13 June 2024, Thursday

ഹൃദയം തൊടുന്ന യാത്രകള്‍

Janayugom Webdesk
അനിൽകുമാർ സി പി
July 31, 2022 7:14 pm

‘ദേവനോടൊത്തുള്ള യാത്രകൾ’ എന്ന ശ്രീദേവിവർമ്മയുടെ പുസ്തകം കൈയിലെടുത്തത് ഏറെ ആകാംക്ഷയോടെയാണ്. ശ്രീദേവി എന്ന എഴുത്തുകാരിയുടെ ബ്ലോഗെഴുത്തുകളുടെ കാലം മുതൽ കൺമുന്നിലുണ്ട്. സാധാരണ യാത്രാവിവരണങ്ങൾ ഒരാൾ ഒറ്റക്കോ, കൂട്ടായോ അതുമല്ലെങ്കിൽ കുടുംബത്തോടൊപ്പമോ നടത്തുന്നതാകും. എന്നാൽ ഇവിടെ ചെറിയ മകനുമൊത്ത് ഒരമ്മ നടത്തുന്ന യാത്രകളാണ്. അതിനാൽത്തന്നെ വായനയിൽ പലവട്ടം നമ്മൾ ആ കുഞ്ഞു മുഖത്തേയും കൺമുന്നിൽ കാണുന്നുണ്ട്. എഴുതേണ്ടുന്നവ കൺമുന്നിലെന്നവണ്ണം വരച്ചിട്ടുപോകാൻ എഴുത്തുകാരി സവിശേഷ ശ്രദ്ധപുലർത്തുന്നു. ഇതൊരുപക്ഷേ, പണ്ടുകാലം മുതൽ ശ്രീദേവിയുടെ ശൈലിയായും നമുക്കു വിലയിരുത്താം. ജി ജോതിലാൽ എഴുതിയ അവതാരികയിൽ അവസാന പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു, “യാത്രകളെന്നും ലഹരിയാണ്. ഓരോ യാത്രയും ഓരോ ജന്മം ആണെന്നു തോന്നാറുണ്ട്. ആകുലതകൾ നിറഞ്ഞ തുടക്കവും അലകളൊഴിഞ്ഞ് ശാന്തമായ കടൽ പോലെ ഒടുക്കവും. ഗ്രന്ഥകാരിയുടെ കാഴ്ചപ്പാടാണത്…” ഈ വരികൾ സത്യമായിതോന്നി, ദേവനോടൊത്തുള്ള യാത്രകൾ വായനക്കാരനു സമ്മാനിക്കുന്നതു അലകളൊഴിഞ്ഞ ചിത്തമാണ്.
സീതയെത്തേടി എന്ന ആദ്യ അധ്യായത്തിൽ, സീതാമർഹിയിലേക്കാണ് മകനുമൊത്ത് എഴുത്തുകാരി യാത്രതിരിക്കുന്നത്. പാറ്റ്നയ്ക്ക് അടുത്ത് നേപ്പാൾ അതിർത്തിയോടു ചേർന്നുള്ള ഈ സീതാമർഹിയുടെ പ്രത്യേകത, അവിടെ നിന്നാണ് ജനകന് സീതയെ ലഭിച്ചത് എന്നതാണ്. മറ്റൊരു സീതാമർഹി ഉത്തർപ്രദേശിലാണ്. സീത ഭൂമി പിളർന്ന് അന്തർധാനം ചെയ്തത് ഇവിടെ വച്ചാണെന്നു കരുതപ്പെടുന്നു. സീതാമർഹി എന്ന സ്ഥലത്തിന്റെ ഹൃദ്യമായ വിവരണം ഇങ്ങനെയാണ്.
“സീതാമർഹി ഒരു ഗ്രാമമാണ്. കാർഷികവൃത്തി ഉപജീവനമാക്കിയ ജനത. പാതയുടെ ഇരുവശത്തും പാടങ്ങളാണ്. ചോളവും ഗോതമ്പും, അരിയും പച്ചക്കറികളും പയറുവർഗങ്ങളും ഒക്കെയുണ്ട്. കുളിർനീരുറവകളും, കുഞ്ഞുകുഞ്ഞു വീടുകളുമൊക്കെയായിട്ട് കേരളത്തിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണസൗന്ദര്യം അപ്പാടെ നൽകി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് സീതാമർഹിയെ, മണ്ണിനേയും, പ്രജകളേയും സ്നേഹിച്ച, രാജാവിന്റെ ആഡംബരമുപേക്ഷിച്ച് ഋഷിതുല്യം ജീവിതം നയിച്ച ജനകന്റെ ആത്മാവുറങ്ങുന്ന മണ്ണിൽ ഇതു തന്നെയല്ലേ പ്രതീക്ഷിക്കേണ്ടതെന്ന് മനസ് ഓർമ്മപ്പെടുത്തി.” ഈ വരികൾ വരച്ചിടുന്ന ഗ്രാമ്യ ചിത്രമുണ്ട്. മെല്ലെ സീതയും രാമനും വായനക്കാരനെ തൊട്ടുണർത്തും, സീതയുടെ നിറഞ്ഞ കണ്ണുകൾ നമ്മെ അലോസരപ്പെടുത്തും.
ഇനി, ആത്മാക്കളുടെ കാവല്ക്കാരി എന്ന അധ്യായത്തിലേക്ക് കടക്കുമ്പോൾ, വെറും ഒരു ബക്കാനേർ യാത്രയല്ലത്. ദുർഗാപ്രസാദ് എന്ന ആതിഥേയ കുടുംബത്തിലെ പവനി എന്ന സമപ്രായക്കാരിയുടെ കൂട്ട് എഴുത്തുകാരിയ്ക്ക് വളരെ സുഖപ്രദമായ ഒരു യാത്ര സമ്മാനിക്കുന്നുണ്ട്. ബിക്കയുടേയും നേരയുടേയും നമുക്കപരിചിതമായ കഥകൾകേട്ട് ആ അധ്യായം കടന്നുപോകുമ്പോൾ കർണിമാതായുടെ ക്ഷേത്രത്തിലെ എലികളെക്കുറിച്ചുള്ള വിവരണം ഹൃദയത്തിൽ പതിഞ്ഞു കിടപ്പുണ്ടാകും.
ഉത്തരേന്ത്യൻ കാഴ്ചകൾ മാത്രമല്ല, തിരുവനന്തപുരത്തോടു ചേർന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിൽ എന്തൊക്കെ കാഴ്ചകൾ കാണാനുണ്ട് എന്നു ശരാശരി തിരുവനന്തപുരത്തുകാരനു പോലും ധാരണയുണ്ടാവില്ല. എന്നാൽ ശ്രീദേവിയുടെ യാത്രകൾ നാഞ്ചിനാടിനെ നമുക്കു വ്യക്തമായി പരിചയപ്പെടുത്തുന്നു.
ഏറ്റവുമൊടുവിൽ അമ്മയും മകനും വരാവൽ എക്സ്പ്രസിൽ വന്നിറങ്ങുന്നതു ദ്വാരകയിലാണ്. ത്രേതായുഗത്തിലെ രാമന്റെ സീതയിൽനിന്നും ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണന്റെ ദ്വാരകയിലേക്ക് ഒരു യുഗാന്തരയാത്ര നടത്തിയ പ്രതീതി. ഗോമതീനദിയാണു മുന്നിൽ. ശ്രീദേവിയുടെ വാക്കുകളുടെ ചിറകിലേറി ഗോമതിനദിയിൽ ഒന്നു മുങ്ങിനിവർന്നു ദ്വാരകാനാഥനെ തൊഴുതു നിൽക്കുന്നതു വായിക്കുമ്പോൾ എഴുത്തിന്റെ മാധുര്യം തൊട്ടെടുക്കാം. ക്ഷേത്രനഗരിയായ ദ്വാരകയെക്കുറിച്ചു വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട് ഈ അധ്യായത്തിൽ.
ഒന്നുറപ്പിച്ചു പറയാനാകും. സീതാമർഹിയും, ഛായാമുഖിയും, ദ്വാരകയും, ചിതറാലും, നാഞ്ചിനാട്ടുകാഴ്ചകളും ഒക്കെ വേറിട്ട രീതിയിൽ വിവരിക്കുന്ന ശ്രീദേവി വർമ്മയുടെ ഒരു മനോഹരമായ ആഖ്യാനമാണ് ദേവനോടൊത്തുള്ള യാത്രകൾ. കുഞ്ഞുമകന്റെ വിരൽത്തുമ്പ് പിടിച്ചു്, കഥ പറഞ്ഞും കാഴ്ചകൾ കണ്ടും ശ്രീദേവി യാത്ര ചെയ്യുമ്പോൾ കൂടെ കൂട്ടുന്നത് വായനക്കാരെക്കൂടിയാണ്. 

ദേവനോടൊത്തുള്ള യാത്രകൾ
(യാത്ര)
ശ്രീദേവിവർമ്മ
പുസ്തക പ്രസാധക സംഘം
വില: 160 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.