3 May 2024, Friday

സമ്മിശ്ര ഭോജനം

ഡോ. ജവഹർലാൽ
September 5, 2021 4:00 am

കഥാന്ത്യത്തിലെ പന്തിഭോജനത്തിൽ വിളമ്പിയ ഭക്ഷ്യ വൈവിധ്യത്തോളം തന്നെ സമാനമായ സംഭവങ്ങളെയും സീനുകളെയും ചേർത്തിളക്കിക്കുഴച്ച് ഒരു വിശിഷ്ട സദ്യ പ്രേക്ഷകന് വിളമ്പിയ സജിൻ ബാബുവിന്റെ 2019 ലെ ചലച്ചിത്രം ‘ബിരിയാണി’ റിലീസാകുന്നത് 2020 ലാണ്. തികച്ചും നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മുഖ്യ വേഷമിട്ടിരിക്കുന്ന കനികുസൃതിക്കു പുറമേ, ഷൈലജ ജാല, അനിൽ നെടുമങ്ങാട്, സുർജിത്, മിനി ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും ശ്രദ്ധേയമായ റോളുകളിൽ അഭിനയിച്ചിരിക്കുന്നു. 

ലൈംഗിക കാഴ്ചകളുടെ സാന്നിധ്യം എന്നതിന്റെ പേരിൽ മുഖ്യധാരാ ചർച്ചാ വേദികളിൽ നിന്ന് കുറേയേറെ മാറ്റി നിർത്തപ്പെട്ട ഈ ചലച്ചിത്രം റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമാണ്. ബാംഗളൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇമേജിൻ ഫിലിം ഫെസ്റ്റിവൽ, എന്നീയിടങ്ങളിൽ നിന്ന് മികച്ച നടി അടക്കമുള്ള അവാർഡുകൾ നേടി. മികച്ച നടിക്കുള്ള കനി കുസൃതി നേടിയ കേരള സംസ്ഥാന അവാർഡും ഇതേ ചിത്രത്തിൽ നിന്നു തന്നെ! 

നിലവിൽ ലോകമെമ്പാടുമുള്ള സ്ത്രീകളനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാത്തരം സ്വാതന്ത്ര്യ നിഷേധങ്ങളും ഈ ചിത്രം പ്രമേയമാക്കുന്നുണ്ട്. സ്ത്രീയുടെ മനസ്സിനെയും, ശരീരത്തെയും ബന്ധിക്കുന്ന സാമൂഹ്യപരമായും കുടുംബപരമായും മതപരവുമായുള്ള ചങ്ങലകളെ ഇത്രയും സമർഥമായും കാവ്യാത്മകമായും വരച്ചു കാട്ടുന്ന ഈ ചലച്ചിത്രം മലയാള സിനിമയുടെ വേറിട്ട അനുഭവവും ശബ്ദവുമാണ്. 

സാമൂഹ്യ ജീവിയായ മനുഷ്യൻ ഏതു ലിംഗമായാലും വിവിധ തരം വിശപ്പും ദാഹവും അനുഭവിക്കുന്നുണ്ട്. ആ വിശപ്പും ദാഹവും ശമിക്കുമ്പോൾ മാത്രമാണ് ഓരോ വ്യക്തിത്വത്തിനും സാമൂഹ്യമായ പൂർണ്ണത കൈവരുന്നത്. ലൈംഗികത, സ്നേഹം, പരിഗണന, ചിന്താ — പ്രവർത്തന സ്വാതന്ത്ര്യം എന്നിവക്ക് വേണ്ടിയുള്ളതാണ് ആ വിശപ്പും ദാഹവും. അവ നിഷേധിക്കപ്പെടുമ്പോൾ, അതിലൂടെ രൂപപ്പെട്ടു വരുന്ന വ്യക്തിത്വങ്ങൾ അപൂർണ്ണങ്ങളാവുകയും, വ്യത്യസ്ഥ മന:സംഘർഷങ്ങളിലൂടെ കടന്നുപോവുകയും സുസ്ഥിര ഭാവം കൈവരിക്കാനാകാതെ, വികൃതമായ മനോഘടന രൂപപ്പെടുകയോ, ക്രിമിനൽ സ്വഭാവങ്ങൾ രൂപപ്പെടുകയോ, ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയോ ചെയ്യും. വ്യക്തികളെ ഇത്തരം ദുരവസ്ഥകളിലേക്ക് നയിക്കാതെ കരുതലുമായി നിൽക്കേണ്ടത് കുടുംബമാണ്, സമൂഹമാണ്, ഭരണകൂടമാണ്. 

ഇത്തരമൊരു ഓർമ്മപ്പെടുത്തലാണ് സജിൻ ബാബു അത്യപൂർവമായ ബിരിയാണി വിളമ്പിക്കൊണ്ട് സിനിമാ ലോകത്തിന് സമ്മാനിച്ചത്. കാർത്തിക് മുത്തു കുമാറിന്റെ ഛായാഗ്രഹണവും, ലിയോ ടോമിന്റെ സംഗീതവും ഈയൊരു സന്ദേശത്തെ പ്രേക്ഷകനിലേക്കെത്തിക്കാൻ സഹായകരമായ പ്രധാന ഘടകങ്ങളായി നിലനിൽക്കുന്നുണ്ട്. സ്ത്രീവർഗ്ഗത്തിനു നേരെയുള്ള വിവേചനവും മേധാവിത്വവും മാത്രമല്ല സജിൻ ബാബു ഇവിടെ കൊണ്ടു വരാൻ ശ്രമിച്ചത്; പൂർവികരായ ഹോമോ ഇറക്ടസ്സ്, നിയാണ്ടർത്തൽ മനുഷ്യൻ എന്നിവയെ ഇല്ലാതാക്കി സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹോമോ സാപിയൻസ് എന്ന മനുഷ്യ ജീവിയിൽ ഇപ്പോഴും ആ ക്രൗര്യതയുടെ ജീനുകൾ അവശേഷിക്കുന്നു എന്നുകൂടി ചൂണ്ടിക്കാട്ടാനും കൂടിയാണ്. 

തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങളുടെ ഇഷ്ടത്തിന്നെതിരെ മതാധിപത്യം നടത്തുന്ന ചേലാകർമം, മാമ്മോദീസ, ഉപനയനം, മൃഗങ്ങളുടെ ബലികൾ… എന്നിവ പൂർവകാല സാപിയൻസ് മേധാവിത്വത്തിന്റെ അടയാളങ്ങളായി സംവിധായകൻ കാണുന്നുണ്ടാകാം. പരിമിതി കൊണ്ട്, സിനിമയിൽ ചേലാകർമ്മവും, മൃഗബലിയും മാത്രം കാണിക്കുന്നതായിരിക്കാമെന്ന് പ്രേക്ഷക മതം. ഇത്തരം കപടനാട്യക്കാരെ പരിഹസിക്കാനും, വേദനിപ്പിക്കാനും വേണ്ടിയും നായികയുടെ മനസ്സിന്റെ പ്രതികാര തൃഷ്ണയെ ശമിപ്പിക്കാനും വേണ്ടി ചാപിള്ളയുടെ മാംസം ബിരിയാണിയിൽ കലർത്തി സമൂഹത്തിന് തീറ്റിച്ചുകൊണ്ടേ സംവിധായകന്റെ കലിയടങ്ങുന്നുള്ളുവെന്നും ഈ സിനിമയിൽ വായിക്കാൻ കഴിയും. 

നായികയുടെ ക്ലൈറ്റോറിസ് പോലും ഛേദിച്ചു കൊണ്ട് അവളെ അനുസരണയുള്ള ലൈംഗിക മൃഗമാക്കാനുള്ള സിനിമയിലെ അവളുടെ ഭർത്താവിന്റെ, പുരുഷന്റെ മേധാവിത്വ മനോഭാവത്തിന്റെ മറ്റു പ്രത്യക്ഷ ഉദാഹരണങ്ങൾ ആധുനിക സമൂഹത്തിന്റെ വിവിധ മേഖലകളിൽ കാണാൻ കഴിയുന്നതാണ്. വളർത്തു മൃഗങ്ങളെ മൂക്കു കയറിടുക, കുളമ്പു വെയ്ക്കുക, പക്ഷികളുടെ ചിറകരിയുക തുടങ്ങിയ പ്രവൃത്തികൾ അക്രമണോൽസുകമായ മേധാവിത്വ മനോഭാവത്തിന്റെ ഉൽപന്നങ്ങളാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഈ സിനിമ നമുക്ക് നൽകുന്നു. 

ഈ ഭൂമിയിലെ സഹജീവികളായ മൃഗങ്ങളോടും പക്ഷികളോടും മനുഷ്യൻ യഥാർഥത്തിൽ എങ്ങിനെയാണ് പെരുമാറേണ്ടതെന്നും പല സീനുകളിലൂടെയും സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. കഥാന്ത്യത്തിൽ നായിക തന്റെ സമ്പാദ്യ മിച്ചം മുഴുവനും ഉപയോഗിച്ച് തെരുവു നായ്ക്കൾക്ക് പലഹാരങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതുൾപ്പടെയുള്ള നിരവധി രംഗങ്ങൾ ഈ ചിത്രത്തിലുണ്ട്. വർത്തമാന സമൂഹത്തിൽ, ‘രക്ഷകനായ ഒരു പുരുഷനില്ലെങ്കിൽ ഒരു സ്ത്രീ, സ്വത്വം നശിച്ച് തളർന്നു പോകുമെന്ന’ സമൂഹം കൃത്രിമമായി പഠിപ്പിച്ചെടുക്കുന്ന മാനസികാവസ്ഥയുടെ അടയാളമായാണ് ഭർത്താവ് മരിക്കുമ്പോൾ ഭ്രാന്തിയാകുന്ന നായികയുടെ അമ്മയായ സുഹ്റയുടെ കഥാപാത്രത്തിലൂടെ നമുക്ക് മുന്നിൽ സിനിമ വരച്ചു കാട്ടുന്നത്. അതുകൊണ്ടാണ് തിരിച്ചറിവു നേടുന്ന നായിക, അമ്മയെപ്പോലെ താൻ ഭ്രാന്തിയാകാൻ തയ്യാറല്ലെന്ന് പറയുന്നതും. 

ഇസ്ലാമിക തീവ്രവാദം എന്ന ഒരു പ്രമേയച്ചേരുവ സിനിമയിൽ കൊണ്ടുവരുന്നത്, കഥാനായിക ഒരു മുസ്ലിം സ്ത്രീയായതു കൊണ്ടും, വർത്തമാന കാല സാഹചര്യത്തിൽ സ്ത്രീകളുടെ അരക്ഷിതാവസ്ഥ നന്നായി അവതരിപ്പിക്കാൻ ഇത് ഒരു ഉപാധിയായതു കൊണ്ടും മാത്രമാണെന്ന് വിലയിരുത്താനേ കഴിയുന്നുള്ളു. ഒരു മതത്തിന്നെതിരായ പ്രമേയമല്ല എന്നതിന്റെ സൂചനയായാണ് നായികയ്ക്ക് ലൈംഗിക തൊഴിൽ വേദിയിൽ ലളിത, സ്റ്റെല്ല എന്ന പേരുകളും നൽകിയിരിക്കുന്നതെന്നും എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. നിവൃത്തികേടുകൊണ്ട് ലൈംഗിക തൊഴിലിലേർപ്പെടുന്ന നായികയ്ക്ക് സ്വന്തം തൊഴിൽ പോലും ഇഷ്ടത്തിന് ചെയ്യാൻ കഴിയുന്നില്ലെന്നുള്ള ഗതികേട് സ്ത്രീയുടെ ശോച്യാവസ്ഥയുടെ വ്യക്തമായ അടയാളമാണ്. തനിക്ക് കുറച്ചെങ്കിലും അംഗീകാരം നൽകിയിരുന്ന സുഹൃത്ത്, സമൂഹത്തിൽ നിന്നും ഏൽക്കേണ്ടി വന്ന പുഴുക്കുത്തുകൾ മൂലം നായികയിലുടലെടുത്ത വൈകൃത മനോഭാവം കൊണ്ട് നായിക ചെയ്തു പോയ ഒരു വലിയ തെറ്റിനെ ഉൾക്കൊള്ളാൻ കഴിയാതെ അകന്നു പോകുമ്പോൾ, സ്വയം ജീവനൊടുക്കുന്നതോടെ സ്ത്രീയുടെ ജീവിത യാത്രയ്ക്ക് വിരാമമിടുന്നതായി പ്രേക്ഷകനെ കാണിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.