9 May 2024, Thursday

വർണ്ണവിസ്മയങ്ങളുടെ കലിഡോസ്കോപ്പി കാഴ്ചകള്‍

എ ഐ ശംഭുനാഥ്
December 11, 2022 11:25 am

കോവിഡ് പഞ്ചാത്തലത്തിൽ കഴിഞ്ഞ വർഷം 2021 ഡിസംബറിൽ നടക്കേണ്ടിയിരുന്ന ഫിലിം ഫെസ്റ്റിവൽ വൈകി നടന്നത് 2022 മാർച്ചിലാണ്. ഒരു വർഷത്തിൽ നടക്കുന്ന രണ്ടാമത്തെ ഐ എഫ് എഫ് കെ എന്ന പ്രത്യേകതയോടെയാണ് ഇക്കൊല്ലം ചലച്ചിത്രമേള വേറിട്ടതാകുന്നത്. ലോകസിനിമയെ തൊട്ടറിയാൻ വെമ്പുന്ന ജനതയെ ഹരം കൊളളിക്കാനായി കേരളത്തിൽ 27- മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു.
തലസ്ഥാന നഗരിയെ സംബന്ധിച്ചിടത്തോളം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ഒരു പ്രാദേശിക ഉത്സവം കൂടിയാണ്. പല വേദികളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ദൃശ്യോത്സവം തിരുവനന്തപുരത്തിന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. സിനിമാസ്വാദനത്തിനു പുറമേ സംസ്കാരികപരമായ കൈമാറ്റങ്ങൾ, സൗഹൃദത്തിന്റെ സംഗമം, പ്രതിഷേധത്തിന്റെ സ്വരങ്ങൾ, സ്വതന്ത്രമായ കലാപ്രകടനങ്ങൾ എന്നിവയ്ക്ക് ഇടമാവുകയാണ് ഇവിടം. ഡെലിഗേറ്റുകളുടെ പട്ടികയിൽ ചലച്ചിത്രപ്രേമികളായ അനവധി വിദേശികളേയും കാണാം. 14 സ്ക്രീനുകളിലായി 16 വരെ നടക്കുന്ന മേളയുടെ രാഷ്ട്രീയവും മതവും നിറവും എല്ലാം സിനിമ തന്നെയാണ്.
ചലച്ചിത്ര അക്കാദമിയുടെ പുരോഗമന ചിന്താഗതിയും അതിനെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും ഒരോ തവണയും അരങ്ങേറുന്ന മേളയിൽ നല്ലരീതിയിൽ പ്രതിഫലിക്കുന്നുണ്ട്.

 

ഫീഡ്ബാക്ക് രൂപേണ ലഭിക്കുന്ന നടത്തിപ്പിലെ പോരായ്മകൾ ചെറിയ തോതിലെങ്കിലും പരിഹരിക്കപ്പെടുന്നതായി കാണാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്രാവിശ്യത്തെ ഓഫ് ലൈൻ റിസർവേഷൻ സിസ്റ്റം. ഓൺലൈൻ റിസർവേഷന്റെ സാങ്കേതികത്വത്തിലെ പരിജ്ഞാനക്കുറവ് കാരണം തിരക്കുള്ള സിനിമകൾ കാണാൻ സാധിക്കാത്ത ഒരു വിഭാഗം ഡെലിഗേറ്റുകൾ കഴിഞ്ഞ തവണ വലിയ ചർച്ചയ്ക്ക് വലിയൊരുക്കി. പ്രായമേറിയവരെയാണ് ഈ പ്രശ്നം രൂക്ഷമായി ബാധിച്ചിട്ടുള്ളത്. വളരെയധികം ഉപയോഗപ്രദമായ സംവിധാനമാണ് അത്തരക്കാർക്ക് ഇത്. ഒരു വേദിയിൽ നിന്ന് അടുത്തതിലേക്ക് പോകാൻ ഒരുക്കിയ ഫെസ്റ്റിവൽ ഓട്ടോകളോടൊപ്പം കെ എസ് ആർ ടി സി ബസ്സുകളുടെ സേവനവും ഇക്കൊല്ലം ഉണ്ടാകും.
ഇത്തവണ സിനിമകളുടെ നീണ്ട ലിസ്റ്റാണ് ചലച്ചിത്ര അക്കാദമി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. പ്രമേയങ്ങളും ആശയങ്ങളും കൊണ്ട് സമ്പന്നമായ സിനിമാ സൃഷ്ടികളാണ് ഐഎഫ്എഫ്കെയുടെ സ്ക്രീനിങ്ങ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഉദ്ഘാടന ചിത്രമായ ടോറി ആന്റ് ലോക്കീറ്റാ ആഫ്രിക്കൻ വംശജരായ രണ്ട് പേരുടെ ബെൽജിയത്തിലെ സഹനത്തിന്റെ കഥ പറയുന്നു. ഇരുവരുടേയും സൗഹൃദവും ആത്മബന്ധവും അതിന് ആധാരമാകുന്നു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക അവാർഡിന് അർഹമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാർഡേൻ ബ്രദേഴ്സാണ്.
സാധാരക്കാരനെ ഏറ്റവും സ്വാധീനിക്കുന്ന കലയായ സിനിമ ഇന്ന് എത്തിനിൽക്കുന്ന സ്ഥലം അനവധി പരിണാമങ്ങളുടെ അനന്തരഫലമാണ്. ചലച്ചിത്രത്തിന്റെ ശക്തിയെ ലോകത്തിനു മനസിലാക്കിക്കൊടുത്ത മാസ്റ്റർ ഫിലിംമേക്കേഴ്സിനേയും അവരുടെ സൃഷ്ടികളേയും പരമാവധി ഉൾപ്പെടുത്തുന്നു എന്നുള്ളതാണ് ഇത്തവണത്തെ മേളയിൽ എടുത്ത കണ്ടേണ്ട ഒരു കാര്യം. മാസ്റ്റഴ്സ് ഓറിയന്റഡായാണ് ഫെസ്റ്റിവലിന്റെ തീം കൺസീവ് ചെയ്തിട്ടുള്ളത്. പ്രോഗ്രാം മൊത്തമായി ചാർട്ടു ചെയ്ത അക്കാദമി ടീം പ്രത്യേകമായ കയ്യടിക്ക് അർഹരാകുന്നു.

 

പ്രശസ്ത ഫ്രഞ്ച്-ചിലീ സംവിധായകൻ അലക്സാന്ദ്രോ ജൊദോറൗസ്കിയുടെ സ്വപ്നസഞ്ചാര തുല്യമായ സിനിമകൾ സറീയൽ സിനിമ എന്ന ലേബലോടു കൂടി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ആത്മീയമായ ആശയത്തിന്റെ നിഴലിൽ തിരക്കഥയെ വാർത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ നൈപുണ്യം ഏറെ ചർച്ചയ്ക്കിടയായ വിഷയമാണ്. മേക്കിങ്ങ് ശൈലികൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഫ് ഡബ്ല്യൂ മൂർണോ, തിരക്കഥകളെ വാർത്തെടുക്കുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പോൾ ശ്രാഡർ, സാമൂഹികസിനിമ എന്ന ഐഡിയോളജി ജനകീയമാക്കിയ ഹംഗേറിയൻ സംവിധായകൻ ബെല്ലാ താർ, സെർബിയൻ ഫിലിംമേക്കർ എമിർ കുസ്ത്തുരിക്ക എന്നിവരുടെ സിനിമാസൃഷ്ടികൾ അതിന്റെ പ്രാധാന്യത്തിന്റെ അളവ് ചോരാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലൈവ് മ്യൂസിക്കോടു കൂടിയ നിശബ്ദ ചിത്രങ്ങളുടെ പ്രദർശനമാണ് മേളയുടെ മറ്റൊരു ആകർഷണം. ഫൂളിഷ് വൈഫ്സ്, നൊസ്ഫെരാറ്റു, ദി വുമെൺ മെൻ യേൺ ഫോർ, ദി പാർസൺസ് വിഡോ, ദി പാർസൺസ് വിഡോ എന്നീ സിനിമകൾ ആംബിയന്റ് തൽസമയ സംഗീതത്തോടു കൂടി സ്ക്രീൻ ചെയ്യപ്പെടും. ദ‍ശ്യഭാഷയുടെ മായികമായ സുഗന്ധം ശ്വസിക്കാനായി സിനിമാ പ്രേമികൾക്ക് ലഭിക്കുന്ന മികച്ച അവസരമായി ഇതിനെ കണകാക്കാം. ചലച്ചിത്രത്തെ അക്കാദമിക്ക് തലത്തിൽ നോക്കിക്കാണുന്നവർക്ക് ദൃശ്യത്തിന്റെ കലയാണ് സിനിമ എന്ന ഓർമ്മപുതുക്കൽ കൂടിയാണ് ഇത്.
വഴക്ക്, 19(1) (a), ഫ്രീഡം ഫൈറ്റ്, ആയിരത്തൊന്ന് നുണകൾ, ബാക്കി വന്നവർ, ഭർത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, വേട്ടപട്ടികളും ഓട്ടക്കാരും, പട, നോർമൽ, ധബാരിക്യുരുവി, ഗ്രേറ്റ് ഡിപ്രഷൻ, ആണു തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശനത്തിനായി എത്തുന്നത്. മലയാള സിനിമയുടെ പ്രകടമായ മാറ്റം പ്രത്യക്ഷത്തിൽ മനസ്സിലാക്കി തരുന്ന പല സിനിമകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉൾപ്പെടാതെ പോയവയും ഉണ്ടെന്നത് വാസ്തവം.
1972‑ൽ റിലീസായ സ്വയംവരം എന്ന ചിത്രത്തിന്റെ 50-ാം വാർഷികമാണ് ഈ വർഷം. അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്കരിച്ച സിനിമയ്ക്ക് ട്രിബ്യൂട്ടായി സംഘാടകർ പ്രത്യേക ക്യാറ്റഗറിയിൽ അതിന്റെ പ്രദർശനം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വയംവരത്തിന്റെ തിയേറ്റർ അനുഭൂതി ആസ്വദിക്കാനാവാത്തവർക്കായി കിട്ടുന്ന മികച്ച അവസരമാണിത്. പി പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമ സ്പെഷ്യൽ സ്ക്രീനിങ്ങിന് മേളയിൽ അർഹമായിട്ടുണ്ട്.
ഉള്ളടക്കത്തില്‍ വേറിട്ടതലമുള്ള ചലച്ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ദി അൺറൂളി, ദി ഫോർജർ, അൺടിൽ ടുമാറോ, വിന്റർ ബോയ്, വിക്ടിം, യൂ ഹാവ് ടു കം ആന്റ് സീ ഇറ്റ്, ദി ഹാപ്പിയസ്റ്റ് മാൻ ഇ ദി വേൾഡ്, ദി കേക്ക് ഡയ്നാസ്റ്റി, സൺ ഓഫ് റാംസസ്, സ്നോ ആന്റ് ദി ബാർ, സൈലൻസ് 6–9,സെംറെത്ത്, സേഫ് പ്ലെയിസ് തുടങ്ങിയ ചിത്രങ്ങൾ ചർച്ച ചെയ്യുന്ന പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്.

 

മേളയുടെ മുഖ്യ ആകർഷണം അന്തര്‍ ദേശീയ മത്സരവിഭാഗമാണ്. ഈ മത്സരവിഭാഗം അനവധി ചിത്രങ്ങളുടെ ലോക പ്രീമിയറിനു വേദിയാകുന്നുണ്ട്. ലിജോ ജോസ് പല്ലിശ്ശേരിയുടെ നാൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ സ്ക്രീനിങ്ങ് അരങ്ങേറുന്നത് ഈ മേളയിലാണ്. വേളാങ്കണ്ണി യാത്രയ്ക്കുശേഷമുള്ള മടക്കയാത്രയിൽ ഉച്ചമയക്കത്തിലാകുന്ന ജെയിംസിന്റേയും സഹയാത്രികരുടേയും കഥയാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണന്റെ അറിയിപ്പ് എന്ന ചിത്രം മലയാളത്തിൽ നിന്നുള്ള ഈ കാറ്റഗറിയിലെ മറ്റൊരു പ്രധാന അടയാളപ്പെടുത്തലാണ്. കോവിഡ് പശ്ചാത്തലത്തിൽ അരങ്ങേറുന്ന കഥ ഡൽഹിക്കരികിലായുള്ള ഗ്ലവ്സ് നിർമ്മിക്കുന്ന ഒരു ഫാക്ടറി ജീവനക്കാരായ ദമ്പതിയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഉത്താമ, മെമ്മറിലാൻഡ്, ടഗ് ഓഫ് വാർ, ഔവർ ഹോം, കൺസേൺഡ് സിറ്റിസൺ, എ പ്ലെയിസ് ഓഫ് ഔവർ ഓൺ, കൺവീനിയൻസ് സ്റ്റോർ, അലം, കോർഡിയലി യുവേഴ്സ് തുടങ്ങിയ ചിത്രങ്ങൾ കാലികപ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
റീസ്റ്റോർഡ് ക്ലാസിക്സ് എന്ന സെഗ്മെന്റിൽ സത്യജിത്ത് റായിയുടെ പ്രധിത്ത്വന്ധിയും അരവിന്ദന്റെ തമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു ചിത്രങ്ങളും അതിന്റെ പഴയ ഫിലിം റോളിൽനിന്ന് റീമാസ്റ്റർ ചെയ്ത 4കെ വേർഷനിലാകും കാണാൻ സാധിക്കുക. കാൻസ് ഫിലിം ഫെസ്റ്റിവലിലേക്കായാണ് ആദ്യമായി രണ്ടു സിനിമകളും റിസ്റ്റോർ ചെയ്യപ്പെട്ടത്.
കനകക്കുന്നിലെ നിശാഗന്ധി ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ ഇത്തവണയും ഹൊറർ സിനിമയുടെ മിഡ്നൈറ്റ് സ്ക്രീനിങ്ങ് ഒരുക്കിയിട്ടുണ്ട്. ജോക്കോ അൻവർ സംവിധാനം ചെയ്ത സാത്താൻ സ്ലേവ്സ് 2 എന്ന സിനിമ സാത്തന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായുള്ള ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. കഴിഞ്ഞ തവണ ജനപങ്കാളിത്തം കൊണ്ട് ഏറെ മുന്നിലായിരുന്നു രാത്രികാല പ്രദർശനങ്ങൾ.
ഫെസ്റ്റിവൽ കലീഡോസ്കോപ്പിൽ ഡോ. ബിജുകുമാറിന്റെ ദി പ്രോർട്രെയ്റ്റ്സ് എന്ന ചിത്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം സെവന്റീനേഴ്സ്, കച്ചേയ് ലിംബു, ലാസ്റ്റ് ഫിലിം ഷോ, സ്വിഗാറ്റോ, റ്റൂ സിസ്റ്റേഴ്സ് ആന്റ് എ ഹസ്ബന്റ്, മാക്സ് മിൻ ആന്റ് മിയോസാക്കി എന്നീ സിനിമകളും ഈ സെക്ഷന്റെ ഭാഗമാകുന്നുണ്ട്. സിനിമ എന്ന തുറന്ന കലയിലെ വർണ്ണവിസ്മയങ്ങളുടെ നിലവറ തുറക്കുകയാണ് കലിഡോസ്കോപ്പിലൂടെ ചലച്ചിത്ര അക്കാദമി ലക്ഷ്യം വയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.