30 April 2024, Tuesday

Related news

March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024
January 19, 2024
January 10, 2024
January 9, 2024
December 1, 2023
November 2, 2023

ജനയുഗത്തിന്റെ ആദ്യ പത്രാധിപർ

പി എസ് സുരേഷ്
December 1, 2023 4:30 am

കേരളം ഇന്ത്യക്ക് നല്‍കിയ വിശ്രുതനായ പത്രപ്രവർത്തകനായിരുന്നു ജനയുഗം സ്ഥാപക പത്രാധിപരായിരുന്ന എൻ ഗോപിനാഥൻ നായര്‍(ജനയുഗം ഗോപി). പത്രപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയ അദ്ദേഹം ജീവിതത്തിലൊരിക്കലും തന്റെ നിലപാടുകളിൽ വെള്ളം ചേർത്തിട്ടില്ല. കൊല്ലത്തുനിന്ന് ഡൽഹി വരെ നീണ്ട സംഭവ ബഹുലമായ യാത്ര ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. 1923ൽ കൊല്ലം ഉളിയക്കോവിൽ കുഴിയത്തു വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം അച്ഛൻ ജോലി ചെയ്തിരുന്ന പഴയ മലയാ സ്റ്റേറ്റിലെ കൊലാലമ്പൂരിൽ. പിന്നീട് കൊല്ലത്തേക്കു മാറിയപ്പോൾ കൊല്ലം ഗവ. ഹൈസ്കൂളിൽ പഠനം തുടർന്നു. ഇന്റർമീഡിയറ്റ് തിരുവനന്തപുരത്തും ബിരുദം മധുര അമേരിക്കൻ കോളജിലുമായിരുന്നു. മധുരയിലെ പഠനകാലം അദ്ദേഹത്തെ പുതിയ മനുഷ്യനാക്കി. അമേരിക്കൻ കോളജിലെ പഠിത്തം കഴിഞ്ഞ് നേരെ മദ്രാസിലെത്തി, ഇന്ത്യൻ എക്സ്പ്രസിൽ ചേർന്നു. ആദർശവാദിയായ ഡി എൻ ചിത്തരഞ്ജനായിരുന്നു കൂട്ട്. അവിടെ നിന്ന് ഇരുവരെയും കൊൽക്കത്തയിലെ ഈസ്റ്റേൺ എക്സ്പ്രസിലേക്കയച്ചു. ഗോയങ്കയുടേതല്ല ആ പത്രമെന്ന് മനസിലാക്കിയതോടെ ഇന്ത്യൻ എക്സ്പ്രസിനോട് യാത്ര പറഞ്ഞു. നാട്ടിലെത്തിയ ഗോപി കൊല്ലത്തെ തങ്ങൾ കുഞ്ഞ് മുസ്ല്യാരുടെ ഉടമസ്ഥതയിലുള്ള പ്രഭാതം ദിനപത്രത്തിൽ ചേർന്നു.

കെ എൻ പങ്കജാക്ഷൻ പിള്ള(പങ്കൻ ചേട്ടൻ), ക്രിസ്പി, ആർ ഗോപിനാഥൻ നായർ (കൊച്ചു ഗോപി) രാമചന്ദ്രൻ പിള്ള, എ ആർ കുട്ടി എന്നിവരായിരുന്നു പ്രഭാതത്തിലെ സഹപ്രവർത്തകർ. എംഎൻ അന്ന് ‘പ്രഭാത’ത്തിലെ നിത്യ സന്ദർശകനായിരുന്നു. ഏറ്റവും ഒടുവിലത്തെ വാർത്ത അറിയുകയാണ് ആ സന്ദർശന ലക്ഷ്യം. പങ്കൻ ചേട്ടനാണ് എമ്മെനെ ഇവരുമായി ബന്ധിപ്പിച്ചത്. രാത്രിയിൽ പത്രത്തിന്റെ ജോലി കഴിഞ്ഞ് പോകുമ്പോൾ സംഘത്തോടൊപ്പം എമ്മെനുമുണ്ടാകും. കോൺഗ്രസ് നേതാവ് കെ കെ ചെല്ലപ്പൻപിള്ള യുവകേരളം എന്ന പത്രത്തിന് ലൈസൻസ് സമ്പാദിക്കുകയും പത്രാധിപന്മാരെ അന്വേഷിക്കുകയും ചെയ്യുന്ന സമയമായിരുന്നു. പ്രഭാതം പത്രത്തിൽ നിന്ന് ഈ യുവനിരയെ യുവകേരളത്തിലേക്ക് എത്തിച്ചത് എമ്മെനാണ്. 43 ദിവസം മാത്രം ആയുസുണ്ടായിരുന്ന പത്രം സര്‍ സിപി നിരോധിച്ചു. സിപിക്ക് ശേഷം യുവകേരളം വീണ്ടും തുടങ്ങിയെങ്കിലും ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സ്റ്റേറ്റ് കോൺഗ്രസിലെ നേതാക്കൾക്ക് താല്പര്യമുണ്ടായില്ല. അതോടെ ഗോപിനാഥൻനായരും സംഘവും യുവകേരളം വിട്ടു. ”ശ്രീ പട്ടം ഞങ്ങൾ വിയോജിക്കുന്നു” എന്ന് പുന്നപ്ര വയലാർ സമരത്തോടുള്ള പട്ടത്തിന്റെ നിലപാടിനെ അതിനിശിതമായി വിമർശിച്ചു കൊണ്ട് ഗോപി എഴുതിയ മുഖപ്രസംഗത്തോടെയാണ് അവർ യുവകേരളത്തോട് വിട പറഞ്ഞത്.


ഇതുകൂടി വായിക്കൂ:മാന്ത്രിക വിപ്ലവകാരിയുടെ പാദമുദ്രകള്‍


യുവകേരളത്തിൽ ആരംഭിച്ച രാഷ്ട്രീയ സമരം ജനയുഗത്തിലൂടെ തുടർന്നു കേവലം 25-ാം വയസിൽ പത്രാധിപരായ ആളാണ് എൻ ഗോപിനാഥൻ നായർ. ‘ജനയുഗം അതൊരു ചങ്കൂറ്റത്തിന്റെ കഥ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. സ്വന്തമായി പത്രം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അതിനായി കൊച്ചുഗോപിപ്പിള്ളയുടെ പേരിൽ ലൈസൻസിന് അപേക്ഷിക്കുവാൻ തീരുമാനിച്ചു. അന്നത്തെ സാഹചര്യത്തില്‍ പത്രത്തിന് ലൈസൻസ് കിട്ടുക പ്രയാസമാണ്. ഗോപിപ്പിള്ളയുടെ അച്ഛൻ ഡോ. കെ പി രാമൻപിള്ള റിട്ട. സർജൻ ജനറലായിരുന്നു. അദ്ദേഹത്തിന്റെ ശുപാർശയനുസരിച്ച് മുഖ്യമന്ത്രി പട്ടം താണുപിള്ള ലൈസൻസ് നല്‍കി. പണമായിരുന്നു അടുത്ത പ്രശ്നം. കൊച്ചു ഗോപിപ്പിള്ളയുടെ അമ്മ പാട്ടക്കോട്ടിൽ ജാനകി അമ്മ നല്‍കിയ രണ്ടായിരം രൂപ കൊണ്ടാണ് ജനയുഗം വാരിക പുറത്തിറങ്ങിയത്. പിന്നെ അച്ചടി പ്രശ്നമായി. വളരെ ശ്രമങ്ങൾക്കുശേഷം എ കെ ഭാസ്കർ (പ്രശസ്ത പത്രപ്രവർത്തകൻ ബി ആർ പി ഭാസ്കറുടെ പിതാവ്) പത്രം അച്ചടിച്ച് നല്‍കാൻ സമ്മതിച്ചു. 1949 ജനുവരി 21നാണ് വാരിക പുറത്തിറങ്ങിയത്. ആദ്യത്തെ ആഴ്ച മുതൽ നല്ല സ്വീകരണമാണ് ജനയുഗത്തിന് ലഭിച്ചത്. കോപ്പികൾ വർധിച്ചു കൊണ്ടിരുന്നു. അന്നത്തെ നിരോധിത പാർട്ടിയുടെ ശിഥിലാവസ്ഥ പത്രത്തെ ബാധിച്ചില്ല. 2000 കോപ്പിയില്‍ തുടങ്ങിയത് എണ്ണായിരമായി വളർന്നു.

ആദ്യകാലത്ത് പത്രം മടക്കുന്ന ജോലി ചെയ്തത് ഒഎൻവി, ദേവരാജൻ തുടങ്ങിയ വിദ്യാര്‍ത്ഥികളായിരുന്നു. പത്രാധിപർ വലിയഗോപിയെ കൂടാതെ ക്രിസ്പി, പാഞ്ചേട്ടൻ, ചെറിയ ഗോപി, എ ആർ കുട്ടി, ലിപ്പമാസ്റ്റർ (രാമചന്ദ്രൻ നായർ), മജീദ് എന്നിവരായിരുന്നു ജനയുഗത്തെ നയിച്ചത്. പിന്നീട് വൈക്കം ചന്ദ്രശേഖരൻ നായരും ടീമിൽ അംഗമായി. ഉള്ളുരിപ്പിൽ കരുണാകരൻ, കെ എസ് ശ്രീധരൻ, കണ്‍ട്രാക്ക് ജനാർദനൻ, ചന്ദ്രശേഖരൻ, പ്രമുഖ സ്പോർട്സ്‌മാനായിരുന്ന കരുണാകരൻ നായർ, പുഴങ്കര കൃഷ്ണ മേനോൻ തുടങ്ങിയവരും ആദ്യകാല സംഘാടകരായിരുന്നു. ജനയുഗത്തിന്റെ വളർച്ച സർക്കാരിന് ഇഷ്ടമായില്ല. വാരിക തുടങ്ങിയപ്പോൾ തന്നെ വലിയ ഗോപിയുടെ പേരിൽ വിധ്വംസക പ്രവർത്തനത്തിന് രണ്ടു കേസുകളുണ്ടായിരുന്നു. 1949 മേയിൽ ഗൂഢാലോചനാ കുറ്റം ചുമത്തി വലിയഗോപി അറസ്റ്റ് ചെയ്യപ്പെട്ടു. ഒന്നര വർഷം കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. കൊച്ചുഗോപി പിള്ള ഒളിവിൽപ്പോയി. എങ്കിലും ജനയുഗത്തിന്റെ പ്രവർത്തനം കുറച്ചുകാലംകൂടി മുന്നോട്ടു പോയി. ഒളിവിലിരുന്ന് കൊച്ചുഗോപിയും പങ്കൻ ചേട്ടനും രാമചന്ദ്രൻ നായരും കൂടിയാണ് പത്രം ഇറക്കിയത്. ഇവരെ സഹായിക്കാൻ സാഹിത്യകാരനായ ഡി എം പൊറ്റക്കാടും, ശങ്കരവാര്യരും ഉണ്ടായിരുന്നു. 1951 മധ്യത്തോടെ വലിയ ഗോപി ജയിൽമോചിതനായി. ജനയുഗം വീണ്ടും തുടങ്ങുന്നതിനെപ്പറ്റി ആലോചന തുടങ്ങി. ഫോർമാൻ കൃഷ്ണപ്പണിക്കരുടെ അമ്മ, അദ്ദേഹത്തെ കാണണമെന്നു പറഞ്ഞു. പടിഞ്ഞാറെ കൊല്ലത്തെ വീട്ടി അമ്മയെ കാണാൻ ചെന്ന വലിയ ഗോപിയുടെ കയ്യില്‍ ഒരു പൊതി കൊടുത്തു. 500 രൂപയായിരുന്നു അതില്‍. വർഷങ്ങളോളം മകൻ സമ്പാദിച്ച തുകയാണ്. വലിയ ഗോപി അതു വാങ്ങാൻ മടിച്ചു. ‘ഇതു വാങ്ങിയില്ലെങ്കിൽ ഈ പടി ഇനി കയറരുത്. ജനയുഗം എങ്ങനെയും തുടങ്ങണം’- ശാസനാ സ്വരത്തിലുള്ള ആ അമ്മയുടെ സ്നേഹവായ്പിന് മുമ്പിൽ നിസഹായനായി. അങ്ങനെയാണ് വാരിക വീണ്ടും തുടങ്ങിയത്. തിരുവിതാംകൂർ പാർട്ടി സെക്രട്ടറിയായിരുന്ന പി ടി പുന്നൂസ്, പാർട്ടിയുടെ കൊല്ലത്തെ ചുമതലക്കാരനായിരുന്ന സി എസ് ഗോപാല പിള്ള തുടങ്ങിയവർ പത്രത്തെ സഹായിച്ചു.


ഇതുകൂടി വായിക്കൂ:പുന്നപ്ര‑വയലാർ സമര നായകർ


1952 അവസാനത്തോടെ തിരു-കൊച്ചിയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പാർട്ടിക്ക് ഒരു പത്രം കൂടിയേ കഴിയൂ എന്ന് എമ്മെന് നിർബന്ധമുണ്ടായി. ഈ ഘട്ടത്തിലാണ് ജനയുഗം വാരിക നിർത്തലാക്കാൻ പാർട്ടിയുടെ അനുവാദം തേടി പത്രാധിപന്മാർ തിരുവനന്തപുരം പാർട്ടി ഓഫിസിൽ എത്തുന്നത്. എംഎൻ അവരോട് വാരിക നിർത്തി പത്രം തുടങ്ങിക്കോ എന്നാണ് പറഞ്ഞത്. അത്യാവശ്യം പണവും നല്‍കി. എന്നാൽ അച്ചടിനടക്കണമെങ്കിൽ പുതിയൊരു പ്രസ് കൂടിയേ തീരൂ. പ്രവർത്തന മുലധനവും ഉണ്ടാകണം. അപ്പോഴാണ് പന്തളം പിആറിന്റെ നവലോകം പത്രം സാമ്പത്തിക പരാധീനത കാരണം നിർത്തിയ കാര്യം ശ്രദ്ധയിൽപ്പെടുന്നത്. കൊച്ചിയിലുള്ള ആ പ്രസ് കൊല്ലത്തേക്ക് കൊണ്ടുവരണമെങ്കിൽ 5000 രൂപ വേണം. പ്രവർത്തന മൂലധനമായി മറ്റൊരു അയ്യായിരവും. ഈ തുക മധുര പാർട്ടി കോൺഗ്രസിൽ വച്ച് അരുണ ആസഫലിയിൽ നിന്ന് എംഎൻ കടമായി വാങ്ങിയത് മറ്റൊരു ചരിത്രം. 1962 വരെ എൻ ഗോപിനാഥൻ നായർ ജനയുഗം പത്രാധിപരായി തുടർന്നു. 1957ലെ തെരഞ്ഞെടുപ്പിൽ പത്രം നിർണായകമായ പങ്കുവഹിച്ചു. വിമോചന സമരത്തെ നേരിടുന്നതിൽ പാർട്ടിയുടെ പ്രധാന കവചമായി.

മലയാള പത്രങ്ങളിൽ ആദ്യമായി പോക്കറ്റ് കാർട്ടൂൺ പരീക്ഷിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. യേശുദാസന്റെ കാർട്ടൂൺ രാഷ്ട്രീയ സമരത്തിന്റെ ഭാഗമാക്കി മാറ്റിയതും അന്നാണ്. 58ൽ ജനയുഗം വാരിക തുടങ്ങി. വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു ആദ്യ എഡിറ്റർ. തോപ്പിൽ ഭാസി, എസ് എൽ പുരം സദാനന്ദൻ തുടങ്ങി നിരവധി പുതിയ എഴുത്തുകാരെ വാരികയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. 62 വരെ വൈക്കം ആ സ്ഥാനത്ത് തുടർന്നു. പിന്നീട് കാമ്പിശേരി കരുണാകരൻ പത്രാധിപത്യം ഏറ്റെടുത്തു. എൻ ഗോപിനാഥൻ നായർ ജനയുഗം പത്രാധിപ സ്ഥാനം ഒഴിഞ്ഞതും ഈ വർഷമാണ്. അദ്ദേഹത്തിന്റെ സഹധർമ്മിണി ശാരദാമണിക്ക് ഡൽഹിയിൽ ജോലി ലഭിച്ചതോടെ താമസം അങ്ങോട്ടു മാറ്റി. അവിടെ പേട്രിയോട്ട് പത്രത്തിൽ ചേർന്നു പിന്നീട് യുഎൻഐയിൽ സ്പെഷ്യൽ കറസ്പോണ്ടന്റായി. എണ്ണപ്പെട്ട നിരവധി ലേഖനങ്ങളും റിപ്പോർട്ടുകളും വിവിധ പത്രങ്ങളിലും മാസികകളിലും അദ്ദേഹത്തിന്റേതായി വന്നു. ജനയുഗത്തിലും ഡൽഹി കത്ത് എന്ന പേരില്‍ നിരന്തരം എഴുതിയിരുന്നു. 1989 ആദ്യം കേരളത്തിലേക്ക് മടങ്ങി. 1991 ജൂൺ 16ന് വിലപ്പെട്ട ആ ജീവിതത്തിന് അന്ത്യമായി. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.