2 May 2024, Thursday

ഭാരത് ബന്ദിന്റെ താക്കീത് തിരിച്ചറിയുക

Janayugom Webdesk
September 28, 2021 5:03 am

ഇന്ത്യ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം വിപുലവും ശക്തവുമായിരുന്നു ഇന്നലെ നടന്ന ഭാരത്ബന്ദ്. പരമ്പരാഗതമായി വിമുഖത കാട്ടുന്ന പ്രദേശങ്ങളില്‍ പോലും ഇന്നലെ ബന്ദ് അര്‍ത്ഥപൂര്‍ണമായ വിജയമായിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒ‍ഡിഷ, അസം, മണിപ്പൂര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം പത്തുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് ഇന്നലത്തെ ഭാരത്ബന്ദ് പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം കര്‍ഷക സംഘടനകളുടെ സംയുക്തവേദിയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷൻ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. 19 രാഷ്ട്രീയ പാര്‍ട്ടികളും പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ മുന്നണികള്‍ ഹര്‍ത്താലുകളും മറ്റും പ്രഖ്യാപിച്ച് കര്‍ഷകരോട് ഐക്യദാര്‍ഢ്യപ്പെട്ടു. യുവജനങ്ങളും വിദ്യാര്‍ത്ഥികളും ബന്ദിനോട് ചേരാന്‍ തയാറായി. അതുകൊണ്ടാണ് അപൂര്‍വമായ മുന്നേറ്റങ്ങളില്‍ ഒന്നായി ഭാരത്ബന്ദ് മാറിയത്.

 


ഇതുകൂടി വായിക്കൂ: ഭാരത്ബന്ദിന്റെ ദിശാമുഖം


 

വന്‍വിജയമായിരുന്നു ബന്ദെന്നതിന്റെ വാര്‍ത്തകളാണ് ഓരോ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. തീവണ്ടികള്‍ റദ്ദാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, മണിപ്പൂര്‍, സഖ്യമായിഭരിക്കുന്ന ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ജനജീവിതത്തെ ബാധിക്കുന്ന വിധം ബന്ദിനോട് അനുകൂല പ്രതികരണമുണ്ടായി. മധ്യപ്രദേശില്‍ ബിജെപി ശക്തികേന്ദ്രവും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ മണ്ഡലവുമായ ഹാര്‍ദയില്‍ ബന്ദ് പൂര്‍ണമായിരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയില്‍ ഗാസിപ്പൂരിലും നിസാമുദ്ദീനിലും എത്തുന്നതിനുള്ള പ്രധാനപാതകള്‍ യുപി പൊലീസ് അടച്ചുവെങ്കിലും നൂറുകണക്കിന് കര്‍ഷകരാണ് ബന്ദിന്റെ ഭാഗമാകുന്നതിന് ഗാസിപ്പൂരിലെ സമരകേന്ദ്രത്തിലെത്തിയത്.

 

 

യഥാര്‍ത്ഥത്തില്‍ പഞ്ചാബ്, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരുവര്‍ഷമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു.കാര്‍ഷിക കരിനിയമങ്ങള്‍ അവതരിപ്പിച്ചതു മുതല്‍ ആരംഭിച്ച സമരത്തിന്റെ ഭാഗമായാണ് നവംബര്‍ 26ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്. എന്നാല്‍ കര്‍ഷക മാര്‍ച്ചിനെ രാജ്യതലസ്ഥാനത്തേയ്ക്ക് പ്രവേശിക്കുവാന്‍ ഡല്‍ഹി പൊലീസ് അനുവദിച്ചില്ല. അതുകൊണ്ടാണ് ഗാസിപ്പൂര്‍, ടിക്രി, സിംഘു തുടങ്ങിയ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രക്ഷോഭമിരുന്നത്. ജയിച്ചുമാത്രമേ തിരിച്ചുപോകൂ എന്ന പ്രതിജ്ഞയുമായാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നത്. ഇതിനിടയില്‍ കൊടും തണുപ്പും കനത്ത ചൂടും ശക്തമായ മഴയും വിത്തിറക്കേണ്ട സമയവും വിളവെടുക്കേണ്ട കാലവും വന്നുവെങ്കിലും സമരവീര്യം ഒട്ടുമേ ചോര്‍ന്നില്ല. വിത്തിറക്കലും വിളവെടുപ്പും മുടക്കിയുമില്ല. ഊഴം വച്ച് അവര്‍ സ്വന്തം പ്രദേശങ്ങളില്‍ പോയി ആ ജോലികള്‍ നിര്‍വഹിച്ചു. പിന്നീട് സമരകേന്ദ്രങ്ങളിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ: കരുത്ത് തെളിയിച്ച് കര്‍ഷകര്‍


 

എത്രതവണയാണ് സമരക്കാരെ പിന്തിരിപ്പിക്കുവാനും തകര്‍ക്കാനും തളര്‍ത്തുവാനും അധികാര കേന്ദ്രങ്ങള്‍ ശ്രമിച്ചത്. ബിജെപി നയിക്കുന്ന കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ അധികാര ശക്തി ഉപയോഗിച്ച് വെളിച്ചം നിഷേധിച്ചു. അപ്പോള്‍ അവര്‍ സ്വന്തം വാഹനങ്ങളിലെ പ്രകാശങ്ങള്‍ വെളിച്ചമാക്കി. വെള്ളം തടഞ്ഞപ്പോള്‍ നദികളില്‍ നിന്ന് ശേഖരിച്ചെത്തി അതിനെയും മറികടന്നു. ഇന്ത്യന്‍ കര്‍ഷകന്റെ ഇച്ഛാശക്തിയാണ് ആ സമരങ്ങളില്‍ കാണുവാനായത്. മൂന്ന് അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് പ്രക്ഷോഭം ഗ്രാമ നഗരങ്ങളെ പിടിച്ചുലച്ചുകൊണ്ട്പടര്‍ന്നു. പഞ്ചാബിലും ഹരിയാനയിലുമായിരുന്നു ഒരുവര്‍ഷം മുമ്പ് കര്‍ഷക സമരം ആരംഭിച്ചതെന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ബിജെപി ഭരിക്കുന്ന ഹരിയാനയിലെ കുരുക്ഷേത്രയാണ് കഴിഞ്ഞവര്‍ഷം കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായത്. അവിടെനിന്ന് ഹരിയാന സംസ്ഥാനത്തിന്റെയും പഞ്ചാബിന്റെയും വിവിധഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. യുപിയുടെ പല ഭാഗങ്ങളിലും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് നടക്കുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ പതറി നില്‍ക്കുകയാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ കര്‍ഷക പ്രക്ഷോഭം സ്വാധീനിക്കുമെന്നുറപ്പാണ്.

 

ഇന്നിപ്പോള്‍ കര്‍ഷകരുടെ പ്രക്ഷോഭം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടേതുമായിരിക്കുന്നു. ഇന്നലെ ഭാരത് ബന്ദിലൂടെ രാജ്യം മുന്നോട്ടുവച്ച സന്ദേശം അതായിരുന്നു. കാര്‍ഷിക കരിനിയമങ്ങളുമായി മുന്നോട്ടുപോകരുതെന്ന താക്കീതാണ് ബന്ദ് കേന്ദ്രസര്‍ക്കാരിന് നല്കിയിരിക്കുന്നത്. അത് മനസിലാക്കി കര്‍ഷകരെ തെരുവാധാരമാക്കുകയും കൃഷിയിടങ്ങളും പാടങ്ങളും കോര്‍പറേറ്റുകളുടെ ലാഭക്കച്ചവട കേന്ദ്രങ്ങളാക്കുകയും ചെയ്യുന്നതിന് ഉപകരിക്കുന്ന കരിനിയമങ്ങള്‍ ഉപേക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള പോംവഴി. അവിടെ മാത്രമേ ഈ പ്രക്ഷോഭങ്ങള്‍ അവസാനിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.