26 April 2024, Friday

ജോഷിമഠ് പൂര്‍ണമായും ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2023 10:54 pm

ജോഷിമഠിൽ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് മുന്നറിയിപ്പുമായി ഐഎസ്ആർഒ. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തല്‍. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗത വർധിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
2022 ഡിസംബര്‍ 27 നും ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഏഴ് മാസത്തിനിടെ ഒമ്പത് സെന്റിമീറ്റര്‍ താഴ്ന്നു. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. 10 മാസങ്ങള്‍ക്കിടെ 14.4 സെന്‍റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. 

ഐഎസ്‌ആര്‍ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററാണ് ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐഎസ്‌ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് 2 എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്. ജോഷിമഠ് നഗരം ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠ്-ഔലി റോഡും ഇടിഞ്ഞു താഴും. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരികയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഉടനെ സമർപ്പിക്കും.
ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിനുള്ള നടപടികള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് തുടരുകയാണ്. 

മലാരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളാണ് ആദ്യം പൊളിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ പൊളിച്ചുതുടങ്ങിയെങ്കിലും മോശം കാലാവസ്ഥ കാരണം നിര്‍ത്തിവച്ചിരുന്നു. കര്‍ണപ്രയാഗിലും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കമായി.
അതിനിടെ ഉത്തരകാശിയിലുണ്ടായ ഭൂകമ്പത്തില്‍ ആളുകള്‍ പരിഭ്രാന്തരായി. ഉച്ചയ്ക്ക് 2.12 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത റിക്ടര്‍ സ്കെയിലില്‍ 2.9 രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജോഷിമഠില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയാണെന്ന് സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 ന് റിക്ടര്‍ സ്കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയില്‍ അനുഭവപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: ISRO that Joshi­math will col­lapse completely

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.