26 April 2024, Friday

Related news

March 27, 2024
February 17, 2024
February 14, 2024
January 2, 2024
March 22, 2023
January 12, 2023
October 14, 2022
October 7, 2022
April 11, 2022
March 16, 2022

വന്യജീവി ശല്യത്തില്‍ നിന്ന് രക്ഷപെടുവാന്‍ ഫെന്‍സിംഗ് സ്ഥാപിക്കുവാന്‍ ഒരുങ്ങി നെടുങ്കണ്ടം

Janayugom Webdesk
 നെടുങ്കണ്ടം
April 11, 2022 7:21 pm

അതിര്‍ത്തി മേഖലകളില്‍ സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ച് വന്യജീവിശല്യത്തിന് അറുതി വരുത്തുവാനുള്ള നടപടികള്‍ക്ക് 18ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തുടക്കം കുറിക്കുന്നു. 60 ദിവസത്തിനുള്ളില്‍ മുഴുവന്‍ ഫെന്‍സിംഗും സ്ഥാപിക്കും. കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശവാസികള്‍. ഇതിനെ തുടര്‍ന്ന് കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ റവന്യുവകുപ്പിന്റെ അനുമതിയോടെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 2600 മീറ്റര്‍ ദൂരത്തില്‍ സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി വേലികള്‍ സ്ഥാപിക്കുന്ന പ്രദേശത്തെ താമസക്കാരുടെ സഹകരണത്തോടെ ഫെന്‍സിംഗ് പദ്ധതി നടപ്പിലാക്കും. സോളാര്‍ വേലി നിര്‍മ്മാണത്തിനായി സ്ഥല ഉടമകളില്‍ നിന്നുള്ള സമ്മതപത്രം വാങ്ങുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.  ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, പാറത്തോട് വില്ലേജ് ഓഫീസര്‍ ടി എ പ്രതീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി ജയകുമാര്‍, പത്മ അശോകന്‍, സൗരവേലി സംരക്ഷണസമിതി പ്രതിനിധികളായ ഷാജി, ടി ആര്‍ മനോജ്, കരാറുകാരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പുഷ്പക്കണ്ടം അണക്കരമെട്ടില്‍ 1600 മീറ്ററും തേവാരംമെട്ടില്‍ 1000 മീറ്ററും നീളത്തിലാണ് സൗര വൈദ്യുതി വേലി സ്ഥാപിക്കുന്നത്.

അണക്കരമെട്ടിലെ ഫെന്‍സിംഗിനായി 4.90 ലക്ഷം രൂപയും തേവാരംമെട്ടിലെ ഫെന്‍സിംഗിനായി നാല് ലക്ഷം രൂപയുമാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. നിര്‍മ്മാണത്തിനായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും സൗരവൈദ്യുതി വേലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 18 -ാം തീയതി ആരംഭിക്കുമെന്ന് സോളാര്‍വേലി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍ സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കായി പ്രദേശവാസികളുടെ കമ്മറ്റി രൂപികരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍, വൈസ് പ്രസിഡന്റ് സിജോ നടയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.

സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചതിന് ശേഷം എം.എം മണിയുടെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളില്‍ ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിക്കുവാനും പദധതിയുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തമിഴ്‌നാട് വനമേഖലയില്‍ നിന്നും കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യജീവികള്‍ എത്തുന്നതോടെ അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളില്‍ ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും വീടുകളും തകര്‍ത്തിരുന്നു.

ഇതേത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ട്രഞ്ച് ഉള്‍പ്പടെയുള്ള പല സാധ്യതകളും പരീക്ഷിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് സൗരവൈദ്യുതി വേലി സ്ഥാപിക്കുവാന്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തീരുമാനം എടുത്തത്. രണ്ട് മാസത്തിനുള്ളില്‍ അതിര്‍ത്തിമേഖലയിലൂടെയുള്ള വന്യജീവികളുടെ കടന്ന് കയറ്റം അവസാനിപ്പിക്കൂവാനുള്ള തീവ്രശ്രമത്തിലാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്.

Eng­lish sum­ma­ry; install fenc­ing to pro­tect from wildlife disturbance

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.