26 April 2024, Friday

വെട്ടും X തടയും; ഫ്രാന്‍സോ മൊറൊക്കൊയോ… കലാശപ്പോരിലേക്ക് ആരെത്തും ?

സുരേഷ് എടപ്പാള്‍
December 13, 2022 11:45 pm

ഇന്ന് രണ്ടാമനെത്തും, എതിരാളിക്കൊരു വീറുറ്റ പോരാളിയായി. 2018 ന്റെ തുടര്‍ച്ചയായി വീണ്ടും ഫ്രാന്‍സോ, അതോ പുതുപുത്തന്‍ മൊറോക്കൊയോ… തീരുമാനം രാത്രി ഉണ്ടാകും. അല്‍ ബെയ്‌ത്ത് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിക്ക് തീപിടിക്കുന്ന ഒന്നൊന്നര ഫൈറ്റിലൂടെയാകും ആ ഫൈനല്‍ പ്രവേശനം. അറ്റ്‌ലസ്‌ലയണ്‍സ് എന്ന വിളിപ്പെരുള്ള ആഫ്രിക്കന്‍ ടീമായ മൊറോക്കോയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും തമ്മില്‍ കലാശപ്പോരുളള അര്‍ഹതക്കായി ഏറ്റുമുട്ടുമ്പോള്‍ ലോകകപ്പില്‍ പുതിയ ചരിത്രമാണ് കുറിക്കപ്പെടുക. സെമിയിലെത്തിയപ്പോള്‍ തന്നെ മൊറോക്കൊ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ പുത്തനധ്യായം സമ്മാനിച്ചിരിന്നു. 

ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാണ് മൊറോക്കൊ. ഇന്ന് ഫ്രാന്‍സിനെ ജയിച്ച് ഫൈനലില്‍ പ്രവേശിച്ചാല്‍ മറ്റൊരു ചരിത്രവും അവര്‍ കുറിക്കും. അതിനുറപ്പിച്ചുതന്നെയാകും അവരുടെ ഇന്നത്തെ പടപ്പുറപ്പാട്. കടലാസില്‍ കരുത്തര്‍ ഫ്രാന്‍സ് തന്നെയാണ്. എന്നാല്‍ അവര്‍ക്ക് അത്ര എളുപ്പമാവില്ല മൊറോക്കൊയെ കീഴടക്കുക എന്നത്. കാരണം ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അട്ടിമറി നടത്തി വരുന്നവരാണ് മൊറോക്കൊക്കാര്‍. കിരീടമോഹവുമായെത്തിയ യൂറോപ്പിലെ കൊമ്പന്മാരെ വെട്ടി

നിരത്തിയാണ് മൊറോക്കന്‍ സിംഹങ്ങളുടെ കാടിളക്കിയുള്ള വരവ്. കടുകട്ടി പ്രതിരോധത്തിലൂടെയാകും മൊറൊക്കൊ കൈകാര്യം ചെയ്യുക എന്നുറപ്പാണ്. മറ്റുള്ള ടീമുകള്‍ ഭയക്കുന്നപോലെ ആഫ്രിക്കന്‍ ടീമിലെ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലും ഇറ്റാലിയന്‍ ലീഗിലും സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും പന്തുകളിക്കുന്നവരാണെന്നതുതന്നെ. ബെല്‍ജിയവും സ്പെ­യിനും പോര്‍ച്ചുഗലും അവരുടെ കളിമികവ് നേരിട്ടറിഞ്ഞവരാണ്. ഈ മൂന്ന് വമ്പന്‍ ടീമുകളെ സെമിയിലേക്കുള്ള കുതിപ്പില്‍ അവര്‍ അട്ടിമറിച്ചു. യാസിനെ ബോനു എന്ന സെവിയയുടെ ഗോള്‍ കീപ്പറാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. 

പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ സ്പെയിനിനെ അട്ടിമറിച്ചത് ബോനുവിന്റെ കിടിലന്‍ രക്ഷപ്പെടുത്തലുകളാണ്. പോര്‍ച്ചുഗലിനെതിരായ ക്വാര്‍ട്ടറിലും ബോനു മിന്നുന്ന പ്രകടനം നടത്തിയതോടെയാണ് സെമിയിലേക്ക് കുതിച്ചത്. ബോനുവിന്റെ ഈ മിന്നുന്ന ഫോം തന്നെയാണ് മൊറോക്കൊയുടെ ആത്മവിശ്വാസത്തിനുള്ള പ്രധാന കാരണവും. കൂ­ടാതെ ശക്തമായ പ്ര­തിരോധവും അവര്‍ക്കുണ്ട്. ഹാകിമി, എല്‍ യാമിക്, നെയ്ഫ് അഗ്യൂര്‍ഡ്, നൊസ്സൈര്‍ മസ്‌റോയി എന്നിവരാണ് പ്രധാന കരുത്തര്‍. അസ്സെദിനെ ഔനാഹി, സൊഫിയാന്‍ അംറാബത്ത്, സെലിം അമല്ല എന്നിവരടങ്ങുന്ന മധ്യനിരയും ഹകിം സിയെച്ച്, യൂസഫ് എന്‍ നെസ്രി, സൊഫിയാനെ ബൗഫല്‍ എന്നിവരാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാര്‍. മികച്ച പ്രതിരോധവും അതിനൊത്ത മധ്യ‑മുന്നേറ്റനിരയും അവര്‍ക്കുള്ളത് ഗുണകരമാണ്. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ഗോളടിക്കുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കളികളില്‍ അവര്‍ പുറത്തെടുത്ത തന്ത്രം. ഇന്ന് ഫ്രാന്‍സിനെതിരെയും അതുതന്നെയായിക്കും തുടരുക. കഴിഞ്ഞ കളികളിലെപ്പോലെ 4–3‑3 ശൈലിതന്നെയാകും ഇന്നും അവര്‍ സ്വീകരിക്കുക.

അതേസമയം അവര്‍ക്ക് എതിരിടാനുള്ളത് കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെയാണ്. രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസവും എംബാപ്പെയുടെ സാന്നിധ്യമാണ്. നിലവിലെ ലോകചാമ്പ്യന്മാര്‍ എന്നതു മാത്രമല്ല ഫ്രാന്‍സിന്റെ കരുത്ത്. മധ്യനിരയില്‍ എണ്ണയിട്ടയന്ത്രം കണക്കെ കളിമെനയുന്ന ഗ്രിസ്മാനും സ്ട്രൈക്കര്‍ ഒളിവര്‍ ജിറൂദും ഇറങ്ങുമ്പോള്‍ ഏത് എതിരാളികളും ഭയന്നേ പറ്റൂ. 4–2‑3–1 ശൈലിയിലായിരിക്കും ഇന്നും ഫ്രാന്‍സ് ഇറങ്ങുക. ഗോള്‍ വലയ്ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസ് ഉറപ്പാണ്. പ്രതിരോധത്തില്‍ കൗണ്‍ഡെ, വരാനെ, ഉപമെസാനോ, ഹെര്‍ണാണ്ടസ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഷൊവാമെനി, റാബിയട്ട്, മധ്യനിരയില്‍ ഡെംബലെ, ഗ്രിസ്മാന്‍, എംബപ്പെ, സ്ട്രൈക്കറായി ജിറൂദും എത്തുമ്പോള്‍ മൊറോക്കൊ പ്രതിരോധം വിറയ്ക്കുമെന്ന കാര്യം ഉറപ്പാണ്.

Eng­lish Summary:France or Moroc­co… who will go to the final battle?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.