
മഹാരാഷ്ട്ര സംസ്ഥാനത്തെ ഔറംഗബാദ് ജില്ലയിലെ ഖുൽദാബാദിലുള്ള മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഖബർ നീക്കംചെയ്യണമെന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ ആവശ്യമാണ് തിങ്കളാഴ്ച നാഗ്പൂരിനെ കലാപത്തിലേക്ക് നയിച്ചത്. നാഗ്പൂർ നഗരത്തിൽ പലയിടങ്ങളിലായി പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമാണെന്ന ആരോപണം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ സംസ്ഥാന നിയമസഭയിൽ ഉന്നയിക്കുകയുണ്ടായി. അടുത്തിടെ പുറത്തിറങ്ങിയതും വൻ സാമ്പത്തിക വിജയം കൈവരിച്ചതുമായ ബോളിവുഡ് ചലച്ചിത്രം ‘ഛാവ’ ഔറംഗസേബിനെതിരെ വൻ ജനരോഷത്തിന് കാരണമായിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ പറയുകയുണ്ടായി. ഛത്രപതി ശിവജി മഹാരാജിന്റെയും അദ്ദേഹത്തിന്റെ പുത്രനും പിൻഗാമിയുമായ സംഭാജി മഹാരാജിന്റെയും അനുസ്മരണദിനങ്ങൾ, റംസാൻ ആചരണം എന്നിവയോടനുബന്ധിച്ച് ഔറംഗസേബിന്റെ ഖബർ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തിയാർജിക്കുക സമീപകാല പ്രതിഭാസങ്ങളിലൊന്നാണ്. കേന്ദ്രത്തിൽ ബിജെപിയും മോഡിയും അധികാരത്തിൽ വന്നതോടെ തീവ്ര ഹിന്ദുത്വ ശക്തികൾക്കിടയിൽ ഈ ആവശ്യം ശക്തിപ്രാപിക്കുകയും അത് മഹാരാഷ്ട്രയിൽ വർഗീയ സംഘർഷത്തിന്റെ രൂപം കൈവരിക്കുകയും ചെയ്തിരുന്നു. ഇത്തവണ ബോളിവുഡ് ചിത്രം ഛാവയുടെ വരവോടെ വിഷയം പതിവിലേറെ രൂക്ഷത കൈവരിക്കുകയായിരുന്നു. ചിത്രം സിനിമാഹാളുകളിൽ അസാധാരണ വൈകാരികാന്തരീക്ഷം സൃഷ്ടിച്ചതായും വിദ്വേഷഭരിതമായ മുദ്രാവാക്യംവിളികളും മറ്റും ഉയരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സംഭാജിയെ പറ്റിയുള്ള കലാരൂപങ്ങൾ മഹാരാഷ്ട്രയിൽ ഒട്ടും പുതുമയുള്ള കാര്യമല്ല. നോവലുകൾ, നാടകങ്ങൾ തുടങ്ങി സംഭാജിയെന്ന മറാഠാ രാജാവിന്റെ അപദാനങ്ങളെ പ്രകീർത്തിക്കുന്ന കലാരൂപങ്ങൾ മറാഠി ഭാഷയിൽ സുലഭമാണ്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവശ്യാനുസൃതം രൂപപ്പെടുത്തിയ ഛാവ ചരിത്രവസ്തുതകളെ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി പാകപ്പെടുത്തി അവതരിപ്പിക്കുകയാണുണ്ടായത്. അതിന്റെ അനന്തരഫലമാണ് ഇപ്പോൾ നാഗ്പൂരിൽ തലയുയർത്തിയ വർഗീയ സംഘർഷം.
ഛാവ എന്ന ബോളിവുഡ് ചലച്ചിത്രനിർമ്മിതി ഒരു പുതിയ പ്രതിഭാസമല്ല. ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും ഹിന്ദുത്വ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ദുർവ്യാഖ്യാനം ചെയ്യാനും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗം ചെയ്യാനും സമീപകാലത്ത് നടന്നുവരുന്ന സംഘടിത ശ്രമങ്ങളുടെ ഭാഗമാണത്. സമീപകാലത്ത് ഈ ഗണത്തിൽപ്പെട്ട ഒരു ഡസൻ ചലച്ചിത്രങ്ങളെങ്കിലും ഇന്ത്യൻ സമൂഹത്തെ വിഷലിപ്തമാക്കി പുറത്തുവന്നിട്ടുണ്ട്. ദി കശ്മീർ ഫയൽസ്, ദി കേരള സ്റ്റോറി, ദി വാക്സിൻ വാർ, ആർട്ടിക്കിൾ 370, ദി നക്സൽ സ്റ്റോറി, സ്വാതന്ത്ര്യ വീർ സവർക്കർ, ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി, ദി സബർമതി റിപ്പോർട്ട്, സാമ്രാട്ട് പൃഥ്വിരാജ് എന്നിവയുടെ പിന്തുടർച്ചയാണ് ഛാവ. മുഗൾ ഭരണത്തിലുടനീളം ഭരണത്തിന്റെ ഉന്നതതലങ്ങളിൽ സവർണ ഹിന്ദുക്കൾക്ക് ലഭിച്ചിരുന്ന ഉന്നത സ്ഥാനമാനങ്ങളും പദവികൾക്കുപുറമെ അവർക്ക് ലഭിച്ചിരുന്ന ഭൂസ്വത്തുക്കളടക്കം സമ്പത്തും അത്തരക്കാർ താഴ്ന്നജാതിക്കാരായ ഹിന്ദു ബഹുജനങ്ങളുടെമേൽ നടത്തിയിരുന്ന ചൂഷണങ്ങളും അതിക്രമങ്ങളും മറച്ചുവച്ച് സമസ്ത തിന്മകളുടെയും പ്രതീകമായി ഇസ്ലാമിനെയും മുസ്ലിങ്ങളെയും ചിത്രീകരിക്കുന്ന ആഖ്യാനവൈകൃതമാണ് അവയെല്ലാംതന്നെ. ഹിന്ദുക്കളായ രജപുത്രന്മാരുടെ പിന്തുണയോടെയാണ് ഔറംഗസേബ് അധികാരം കയ്യാളിയതെന്നും അയാളുടെ ഉന്നത സൈനിക, സിവിൽ ഉദ്യോഗസ്ഥന്മാരായ ‘മൻസബ്‌ദാർമാർ’ 33 ശതമാനത്തിലധികവും, നിരവധി ദിവാന്മാരും സവർണ ഹിന്ദുക്കളായിരുന്നുവെന്നതും ഛാവ മറച്ചുവയ്ക്കുന്നു. ശിവജിയുടെയും സംഭാജിയുടെയും സൈനികമേധാവികളിലും ഉന്നത ഉദ്യോഗസ്ഥരിലും വിശ്വസ്തരായ നിരവധി മുസ്ലിങ്ങൾ ഉണ്ടായിരുന്നുവെന്ന വസ്തുതയും ഛാവ സൗകര്യപൂർവം വിസ്മരിക്കുന്നു. ശിവജിയും സംഭാജിയും അന്നത്തെ പേഷ്വാമാരടക്കം ബ്രാഹ്മണ, സവർണ ഹിന്ദു രാജാക്കൻമാരുമായി നടത്തിയ യുദ്ധങ്ങളും പുലർത്തിയിരുന്ന ശത്രുതയും ചലച്ചിത്രത്തിന്റെ പരാമർശവിഷയമേ അല്ല എന്നതും ശ്രദ്ധേയമാണ്. ചരിത്രവസ്തുതകളും അക്കാലഘട്ടത്തിലെ സാമൂഹികയാഥാർത്ഥ്യങ്ങളും മറച്ചുവച്ചും വളച്ചൊടിച്ചും ജനങ്ങളെ കബളിപ്പിച്ച് സംഘ്പരിവാറിന്റെ ഹീനരാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഛാവയുടെ ലക്ഷ്യമെന്ന് വ്യക്തം. അതാണ് ഔറംഗസേബിന്റെ ഖബർ സ്ഥിതിചെയ്യുന്ന ഔറംഗബാദിൽനിന്നും ഏറെ അകലെ നാഗ്പൂരിൽ കഴിഞ്ഞദിവസം അരങ്ങേറിയ വർഗീയ സംഘർഷത്തിന്റെ ബലതന്ത്രം.
അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ വിദ്വേഷപ്രചരണത്തിലൂടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും സമൂഹത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അപരന്മാരാക്കിമാറ്റി രാഷ്ട്രീയ മുതലെടുപ്പിനുമാണ് തീവ്ര ഹിന്ദുത്വശക്തികൾ ശ്രമിക്കുന്നത്. ചലച്ചിത്രമെന്ന മാധ്യമം ആ ഹീന ദൗത്യനിർവഹണത്തിൽ അവരുടെ കൈകളിൽ ഒരു മാരകായുധമായി മാറുകയാണ്. ബിജെപി ഭരണത്തിന്റെ സർവവിധ ഒത്താശയോടും കൂടിയാണ് സാമൂഹികവും രാഷ്ട്രീയവുമായ ഈ അട്ടിമറി പ്രവർത്തനം അരങ്ങേറുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇത്തരം വിധ്വംസക ചലച്ചിത്രാഭാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ബിജെപി സംസ്ഥാനസർക്കാരുകൾ അവയുടെ പ്രദർശനങ്ങൾക്ക് നികുതിയിളവുനൽകി പ്രേക്ഷകപ്രവാഹം ഉറപ്പുനൽകുന്നു. ജനതയുടെ ഐക്യത്തിനും രാജ്യത്തിന്റെ നിലനില്പിനും നേരെ ഉയരുന്ന കൊടിയ വെല്ലുവിളിയുടെ താക്കീതാണ് നാഗ്പൂർ നല്‍കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.