18 April 2024, Thursday

ജോഷിമഠിന് പിറകെ കേരളത്തിലെ നാല് ജില്ലകളും അപകടസാധ്യതാപട്ടികയില്‍

ഐഎസ്ആര്‍ഒയുടെ അപകടസാധ്യതാ പഠനം
web desk
ന്യൂഡല്‍ഹി
March 6, 2023 11:06 am

കേരളത്തിലടക്കം ശക്തമായ മണ്ണിടിച്ചിലുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒയുടെ പഠനം. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിവിണ്ടുകീറുന്നത് തുടരുന്നതിനിടെയുള്ള പുതിയ റിപ്പോര്‍ട്ട് കേരളം ഉള്‍പ്പെടെ രാജ്യത്തെ 17 സംസ്ഥാനങ്ങളെയാണ് ആശങ്കയിലാക്കുന്നത്. രാജ്യത്തെ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങൾ അടയാളപ്പെടുത്തിയ ലാൻഡ്സ്ളൈഡ് അറ്റ്ലസാണ് ഐഎസ്ആർഒ പുറത്തിറക്കിയിരിക്കുന്നത്.

ഹിമാലയത്തിലും പശ്ചിമഘട്ടത്തിലുമായുള്ള ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങള്‍ പട്ടികയിലുണ്ട്. മലയോര മേഖലകളിലാണ് മണ്ണിടിച്ചിൽ സാധ്യതാ വിശകലനം നടത്തിയത്.

 

അപകടസാധ്യത കൂടുതലുള്ള 147 ജില്ലകളിൽ ഐഎസ്ആര്‍ഒയുടെ അപകടസാധ്യതാ പഠനം നടത്തിയിട്ടുണ്ട്. ഈ 147 സെൻസിറ്റീവ് ജില്ലകളിൽ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്രി ഗർവാള്‍ ജില്ലകളാണ് ഏറ്റവും അപകടകാരികളായവ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാന്ദ്രതയുള്ള രുദ്രപ്രയാഗ് ജില്ലയിലാണ് ഉത്തരാഖണ്ഡിലെ ഏറ്റവും കൂടുതൽ ജനസംഖ്യ. തൊഴിലെടുക്കുന്നവരുടെ എണ്ണം, സാക്ഷരത, കുടുംബങ്ങളുടെ എണ്ണം എന്നിവയുള്ളത്.

പട്ടികയിലെ ആദ്യ 10 ജില്ലകളിൽ രണ്ട് ജില്ലകളും സിക്കിമിൽ നിന്നുള്ളവയാണ് (സൗത്ത്, നോർത്ത് സിക്കിം). ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്രി ഗർവാൾ ജില്ലകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാന്ദ്രത ഉള്ളതെന്നും പടിഞ്ഞാറൻ ഹിമാലയൻ മേഖലയാണ് മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ളതെന്നും ഐഎസ്ആർഒമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി. ഉത്തരാഖണ്ഡ് സർക്കാരിന് വലിയ വെല്ലുവിളിയായി ജോഷിമഠ് ഇപ്പോഴും തുടരുകയാണ്.

രണ്ട് ജില്ലകൾ ജമ്മു കശ്മീരിനും നാല് ജില്ലകൾ കേരളത്തിൽ നിന്നുമാണ്. കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. 17 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 147 ജില്ലകളിലായി 1988 നും 2022 നും ഇടയിൽ രേഖപ്പെടുത്തിയ 80, 933 മണ്ണിടിച്ചിലുകളെ അടിസ്ഥാനമാക്കിയാണ് എന്‍ആര്‍എസ്‌സി ശാസ്ത്രജ്ഞർ ലാൻഡ്സ്ലൈഡ് അറ്റ്ലസ് ഓഫ് ഇന്ത്യ തയ്യാറാക്കിയത്.

 

 

 

 

Eng­lish Sam­mury:  Two Uttarak­hand dis­tricts and four in Ker­ala among top 10 land­slide risk dis­tricts in the coun­try, ISRO study

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.