24 June 2024, Monday

വനപരിപാലന ഭേദഗതി കോര്‍പറേറ്റുകൾക്കു വേണ്ടി

Janayugom Webdesk
July 28, 2023 5:00 am

പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും എതിർപ്പും ഭേദഗതി നിർദേശങ്ങളും അവഗണിച്ചുകൊണ്ട് ലോക്‌സഭ ബുധനാഴ്ച പാസാക്കിയ ‘വനപരിപാലന ഭേദഗതി ബിൽ’ പരിസ്ഥിതി പ്രവർത്തകരിലും ഗോത്രവർഗ ജനവിഭാഗങ്ങളടക്കം കർഷക ജനതയ്ക്കിടയിലും കടുത്ത ആശങ്കയാണ് ഉളവാക്കുന്നത്. 1980ലെ വനപരിപാലന നിയമം ഭേദഗതി ചെയ്യുന്നതിന് ഇക്കഴിഞ്ഞ മാർച്ച് 29നാണ് കരടുബിൽ അവതരിപ്പിക്കപ്പെട്ടത്. അതിനെതിരെ ഉയർന്ന വ്യാപക എതിർപ്പുകളുടെ പശ്ചാത്തലത്തിൽ ബിൽ സൂക്ഷ്മപരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതി(ജെപിസി)ക്ക് വിടുകയായിരുന്നു. നിർദിഷ്ട ബില്ലിലെ വിവിധ വ്യവസ്ഥകൾക്കെതിരെ ഗോത്രാവകാശ സംഘടനകൾ, പരിസ്ഥിതി ഗ്രൂപ്പുകളുള്‍പ്പെടെ വിദഗ്ധസംഘടനകൾ തുടങ്ങി നിരവധി കേന്ദ്രങ്ങൾ 1300ൽപ്പരം നിർദേശങ്ങളും ഭേദഗതികളും ജെപിസിക്ക് മുന്നിലെത്തി. അവയിൽ ഒന്നുപോലും പരിഗണിക്കാതെയും അംഗീകരിക്കാതെയും അവതരിപ്പിച്ച കരടുബിൽ അതേരൂപത്തിൽ, പ്രതിപക്ഷ എതിർപ്പുകൾ അവഗണിച്ച്, ലോക്‌സഭയിൽ പാസാക്കിയെടുക്കുകയായിരുന്നു ബിജെപി സർക്കാർ. 1980ലെ വനപരിപാലന നിയമം പ്രാബല്യത്തിലിരുന്ന കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വനേതര ആവശ്യങ്ങൾക്കായി വനഭൂമി ഉപയോഗിക്കുന്നവരില്‍ നിന്നും മതിയായ നഷ്ടപരിഹാരം ഈടാക്കുന്നതിന് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടായിരുന്നു.


ഇതുകൂടി വായിക്കൂ:  ഒമ്പതാണ്ടിന്റെ ദുരിതപര്‍വം


ആ നിയമം കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ രേഖകളിൽ വനം എന്ന് നിർണയിക്കപ്പെട്ടിട്ടില്ലാത്ത ഭൂമിപോലും തരംമാറ്റി വിനിയോഗിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള അധികാരം സർക്കാരുകൾക്ക് നൽകിയിരുന്നു. വനപരിപാലനത്തിന് ഉത്തരവാദപ്പെട്ട സർക്കാരിന്റെ അവകാശാധികാരങ്ങൾ അപ്പാടെ ദുർബലപ്പെടുത്തുന്നതാണ് നിർദിഷ്ട നിയമം. ഇപ്പോൾ ലോക്‌സഭ പാസാക്കിയ ഭേദഗതി ബിൽ നിയമമാകുന്നതോടെ സംരക്ഷിത വനങ്ങളായി പ്രഖ്യാപിച്ചിട്ടില്ലാത്ത വന ഭൂമികളിൽ തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിക്കിട്ടും. അതുവഴി വൻ കുത്തകകൾക്കും കോര്‍പറേറ്റുകൾക്കും യഥേഷ്ടം വൃക്ഷങ്ങളും കാടുകളും വെട്ടിനശിപ്പിക്കാനും അവ തോട്ടങ്ങളായി പരിവർത്തനപ്പെടുത്താനുമാവും. അത് വൈവിധ്യമാർന്ന സസ്യജാലങ്ങളുടെയും ഹരിതാവരണത്തിന്റെയും നാശത്തിലേക്കായിരിക്കും നയിക്കുക. 2070ഓടെ ആഗോളതാപനം തടയുന്നതിനുള്ള പൂജ്യം അംഗാരക വിസർജ്യം അഥവാ ‘സീറോ കാർബൺ എമിഷൻ’ എന്ന ഇന്ത്യയുടെയും ലോകത്തിന്റെയും ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കും. നിർദിഷ്ട നിയമം, ഉപരിഘടനാ നിർമ്മാണങ്ങൾക്ക് നിയമപരമായി ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കംചെയ്യും. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ നിർമ്മാണപ്രവർത്തനം, വനാതിർത്തികളിൽ ജീവിക്കുന്നവർക്ക് ജീവനോപാധികൾ സൃഷ്ടിക്കൽ എന്നിവയുടെ പേരിലാണ് ഈ ഭേദഗതികൾ. എങ്കിലും, സംഭവിക്കുക എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചങ്ങാതിമാരായ അഡാനി ഉൾപ്പെടെയുള്ളവർക്ക് അളവറ്റ ഭൂമിയും പ്രകൃതിവിഭവങ്ങളും വെള്ളിത്താലത്തിൽ വച്ചുനൽകുകയാണ് ഈ നിയമ ഭേദഗതിയുടെ ലക്ഷ്യം എന്ന് കഴിഞ്ഞ ഒമ്പത് കൊല്ലത്തെ ഭരണനയങ്ങളും ഭരണകൂട ഒത്താശയോടെ അവർ കൈവരിച്ച സാമ്പത്തിക വളർച്ചയും നിരീക്ഷിക്കുന്ന ആർക്കും മനസിലാവും. തോട്ടങ്ങൾ വച്ചുപിടിപ്പിച്ചാൽ കാലക്രമത്തിൽ ഭൂമിയുടെ ഹരിതാവരണം പുനഃസ്ഥാപിക്കപ്പെടുമെന്ന യുക്തിയാണ് ഭേദഗതി നിയമത്തിന്റെ വക്താക്കൾ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഏകവിളത്തോട്ടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയിൽനിന്നു തന്നെയും നൽകുന്ന പാഠം മറിച്ചാണ്.


ഇതുകൂടി വായിക്കൂ: കോര്‍പ്പറേറ്റ് ദല്ലാളന്മാര്‍ എന്തുകൊണ്ട് കര്‍ഷകരെ ഭയപ്പെടുന്നു?


ഇന്ത്യൻ പ്രതിരോധ സേനയിൽ എല്ലാതലത്തിലും നിലവിലുള്ള ലക്ഷക്കണക്കിന് തസ്തികകൾ നികത്താൻപോലും ശ്രമിക്കാതെ അതിർത്തികളിലെ അടിസ്ഥാന സൗകര്യ വികസനത്തെപ്പറ്റി നിരത്തുന്ന ആഖ്യാനങ്ങൾ കോർപറേറ്റുകൾക്കു വേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമങ്ങളുടെ പിൻബലമില്ലാതെതന്നെ ഛത്തീസ്ഗഢ്, ഝാർഖണ്ഡ് ഉൾപ്പെടെ ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ പ്രകൃതിവിഭവ സമ്പന്നമായ ആയിരക്കണക്കിന് ഹെക്ടർ ഭൂമി ഭരണകൂട ഒത്താശയോടെ അഡാനി, വേദാന്ത തുടങ്ങിയ കുത്തക കോർപറേറ്റുകൾ കയ്യടക്കിവരികയാണ്. മാവോയിസത്തിന്റെയും നഗരനക്സലുകളുടെയും തീവ്രവാദത്തിന്റെയും പേരിൽ ജനങ്ങളെ അമർച്ചചെയ്തും തുറുങ്കിലടച്ചും കൊലചെയ്തും മനുഷ്യാവകാശങ്ങൾ നിഷേധിച്ചുമാണ് ഈ നവഉദാരീകരണ, മുതലാളിത്തവൽക്കരണം നടപ്പാക്കുന്നത്. മണിപ്പൂരടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവർഗ ജനതകളെ തമ്മിലടിപ്പിച്ചും പരസ്പരം ഉന്മൂലനത്തിലേക്ക് തള്ളിവിട്ടും ആ ലക്ഷ്യം കൈവരിക്കാമെന്ന് മോഡിയും അഡാനിയും പതഞ്ജലിയും മറ്റും ഉൾപ്പെട്ട ‘നവ ഭാരത ചങ്ങാത്ത മുതലാളിത്തം’ കണക്കുകൂട്ടുന്നു. നാളിതുവരെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി നടപ്പാക്കിവന്ന പദ്ധതിക്ക് നിയമപരമായ ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുകയാണ് ലോക്‌സഭ ബുധനാഴ്ച ഏകപക്ഷീയമായി പാസാക്കിയ 2023ലെ വനപരിപാലന ഭേദഗതി ബില്ലിന്റെ ആത്യന്തിക ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.