2 May 2024, Thursday

ഏഷ്യന്‍ ഗെയിംസില്‍ നൂറിന്റെ പൊന്‍പ്രഭ

Janayugom Webdesk
ഹാങ്ഷു
October 6, 2023 11:04 pm

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ചരിത്രത്തിലാദ്യമായി നൂറില്‍. നിലവില്‍ 95 മെഡലുകളാണ് ലഭിച്ചിട്ടുള്ളതെങ്കിലും ആറിനങ്ങളില്‍ കൂടി മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെ ആകെ 101 ആയി ഉയരും. 2018ലെ 70 മെഡലുകള്‍ എന്ന നേട്ടം മറികടന്ന ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നലെ പുരുഷന്‍മാരുടെ അമ്പെയ്ത്ത് റീ കര്‍വ് ടീം ഇനത്തില്‍ അതാനു ദാസ്, ധീരജ് ബൊമ്മദേവര, തുഷാര്‍ പ്രഭാകര്‍ ഷാല്‍ക്കെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം വെള്ളി നേടി. 

പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം കരസ്ഥമാക്കി. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. അമ്പെയ്ത്തില്‍ വിയ്റ്റ്‌നാമിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടി. വനിതകളുടെ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ സോനം മാലിക് വെങ്കലം നേടി. സെമിയില്‍ തോറ്റെങ്കിലും വനിതകളുടെ സെപാത‌‌‌‌‌ക‌്ത്രോയില്‍ വെങ്കലവും കബഡിയിലും ഹോക്കിയിലും ക്രിക്കറ്റിലും ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം വെള്ളിയും ഉറപ്പിച്ചു. പുരുഷ സിംഗിള്‍സ് ബാഡ‌്മിന്റണില്‍ സെമിയില്‍ തോറ്റ മലയാളി താരം എച്ച്‌ എസ് പ്രണോയ് വെങ്കലം ഉറപ്പിച്ചു.

22 സ്വര്‍ണം, 34 വെള്ളി, 39 വെങ്കലം അടക്കം 95 മെഡലുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 187 സ്വര്‍ണമടക്കം 351 മെഡലുകള്‍ നേടിയ ചൈനയാണ് ഒന്നാമത്. 47 സ്വര്‍ണമടക്കം 167 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 36 സ്വര്‍ണമടക്കം 166 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളിയും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 2014ൽ 57 മെഡലുകളും 2010ൽ 65 മെഡലുകളും ഇന്ത്യ നേടിയിരുന്നു. 

Eng­lish Summary:Hundred’s gold­en glow at the Asian Games
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.