ഒരു ഇന്ത്യൻ മുസ്ലിമിനെ ‘പാകിസ്ഥാനി’ എന്ന് വിളിക്കുന്നത് നിയമവിരുദ്ധമാണോ എന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. ഇനിയും ചര്‍ച്ചയുണ്ടാവേണ്ടതുമാണ്. ഫെബ്രുവരിയിൽ സുപ്രീം കോടതി, ഒരാളെ സ്വകാര്യമായി ‘പാകിസ്ഥാനി’ എന്ന് വിളിക്കുന്നത് മോശം കാര്യമാണെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമല്ലെന്ന് വിധിച്ചു. എന്നാല്‍ മാർച്ച് ഏഴിന്, പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ‘പാകിസ്ഥാനികൾ’ എന്ന് പരാമർശിച്ചുകൊണ്ടുള്ള ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രസ്താവനകൾ ‘മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്താനുള്ള ഒരു ലജ്ജാകരമായ ശ്രമമാണ്’ എന്നാണ് ഡൽഹി കോടതി വിധിച്ചത്. അതേദിവസം തന്നെ, രാജസ്ഥാൻ നിയമസഭയിൽ ബിജെപി എംഎൽഎ ഗോപാൽ ശർമ്മ, കോൺഗ്രസ് ചീഫ് വിപ്പ് റഫീഖ് ഖാനെ ‘പാകിസ്ഥാനി’ എന്ന് ആവർത്തിച്ച് പരാമർശിച്ചു. ഇത് സഭയിൽ ബഹളത്തിനും കാരണമായി. മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരവും 2024ൽ കൊണ്ടുവന്ന ഭാരതീയ ന്യായ സന്‍ഹിതയുടെ സെക്ഷൻ 196 പ്രകാരവും കുറ്റകരമാണ്.
‘പാകിസ്ഥാനി’ എന്ന വാക്ക് അധിക്ഷേപമായി ഉപയോഗിക്കുന്നത് നിയമത്തിനെതിരാണോ എന്ന് നിർണയിക്കുന്നതിൽ സന്ദർഭം നിർണായകമാണെ‘ന്നാണ് നിയമ വിദഗ്ധർ വിശദീകരിക്കുന്നത്. പൊതുസ്ഥലത്ത് അക്രമത്തിന് ആഹ്വാനം ചെയ്യാൻ ഈ പദം ഉപയോഗിക്കുമ്പോൾ, അത് വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള നിയമങ്ങളുടെ പരിധിയിൽ വരും. എന്നാല്‍ സ്വകാര്യ പ്രസംഗത്തിൽ ഉപയോഗിക്കുന്നത് ക്രിമിനൽ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതാനാകില്ല. അധിക്ഷേപം നിയമവിരുദ്ധമാക്കാൻ വിശാലമായ ഒരു വിവേചനവിരുദ്ധ നിയമത്തിന്റെ ആവശ്യകതയും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഒരു പ്രത്യേകവിഭാഗം രാഷ്ട്രീയക്കാർ ഇന്ത്യൻ മുസ്ലിങ്ങളെ ആക്രമിക്കാൻ വളരെക്കാലമായി “പാകിസ്ഥാൻ” എന്ന വാക്ക് ഉപയോഗിച്ചുവരുന്നു. കോടതിയിൽ ഇത്തരമൊരു വിഷയം കൊണ്ടുവന്ന ആദ്യകാല കേസുകളിലൊന്ന് 1994ലാണ്. 1992–93 കാലഘട്ടത്തിലെ ബോംബെ കലാപത്തിനിടെ പാർട്ടി പത്രമായ സാമ്നയിൽ ശിവസേനാ മേധാവി ബാൽ താക്കറെ എഴുതിയ ലേഖനത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യപ്പെട്ടു. ‘മിനി-പാകിസ്ഥാനുകൾ സൃഷ്ടിച്ച മുസ്ലിങ്ങള്‍ രാജ്യദ്രോഹികൾ’ എന്നായിരുന്നു താക്കറെയുടെ പ്രയോഗം. ‘ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങൾ’ പോലെ തന്നെയാകും അവർ നേരിടേണ്ടിവരുന്ന വിധിയെന്നും ഭീഷണിപ്പെടുത്തി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിദ്വേഷ പ്രസംഗ വകുപ്പുകൾ പ്രകാരം താക്കറെയ്ക്കെതിരെ കേസെടുക്കണമെന്ന് ഹർജിക്കാര്‍ ആവശ്യപ്പെട്ടു. സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 153 ബി (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ പ്രസ്താവനകൾ) എന്നിവയനുസരിച്ചാണ് നടപടിയാവശ്യപ്പെട്ടത്. എന്നാല്‍, “തെറ്റിദ്ധാരണാപരമായ വാക്യങ്ങളെ തനിച്ചെടുത്ത് വ്യാഖ്യാനിക്കാൻ കഴിയില്ല, ഇരുസമുദായങ്ങളും ഐക്യത്തോടെ ജീവിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ വിഷയം പുതുതായി ഉന്നയിക്കുന്നതിൽ അർത്ഥമില്ല” എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹർജി തള്ളി. ഇതിന് വിപരീതമായാണ്, മാർച്ച് ഏഴിലെ ഡൽഹി കോടതി ഉത്തരവിൽ മിശ്രയ്ക്കെതിരായ ‘പാകിസ്ഥാൻ’ പ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്നം കോടതി വ്യാഖ്യാനിച്ചത്. “നിർഭാഗ്യവശാൽ പാകിസ്ഥാനെക്കുറിച്ചുള്ള പരാമർശം പലപ്പോഴും ഒരു പ്രത്യേക മതത്തിലെ അംഗങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു” എന്ന് കോടതി ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ, ഇത്തരം അധിക്ഷേപങ്ങള്‍ കേവലം മതപരമായ അർത്ഥങ്ങൾക്കുമപ്പുറമാണ്. “മുസ്ലിങ്ങൾ ഇന്ത്യക്കാരല്ലെന്ന് പറയുന്നതിനുള്ള ഒരു രീതിയാണിത്” എന്ന് സുപ്രീം കോടതി അഭിഭാഷകനായ പ്രതീക് ചദ്ദ പറയുന്നു.
“ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാത്ത രാജ്യദ്രോഹിയെന്നും, നിങ്ങൾക്കൊരിക്കലും ഇന്ത്യക്കാരനാകാൻ കഴിയില്ലെന്നും ഇത്തരം പ്രയോഗങ്ങളില്‍ സൂചനയുണ്ട്.” ഇന്ത്യൻ ക്രിമിനൽ നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കാൻ ഇത് പര്യാപ്തമാണെന്ന് ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ സെന്റർ ഓൺ പബ്ലിക് ലോ ആന്റ് ജുറിസ്പ്രൂഡൻസ് പ്രൊഫസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സുമിത് ബൗധ് പറയുന്നു. “ഇന്ത്യ, പാകിസ്ഥാൻ ദേശീയ സ്വത്വങ്ങൾ തമ്മിലുള്ള ശത്രുതയുടെ ഭൗമരാഷ്ട്രീയ പശ്ചാത്തലവും പരസ്പരം ആഴത്തിൽ വേരൂന്നിയ ശത്രുതയും കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ മുസ്ലിങ്ങളെ ‘പാകിസ്ഥാനി’ എന്ന് വിളിക്കുന്നത്, അവർ ‘നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോട് യഥാർത്ഥ വിശ്വാസവും വിശ്വസ്തതയും പുലർത്തുന്നില്ല, അല്ലെങ്കിൽ ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും ഉയർത്തിപ്പിടിക്കുന്നില്ല’ എന്ന കുറ്റമായി കണക്കാക്കാം” — അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു കുറ്റം ചുമത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 ബിക്ക് പകരമായി വന്ന ഭാരതീയ ന്യായ സന്‍ഹിതയുടെ സെക്ഷൻ 197 പ്രകാരം ശിക്ഷാര്‍ഹമാണ്. സെക്ഷൻ 197 “ദേശീയോദ്ഗ്രഥനത്തിനെതിരെ മുൻവിധിയോടെയുള്ള ആരോപണങ്ങളും അവകാശവാദങ്ങളും” ഉൾക്കൊള്ളുന്നു. പാകിസ്ഥാനെ അനുകൂലിക്കുന്നതിന് ഇന്ത്യയെ എതിർക്കുകയെന്നാണ് അർത്ഥം എന്ന ധാരണയുടെ വ്യാപകമായ പ്രചരണം വഴി കഴിഞ്ഞ ഏതാനും വർഷങ്ങളായി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിന്റെ പേരില്‍ ഇന്ത്യക്കാർക്കെതിരെ കേസെടുക്കുന്നത് വർധിച്ചിരിക്കുകയാണ്. കേസെടുക്കുന്നത് നിയമപരമായ പീഡനത്തിനും ജയിൽ ശിക്ഷയ്ക്കും കാരണമാകുമെങ്കിലും, ഈ കുറ്റങ്ങൾക്ക് ശിക്ഷ ഉറപ്പാക്കാന്‍ പൊലീസിന് സാധ്യമാകാനിടയില്ല. പാകിസ്ഥാനോ മറ്റേതെങ്കിലും രാജ്യത്തിനോ ആശംസകൾ നേരുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് 2024ല്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. എങ്കിലും ഒരു ഇന്ത്യൻ മുസ്ലിമിനെതിരെ അധിക്ഷേപമെന്ന നിലയില്‍ “പാകിസ്ഥാനി” എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാമോ എന്നത് സന്ദർഭമാണ് നിർണയിക്കുകയെന്ന് നിയമ വിദഗ്ധർ പറയുന്നു.
(സ്ക്രാേള്‍.ഇന്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.