രാജ്യത്തെ കര്‍ഷകരെയും വലിയൊരു വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുള്ള രണ്ട് വിഷയങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരികയുണ്ടായി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കര്‍ഷക — പരിസ്ഥിതി സംഘടനകള്‍ വളരെക്കാലമായി അഭിപ്രായപ്പെട്ടുവരുന്ന ജനിതകമാറ്റം (ബിടി) വരുത്തിയ വിളകളുടെ — പ്രത്യേകിച്ച് കടുകിന്റെ- ഉല്പാദനമാണ് വിഷയങ്ങളില്‍ ഒന്ന്. ആഗോള കാര്‍ഷിക കുത്തകകളുടെ സമ്മര്‍ദ്ദത്തിന് വിധേയമായും പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായും അവതരിപ്പിക്കപ്പെട്ടതാണ് ജനിതകമാറ്റം വരുത്തിയ ഉല്പന്നങ്ങള്‍. കൃഷിയില്‍ പരുത്തിയാണ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. പിന്നീട് കടുക് ഉല്പാദിപ്പിക്കുന്നതിനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ നല്കി. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിടി പരുത്തി ഇന്ത്യയില്‍ ആരംഭിച്ചത്. ഉല്പാദനക്കൂടുതലും കീടനാശിനികളുടെ കുറഞ്ഞ ഉപയോഗവുമാണ് പ്രധാന നേട്ടങ്ങളായി പ്രചരിപ്പിച്ചിരുന്നത്. കീടനാശിനികളുടെ ഉപയോഗത്തില്‍ ആദ്യഘട്ടത്തില്‍ കുറവുണ്ടായെങ്കിലും ഇന്ത്യപോലെ പ്രാണിവര്‍ഗങ്ങളുടെ എണ്ണക്കൂടുതലുള്ള രാജ്യത്ത് അവയുടെ പ്രതിരോധശേഷി കൂടുന്നതുകാരണം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണം ചെയ്യുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ മണ്ണിന്റെ ജൈവ ഘടനയ്ക്ക് വ്യതിയാനമുണ്ടാക്കുകയും ചെയ്യുന്നു. എന്നുമാത്രമല്ല വിത്തുകള്‍ക്ക് സ്ഥിരം പരാശ്രയമെന്ന പ്രശ്നവും കര്‍ഷകര്‍ നേരിടുന്നുണ്ട്. സാധാരണ വിത്തുകളുപയോഗിച്ചുള്ള കൃഷിയെ അപേക്ഷിച്ച് വന്‍തോതിലുള്ള വര്‍ധന ബിടി പരുത്തി കൃഷിയിലൂടെ ഉണ്ടാകുന്നുമില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാര്‍ഷിക വ്യവസായ കുത്തകകളാണ് ലോകത്ത് ബിടി അധിഷ്ഠിത കൃഷിക്കുവേണ്ടി വാദിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അതുകൊണ്ടുതന്നെ കുത്തക കമ്പനികളും വന്‍കിട രാജ്യങ്ങളും ഒരു ഭാഗത്തും പരമ്പരാഗത കൃഷിരീതിക്കായി വാദിക്കുന്നവരും പരിസ്ഥിതി പ്രവര്‍ത്തകരും മറുഭാഗത്തുമായി ലോകത്തെ പല രാജ്യങ്ങളിലും വ്യവഹാരങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ബിടി വിളകള്‍ ആരംഭിക്കുന്നതിനും ഉല്പന്നങ്ങളുടെ ഇറക്കുമതിക്കും നിരന്തര സമ്മര്‍ദം ചെലുത്തുന്ന രാജ്യമാണ് യുഎസ്. വിവിധ രാജ്യങ്ങള്‍ ബിടി വിളയുല്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുന്നതിനാവശ്യപ്പെട്ട് അടുത്തകാലത്ത് യുഎസ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്കിയിട്ടുമുണ്ട്. ബിടി പരുത്തിയുടെ നേരനുഭവത്തിന്റെയും ലോകത്തെ പല രാജ്യങ്ങളുടെയും ഉദാഹരണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധ സംഘടനകള്‍ ബിടി കടുകിന് അനുമതി നല്കുന്നതിനെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. വിളയുല്പാദനം മാത്രമല്ല വിത്തുല്പാദനവും കാര്‍ഷിക മേഖലയിലെ വാണിജ്യ സാധ്യതകളുള്ളതാണ്. അത് വിദേശ കുത്തക കമ്പനികള്‍ക്ക് നല്കുന്നത്, അവകാശപ്പെടുന്നതുപോലെ വിളയുല്പാദനം കൂടിയാലും വലിയൊരു വിഭാഗത്തിന്റെ വരുമാന — തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വശംകൂടിയുണ്ട്. കോടതിയുടെ ഭാഗത്തുനിന്ന് വിധിപ്രസ്താവമല്ല ഉണ്ടായതെങ്കിലും ബിടി കടുക് അടിയന്തരമായി ഉല്പാദിപ്പിക്കേണ്ട സാഹചര്യമുണ്ടോയെന്ന സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണ്. ഇത്തരം ഉല്പാദനം അപരിഹാര്യമായ പരിസ്ഥിതി വിനാശത്തിന് കാരണമാകുമോയെന്ന് കോടതി ആരായുകയും ചെയ്തു. രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ വികാരവും ചോദ്യങ്ങളുമാണ് കഴിഞ്ഞ ദിവസം പരമോന്നത കോടതിയില്‍ നിന്നുണ്ടായത്. കേരളം പോലുള്ള സംസ്ഥാനങ്ങളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ബഫര്‍സോണ്‍ വിഷയത്തിലുള്ള വിവിധ പുനഃപരിശോധനാ ഹര്‍ജികളുടെ പരിഗണനയായിരുന്നു സുപ്രീം കോടതിയുടെ മുന്നിലെത്തിയ മറ്റൊരു വിഷയം.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ഭൂമി പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയ ജൂണ്‍ മൂന്നിലെ സുപ്രീം കോടതിയുടെ വിധി ലക്ഷക്കണക്കിന് താമസക്കാരെയും ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയിലെ കൃഷിയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ജൂണ്‍ മൂന്നിലെ വിധി അതേ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന കുടിയൊഴിപ്പിക്കലും കൃഷിനഷ്ടവും വലിയ സാമൂഹ്യ പ്രശ്നമാകുമെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ സംഘടനകളും പരമോന്നത കോടതിയെ സമീപിച്ചത്. ഈ ഹര്‍ജികളുടെ പരിഗണനാ വേളയിലും പ്രതീക്ഷയുണര്‍ത്തുന്ന പ്രതികരണങ്ങളാണ് ഉണ്ടായത്. പ്രദേശത്തിന്റെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ പരിഗണിച്ച് മാത്രമേ ഉത്തരവ് നടപ്പിലാക്കാന്‍ പാടുള്ളൂ എന്നും ബഫര്‍സോണിന്റെ പേരില്‍ വികസനം വഴിമുട്ടരുതെന്നുമായിരുന്നു സുപ്രീം കോടതി നിലപാട്. ഉത്തരവ് ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്നും നടപ്പാക്കുമ്പോള്‍ യഥാര്‍ത്ഥ സാഹചര്യങ്ങള്‍കൂടി വിലയിരുത്തേണ്ടതുണ്ടെന്നും എല്ലായിടത്തും വിധി ഒരേപോലെ നടപ്പാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളെ പ്രത്യേകമായി പരിഗണിച്ച് സുപ്രീം കോടതിയുടെ മുന്‍ വിധി നടപ്പിലാക്കുന്നതില്‍ ഇളവ് വരുത്തിയെന്നതും ശ്രദ്ധേയമാണ്. ജിഎം കടുകിന്റെയും ബഫര്‍സോണിന്റെയും വിഷയത്തില്‍ വിധിപ്രസ്താവം ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും രാജ്യത്തെ വലിയൊരു വിഭാഗത്തെ ആഹ്ലാദിപ്പിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.