ഡാബയുടെ ഓരം ചേർന്നു ഏതാണ്ട് ആറ് മണിക്കൂറോളം നിന്നിട്ടാണ് ജിത്തു തിരിച്ചുവീട്ടിലേക്ക് നടന്നത്. തുടിച്ച കണ്ണുകളും, വെയിലേറ്റ് വാടിയ ശരീരവുമായി അവൻ അലസമായി നടന്നു.
ഡാബയുടെ പിറകിൽ വയലാണ്. വയലുകടന്നാൽ മുൾച്ചെടിക്കാട്, മുൾച്ചെടിക്കാടിന്റെ അപ്പുറം ജിത്തുവിന്റെ ഗ്രാമം.
മണ്ണുകൊണ്ടുള്ള ഭിത്തികളും, പുല്ലുമേഞ്ഞ മേൽക്കൂരയുമുള്ള കുറെ വീടുകളാണ് ഗ്രാമം. ഗ്രാമത്തിന് പേരുണ്ടോന്ന് ജിത്തുവിനറിയില്ല. ആ ഗ്രാമത്തിലെ പകുതിയിലധികം ആൾക്കാർക്കുപോലും പേരില്ല. അവനറിയാവുന്ന പലർക്കും ഒരേ പേരാണ്; താവു.
ജിത്തുവിന്റെ അച്ഛന് പേരുണ്ട്, രാംചരൺ. തന്റെ പേരിനെയോർത്ത് ജിത്തു പലപ്പോഴും അഭിമാനം കൊള്ളാറുണ്ട്. ഹിന്ദി സിനിമയിലെ വലിയ നടന്റെ പേരാണ് അവനും, ജിത്തേന്ദർ. വയലിനെ മുറിച്ചു കടക്കുമ്പോൾ അവർ വീണ്ടും തിരിഞ്ഞുനോക്കി. ഒരു ലോറിയെങ്കിലും വന്നിരുന്നെങ്കിൽ. കാലിയായ വയറിനെ അള്ളിപ്പിടിച്ച് അവൻ വരണ്ട വയലിലെ വിണ്ടുകീറിയ മണ്ണ്താണ്ടി.
ചാണകം മെഴുകിയ വീടിന്റെ വരാന്തയിൽ ചുമച്ചുതള്ളി അച്ഛനിരിയ്ക്കുന്നു. അച്ഛനിപ്പോൾ ഇങ്ങനെയാണ്. ബീഡിവലിച്ച്, ചുമച്ചു ചുമച്ചു വെറുതെ ഇരിക്കും.
ഒറ്റമുറിവീടിന്റെ ഉള്ളിൽ അമ്മയുണ്ട്. ജിത്തു അമ്മയ്ക്കരികിലേക്ക് പോയില്ല. അവനെ കണ്ടാലുടൻ അമ്മ കരയാനാരംഭിക്കും. ഉണങ്ങിയ ചുള്ളിക്കമ്പുപോലുള്ള അമ്മയുടെ കൈകൾ ജിത്തുവിന്റെ ജട പിടിച്ച തലയിലും, വരണ്ട, വിണ്ടുകീറിയ കവിളുകളിലും പരതിനടക്കും. അമ്മ അവനോട് സംസാരിച്ചിട്ടെത്ര നാളായിക്കാണും. അവനോർക്കാൻ പറ്റുന്നില്ല.
കുറച്ചുനാൾ മുമ്പ് വരെ അവനറിയില്ലായിരുന്നു, ജിത്തുവിനെ കാണുമ്പോൾ അമ്മയുടെ കണ്ണുനിറയുന്നതെന്തിനെന്ന്. പക്ഷേ ഇപ്പോൾ അവനറിയാം അമ്മയുടെ കരച്ചിലിന്റെ കാരണം. അവനത് തനിയെ മനസിലാക്കിയതാണ്. തന്റെയും ചേച്ചിയുടെയും വിശപ്പ് മാറ്റാനായിട്ടൊന്നും വീട്ടിൽ ഇല്ലല്ലോ എന്നോർത്തിട്ടാവും അമ്മയുടെ കണ്ണുകൾ നിറയുന്നത്. ഒറ്റമുറിവീട്ടിലെ ചാരം മണക്കുന്ന മൂലയിൽ തീ കത്തിയിട്ട് ദിവസങ്ങളായിട്ടുണ്ടാകും.
വിശപ്പിന്റെ കാളൽ പഠിപ്പിച്ച അറിവുകൾ.
അമ്മയുടെ കണ്ണുനിറയുമ്പോൾ ചേച്ചിയും കൂടെക്കരയും. ആ കരച്ചിലുകേൾക്കുമ്പോൾ അവന് സങ്കടം വരും. കണ്ണിലെന്തോ ഇറുക്കുന്നതായി തോന്നുമ്പോൾ അവൻ വീണ്ടും ഇറങ്ങി നടക്കും.
പണ്ട്, ഇങ്ങനെയല്ലായിരുന്നു. മൂന്ന് നേരവും അവർ നന്നായി ഭക്ഷിച്ചിരുന്നു. ഠാക്കൂറിന്റെ വയലിൽ അച്ഛൻ പണിക്കുപോയിരുന്നു. വൈകുന്നേരത്ത് അച്ഛൻ വരുമ്പോൾ ജിത്തുവിന് പലഹാരങ്ങൾ കിട്ടുമായിരുന്നു. അവനേറെ ഇഷ്ടമുള്ള പലഹാരം ജിലേബിയായിരുന്നു. ചൂട് ജിലേബിയുമായിട്ടല്ലാതെ അച്ഛൻ എത്താറില്ലായിരുന്നു.
ഒരുനാൾ അച്ഛനെ കുറെ ആൾക്കാർ ചുമന്നാണ് വീട്ടിൽ കൊണ്ടുവന്നത്. അച്ഛന്റെ ഒരു കാല് ഒടിഞ്ഞ നിലയിലും. അമ്മയുടെ ആർത്തലച്ച നിലവിളികൾക്കിടയിലും ജിത്തുവിന്റെ ചിന്ത അന്ന് വൈകുന്നേരത്തെ പലഹാരത്തെപ്പറ്റിയായിരുന്നു.
വയലിൽ കളിക്കാൻ വരുന്ന മനീഷാണ് പറഞ്ഞത്, “നിന്റെ അച്ഛന്റെ കാല് ഠാക്കൂറിന്റെ ഗുണ്ടകൾ തല്ലിയൊടിച്ചതാ… കൂലി കൂടുതൽ ചോദിച്ചതിന്”. ഠാക്കൂറിന്റെ ഗുണ്ടകളെ ജിത്തുവിന് പേടിയാണ്. അവരെക്കുറിച്ചുള്ള പല കഥകളും ജിത്തുവിനറിയാം. ആ കഥകളും പറഞ്ഞത് മനീഷാണ്. മനീഷിന് പല കഥകളുമറിയാം. അവൻ അവന്റെ അച്ഛന്റെ കൂടെ ഇഷ്ടികക്കളത്തിൽ പോകാറുണ്ട്. അവന്റെ അമ്മയും ഇഷ്ടികക്കളത്തിൽ ജോലിക്ക് പോകുന്നുണ്ട്.
മനീഷ് പറഞ്ഞിട്ടാണ്, ടൗണിനെപ്പറ്റി ജിത്തുവിന് അറിവു കിട്ടിയത്. ഒരു ദിവസം മനീഷ് അവന്റെ അച്ഛന്റെ കൂടെ ജോധ്പൂരിൽ പോയിരുന്നു. പത്തുംപതിനഞ്ചും നിലകളുള്ള കെട്ടിടങ്ങളെപ്പറ്റി അവൻ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. കാറ്റൊന്ന് ആഞ്ഞടിച്ചാൽ പറന്നുപോകുന്ന മൺവീടുകൾ മാത്രം കണ്ടിട്ടുള്ള ജിത്തു അന്നവനെ അവിശ്വാസത്തോടെ ചൂഴ്ന്ന് നോക്കി.
“പോ മനീഷേ.. പുളുവടിയ്ക്കാതെ. ഒരു വീടിന്റെ മുകളിൽ മറ്റൊരു വീടോ. കാറ്റടിച്ചാൽ വീഴില്ലേ…?
എന്തോ മനീഷ് മറുപടിയൊന്നും പറഞ്ഞില്ല. തന്റെ ഗ്രാമത്തിന്റെ നോക്കത്താദൂരത്തോളം, അതിനുമപ്പുറത്ത് മറ്റൊരു ഗ്രാമം പോലും ജിത്തു കണ്ടിട്ടില്ല. അനന്തതയിലേക്ക് പരന്നുകിടക്കുന്ന മുൾച്ചെടികൾ മാത്രം.
രാത്രിയിൽ ഹൈവേയിൽ കൂടി പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഹുങ്കാര ശബ്ദങ്ങൾ അവന്റെ ഉറക്കത്തിനെ ശല്യപ്പെടുത്താറുണ്ട്. തന്നെ ചുറ്റിവരിഞ്ഞ അമ്മയുടെ കൈകൾ വിടുവിച്ച് അവൻ പുറത്തിറങ്ങും. വെളിയിലെ ചാർപ്പായിൽ അച്ഛന്റെ ചുമ വിശ്രമമില്ലാതെ ശബ്ദിച്ചുകൊണ്ടേയിരുന്നു. ദൂരെ, മുൾക്കാടുകൾക്ക് പിറകിൽ പനകൾ പ്രേതം പോലെ തോന്നിക്കും. അവന് പ്രേതങ്ങളെപ്പേടിയാണ്. അവൻ അമ്മയുടെ കൈ വലയത്തിലേക്ക് തന്നെ മടങ്ങും.
കാലൊടിഞ്ഞ അച്ഛൻ പണിക്ക് പോകാതായി. അമ്മയുടെ കണ്ണുകൾ നിറഞ്ഞുതൂകി. അവന്റെ വൈകുന്നേരങ്ങളിലെ പലഹാരങ്ങൾ, അവന്റെ ഒത്തിരി ആഗ്രഹങ്ങളിലൊന്നായി മാറി.
പെട്ടെന്നാണ് വീട്ടിലേക്ക് സന്തോഷം മടങ്ങിയെത്തിയത്. അടുപ്പിൽ തീ കത്തിത്തുടങ്ങി.
അന്ന് അച്ഛനും അമ്മയും തനിച്ചിരുന്ന് എന്തെക്കെയോ സംസാരിച്ചു. ഇടയ്ക്ക് അമ്മയുടെ തേങ്ങൾ മാത്രം ജിത്തു കേട്ടു. കുറെ നേരം കഴിഞ്ഞ്, മുടന്തി മുടന്തി, അച്ഛൻ വയലുകടന്ന് ഹൈവേക്കരികിലുള്ള ഡാബയിലേക്ക് പോയി. അജ്മീർ — ജോധ്പൂർ ഹൈവേയിൽ എപ്പോഴും വലിയ വലിയ ലോറികൾ ചീറിപ്പാഞ്ഞുപോകുന്നത് വയലിൽ നിന്നും ജിത്തു കാണാറുള്ളതാണ്. ആ ലോറികളിലെ ഡ്രൈവർമാരാണ് ഡാബയിൽ ഭക്ഷണം കഴിക്കാൻ കയറുന്നത്. ഡാബയിൽ ഭക്ഷണത്തോടൊപ്പം മദ്യവും കിട്ടും. മനീഷിന് അറിയാത്തതായി ഒന്നുമില്ല. ചിലപ്പോഴൊക്കെ അവൻ ബഡായിയും പറയും. പത്തുനില കെട്ടിട്ടം കണ്ടെന്ന് പറഞ്ഞതും അവന്റെ ബഡായി ആയിരിക്കാം.
കുറെ നേരത്തിന് ശേഷം അച്ഛൻ മടങ്ങിവന്നു. കൂടെ മറ്റൊരാളുണ്ടായിരുന്നു. തടിച്ച്, കറുത്ത ഒരാൾ. ജിത്തുവിന് അയാളോടൊരു വെറുപ്പുതോന്നി. വീടിനുമുമ്പിലിട്ട ചാർപ്പായിയിൽ അയാളെ ആദരവോടെ അച്ഛനിരുത്തി. അച്ഛനും അയാളും ശബ്ദം താഴ്ത്തി എന്തോ പറയുന്നുണ്ടായിരുന്നു.
വരാന്തയിലിരുന്ന എന്നെ അച്ഛൻ അടുത്തേക്ക് വിളിപ്പിച്ചു, ചാർപ്പായിൽ പിടിച്ചിരുത്തി. തടിച്ചു കറുത്ത ആൾ വീടിനുള്ളിലേക്ക് കയറിപ്പോയി. അപ്പോൾതന്നെ ചേച്ചി വെളിയിലേക്ക് വന്നു.
വീടിനുള്ളിലേക്കു പോയ തടിയനെ കുറെ നേരമായിട്ടും കണ്ടില്ല. ജിത്തു അച്ഛന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
” മോൻ പേടിക്കണ്ട… അയാൾ അമ്മയോട് കുറെ കാര്യങ്ങൾ സംസാരിക്കുകയാ…”
ജിത്തു തലവെട്ടിച്ച് ചേച്ചിയെ നോക്കി. ചേച്ചിയുടെ മുഖത്തിൽ നിന്നും ഒന്നും മനസാലാക്കാൻ പറ്റിയില്ല. ചേച്ചിയുടെ കണ്ണുകൾ നിറംമങ്ങി, വരണ്ട വയലിന്റെ നിറംപോലെ തോന്നിച്ചു.
തടിയൻ മടങ്ങിവന്നു. അയാളുടെ മുഖത്ത് വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. ചാർപ്പായിലിരുന്ന ജിത്തുവിന്റെ തലയിൽ തലോടി അയാൾ അവന് മനസിലാകാത്ത ഭാഷയിൽ എന്തോ പറഞ്ഞു. അയാൾ മദ്രാസിയായിരിക്കും. അച്ഛന്റെ കൂടെ ഡാബയിൽ പോയിട്ടുള്ളപ്പോൾ അവൻ മദ്രാസികളെ കണ്ടിട്ടുണ്ട്. വലിയ ലോറിയോടിച്ചു വരുന്ന കറുത്ത മദ്രാസികളെ.
തടിയൻ മദ്രാസി വയലു കടക്കുന്നതിനു മുമ്പ് അച്ഛന്റെ കയ്യിൽ കുറെ നോട്ടുകൾ കൊടുത്തു. ജിത്തുവിന്റെ തല തലോടി അയാൾ അവന്റെ കയ്യിൽ പത്തുരൂപായുടെ ഒരു നോട്ട് കൊടുത്തു. ജിത്തുവിന്റെ കണ്ണുകൾ തിളങ്ങി. അവൻ സന്തോഷത്തോടെ മദ്രാസിയെ നോക്കി. ഞാൻ വെറുതെ അയാളെ തെറ്റിദ്ധരിച്ചു. നല്ല മദ്രാസി… മദ്രാസി ബയ്യ.
അമ്മയുടെ അരികിലേക്ക്, പത്തുരൂപാ നോട്ടുമായി അവൻ ഓടിയെത്തി.
“അമ്മേ… അമ്മേ… അമ്മയെന്താണ് മദ്രാസി ബയ്യായുമായി സംസാരിച്ചത്, ദാ… എനിക്ക് മദ്രാസി ബയ്യ പത്തുരൂപ തന്നു”
നീട്ടിപ്പിടിച്ച പത്തുരൂപയുടെ പിറകിൽ അവന്റെ കണ്ണുകൾ തിളങ്ങി. പക്ഷേ, അമ്മ അപ്പോഴും കരഞ്ഞു.
“ഈ അമ്മയ്ക്ക് ഭ്രാന്താ”. പിറുപിറുത്ത് അവൻ വയലിലേക്ക് ചാടിപ്പോയി. മനീഷിനെ രൂപ കാണിക്കണം. അവന്റെ അന്ധാളിപ്പ് കാണാൻ നല്ല രസമായിരിക്കും.
പിന്നെയുള്ള നാളുകൾ അല്ലലില്ലാതെ പോയി. അച്ഛൻ ഡാബയിലേക്ക് പോയി, കൂട്ടുകാരെ കൊണ്ടുവരും. ചിലപ്പോൾ മദ്രാസി, ചിലപ്പോൾ ബിഹാരി അങ്ങനെ ഡാബയിൽ കഴിക്കാൻ വരുന്ന പല ഭാഷ പറയുന്നവരും വന്നു. അവർ അമ്മയുമായി സംസാരിക്കാൻ പോകും. തിരിച്ചു വരുമ്പോൾ അച്ഛന് കൈ നിറയെ പൈസ കിട്ടും. ചിലപ്പോഴൊക്കെ ജിത്തുവിനും പൈസ കിട്ടി.
പക്ഷേ, എന്താണന്ന് അറിയില്ല. അമ്മയുടെയും ചേച്ചിയുടെയും കണ്ണുകളിൽ എപ്പോഴും ദുഃഖം മറഞ്ഞുകിടന്നു. പക്ഷേ, പണ്ടത്തെപ്പോലെ ആ കണ്ണുനീരുകൾ അവനെ അലോസരപ്പെടുത്തിയില്ല. എല്ലാം പെട്ടെന്നാണ് അവസാനിച്ചത്. ഹൈവേ നിശ്ചലമായി. ഡാബ സ്മശാന ശാന്തതപോലെ ആളില്ലാതെയായി. കൊറോണയെന്ന വലിയ രോഗമാണ് അതിനു കാരണമെന്ന് മനീഷാണ് പറഞ്ഞത്. കൊറോണയെപ്പറ്റി അവൻ കുറെയേറെ പറഞ്ഞു. മനീഷിന് എല്ലാ കാര്യങ്ങളെപ്പറ്റിയും അറിയാം.
“ടാ. ജിത്തു… വെളിയിൽ ആരോടും അടുത്ത് നിന്ന് സംസാരിക്കരുത്. കൊറോണ നിനക്കും വരും”
“കൊറോണ വന്നാൽ പിന്നെ മരണമാ… മരണം”
പേടിച്ച്, ജിത്തു കുറച്ച് ദിവസം അമ്മയെച്ചുറ്റിപ്പിണഞ്ഞ് വീട്ടിൽ തന്നെ കിടന്നു. പതുക്കെപ്പതുക്കെ വീട് പട്ടിണിയിലേക്ക് പോയി. അച്ഛൻ നിർത്താതയുള്ള ചുമയായി. ഇടിമിന്നലേറ്റ മരം പോലെ അമ്മ ക്ഷീണിച്ചു. വെളുത്ത് തുടുത്ത അമ്മയുടെ കവിളുകൾ കുഴിഞ്ഞ് അഭംഗിയുള്ളതായി. അമ്മയുടെയും ചേച്ചിയുടെയും കണ്ണുനീർ അവനെ വീണ്ടും അലോസരപ്പെടുത്തി. അച്ഛനാണെങ്കിൽ തീരെ വയ്യാതായി. എപ്പോഴും ചാർപ്പായിൽ കിടപ്പു തന്നെ… കൂട്ടിന് നിർത്താതയുള്ള ചുമയും.
അങ്ങനെയാണ് ജിത്തു ഡാബയുടെ അരികിലേക്ക് വന്നുനിന്നു തുടങ്ങിയത്. ഏതെങ്കിലും ഒരു വണ്ടി വന്നാൽ, അവരെ വീട്ടിലേക്ക് വിളിക്കണം. അവർ അമ്മയുമായി സംസാരിക്കുമ്പം പൈസ കിട്ടും. പൈസ കിട്ടിയാൽ പട്ടിണിമാറും…
പിറ്റെ ദിവസവും ജിത്തു ഡാബയിലെത്തി. അവന്റെ തിളങ്ങുന്ന കണ്ണുകൾ റോഡിന്റെ അറ്റങ്ങളിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. അവന് പ്രതീക്ഷയുണ്ടായിരുന്നു. അതല്ലാതെ മറ്റ് വഴികളുമില്ലായിരുന്നു.
സന്ധ്യയാകാറായപ്പോൾ മാനത്തുനിന്ന് പൊട്ടിവീണപോലെ ഒരു ലോറിയെത്തി. വെയിൽ കാർന്നുനിന്ന അവന്റെ ഓജസിന് തണുപ്പുകിട്ടി. വന്നത് മദ്രാസിയായിരുന്നു. റോഡിലേക്ക് കാലുവെച്ചതും മദ്രാസിയുടെ കൈകളിൽ ജിത്തു പിടുത്തമിട്ടു. അവൻ ആ ബലത്ത കൈകളെ വയലിലേക്ക് വലിച്ചു. അവന്റെ പെരുമാറ്റം ഭാഷയോളം പോന്നതായിരുന്നു. മദ്രാസി ഡ്രൈവർ അവന്റെ ചൂണ്ടുവിരലിൽ വയൽ കടന്നു.
ചാർപ്പായിലേക്ക് മദ്രാസി ആനയിക്കപ്പെട്ടു. തടിച്ച ശരീരം വലിച്ചുവന്ന ജിത്തു ചാർപ്പായിലേക്ക് ചാഞ്ഞു.
ചാർപ്പായിൽ മദ്രാസിയും അച്ഛന്റെ ചുമയും തമ്മിൽ സംസാരിച്ചു. ഒടുവിൽ മദ്രാസി ബയ്യ വീടിനുള്ളിലേക്ക് പോയി.
ഇപ്പം ചേച്ചി പുറത്തേക്ക് വരും. മദ്രാസി ബയ്യ അമ്മയുമായി സംസാരിക്കും. ബയ്യ തിരിച്ചുവരുമ്പോൾ അച്ഛന് കാശ് കിട്ടും. വീട്ടിലെ അടുപ്പിൽ തീ ഉണരും…
ജിത്തു വയറിലേക്ക് കൈപ്പത്തിവച്ചമർത്തി… മാനത്തേക്ക് നോക്കി. മാനം, നക്ഷത്രങ്ങൾ തൂക്കിയ മാനം അവനെ നോക്കിച്ചിരിച്ചു.
തലയിൽ പരതിയ കൈ അമ്മയുടേതല്ലേ. ജിത്തു ചാടിയെഴുന്നേറ്റു. അവൻ ആശ്ചര്യത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
“മോനെ ജിത്തു, മദ്രാസി ബയ്യ ഇന്ന് സംസാരിക്കുന്നത് ചേച്ചിയുമായിട്ടാണ്” ശരിയാ. അമ്മയിപ്പോൾ ആരോടും ഒന്നും സംസാരിക്കാറില്ല. അമ്മയുടെ കണ്ണുകൾ ഇന്ന് നിറഞ്ഞില്ലല്ലോ. ആ കണ്ണുകളിൽ മാനത്ത് തൂങ്ങിയാടുന്ന നക്ഷത്രങ്ങളെ അവൻ കണ്ടു. വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളെ. അവൻ വീണ്ടും ചാർപ്പായിലേക്ക് കിടന്നു.
മദ്രാസി ബയ്യ ചേച്ചിയുമായി സംസാരിക്കും. ബയ്യ മടങ്ങുമ്പോൾ അച്ഛന് ഒത്തിരി കാശ് കിട്ടും. അടുപ്പിൽ തീ കത്തും.
ചാർപ്പായിൽ അച്ഛന്റെ ചുമയുണ്ട്. ബയ്യ ഇന്ന് കുറെയേറെ സംസാരിക്കുന്നുണ്ടല്ലോ.
അമ്മയുടെ ഉണങ്ങിയ കൈകൾ ജിത്തുവിന്റെ തലമുടിയിൽ ഇടറിനടന്നു. ആരോ അലറിക്കരയുന്നുണ്ടോ. ചേച്ചിയാണോ? ഏയ്. ചേച്ചി മദ്രാസി ബയ്യയുമായി സംസാരിക്കുവല്ലേ. അവൻ ഉറക്കത്തിലേക്ക് പോയി. കൂടെ ഒരു സ്വപ്നവും. പത്തുരൂപ നോട്ടുമായി വയലിൽ ചാടിക്കളിക്കുന്ന അവനും മനീഷും. അപ്പോഴും അച്ഛൻ ചുമച്ചുകൊണ്ടിരുന്നു…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.