17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 15, 2024
November 9, 2024
November 5, 2024
October 27, 2024
October 13, 2024
October 4, 2024
September 26, 2024
September 23, 2024
September 14, 2024

ഖത്തറിൽ കൊടിയിറങ്ങിയ ഡോളർ മാമാങ്കം

എം കെ നാരായണമൂര്‍ത്തി
December 22, 2022 4:45 am

ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആദ്യം നടക്കുന്നത് 1930 ലാണ്. 92 വർഷങ്ങൾക്ക് ശേഷം 2022 ൽ ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങുമ്പോൾ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംരംഭമായിരുന്നു അവസാനിച്ചത്. 220 ബില്യൺ ഡോളറാണ് ഖത്തർ ലോകകപ്പിന് ചെലവായ തുക. 2018 ൽ റഷ്യയിൽ നടന്ന ടൂർണമെന്റിന് ചെലവായത് വെറും 11.6 ബില്യൺ ഡോളറായിരുന്നു. അതിന് മുമ്പേ നടന്ന ബ്രസീൽ ലോകകപ്പിന് 15 ബില്യൺ ഡോളറും ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്റിന് അഞ്ച് ബില്യൺ ഡോളറുമാണ് ചെലവായത്. അതായത് 2010ൽ, 2022 ലോകകപ്പ് ഖത്തറിന് അനുവദിച്ച നാൾ മുതൽ ഖത്തർ ഭരണാധികാരികൾ ലോകകപ്പിനാവശ്യമായതും അനാവശ്യമായതുമായ ക്രമീകരണങ്ങൾ നടത്തുന്നതിനായി ചെലവഴിച്ചതാണ് ഈ തുക. കഴിഞ്ഞ 21 ലോകകപ്പുകളുടെ ആകെ ചെലവാണ് ഈ ഒരൊറ്റ ലോകകപ്പിനായി വേണ്ടിവന്നിരിക്കുന്നത്. ഏഴ് സ്റ്റേഡിയങ്ങളാണ് ഖത്തർ പുതിയതായി നിർമ്മിച്ചത്. ഇതിനായി ആദ്യം വകകൊള്ളിച്ചിരുന്നത് നാല് ബില്യൺ ഡോളറായിരുന്നു. പക്ഷേ പണിതീർന്നു വന്നപ്പോൾ 10 ബില്യൺ ഡോളറായി തുക വർധിച്ചു. ഇതിൽ ഒരു സ്റ്റേഡിയമായ “സ്റ്റേഡിയം 974” പൂർണമായും പൊളിച്ചു മാറ്റും. കളിക്കാർക്കും ഒഫീഷ്യൽസിനും വേണ്ടി നിർമ്മിച്ച പാർപ്പിട സമുച്ചയങ്ങൾ ഇനി പൊതുജനങ്ങൾക്ക് സ്വന്തമാക്കാം. നിർമ്മാണ പ്രക്രിയയിൽ ഉപയോഗിച്ചത് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ള തൊഴിലാളികളെയായിരുന്നു. ഇതിൽ ധാരാളം പേർ നിർമ്മാണ സമയത്തുണ്ടായ അപകടങ്ങളിൽ മരിച്ചുവെന്ന ഗുരുതരാരോപണം റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ഉയർത്തിയിട്ടുണ്ട്. വളരെ ചെറിയ ശമ്പളമാണ് ഇവർക്ക് നൽകിയിരുന്നതെന്നും ടാസ് ആരോപിക്കുന്നു.

ഖത്തർ നാഷണൽ മിഷൻ-2030 എന്ന പേരിലാണ് ലോകകപ്പ് ഫുട്ബോളിനുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഖത്തർ ഭരണാധികാരികൾ തയ്യാറായത്. ഒരു അന്താരാഷ്ട്ര വിമാനത്താവളം മാത്രമുണ്ടായിരുന്ന ഖത്തർ അതിനേക്കാൾ സൗകര്യമുള്ള മറ്റൊന്നു കൂടി നിർമ്മിച്ചു. പുതിയ മെട്രോ റെയിൽ സംവിധാനവും ഒരുക്കി. റോഡുഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി ഖത്തറിൽ അങ്ങോളമിങ്ങോളം 889 പുതിയ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നവർക്ക് താമസിക്കാനായി പഞ്ചനക്ഷത്ര നിലവാരത്തിലുള്ള 100 ഹോട്ടലുകളും ആയിരക്കണക്കിന് കഫറ്റീരിയകളും നിർമ്മിച്ചു. ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നം ഇവിടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ ഇനിയെന്തു ചെയ്യുമെന്നതാണ്. 10,000 പേർക്ക് ഉടനടി തൊഴിൽ നഷ്ടപ്പെടും. അവരെ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്ന് ലോകകപ്പിന്റെ മൊത്തം ചുമതല വഹിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖലിഫ അല്‍താനി പറഞ്ഞു കഴിഞ്ഞു. ഖത്തർ അമീർ ഹമദ് ബിൻ ഖലിഫ അൽതാനിയുടെ മകനാണ് ഇദ്ദേഹം. തൊഴിലാളികളെ നിയമിച്ചപ്പോൾ തന്നെ അവരോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പക്ഷേ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഹൈടെക്ക് പ്രൊഫഷണലുകളെ ഖത്തർ അവരുടെ മിഷൻ-2030 കഴിയുന്നത് വരെ നിലനിര്‍ത്തുമെന്നാണ് ജർമ്മൻ ടി വിയായ ഡി ഡബ്ല്യുവിന്റെ ഫുട്ബോൾ ഇക്കണോമിക്സ് വിഭാഗം പറയുന്നത്. ഈ ടൂർണമെന്റിന്റെ അംബാസിഡറായി ഖത്തർ നിയോഗിച്ചിരുന്നത് ഡേവിഡ് ബെക്കാമിനെയാണ്. തവണകളായി ബെക്കാമിന് നൽകിയ പ്രതിഫലം 277 മില്യൺ ഡോളറാണ്.


ഇതുകൂടി വായിക്കൂ: ലോകത്തിന്റെ മനംകവർന്ന ഖത്തർ ലോകകപ്പ്


ഖത്തർ ലോകകപ്പിന് ഫിഫ ചെലവാക്കിയ തുക വളരെ കൂടുതലെന്നാണ് നാഷണൽ ഫെഡറേഷൻ ഓഫ് അമേരിക്കൻ ഫുട്ബോളിന്റെ പ്രസിഡന്റ് പിയറി ട്രോച്ചറ്റ് പറയുന്നത്. ലോകസമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമ്പോൾ ഖത്തറിന് പുറമേ ഫിഫയും ഇത്രയും ഭാരിച്ച ചെലവ് ചെയ്യണമായിരുന്നോ എന്നും അദ്ദേഹം ദി ഫോബ്സ് മാഗസിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. ഫിഫ മൊത്തം സമ്മാനത്തുകയായി ചെലവഴിച്ചത് 440 മില്യൺ ഡോളറാണ്. 2019 ൽ നടന്ന വനിതകളുടെ ലോകകപ്പിന് ഫിഫ സമ്മാനത്തുകയായി നൽകിയത് കേവലം 30 മില്യൺ ഡോളർ മാത്രമായിരുന്നു. ലോകഫുട്ബോളിലെ ലിംഗ അസമത്വത്തിന്റെ നേർരേഖയായും വിമർശകർ ഫിഫയുടെ ഈ നിലപാടിനെ ചൂണ്ടിക്കാണിക്കുന്നു. ടെലിവിഷൻ പ്രക്ഷേപണത്തിന്റെയും ഹോസ്പിറ്റാലിറ്റി ആന്റ് ലോജിസ്റ്റിക്സിന്റെയും അവകാശം വിറ്റതിലൂടെ ഫിഫയ്ക്ക് ഇക്കുറി ലഭിച്ചത് 4.7 ബില്യൺ ഡോളറാണ്. ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചതാകട്ടെ 500 മില്യൺ ഡോളറും. ഇപ്രാവശ്യമായിരുന്നു ചരിത്രത്തിലെ ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏതാണ്ട് 62,000 രൂപ. ടിക്കറ്റ് ലഭിച്ചവരെക്കാൾ കൂടുതൽ ലഭിക്കാത്തവരായിരുന്നു.

ഇക്കുറി ലോകകപ്പിൽ കളിച്ചത് 32 രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾക്ക് പുറമേ നൂറോളം രാജ്യങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക വിമാന സർവീസുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും എയർ ഇന്ത്യ ഇത്തരം വിമാനങ്ങൾ പറത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്നാണ് എയർ ട്രാവൽ മേഖലയിലെ വിദഗ്ധർ പറയുന്നത്. ലോകകപ്പിന്റെ സമയത്ത് ഡോളറിന്റെ വിനിമയ നിരക്കിൽ വന്ന വര്‍ധന വിമാനക്കമ്പനികൾക്ക് വലിയ തിരിച്ചടിയായി. ഇത് തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. പല സർവീസുകളും നഷ്ടത്തിലായിരുന്നു. ഫുട്ബോൾ കാണാനായി എത്തുന്നവരെ നിയന്ത്രിക്കാൻ ഖത്തർ അവസാന നിമിഷം കൈക്കൊണ്ട ചില നടപടികളും ലോകവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്തവണയും വാതുവയ്പുകാർ സജീവമായിരുന്നു. ഇതിൽ വാതുവയ്പ് നിയമവിധേയമായ അമേരിക്കയിൽ നിന്നുള്ള കണക്കുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. അമേരിക്കൻ ഗെയിങ് അസോസിയേഷന്റെ കണക്ക് പ്രകാരം 1.8 ബില്യൺ ഡോളറിന്റെ വാതുവയ്പാണ് അന്നാട്ടില്‍ മാത്രം നടന്നിട്ടുള്ളത്. വാതുവയ്പിന്റെ പ്രധാനകേന്ദ്രങ്ങളായ ലാറ്റിൻ അമേരിക്ക, ചൈന മുതലായയിടങ്ങളിൽ നിന്നുള്ള കണക്കുകൾ കൂടി വന്നാലേ ചിത്രം പൂർണമാകൂ. എന്തായാലും 2026 ലെ ലോകകപ്പ് നടക്കുന്നത് അമേരിക്കയിലും മെക്സിക്കോയിലും കാന‍ഡയിലുമായിട്ടാണ്. 11 ബില്യൺ ഡോളറിന്റെ ലാഭം പ്രതീക്ഷിക്കുന്ന ബജറ്റ് ഫിഫ തയ്യാറാക്കി കഴിഞ്ഞു. ഖത്തർ കാണിച്ച ധാരാളിത്തം ഈ രാജ്യങ്ങളിൽ പ്രതീക്ഷിക്കേണ്ടതില്ല. 2023ൽ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്നും അപ്പോഴേക്കും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും കരകയറാനുള്ള സാധ്യത വളരെ വിദൂരമാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.