26 April 2024, Friday

ജോഷിമഠ്: ആശങ്ക തുടരുന്നു, വിള്ളലുകള്‍ കൂടുന്നതായി പ്രദേശവാസികള്‍

Janayugom Webdesk
ഡെറാഡൂണ്‍
January 12, 2023 11:34 pm

മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്ന നടപടി തുടരുന്നു. ഏറെ അപകടാവസ്ഥയിലുള്ള രണ്ട് ഹോട്ടലുകള്‍ ഇന്നലെ പൊളിച്ചുനീക്കി. ശക്തമായ മഴപെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ആളുകളെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കിയത്. നേരത്തെ ഉണ്ടായിരുന്ന വിള്ളലുകള്‍ വലുതായി വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പിളര്‍പ്പുകള്‍ക്ക് ആഴം കൂടുന്നതായും കാണുന്നുണ്ട്. കൂടാതെ പുതിയ വിള്ളലുകള്‍ രൂപപ്പെടുന്നതായും ഇവര്‍ പറയുന്നു. സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിലാണ് മലരി ഇന്‍, മൗണ്ടന്‍ വ്യൂ എന്നീ ഹോട്ടലുകള്‍ പൊളിച്ചുനീക്കിയത്. 700 ഓളം വീടുകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജോഷിമഠില്‍ വിള്ളല്‍ വീണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. 20,000 ഒളം ആളുകള്‍ വീടുവിട്ട് സുരക്ഷിത സ്ഥാനങ്ങള്‍ തേടിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. 

അതേസമയം ജോഷിമഠിൽ നിന്നും കരസേനാ യൂണിറ്റുകളെ പിന്‍വലിച്ചിട്ടുണ്ട്. ജോഷിമഠിന് ചുറ്റുമുള്ള 20 സൈനിക യൂണിറ്റുകൾക്ക് വിള്ളലിൽ ചെറിയ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജോഷിമഠിലെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്തി. അപകടത്തിലായ കെട്ടിടങ്ങളുടെ വില കണക്കാക്കി തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ജോഷിമഠില്‍ നാലിലൊന്ന് വീടുകള്‍ മാത്രമാണ് തകര്‍ന്നതെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. 

Eng­lish Summary:Joshimath: Con­cern con­tin­ues, local res­i­dents say cracks are increasing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.