26 April 2024, Friday

മാതൃഭൂമി മുൻ എഡിറ്റര്‍ വി പി രാമചന്ദ്രൻ അന്തരിച്ചു

Janayugom Webdesk
കൊച്ചി
May 11, 2022 10:53 pm

പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായിരുന്ന വി പി രാമചന്ദ്രൻ (98) അന്തരിച്ചു. എറണാകുളം കാക്കനാട് മാവേലിപുരത്തെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്ക് 2.30 ന് കാക്കനാട് അത്താണി ശ്മശാനത്തില്‍. തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂർ ശേഖരൻനായരുടെയും വെട്ടത്ത് രുഗ്മിണി അമ്മയുടെയും മകനായി 1924 ഏപ്രിൽ 21 ന് തൃശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം. പഠന ശേഷം മിലിറ്ററി അക്കൗണ്ട്സിൽ ലോവർ ഡിവിഷൻ ക്ലർക്കായി ചേർന്നു. അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ (എപിഐ), പിടിഐ എന്നിവയിലൂടെ പത്രപ്രവർത്തന രംഗത്തെത്തി.
1951 ലെ പൊതുതെരഞ്ഞെടുപ്പിൽ പിടിഐയുടെ ഡൽഹിയിലെ ഇലക്ഷൻ ഡെസ്ക്കിലായിരുന്നു ആദ്യ നിയമനം. 1956ലെ പൊതുതെരഞ്ഞെടുപ്പിൽ പഞ്ചാബിലേക്ക് നിയമിക്കപ്പെട്ടു. 

1964 ൽ പിടിഐ വിട്ട് യുഎൻഐയിൽ ചേർന്നു. 1965ൽ യുഎൻഐ യുടെ ഡെപ്യൂട്ടി ജനറൽ മാനേജരായി. 1971 വരെ ഈ സ്ഥാനത്ത് തുടർന്നു. 1978 ലാണ് യുഎൻഐ വിട്ട് മാതൃഭൂമിയിൽ ചേരുന്നത്. എക്സിക്യൂട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. 1979ൽ കെ പി കേശവമേനോൻ അന്തരിച്ചപ്പോൾ മാതൃഭൂമിയുടെ പത്രാധിപരായി. 1984ൽ മാതൃഭൂമിയിൽ നിന്ന് രാജിവച്ചു. 1989ൽ പ്രസ് അക്കാദമിയുടെ കോഴ്സ് ഡയറക്ടറായി ചേർന്നു. മൂന്ന് കൊല്ലത്തിനുശേഷം അക്കാദമിയുടെ ചെയർമാനുമായി. കേസരി സ്വദേശാഭിമാനി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഗൗരി. മകൾ: ലേഖ . മരുമകൻ: ചന്ദ്രശേഖരൻ.

Eng­lish Summary:Former Math­rub­hu­mi edi­tor VP Ramachan­dran has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.