16 September 2024, Monday
KSFE Galaxy Chits Banner 2

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍

സുരേഷ് എടപ്പാള്‍
November 19, 2023 3:00 am

2003 മാര്‍ച്ച് 23. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍. വേദി: ജോഹന്നസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം(ദക്ഷിണാഫ്രിക്ക). ഓസ്‌ട്രേലിയ തീര്‍ത്ത 359 റണ്‍സ് എന്ന വിജയ ലക്ഷ്യത്തെ പിന്‍തുടര്‍ന്ന ഇന്ത്യന്‍ സക്വാഡ് 39.2 ഓവറില്‍ 234 റണ്‍സില്‍ തകര്‍ന്നടിയുന്നു. റിക്കി പോണ്ടിങ് എന്ന അതുല്യ പ്രതിഭയുടെ മിന്നും പ്രകടനത്തിന്റെ മികവില്‍ ലോകകിരീടം ഓസ്‌ട്രേലിയക്ക്. 140 റണ്‍സ്(121) നേടിയ പോണ്ടിങ്ങായിരുന്നു ഓസീസിന്റെ വിജയശില്പി. 82(81) റണ്‍സ് നേടിയ വീരേന്ദ്രസേവാങ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തു നിന്നത്. 125 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയുള്ള മടക്കം മുന്‍കാലങ്ങളിലെ വന്‍വീഴ്ചകളില്‍ നിന്ന് കരകയറാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോഹത്തിനേറ്റ വലിയ തിരിച്ചടിയായി. സച്ചിനും ഗാംഗുലിയും കെയ്ഫും യുവരാജും ദ്രാവിഡുമെല്ലാമടങ്ങുന്ന ബാറ്റിങ് ‌നിര ദയനീയമായി തകര്‍ന്നു വീഴുന്നത് നെഞ്ചുരുക്കത്തോടെ കോടാനുകോടി ആരാധകര്‍ കണ്ടു നിന്ന മണിക്കൂറുകള്‍. ലോകം മുഴുവന്‍ തങ്ങള്‍ക്കെതിരാകുന്ന പ്രതീതി. മരുപ്പച്ചയുടെ അടയാളങ്ങളേതുമില്ലാതെ വരണ്ടു കീറിയ മനസ്സുമായി രാജ്യം കണ്ണീരണഞ്ഞദിനം. മൂന്ന് വിക്കറ്റെടുത്ത ഓസീസ് പേസര്‍ ഗ്ലെന്‍ മക്ഗ്രാത്താണ് ഇന്ത്യയെ തകര്‍ത്തത്.

രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കൂടി. എതിരാളികള്‍ ഓസ്‌ട്രേലിയയും ഇന്ത്യയും. 2003 ല്‍ ടൂര്‍ണമെന്റിലുടനീളം സച്ചിന്റെ മികവിലായിരുന്നു മുന്നേറ്റമെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മികച്ച സ്‌ക്വാഡെന്ന നിലയില്‍ ഒത്തിണക്കവും പോരാട്ടവീര്യവും പരസ്പര വിശ്വാസവും ടീം ഇന്ത്യ പ്രകടമാക്കിയ മറ്റൊരു ടൂര്‍ണമെന്റും ഏകദിന ക്രിക്കറ്റ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇല്ലെന്നും തന്നെ പറയാം. ആദ്യമത്സരം മുതല്‍ കലാശപ്പോരാട്ടവരെയുള്ള കളികളിലെല്ലാം ഓള്‍ റൗണ്ട് മികവ്. എതിരാളികളെ അളന്നു തൂക്കിയുള്ള ബാറ്റിങ്ങും ബൗളിങ്ങും ഫീള്‍ഡിങ്ങും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വീരാട് കോഹ്ലി, അയ്യര്‍, കെ എല്‍ രാഹുല്‍… എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര സാഹചര്യത്തനനുസരിച്ച് ഫോം കണ്ടെത്തുന്നു. ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് പരിഹരിക്കാന്‍ തുടര്‍ന്ന് ക്രിസിലെത്തുന്ന ബാറ്റ്സ്മാന്‍ കാണിക്കുന്ന മിടുക്ക് തന്നെയാണ് ആദ്യമത്സരം മുതല്‍ അപരാജിതമായി ഇന്ത്യന്‍ കുതിപ്പിനാധാരം. എല്ലാം മറന്നുള്ള കളിയില്‍ മികവിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് താരങ്ങള്‍. രോഹിത് ശര്‍മ്മയും കോഹ്ലിയും ഷെമിയും ശ്രേയസ് അയ്യരുമെല്ലാം ഈ ലോകകപ്പില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ കാലത്തിനു മുന്നില്‍ എന്നുമെന്നും തലയുയര്‍ത്തി തന്നെ നില്‍ക്കും. ബൗളിങ്ങില്‍ ഇന്ത്യ എതിരാളികള്‍ക്ക് പേടിസ്വപ്‌നമായി മാറുന്നു. ബൂംറയും ഷെമിയും സിറാജും ജഡേജയുമെല്ലാം തങ്ങളുടെ റോളുകള്‍ മകവുറ്റതാക്കുന്നു.

ക്രിക്കറ്റില്‍ ഇത്രയും ആത്മവിശ്വാസത്തോടെയും ആധികാരികതയോടെയും കളിച്ച മറ്റൊരു ഇന്ത്യന്‍ ടീം സമീപകാലത്തില്ല. പന്തിലും ബാറ്റിലും സമ്പൂര്‍ണാധിപത്യം. തന്ത്രവും മറുതന്ത്രവും പയറ്റുന്ന നായകമികവ്. ഒത്തിണക്കം, ഉത്തരവാദിത്തം, അച്ചടക്കം, ടീം സ്പിരിറ്റ് തുടങ്ങി വിജയത്തിന്റെ എല്ലാ ഫോര്‍മുലയും ഈ ഇന്ത്യന്‍ സംഘത്തിനുണ്ട്. ചാമ്പ്യന്മാരായ കങ്കാരുപ്പടയെ വിരട്ടിയായിരുന്നു തുടക്കം. എല്ലാമത്സരങ്ങളും ജയിച്ച് സെമിഫൈനലിലെത്തുന്ന പടയോട്ടത്തിന്റെ വാതിലിപ്പോല്‍ ഫൈനലിലേക്ക് തുറന്നിരിക്കുന്നു. 2003 ലും 2007 ലും ഓസ്‌ട്രേലിയ ജേതാക്കളായതിന്റെ തനിയാവര്‍ത്തനമാകുമോ? ഇനി ഒരൊറ്റ മത്സരം മാത്രം. മുന്‍കാലങ്ങളില്‍ ഇന്ത്യ സെമിയിലോ, ഫൈനലിലോ എത്തുമ്പോഴുള്ള സാഹചര്യമോ, മാനസികാവസ്ഥയോ അല്ല ഇപ്പോള്‍ ഉള്ളത്. ആ മത്സരങ്ങളിലെല്ലാം എതിരാളികള്‍ക്കായിരുന്നു വിജയ സാധ്യതയും മുന്‍ തൂക്കവും ഉണ്ടായിരുന്നതെങ്കില്‍ അഹമ്മദാബാദിലെ വലിയ സ്‌റ്റേഡിയത്തില്‍ കീരിടത്തിനായുള്ള പോരിനിറങ്ങുമ്പോള്‍ കരുത്തരായ എതിരാളികള്‍ക്കു മുന്നിലും മേല്‍ക്കൈ ടീം ഇന്ത്യതന്നെയാണ്. അത് സന്തുലിതവും ശക്തമായ ടീം ലൈനപ്പിന്റെയും ഫോമിന്റെയും ബലത്തിലാണ്. അടിച്ചു തകര്‍ത്തും എറിഞ്ഞ വീഴ്ത്തിയും പഴുതുകളടച്ച ഫീള്‍ഡ് ഒരുക്കിയും രോഹിത് ശര്‍മ്മയും സംഘവും മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയുന്നതിനും എത്രയോ മുകളിലാണ് തങ്ങളെന്ന് തെളിയിച്ചു കഴിഞ്ഞു.

അവസാന അഞ്ച് കളിയില്‍ ആദ്യം ബാറ്റ് ചെയ്താണ് ജയിച്ചതെങ്കില്‍ പിന്നീട് ബൗളര്‍മാരുടെ ഊഴമായിരുന്നു. ഒറ്റ ലോകകപ്പില്‍ തുടര്‍ച്ചയായി 11കളി ജയിച്ച റെക്കോഡ് ഓസ്ട്രേലിയക്കാണ്. 2003ലും 2007ലും ജേതാക്കളായപ്പോള്‍ 11കളി തുടര്‍ച്ചയായി ജയിച്ചു. ഇന്ത്യ ഈ പതിപ്പില്‍ കിരീടം നേടിയാല്‍ 11-ാംവിജയമായി. ഇത് നാലാംതവണയാണ് ലോകകപ്പില്‍ ഫൈനലിലെത്തുന്നത്. 1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ വെസ്റ്റിന്‍ഡീസിനെ 43റണ്ണിന് തോല്‍പ്പിച്ച് ആദ്യ കിരീടം. 2011ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ കിരീടം. മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ ആറ് വിക്കറ്റിനാണ് ജയം. 

2003ല്‍ കപ്പ് നേടിയ ആസ്‌ട്രേലിയ ടീം ആദ്യമത്സരത്തില്‍ വീഴ്ത്തിയത് ഇന്ത്യയായിരുന്നു. ഇത്തവണയാകട്ടെ ഇന്ത്യ മുന്നേറ്റം ആരംഭിച്ചത് ആസ്ട്രലിയയെ തോല്‍പ്പിച്ചായിരുന്നു. ജോഹന്നസ് ബര്‍ഗില്‍ വീണ്ടും ഇരു ടീമുകളും ഫൈനലില്‍ കണ്ടപ്പോഴും വിജയം ഓസ്‌ട്രേലിയിക്കു തന്നെ. സാഹചര്യങ്ങള്‍ സമാനമായി വന്നരിക്കുന്ന അഹമ്മദാബാദില്‍ എന്തു സംഭവിക്കുമെന്നത് എല്ലാ പ്രവചനങ്ങള്‍ക്കുമപ്പുറത്താണ്. കാരണം കളി ഓസ്‌ട്രേലിയോടാണെന്നതു തന്നെ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇത്രത്തോളം പ്രഫഷനിലിസം സൂക്ഷിക്കുന്നമറ്റൊരു ടീമിനേയും ലോക ക്രിക്കറ്റില്‍ ഒരുകാലത്തു കാണാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റും ഏകദിനവും ടി20 യും എല്ലാം കങ്കാരുപ്പടക്ക് അവരുടെ കേളി വൈഭവത്തിന്റെ അടയാളങ്ങള്‍ ലോകത്തിനു മുന്നില്‍ ബാക്കിയാക്കാനുളള സുവര്‍ണ്ണവസരങ്ങളായി മാറുന്ന കാഴ്ചയാണ് മിക്കവാറും സംഭവിക്കാറുള്ളത്. ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമേതെന്നുചോദിച്ചാല്‍ ഉത്തരവും ഈ സംഘം തന്നെ. 19 ന് അഹമ്മദാബാദില്‍ അവരുടെ എട്ടാം ഏകദിന ലോകകപ്പ് ഫൈനലാണ്. 1975, 87, 96, 99, 2003, 2007, 2015 ഫൈനലിലെത്തിയപ്പോള്‍ 1975, 96 വര്‍ഷങ്ങളൊഴിച്ച് അഞ്ച് തവണ ജേതാക്കളാവുകയും ചെയ്തു. ഇക്കുറി ആറാം കീരീടമാണ് കങ്കാരുസംഘം ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുളള ഏകദിന മത്സര മുഖാമുഖ കണക്കുകളില്‍ വലിയ മേല്‍ക്കൈയും മഞ്ഞപ്പടയ്ക്കുണ്ട്. 

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ആസ്‌ട്രേലിയന്‍ ടീം പ്രതിഭയുടേയും ശേഷിയുടേയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 2003 ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിച്ച ഓസീസ് ടീമിലെ താരം ബ്രൈറ്റ് ലീയുടെ കടുത്ത ആരാധകനായ ഈ കമ്മിന്‍സിന്റെ തീ പാറുന്ന ബോളുകള്‍ തന്നെയാണ് ഓസീസ് ആക്രമണത്തിന്റെ കുന്തമുന. മൂന്നാം വയസില്‍ വീട്ടിലെ വാതിലില്‍ കുടങ്ങി വലതുകൈയ്യിലെ നടുവിരലിന്റെ മുകള്‍ ഭാഗം നഷ്ടമായെങ്കിലും ആ വിരല്‍ സ്പര്‍ശം പന്തിലമരുമ്പോള്‍ എതിര്‍ ടീം ബാറ്റ്സ്മാന്‍മാര്‍ക്ക് നെഞ്ചടിപ്പേറുക തന്നെ ചെയ്യും ആരോണ്‍ ഫിഞ്ചിന്റെ വിരമിക്കലിന് ശേഷം, കമ്മിന്‍സ് ഓസ്ട്രേലിയന്‍ ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. കൂടാതെ ക്യാപ്റ്റനായി ചുമതലയേറ്റ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഓസ്ട്രേലിയ ഒന്നാം റാങ്കിലുള്ള ടെസ്റ്റ് ടീമായി മാറുകയും ഇന്ത്യയ്ക്കെതിരായ ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 2023ലും വിജയിക്കുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ തങ്ങളെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയെ സെമിയില്‍ മറികടന്നാണ് ഓസീസിന്റെ ഫൈനല്‍ പ്രവേശം. എതിരാളികള്‍ ആദ്യമത്സരത്തില്‍ കയ്പുനീര്‍ കുടിപ്പിച്ചവര്‍. കമ്മിന്‍സും കാത്തിരിക്കുന്നു മധുരമായ പകരം വീട്ടലിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.