March 30, 2023 Thursday

Related news

March 29, 2023
March 28, 2023
March 24, 2023
March 24, 2023
March 21, 2023
March 17, 2023
March 15, 2023
March 15, 2023
March 14, 2023
March 13, 2023

ഒരിക്കലും മൂടിവയ്ക്കാനാകാത്ത സത്യങ്ങള്‍

Janayugom Webdesk
January 18, 2023 5:00 am

വോട്ടെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തിലെത്തിയ സിപിഐ മന്ത്രിസഭയെ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ അട്ടിമറിച്ചത് ചരിത്രത്തില്‍ എക്കാലവും കറുത്ത പാടായി കിടക്കുന്ന സംഭവമാണ്. ഐക്യകേരളപ്പിറവിക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലായിരുന്നു കേരളത്തില്‍ ആദ്യ സിപിഐ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. നീണ്ടകാലം നടന്ന സ്വാതന്ത്ര്യസമരത്തിന്റെയും ജന്മിത്തവിരുദ്ധ‑നവോത്ഥാന പോരാട്ടങ്ങളുടെയും മുഖ്യപങ്കാളിത്തവും നേതൃത്വവുമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളജനത സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള തങ്ങളുടെ ആദ്യ വോട്ടവകാശത്തിലൂടെ അധികാരത്തിലെത്തിക്കുകയായിരുന്നു. സുവ്യക്തമായ ചരിത്ര പിന്‍ബലത്തിന്റെയും ആശയാടിത്തറയുടെയും അടിസ്ഥാനത്തിലാണ് ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജയിപ്പിച്ചത്. ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കൊപ്പം ജന്മിത്ത, ഭൂപ്രഭുത്വ, നാടുവാഴി വിഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ചൂഷണത്തിന്റെയും നെറികേടുകളുടെയും ദുരിതാനുഭവങ്ങള്‍ സമ്മാനിച്ച ജനങ്ങള്‍ക്ക് മുന്നിലാണ് പ്രതീക്ഷയുടെയും വിമോചനത്തിന്റെയും പ്രതീകമായ ചെങ്കൊടിയുമായി കമ്മ്യൂണിസ്റ്റുകാര്‍ വന്നുനിന്ന് പോരാട്ടങ്ങള്‍ നയിച്ചത്. മുന്നില്‍ നിന്ന് നയിക്കുമ്പോഴും കൂടെനിന്ന് ജീവിത ദുരിതങ്ങള്‍ പങ്കുവച്ചും ഒരേ കൂരയിലിരുന്ന് ദാരിദ്ര്യം പകുത്ത് വാങ്ങിയും അവര്‍ അടിമസമാനജീവിതം നയിച്ച കേരളീയരുടെ മനസില്‍ കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ വേരുറപ്പിക്കുകയായിരുന്നു. വായനശാലകളിലൂടെയും മറ്റും അക്ഷരത്തിന്റെ ആയുധങ്ങള്‍ മനസിലേയ്ക്ക് പകര്‍ന്നു നല്കി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സംസ്ഥാനത്തെ സാധാരണമനുഷ്യരുടെ മനസിനെ സംസ്കരിക്കുക കൂടി ചെയ്തു.

തൊട്ടുകൂടായ്മ തുടങ്ങിയ ഉച്ചനീചത്വ മനോഭാവങ്ങളെ വിപ്ലവകരമായ നടപടികളിലൂടെ അവര്‍ ചോദ്യം ചെയ്തു. തൊട്ടുകൂടാത്തവരെന്ന് മുദ്രകുത്തപ്പെട്ടവര്‍ക്കൊപ്പം ജീവിച്ച് അവര്‍ കാലത്തിന്റെ നീതികേടുകളെ വെല്ലുവിളിച്ചു. അതിനവര്‍ക്ക് ഭേദ്യങ്ങള്‍ നേരിടേണ്ടിവന്നു. മലബാറും തിരു-കൊച്ചിയും തിരുവിതാംകൂറുമായി അന്ന് മൂന്നായിരുന്നു കേരളം. ഒരുഭാഷയും സമാനസംസ്കൃതിയും നിലനില്ക്കുന്ന ഭൂവിഭാഗങ്ങളെ സംയോജിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട കേരളം രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച പാര്‍ട്ടിയുമായിരുന്നു സിപിഐ. അങ്ങനെ രൂപപ്പെട്ട സംസ്ഥാനത്തിലാണ് 1957 ഏപ്രില്‍ അഞ്ചിന് ചുവന്ന സൂര്യോദയമുണ്ടാകുന്നത്. സമരഭൂമികളില്‍ ആവശ്യമായുന്നയിച്ചതും കൂടെനിന്നപ്പോള്‍ ജനങ്ങളോട് ഉറപ്പു നല്കിയതുമായ വിഷയങ്ങള്‍തന്നെയായിരുന്നു ആദ്യകേരള സ­ര്‍­ക്കാരിന്റെ പ്രഥമ പരിഗണന. ജന്മിത്തത്തെയും ഭൂപ്രഭുക്കന്മാരെയും നാടുവാഴികളെയും ഒരുപോലെ അ­ലോസരപ്പെടുത്തുന്ന, അതേസമയം കേരളത്തിലെ ദരിദ്രലക്ഷങ്ങള്‍ക്ക് തുണയാകുന്ന നടപടികള്‍ ഒന്നൊന്നായി ആരംഭിച്ചു. കു­ടിയിറക്ക് നിരോധന നിയമവും കാര്‍ഷിക ബന്ധ, വിദ്യാഭ്യാസ ബില്ലുകളും അതിന്റെ ഭാഗമായിരുന്നു. ഭൂപരിഷ്കരണ നിയമത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അലോസരപ്പെടുന്നവര്‍ ഗൂഢാലോചനകളും അലോസരപ്പെടാനിടയുള്ളവര്‍ കുതന്ത്രങ്ങളും മെനഞ്ഞിട്ടും സര്‍ക്കാരിന്റെ നടപടികളെ തടസപ്പെടുത്താനായില്ല. അങ്ങനെയാണ് സകല പിന്തിരിപ്പന്‍ സാമുദായിക ശക്തികളും ജാതിസംഘടനകളും പ്രമാണിമാരുമടങ്ങുന്ന കൂട്ടുകെട്ടിന്റെ വിമോചന സമരമുണ്ടായത്. അതിന്റെ മറവില്‍ ജനാധിപത്യത്തിന്റെ മുടിചൂടാമന്നനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കേ സിപിഐ സര്‍ക്കാരി‍നെ പിരിച്ചുവിട്ടു.


ഇതുകൂടി വായിക്കൂ: ജനാധിപത്യമതേതര മുന്നണി അനിവാര്യം


അതിന്റെ ഫലമായിരുന്നു സമഗ്രമായ ഭൂപരിഷ്കരണ നിയമം പന്ത്രണ്ടുവര്‍ഷം വൈകിയതും 1970ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ കാലംവരെ കാത്തിരിക്കേണ്ടിവന്നതും. സര്‍ക്കാരിനെ പിരിച്ചുവിട്ടകാലം മുതല്‍ അതിന് പിന്നിലെ ഗൂഢാലോചനകള്‍ ആഗോളതലംവരെ വിശാലവും ഉയരവുമുള്ളതാണെന്ന വെളിപ്പെടുത്തലുകളും സംവാദങ്ങളും വിവാദങ്ങളും നിരവധിയുണ്ടായിരുന്നു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഉള്‍പ്പെടെയുള്ളവയുടെ പിന്‍ബലവും പങ്കാളിത്തവും അതില്‍ ഒന്നായിരുന്നു. അതിനെല്ലാം പുറമേയാണ് കഴിഞ്ഞ ദിവസം പുതിയ പങ്കാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ വിദേശ തോട്ടം കമ്പനികളുടെ നിര്‍ണായക സ്വാധീനമുണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് ലൈബ്രറിയിലെ നിര്‍ണായക രേഖകളില്‍ ചിലതിനെ ഉദ്ധരിച്ച് കെ രവിരാമന്‍ തയ്യാറാക്കിയ പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും കേരളത്തിന്റെ ചരിത്രവീഥികളിലൂടെ സഞ്ചരിച്ചാല്‍ ആ വെളിപ്പെടുത്തല്‍ പൂര്‍ണമായും വിശ്വസനീയവുമാണ്. ഭൂപരിഷ്കരണത്തിലൂടെ നാടുവാഴി-ഭൂപ്രഭുക്കന്മാരെ പിടികൂടിയതുപോലെ കേരളത്തിന്റെ കിഴക്കന്‍ മലനിരകളില്‍ വ്യാപകമായി പരന്നുകിടക്കുന്ന വിദേശ തോട്ടങ്ങളെയും പിടികൂടുമെന്ന് ഭയക്കാനുള്ള സാമാന്യബുദ്ധി വിദേശ തോട്ടം ഉടമകള്‍ക്കുണ്ടായിരിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ അവര്‍ സിപിഐ സര്‍ക്കാരിനെ പിരിച്ചുവിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുമെന്നത് നൂറുശതമാനം വിശ്വസനീയം തന്നെയാണ്. 1959ല്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതുകൊണ്ടാണ് തോട്ടങ്ങളുടെ ദേശസാല്ക്കരണവും ഒരുദശകത്തിലധികം വൈകിയതെന്ന ചരിത്ര വസ്തുതയും ഇതിനൊപ്പം ഓര്‍ക്കണം. നുണകളും കുതന്ത്രങ്ങളും ഏതൊക്കെ വിധം മൂടിവയ്ക്കാന്‍ ശ്രമിച്ചാലും കാലമെത്ര കഴിഞ്ഞാലും വെളിപ്പെട്ടുകൊണ്ടേയിരിക്കുമെന്നാണ് കേരളത്തിലെ ആദ്യ സര്‍ക്കാരിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ അടിവരയിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.