കണമെന്ന് സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 

Eng­lish Sum­ma­ry; First pas­sen­ger ship to over­seas in Jan­u­ary if ser­vice com­pa­nies are ready: Ports Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.