27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 16, 2024
July 8, 2024
May 14, 2024
March 23, 2024
February 12, 2024
January 14, 2024
January 2, 2024
October 26, 2023
October 2, 2023

ഗൂര്‍ഖാ റെജിമെന്റ് വിസ്മൃതിയിലേക്ക്; 2037ല്‍ ഇല്ലാതാകും

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2024 9:13 am

ഇന്ത്യന്‍ കരസേനയുടെ അഭിമാന വിഭാഗമായ ഗൂര്‍ഖാ റെജിമെന്റും വിസ്മൃതിയിലേക്ക്. റെജിമെന്റ് സംയോജനത്തിന്റെ ഭാഗമായി 2030ഓടെ പ്രത്യേക റെജിമെന്റ് ഇല്ലാതാവുകയും 2037ഓടെ പൂര്‍ണമായും ഇല്ലാതാകുകയും ചെയ്യും. 

1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടുന്ന വേളയില്‍ ബ്രിട്ടന്‍, നേപ്പാള്‍, ഇന്ത്യ എന്നിവ സംയുക്തമായി ആരംഭിച്ചതാണ് ഗൂര്‍ഖാ റെജിമെന്റ്. മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ച അഗ്നിപഥ് പദ്ധതി, ഇന്ത്യ‑നേപ്പാള്‍ സൗഹൃദത്തിലെ വിള്ളല്‍, റെജിമെന്റ് സംയോജനം എന്നിവയാണ് ഒരുകാലത്ത് കരസേനയുടെ നട്ടെല്ലായിരുന്ന ഗൂര്‍ഖാ റെജിമെന്റിന്റെ പ്രതാപത്തിന് കോട്ടം വരുത്തിയത്. കരസേനയില്‍ നിലവിലുള്ള വിവിധ റെജിമെന്റുകളെ സംയോജിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം ഏതാനും മാസം മുമ്പ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ചില റെജിമെന്റുകളിലേക്കുള്ള നിയമനം കുറച്ച് കൊണ്ടുവന്ന് യൂണിറ്റുകളെ സംയോജിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ കരസേനയുടെ ഭാഗമായി 27 റെജിമെന്റുകളാണ് നിലവിലുള്ളത്. രജ്പുത്, കുമവോണ്‍, മദ്രാസ്, മഹര്‍, ഗഡ്‌വാള്‍, ദോഗ്ര, പഞ്ചാബ് തുടങ്ങിയ മുഴുവന്‍ റെജിമെന്റുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് മന്ത്രാലയം വിഭാവനം ചെയ്തിരിക്കുന്നത്. കരസേനാ ജവാന്‍ നിയമനത്തില്‍ അടക്കം അഗ്നിപഥ് സംവിധാനം പ്രബാല്യത്തില്‍ വന്നതോടെ നാലു വര്‍ഷ സെനിക സേവനം യുവാക്കളില്‍ സൈന്യത്തോടുള്ള താല്പര്യം കുറച്ചതായി കരസേന മുന്‍ മേധാവി ജനറല്‍ എം എം നരവനെ ഏതാനും നാള്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. 

നാവികസേനയിലും വ്യോമസേനയിലും അഗ്നിവീര്‍ പദ്ധതി നടപ്പിലാക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അഗ്നിവീര്‍ പദ്ധതി പരാജയപ്പെട്ട സംവിധാനമാണെന്ന് നേപ്പാള്‍ കരസേനാ മേധാവിയും മുന്‍ ഇന്ത്യന്‍ ഹോണററി ജനറലുമായിരുന്ന പ്രഭു ശര്‍മ്മയും അഭിപ്രായപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേപ്പാളില്‍ അധികാരത്തില്‍ വന്നതും ഗൂര്‍ഖ റെജിമെന്റിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. നേപ്പാളി സൈനികര്‍ ഇസ്രയേലിലും ഉക്രെയ്ന്‍ സൈന്യത്തിലും സേവനം നടത്തുന്നതായി നേപ്പാള്‍ പ്രധാന മന്ത്രി ഈ മാസം അഭിപ്രായപ്പെട്ടത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2030ല്‍ കരസേനയില്‍ പ്രത്യേക ഗൂര്‍ഖാ റെജിമെന്റ് ഉണ്ടാവില്ലെന്നും, 2037ഓടെ റെജിമെന്റ് എന്നന്നേക്കുമായി ഇല്ലാതാകുമെന്നുമാണ് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ‑പാക് യുദ്ധവും, രാജ്യത്തെ വിഘടനവാദം അടക്കമുള്ള വിഷയങ്ങളും കൈകാര്യം ചെയ്തിരുന്ന അഭിമാന റെജിമെന്റാണ് ഇതോടെ ചരിത്രത്തിലേക്ക് മറയുക. 

Eng­lish Sum­ma­ry: Gurkha reg­i­ment into obliv­ion; It will dis­ap­pear in 2037

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.