ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എംപി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ വീട്ടിലെത്തി ചോദ്യംചെയ്തതിന് പിന്നാലെയാണ് ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന്റെ പ്രമുഖ നേതാവിനെ കസ്റ്റഡിയിലെടുത്തത്.
മുംബൈയിലെ ഭാന്ദൂപ്പിലുള്ള വസതിയിൽ ഇന്നലെ രാവിലെ തുടങ്ങിയ ചോദ്യംചെയ്യല്‍ ഒമ്പതുമണിക്കൂര്‍ നീണ്ടിരുന്നു. സിഐഎസ്എഫ് സുരക്ഷയോടെയായിരുന്നു ഇഡി ചോദ്യം ചെയ്യലിനെത്തിയത്. സഞ്ജയ് റാവത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ വീടിന് മുൻപിൽ തടിച്ചുകൂടിയിരുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും നടന്നു.
രണ്ട് തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നായിരുന്നു ഇഡിയുടെ നടപടി. പാർലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് റാവത്ത് അന്വേഷണ ഏജൻസിക്ക് മുന്നിൽ അറിയിച്ചിരുന്നു. എന്നാല്‍ ജൂലൈ 27ന് എത്തണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതും നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഗൊരേഗാവിലെ പത്രാചാല്‍ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് ഇഡി കേസ്. കേസില്‍ പ്രതിയായ പ്രവീണ്‍ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറിയെന്നും ഇഡി പറയുന്നു. ഈ പണം ഉപയോഗിച്ച് ദാദറില്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയെന്നും ഇഡി ആരോപിക്കുന്നുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ സഞ്ജയ് റാവത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടിയിരുന്നു. മരിച്ചാലും താന്‍ തലകുനിക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളുടെ പേരിലാണ് നടപടിയെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പൂര്‍ണമായി നശിപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഫലമാണ് നടപടിയെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പറഞ്ഞു.
English Summary: Irregularity in housing project: Shiv Sena leader Sanjay Rawat in custody
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.