19 April 2024, Friday

പർവതമുടിയിലെ സ്വതന്ത്രരാഷ്ട്രം

ഡോ. അജയ് നാരായണൻ
January 30, 2022 2:00 am

എവ്ടെയാ ജോലി?
ല്സോത്തോയിൽ…
അതെന്താ…! നാട്ന്റെ പേരാ? ന്റീശ്വരാ, ങ്ങനേം ഒരു നാടൊണ്ടോ…?
ഇത്തരം അത്ഭുതം കൂറിയുള്ള പ്രസ്താവനകൾ പലരീതിയിൽ പലമാതിരി ഭാവത്തിൽ പല പ്രായത്തിലുള്ളവരിൽ നിന്നും കേട്ടിട്ടുണ്ട്, നാട്ടിലെത്തുമ്പോൾ. എന്തിനേറെ, നാട്ടിലിറങ്ങുമ്പോൾ, ഇമ്മിഗ്രേഷനിലെ ഉദ്യോഗസ്ഥർക്കും അത്ഭുതം തന്നെ, ഏതാണീ നാട്! ല്സോത്തോയിൽ നിന്നും എന്നുപറഞ്ഞാൽ ആരും രണ്ടാമതൊന്നു നോക്കും, ഏതോ പാതാളത്തിൽനിന്നും വന്നതോ എന്നമട്ടിൽ!
അതുകൊണ്ടു തന്നെ, ല്സോത്തോ എന്ന് പറയുന്നതിനോടൊപ്പം കൂട്ടിച്ചേർക്കും, സൗത്ത് ആഫ്രിക്കയ്ക്കുള്ളിലെ ഒരു സ്വതന്ത്രരാഷ്ട്രം.
ഓ, (അപ്പോൾ ശ്രോതാക്കളുടെ മുഖം തെളിയും), മണ്ടേലയുടെ നാട്, സ്വർണഖനികളുടെ നാട്…! മലൂട്ടിപർവ്വത നിരകളുടെ നാട്. സമുദ്രനിരപ്പിൽ നിന്നും 3480 മീറ്ററോളം ഉയരത്തിലുള്ള ന്റ്ട്ളെഞ്യാനാ (Mount Ntlenyaana) കൊടുമുടിയുടെ നാട്. സൗത്ത് ആഫ്രിക്കയുമായി മാത്രം അതിർത്തി പങ്കിടുന്ന നാട്. സൗത്ത് ആഫ്രിക്കയ്ക്ക് വെള്ളം കൊടുക്കുന്ന നാട്! മൊഷ്വേഷ്വേ എന്ന ധീരനായകൻ കെട്ടിപ്പടുത്ത നാട്. സ്വാതന്ത്ര്യത്തെ രക്തത്തിൽ ചാലിച്ചെടുത്ത പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന ഒരു ജനതയുടെ നാട്.

മൊഷ്വേഷ്വേയെപ്പറ്റി പറയുമ്പോൾ ഈ നാട്ടിലെ ആളുകൾക്ക് ആദരവും ഭക്തിയും. അദ്ദേഹത്തിന്റെ തലമുറയിലെ ഏട്ടാമത്തെ രാജാവ് ലെറ്റ്സീയെ മൂന്നാമൻ (Let­sie III) ആണിപ്പോഴത്തെ രാജാവ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ തന്നെ, ചിതറിക്കിടന്നിരുന്ന സോത്തോ വർഗക്കാരെ സൗത്ത് ആഫ്രിക്കയുടെ പല ഭാഗങ്ങളിൽ നിന്നും ഒരേ കുടക്കീഴിൽ കൊണ്ടുവരികയായിരുന്നു മൊഷ്വേഷ്വേ (Moshoeshoe) എന്ന സാഹസികനായ പോരാളി. വർഗ്ഗസ്നേഹത്തിനുമപ്പുറം ദീർഘവീക്ഷണം, അസാമാന്യധൈര്യം, വിജിഗീഷുത തുടങ്ങി ഒരു നേതാവിനുള്ള സകല ഗുണങ്ങളും ഈ യുവാവിന് ഉണ്ടായിരുന്നു.
ആ നേതാവിന്റെ കീഴിൽ സോത്തോ ഭാഷ സംസാരിക്കുന്നവർ ഒന്നായിചേർന്നു. ഈ നാടിനെ കീഴടക്കാൻ സാമ്രാജ്യത്വത്തിന്റെ കൊടുങ്കാറ്റിനോ കോളോനിയലിസത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കോ ബൂവർ (Boer) സംഘത്തിന്റെ സ്ഥാപിത താല്പര്യത്തിനോ കഴിഞ്ഞില്ല.

പലായനം ചെയ്ത ഒരു സംഘം, സോത്തോ ഭാഷ സംസാരിക്കുന്ന വർഗ്ഗം ഫലഭൂയിഷ്ടമായ മണ്ണുതേടി വന്നതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ല്സോത്തോ. ഈ രാഷ്ട്രം സ്വാതന്ത്രമനസ്കരായ, മണ്ണിനെ ഗാഢമായി സ്നേഹിക്കുന്ന വർഗ്ഗമാണ്. അതുകൊണ്ടുതന്നെ, ഈ മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യാനോ അവരുടെ മണ്ണിനെ പൂർണമായും കീഴടക്കാനോ ആർക്കും കഴിഞ്ഞില്ല.
ആധുനിക ല്സോത്തോയുടെ ചരിത്രത്തിന് ഏകദേശം 200 വർഷത്തെ പഴക്കമേയുള്ളു. പല കാരണങ്ങളാൽ ബാന്റു വർഗ്ഗത്തിലുള്ളവർ ദക്ഷിണ ആഫ്രിക്കൻ മണ്ണിൽ ചിതറികിടന്നിരുന്നു. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അവസ്ഥകളായിരുന്നു ഇതിന് കാരണം. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ ശക്തമായ നേതൃത്വം കൊടുത്ത മഹാനേതാവാണ് ലെപോഖോ മൊഷ്വേഷ്വേ. മാർച്ച് 11 മൊഷ്വേഷ്വേ ദിനമായി നാട് ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പേരിലാണ് ഇവിടെയുള്ള ഏക എയർപോർട്ട്.

ഒരു നാട്ടുരാജാവിന്റെ പുത്രനായി ജനിച്ച ലെപോഖോ നല്ല സാമർത്ഥ്യവും ബുദ്ധിശക്തിയും ഉള്ള കുട്ടിയായിരുന്നു. കാലിക്കിടാങ്ങളുമൊത്ത് കൗമാരകാലത്ത് പല വികൃതികളും കാട്ടിയ കൂട്ടത്തിൽ അയല്പക്കത്തെ ഒരാളുടെ കന്നുകാലിയെ ഇങ്ങുകൊണ്ടുപോന്നു. ചെറുപ്പകാലത്തെ വികൃതിയാവാം, അയൽവക്കത്തെ കാരണവർ ഒരു മുരടനായതുകൊണ്ടുമാവാം ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. കൃഷി പ്രധാന തൊഴിലായ നാട്ടില്‍ കാലികൾ സമ്പത്തിന്റെ അളവ്കോലെന്നതിപോലെ ഒരു രാഷ്ട്രീയ ആയുധം കൂടിയായാരുന്നു. അങ്ങനെ നോക്കുമ്പോൾ കാലിമോഷണം സമ്പത്ത് വർധിപ്പിക്കുവാനുള്ള ശക്തരുടെ മാർഗ്ഗം കൂടിയാണ്. ഇന്നും ഇവിടെ കാലിമോഷണം നടക്കുന്നുണ്ട്.

കഥയിലേക്ക് വരാം. അന്ന്, കൂട്ടുകാരോട് പോഖൊ വീരവാദം മുഴക്കിയത് ഇങ്ങനെ, “ഞാൻ അയാളുടെ താടി വടിച്ചു” (താടിവടിക്കുമ്പോൾ ഉണ്ടാവുന്ന ഷ്വേഷ്വേ എന്ന ശബ്ദം അനുകരിച്ചാണ് ആ കുട്ടി വീരവാദം മുഴക്കിയത്). ഏതായാലും, ആ സംഭവത്തിനു ശേഷം മൊഷ്വേഷ്വേ എന്ന ചെല്ലപ്പേര് സ്വയം സ്വീകരിച്ചതോ കൂട്ടുകാർ ചാർത്തിക്കൊടുത്തതോ, ആ പേരിലാണദ്ദേഹം അറിയപ്പെട്ടത്. സ്വാഭാവികമായും ജന്മസിദ്ധമായും നേതൃത്വപാടവം കാട്ടിയിരുന്ന മൊഷ്വോഷ്വേയ്ക്ക് ‘കൂട്ടിയോജിപ്പിക്കുന്നവൻ’ (Let­la­ma – The Binder) എന്നും ‘തിരക്കുള്ളവൻ’ (Tla­put­le – The Busy One) എന്നും ചെല്ലപ്പേരുകൾ വീണു. അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന ഒരു സമൂഹത്തിന്റെ ആദരവ് നേടിയെടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കഥ ഇങ്ങനെയാണ്. ക്ഷിപ്രകോപിയായ യുവാവ് ആളെക്കൊല്ലിയുമാണ്. ഇതിൽ അസ്വസ്ഥതപൂണ്ട അച്ഛനും മുത്തച്ഛനും അവന്റെ സ്വഭാവദൂഷ്യം മാറ്റുവാനായി പ്രശസ്തനാട്ടരചനും മന്ത്രവാദിയും വൈദ്യനുമായ മൊഹ് ലോമിയുടെ (Mohlo­mi) അടുത്തേക്ക് കൊണ്ടുപോയി. ഒരു നേതാവ്, അധികാരി എങ്ങനെയാവണം എന്നതിന്റെ ആദ്യപാഠങ്ങൾ അവിടെനിന്നും പഠിക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്തു.

1820 ൽ, പിതാവ് മൊഖജാനിയുടെ മരണശേഷം നാട്ടുരാജാവായി ബൂത്തബൂത്തെ ഗ്രാമം താവളമാക്കിയ കാലഘട്ടത്തിൽ ആണ് സൂലു (Zulu), ന്റെബേലെ (Nde­bele) തുടങ്ങിയ വർഗങ്ങൾ അവരെ ആക്രമിച്ചത്. കഠിനമായ ഈ ആക്രമണത്തെ കൊടുങ്കാറ്റെന്നാണ് വിശേഷിപ്പിച്ചിരുന്നത് (Difaqane ‑1813–1830). വറുതിയുടെ നാളുകളായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. ശാകാ-സുലുവിൽ നിന്നും ഒഴിഞ്ഞുമാറാനായി ബൂത്താബൂത്തെയിൽ നിന്നും തന്റെ കൂട്ടരെ 200 ഓളം കിലോമീറ്റർ ദൂരെയുള്ള ഖിലൊവാനീ താഴ്വാരത്തേക്ക് അദ്ദേഹം കൊണ്ടുപോയി. ഇന്ന് ആ മലമ്പ്രദേശം അറിയപ്പെടുന്നത് ഥബ‑ബോസിയു (Tha­ba Bosiu) ‘രാത്രിയിൽ പ്രകാശിക്കുന്ന പർവതം’ എന്നത്രെ!

കാൽനടയായുള്ള ഈ യാത്രയ്ക്കിടയിൽ (1824 ജൂൺ) ഒരു സംഘർഷം ഒഴിവാക്കുവാൻ പ്രധാനഗ്രാമങ്ങളില്‍ നിന്നെല്ലാം മാറിനടന്നു. ഈ യാത്രയിൽ, അദ്ദേഹത്തിന്റെ വൃദ്ധനായ മുത്തച്ഛൻ, പേറ്റേയെ (Peete) മടിമോങ്ങിനടുത്തുവച്ച് (Mal­imong) മനുഷ്യരെ തിന്നുന്നവർ പിടിച്ചു ചുട്ടുതിന്നു. പരീക്ഷണങ്ങളുടെ ഈ കാലത്ത് മനുഷ്യന്റെ ദുരവസ്ഥയും ഏറെ ആയിരുന്നു.
ഏതായാലും പുതിയ സെറ്റിൽമെന്റ് പച്ചപ്പിടിച്ചു. ഒരു രാഷ്ട്രം പതിയെ രൂപംപൂണ്ടു. ശക്തനായ ശാകാസുലുവിന് തൂവലുകൾ സമ്മാനമായി കൊടുത്തു സഹൃദം സ്ഥാപിച്ച കഥയും ഉണ്ട്.

ഏറ്റവും പ്രധാനം, തന്റെ മുത്തച്ഛനെ കൊന്നുതിന്നവരോട് പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കാഞ്ഞതാണ്. ഉപദേശകർ എതിരായിട്ടും അവർക്ക് കൃഷിയിടങ്ങളും കന്നുകാലികളെയും കൊടുത്തു വരുതിയിലാക്കി. അതിനദ്ദേഹം പറഞ്ഞതിങ്ങനെ, ”നമ്മുടെ പിതാക്കളുടെ ശവപ്പറമ്പാണ് അവരുടെ ആമാശയം അതിനെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്”. ഇത്തരം സംഭവങ്ങളിലൂടെ മൊഷ്വേഷ്വേ ഒരു ശക്തിയായി വളർന്നു. അയൽനാട്ടിലെ ജനങ്ങളും അദ്ദേഹത്തെ അംഗീകരിച്ചു. ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ സന്ദേശമാണ്. തന്നെ വിശ്വസിച്ചു കഴിയുന്ന ജനങ്ങളുടെ സംരക്ഷണം, സ്വാതന്ത്ര്യം എല്ലാമാണ് പരമപ്രധാനം. എതായാലും ചുറ്റും പർവതനിരകളാൽ സംരക്ഷിതമായ താഴ്വാരത്തിൽ മൊഷ്വേഷ്വേയും കൂട്ടരും താമസമാക്കി. മസേരുവിൽ നിന്നും ഥബ‑ബൊസിയുവിലേക്ക് ഏകദേശം 30 കിലോമീറ്റർ ദൂരമേയുള്ളു.

പിതാവിൽ നിന്നും മൊഷ്വേഷ്വേയ്ക്ക് അധികാരത്തിന്റെ ദണ്ഡ് ലഭിച്ചപ്പോൾ നാടിന്റെ ഗതിയും മാറി. തെക്കുള്ള നാട്ടിൽ, അയൽരാജ്യങ്ങളിൽ വെള്ളമുഖങ്ങൾ (Lekhooa) പുതിയതരം ആയുധങ്ങളുമായി നാട് വെട്ടിപ്പിടിക്കുന്നത് മൊഷ്വേഷ്വേ അറിഞ്ഞു. പിന്നീട് വളക്കൂറുള്ള മണ്ണിൽ ചോളത്തിനുപകരം വിളഞ്ഞത് തോക്ക്!
ദീർഘവീക്ഷണം കൊണ്ട്, യൂറോപിയൻ സൗഹൃദം തന്റെ ജനതയ്ക്ക് ഒരു മുതൽകൂട്ടാകുമെന്ന് മുൻക്കൂട്ടിയറിഞ്ഞ മൊഷ്വേഷ്വേ ബ്രിട്ടീഷുകാരുടെ സംരക്ഷണവും സ്വീകരിച്ചു (British Pro­tec­torate). അതോടൊപ്പം ക്രിസ്തീയ മിഷനറിമാരെയും ക്ഷണിച്ചു വരുത്തി.

രാഷ്ട്രീയമായി കൈകൊണ്ട ഈ തീരുമാനം ബസോത്തോ സമൂഹത്തിന്റെ ഉന്നമനത്തിനു ഏറെ പ്രയോജനകരമായി.
മൊഷ്വേഷ്വേ ക്രിസ്തുമതത്തെ നാട്ടാചാരങ്ങളുമായി കൂട്ടിക്കുഴക്കുവാൻ ശ്രമിച്ചില്ല, എന്നാൽ തള്ളിപ്പറഞ്ഞുമില്ല. പാശ്ചാത്യമതവും രാഷ്ട്രീയമോഹങ്ങളും ഒന്നായിപ്പോകുന്നില്ലല്ലോ എന്ന വ്യഥ വച്ചുപുലർത്തിയിരുന്ന അദ്ദേഹത്തെ മതം മാറ്റുവാൻ കാത്തോലിക്കാരും ഇവാഞ്ചലിക്കരും മത്സരിച്ചു. മാമോദീസ മുങ്ങി ക്രിസ്ത്യാനിയാകുവാൻ (കത്തോലിക്കാ വിഭാഗം) തീരുമാനിച്ച ദിവസം തന്നെ (മാർച്ച് 11,1870) അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. മൊഷ്വേഷ്വേ, ല്സോത്തോ എന്ന മലനാടിനു ബാക്കിവച്ചത് ചിതറിക്കിടന്ന ഗോത്രങ്ങളെ ഒന്നാക്കിമാറ്റിയ സമൂഹത്തെയാണ്. പാശ്ചാത്യരുടെ സഹായത്തോടെ ആധുനികലോകത്തേക്ക് തന്റെ പ്രജകളെ കൈപിടിച്ചു നടത്തിയ ഈ മഹാന്റെ നാമം ആഫ്രിക്കൻ ചരിത്രം സുവർണ്ണലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചരിത്രം പലർക്കും പ്രചോദനമാണ്.

അപ്പാർത്തേയ്ഡ് കാലത്ത് സൗത്ത് ആഫ്രിക്കയിലെ രാഷ്ട്രീയ നേതാക്കൾ അഭയം തേടിയത് ല്സോത്തോയിലായിരുന്നു. പല ലോകശക്തികൾക്കും സൗത്ത് ആഫ്രിക്കയുടെ രാഷ്ട്രീയത്തിൽ ഇടപെടുവാനും കഷ്ടതയനുഭവിക്കുന്ന അവിടത്തെ ജനങ്ങൾക്ക് സഹായം ലഭിക്കുവാനും ല്സോത്തോ ഒരു മാധ്യമമായി. 1966 ഒക്ടോബർ ആറിന് നാടിന്റെ ബ്രിട്ടീഷ് സംരക്ഷണം ഔദ്യോഗികമായി ഒഴിഞ്ഞു. ആ ദിനം ല്സോത്തോയുടെ സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്നു. ഇതൊക്കെയാണെങ്കിലും ബ്രിട്ടീഷ് ജനതയുമായുള്ള ല്സോത്തോ ജനതയുടെ ബന്ധം ഇന്നും വൈകാരികമാണ് എന്നുള്ളതിന് പല തെളിവുകളും ഉണ്ട്. അതിലൊന്നാണ് ല്സോത്തോ കമ്പിളിപ്പുതപ്പ്. ആദ്യകാലങ്ങളിൽ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നതാണ് ഈ പുതപ്പ്. പ്രത്യേകമായി ഡിസൈൻചെയ്ത് നെയ്ത പുതപ്പ് വിശേ, ദിവസങ്ങളില്‍ മേൽമുണ്ടായി ധരിക്കുന്നു.

സൗത്ത് ആഫ്രിക്ക സ്വാതന്ത്രമായതോടെ പല നയതന്ത്ര പ്രതിനിധികളും ല്സോത്തോയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് കൂടുമാറി. അതിന്റെ അനുരണനങ്ങൾ ഇവിടെയും കാണാം. എങ്കിലും സൗത്ത് ആഫ്രിക്കയുടെ സ്വാധീനം വർധിച്ചു വരുന്നതിന് ഒരുദാഹരണമാണ് മിക്കവാറും ഒരു കുടുംബത്തിലെ ഒരാൾ ഇവിടെ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് ജോലി തേടി പോകുന്നു എന്നത്. ഇതിന്റെ പ്രയോജനങ്ങളും പ്രത്യാഘാതങ്ങളും ക്യടുംബവ്യവസ്ഥയിൽ കാണാമായിരുന്നു. പുരുഷന്മാർ ജോലി തേടി സൗത്ത് ആഫ്രിക്കൻ ഖനികളിലേക്കു പോയപ്പോൾ സ്ത്രീശാക്തീകരണം ഒരു ചാലക ശക്തിയായി മാറി. അതിന്റെ പ്രയോജനം പലേ രംഗങ്ങളിലും കാണാം. കൂടുതൽ രംഗങ്ങളിൽ സ്ത്രീകൾ മുന്നോട്ടുവന്നതിനാൽ വിദ്യാഭ്യാസപരമായും രാഷ്ട്രീയസാമൂഹിക ഇടപെടലുകളിലും സ്ത്രീകൾ ഏറെ മുന്നിലായി.

അപ്പാർത്തേയ്ഡ് കാലത്ത് തങ്ങളുടെ പൗരർക്ക് സൗത്ത് ആഫ്രിക്കയിലേക്ക് പ്രവേശിക്കാൻ ഇന്ത്യൻ സർക്കാർ അനുവാദം കൊടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ ല്സോത്തോ വഴി സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറിപാർത്തവരിൽ മലയാളികളും അനവധിയാണ്. ല്സോത്തോയിൽതങ്ങിയ പല ഇന്ത്യൻ പൗരരും ഇവിടെ സ്ഥിരതാമസവുമാക്കിയിട്ടുണ്ട്. ഈ നാട്ടിലാണ് ഞാൻ 30 വർഷത്തിലേറെയായി അധ്യാപകനായി ജീവിച്ചതും ഇന്ന് താമസിക്കുന്നതും ഗവേഷകനായി തുടരുന്നതും. അവസരങ്ങളെ കൈനീട്ടി കൊടുക്കുന്ന നല്ലമനസുള്ളവരാണ് ഇവിടെയുള്ളവർ. പക്ഷെ ഈ കൊറോണാകാലം എല്ലാവരെയും പോലെ ല്സോത്തോ സമൂഹത്തെയും മാറ്റിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.