25 May 2024, Saturday

ആന്തരിക കോളനിവല്‍ക്കരണവും സംഘ്പരിവാറിന്റെ ഹിന്ദിയും

ഡോ. ജിപ്‍സണ്‍ വി പോള്‍ 
November 29, 2022 4:45 am

ന്ത്യന്‍ ദേശീയതയെയും ദേശീയ വൈവിധ്യങ്ങളെയും ഒരുകാലത്തും അംഗീകരിക്കാന്‍ തയാറാകാത്ത സംഘ്പരിവാര്‍, സാംസ്കാരിക ദേശീയത എന്ന ഇന്ത്യാവിരുദ്ധ ചിന്താഗതി നടപ്പിലാക്കാന്‍ ഹിന്ദിയുടെ രാഷ്ട്രീയവുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. നമ്മുടെ ദേശീയത ഹിന്ദുത്വത്തില്‍ അധിഷ്ഠിതമാണെന്ന ധാരണയാണ് സംഘ്പരിവാര്‍ എല്ലാക്കാലത്തും പ്രചരിപ്പിച്ചിരുന്നത്. സവര്‍ക്കര്‍ സ്വപ്നം കണ്ട ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള മാര്‍ഗമായാണ് രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത്. ഒരു രാഷ്ട്രം, ഒരു ഭാഷ എന്ന ആര്‍എസ്എസ് മുദ്രാവാക്യത്തിലൂടെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലാതാക്കാമെന്നാണവര്‍ സ്വപ്നം കാണുന്നത്.

ഭാഷാ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ 150 കോടിയോളം വരുന്ന ജനസംഖ്യയില്‍ 40 കോടി ജനങ്ങള്‍ക്കു മാത്രമാണ് ഹിന്ദി മാതൃഭാഷയാകുന്നത്. 1960കളില്‍ ആഞ്ഞടിച്ച ഹിന്ദി വിരുദ്ധ വികാരം തമിഴ്‌നാട്ടില്‍ മാത്രം നഷ്ടപ്പെടുത്തിയത് 70 ജീവനുകളാണ്. അതുകൊണ്ടാണ് മറ്റൊരു ഭാഷായുദ്ധത്തിന് പ്രേരിപ്പിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഓര്‍മ്മിപ്പിക്കുന്നത്. ഹിന്ദി അടിച്ചേല്പിച്ചാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം അട്ടിമറിക്കപ്പെടും. ഭരണഘടനയില്‍ ഒരിടത്തും ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടില്ല എന്നതുതന്നെ പ്രാദേശിക ഭാഷകള്‍ക്കുള്ള അംഗീകാരത്തെയാണ് സൂചിപ്പിക്കുന്നത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 22 ഇന്ത്യന്‍ ഭാഷകള്‍ക്കും പരിഗണന ലഭിക്കേണ്ടതാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ എംബിബിഎസ് പഠനം ഹിന്ദിയില്‍ ആക്കിയത് അടുത്തിടെയാണ്. ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് പരിഗണിക്കില്ല എന്ന തീരുമാനവും ഭരണഘടനാവിരുദ്ധമാണ്. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും.


ഇതുകൂടി വായിക്കൂ:  ഹിന്ദി വാദം നയിക്കുക നിശബ്ദ വംശഹത്യയിലേക്ക്


വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലുള്ള സാംസ്കാരിക–സാമൂഹിക ചിഹ്നങ്ങളെ ക്രമാനുസൃതമായി വ്യവസ്ഥാപിതമായി തുടച്ചുനീക്കുന്ന പ്രക്രിയയാണ് ആന്തരിക കോളനിവല്ക്കരണം. ഒരു പൊതുസ്വത്വത്തെ പ്രതിഷ്ഠിച്ചുകൊണ്ട്, സര്‍വര്‍ക്കും സ്വീകാര്യമായത് എന്ന നിലയിലേക്ക് ബിംബവല്ക്കരിക്കുകയും ദേശീയ പ്രതീകങ്ങളെയും മൂല്യങ്ങളെയും സാംസ്കാരികതയെയും യാന്ത്രികമായി സൃഷ്ടിക്കുകയും ചെയ്യുന്നു. ആന്തരിക കോളനിവല്ക്കരണത്തെ വിശദീകരിക്കാന്‍ ലെനിന്‍ ശ്രമിച്ചിട്ടുണ്ട്. അമേരിക്കയിലെ വര്‍ണവിവേചനത്തെക്കുറിച്ച് പഠിച്ച റോബര്‍ട്ട് ബ്ലോണര്‍ (റേഷ്യല്‍ ഓപ്പറേഷന്‍ ഇന്‍ അമേരിക്ക- 1972), അയര്‍ലന്‍ഡിന്റെ മേലും സ്കോര്‍ട്ലന്‍ഡിന്റെ മേലും ബ്രിട്ടീഷ് സ്വത്വങ്ങള്‍ അടിച്ചേല്പിച്ചതിനെ കുറിച്ച് പഠിച്ച മൈക്കിള്‍ ഹെക്ചര്‍ (ഇന്റേണല്‍ കൊളോണിയലിസം ദി സെലിറ്റിക് ഫ്രല്‍ജി ഇന്‍ ബ്രിട്ടീഷ് നാഷണല്‍ ഡെവലപ്മെന്റ്-1976) പോലുള്ളവരാണ് ആഭ്യന്തര അധിനിവേശം അഥവാ ആഭ്യന്തര കോളനിവല്ക്കരണം എന്ന ആശയത്തെ സാമൂഹികശാസ്ത്ര വിഷയമായി വികസിപ്പിച്ചത്.

ആഭ്യന്തര കൊളോണിയലിസത്തെ ബാഹ്യ കൊളോണിയലിസത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം അത് സ്വയം ദേശീയതയായി നിര്‍വചിക്കുകയും അതിന്റെ സാംസ്കാരിക–സാമൂഹിക വ്യവസ്ഥിതികളെ മുഴുവന്‍ ജനങ്ങള്‍ക്കുമേല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. അവതരിപ്പിക്കുന്ന കൃത്രിമ ദേശീയസ്വത്വത്തെ സ്വന്തം സംസ്കാരമായി സ്വീകരിക്കാന്‍ അധഃസ്ഥിത ഭൂരിപക്ഷത്തെയും ന്യൂനപക്ഷങ്ങളെയും നിര്‍ബന്ധിക്കുന്ന ആഭ്യന്തര കൊളോണിയലിസമാണ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ആകെ ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും വിലയിരുത്താനുള്ള മാപിനിയായി ഈ ദേശീയ സംസ്കാരത്തെ പരിഷ്കരിക്കുന്നതിലൂടെ സവര്‍ണ ഹിന്ദുത്വമല്ലാത്ത എന്തിനെയും പാര്‍ശ്വവല്ക്കരിക്കാനും അദൃശ്യമാക്കാനുമാണ് ശ്രമിക്കുന്നത്. സവര്‍ണ ഹിന്ദുക്കളും അവര്‍ണ ഹിന്ദുക്കളും തമ്മിലുള്ള മര്‍മ്മപ്രധാനമായ വൈരുധ്യത്തെ അപ്രസക്തമാക്കലും തമസ്കരണവും സാധ്യമാക്കാനും ശ്രമിക്കുന്നു.


ഇതുകൂടി വായിക്കൂ: ഹിന്ദിയും നാനാത്വത്തില്‍ ഏകത്വവും


ഇടതുപക്ഷ ചരിത്രകാരന്മാര്‍ ‘സിന്‍ഡിക്കേറ്റഡ് ഹിന്ദുയിസം’ എന്ന ആശയത്തിലൂടെ സവര്‍ണ ഹിന്ദു ദേശീയതയ്ക്ക് കീഴ്പ്പെടേണ്ടിവരുന്ന അവര്‍ണ ജനതയുടെ ആന്തരിക കൊളോണിയലിസത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിനെ പ്രതിരോധിക്കാന്‍ അവര്‍ക്കും കഴിഞ്ഞിട്ടില്ല. വിചാരധാരയില്‍ ഗോള്‍വാള്‍‍ക്കര്‍ പറയുന്നു; ‘ഭാരതത്തിന്റെ സംസ്കാരങ്ങളും മൂല്യങ്ങളും ഹിന്ദുക്കളുടേതാണ്. ദേശീയ ജീവിതമൂല്യങ്ങള്‍ രൂപം കൊണ്ടത് നിസംശയമായും ഹിന്ദുക്കളുടെ ജീവിതത്തില്‍ നിന്നാണ്’.

ആധുനിക ഇന്ത്യന്‍ ദേശീയതയെ ഹിന്ദു ദേശീയതയായി വ്യാഖ്യാനിക്കാനാണ് സംഘ്പരിവാര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ഹിന്ദു സംസ്കാരം ഉള്‍ക്കൊള്ളുന്നവരെ മാത്രം ഇന്ത്യക്കാരായി കാണുന്നതാണ് സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയത. ബ്രിട്ടീഷ് വിരുദ്ധ ദേശീയത രചനാത്മകമല്ലെന്ന് ആക്ഷേപിച്ച ഹെഡ്ഗേവാര്‍ ഹിന്ദു വര്‍ഗീയതയെയാണ് രചനാത്മകമായ രാഷ്ട്രീയ പദ്ധതിയായി കണ്ടത്. വര്‍ഗീയതയെ സാംസ്കാരിക ദേശീയതയെന്ന് നാമകരണം ചെയ്ത് ഒരു പ്രത്യയശാസ്ത്ര പദ്ധതിക്കായി രാഷ്ട്രീയ നിറം നല്കിയത് ഹെഡ്ഗേവാറിന്റെ പിന്‍ഗാമി ഗോള്‍വാള്‍‍‍ക്കര്‍ ആയിരുന്നു. ഇതിന്റെ പിന്തുടര്‍ച്ച മാത്രമാണ് സംഘ്പരിവാര്‍ സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ ‘നാം ഭാരതീയര്‍ എല്ലാവരും ഹിന്ദുക്കളാണെ‘ന്ന പ്രഖ്യാപനം. ഹിന്ദു ക്രിസ്ത്യനും ഹിന്ദു മുസ്‌ലിമും എന്ന ആശയമാണ് പ്രചരിപ്പിക്കുന്നത്. എല്ലാ മതസ്ഥരും ഹിന്ദുക്കളായിരുന്നു എന്നും വൈദേശിക മതങ്ങള്‍ ഹിന്ദുക്കളെ പരിവര്‍ത്തനം നടത്തിയതാണെന്നും ഒരിക്കല്‍ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ മതന്യൂനപക്ഷങ്ങള്‍ അതിനാല്‍ത്തന്നെ ഹിന്ദുക്കളാണെന്നും ഇന്ത്യന്‍ ദേശീയത ഹിന്ദുത്വമാണെന്നുമുള്ള വര്‍ഗീയ അജണ്ടയാണ് സംഘ്പരിവാറിന്റേത്.


ഇതുകൂടി വായിക്കൂ: ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും


ഭൂമിശാസ്ത്രപരമായ അര്‍ത്ഥത്തില്‍ പേര്‍ഷ്യക്കാര്‍ അടക്കമുള്ള വൈദേശികരാണ് ഹിന്ദു എന്ന പദം ഉപയോഗിക്കുന്നത്. ഹിന്ദുവിന് മതപരമായോ വിശ്വാസപരമോ ആയ അര്‍ത്ഥം കൈവരുന്നത് മുഗള്‍ ഭരണകാലത്താണെന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നു. ഭൂമിശാസ്ത്രപരം, വിശ്വാസപരം, ദേശീയത എന്നീ മൂന്ന് പരിണാമ ഘട്ടങ്ങളിലൂടെയാണ് ഹിന്ദു എന്നത് ഹിന്ദുയിസത്തില്‍ എത്തിനില്ക്കുന്നത്. അല്ലാതെ സംഘ്പരിവാര്‍ വിവക്ഷിക്കുന്നത് പോലെ ഭാരതം ഒരു ഏക ശിലാരൂപ നിര്‍മ്മിതമായ ഹൈന്ദവ ഭൂമിയല്ലായിരുന്നു.
ഹിന്ദുമതത്തിലേക്ക് പുനര്‍ മതപരിവര്‍ത്തനം നടത്തുന്ന വിഎച്ച്പിയുടെ ഘര്‍വാപസി പരിപാടി നാടിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്നതാണ്. പൗരത്വ നിയമ ഭേദഗതി ബില്ലും ഈ ലക്ഷ്യം വച്ചുള്ളതു തന്നെയാണ്. വൈവിധ്യപൂര്‍ണങ്ങളായ കൃഷി സമ്പ്രദായത്തെയും വിപണനമാര്‍ഗങ്ങളെയും ഉപജീവനത്തെയും ജീവിതചര്യകളെയും ദേശീയവല്ക്കരിക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നോ കാര്‍ഷിക നിയമഭേദഗതി എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പായിരിക്കെ ബീഫ് നിരോധനം പോലെയുള്ള അടിച്ചേല്പിക്കലുകള്‍ രാഷ്ട്രീയ അജണ്ട തന്നെയാണ്. ഭക്ഷണത്തിനുമുണ്ട് രാഷ്ട്രീയം. ഇന്ത്യന്‍ ദേശീയതയെയും ദേശീയ വൈവിധ്യങ്ങളെയും ഒരുകാലത്തും അംഗീകരിക്കാന്‍ തയാറാകാത്ത സംഘ്പരിവാര്‍ സാംസ്കാരിക ദേശീയത എന്ന ഇന്ത്യാവിരുദ്ധ ചിന്താഗതി നടപ്പിലാക്കാന്‍ തന്നെയാണ് ഹിന്ദിയുടെ രാഷ്ട്രീയവുമായി ഇറങ്ങിയിരിക്കുന്നത്.

(സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവിയാണ് )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.