22 January 2026, Thursday

ചൂരൽമലയ്ക്ക് യുവതയുടെ കൈത്താങ്ങ്

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
April 30, 2025 4:45 am

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചൂരൽമല മുണ്ടക്കൈ മേഖലകളിലെ ഉരുൾബാധിതരെ ചേർത്ത് പിടിച്ചുകൊണ്ട് എഐവൈഎഫ് സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നും വിവിധ ചലഞ്ചുകളിൽ നിന്നുമായി വീട് നിർമ്മാണത്തിന് സമാഹരിച്ച തുക ഇന്ന് തിരുവനന്തപുരത്തുവച്ച് മുഖ്യമന്ത്രിക്ക് കൈമാറുകയാണ്. 2024 ഓഗസ്റ്റ് 30ന് പുലർച്ചെ മിനിറ്റുകൾ മാത്രം നീണ്ടുനിന്ന പ്രകൃതിയുടെ ഭാവമാറ്റം പ്രദേശങ്ങളെയാകെ ചേതനയറ്റ ശരീരങ്ങളുടെ കൂമ്പാരമാക്കി മാറ്റിയ ദുരന്തമുഖത്ത് അസാധാരണമായ ഏകോപനത്തോടെയും നേതൃപാടവത്തോടെയും നിലയുറപ്പിച്ചാണ് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്ക് എഐവൈഎഫ് പ്രവർത്തകർ നേതൃത്വം നൽകിയത്. ‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി സംഘടന ആഹ്വാനം ചെയ്ത കാമ്പയിന്റെ ഭാ​ഗമായി വിവിധ ഘടകങ്ങൾ വിവിധ ജില്ലകളിൽ നിന്ന് ദുരന്തബാധിതർക്ക് അവശ്യ വസ്തുകളും മറ്റുല്പന്നങ്ങളും വ്യാപകമായി വയനാട്ടിൽ എത്തിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി കല്പറ്റ കേന്ദ്രമാക്കി ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ അവിടെ ചുമതല നിർവഹിച്ചു. ദുരന്തം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ദിനംതോറും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ദൗത്യത്തിന് ഇറങ്ങുകയും ചെയ്തു. വയനാട് സിപിഐ നേതൃത്വവും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയുണ്ടായി. ഭഗത് സിങ് യൂത്ത് ഫോഴ്സ് പ്രവർത്തകർ കർമ്മനിരതരായി, വിശ്രമമില്ലാതെ, അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളോട് പൊരുതി നടത്തിയ രക്ഷാദൗത്യം കേരളത്തിനാകെ മാതൃകയായി.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ച ചെളിയില്‍ ഒഴുകിപ്പോയ തിരിച്ചറിയാൻ പറ്റാത്തവിധത്തിലുള്ള മൃതശരീരങ്ങൾ പലതും ചാലിയാറിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും അത്യന്തം ദുർഘട സാഹചര്യത്തിൽ അവർ കണ്ടെത്തി. ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്കും ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ അടുക്കളകളുടെ പ്രവർത്തനങ്ങളും സജീവമായിരുന്നു. പിന്നീട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീടുവച്ച് നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾ സംഘടന ആസൂത്രണം ചെയ്യുകയുണ്ടായി. പേപ്പർ ചലഞ്ച്, ബിരിയാണി ചലഞ്ച്, പായസ ചലഞ്ച്, വര ചലഞ്ച്, കൂപ്പൺ ചലഞ്ച്, ബുള്ളറ്റ് ചലഞ്ച് തുടങ്ങി വിവിധ ചലഞ്ചുകളിലൂടെയും മറ്റ് വ്യത്യസ്ത കാമ്പയിനുകളിലൂടെയുമുള്ള അതിജീവന ശ്രമങ്ങളിൽ പ്രവർത്തകർ ഒന്നടങ്കം സജീവമായി. മറ്റ് യുവജന സംഘടനകളും മത — രാഷ്ട്രീയ — സാമൂഹ്യ സംഘടനകളെല്ലാം ദുരന്ത മേഖലയിൽ സഹായ ഹസ്തവുമായി രംഗത്തെത്തി. 

മുഖ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളുമെല്ലാം ഉണർന്ന് പ്രവർത്തിക്കുകയും ദുരിതമേഖലയിൽ ആശ്വാസ പ്രവർത്തനങ്ങൾക്ക് കൈമെയ് മറന്ന് രംഗത്തുവരികയും ചെയ്തു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് റവന്യു മന്ത്രി കെ രാജന്‍ മുന്നില്‍ നിന്നു. വിവിധ വകുപ്പുകളെ എകോപിപ്പിച്ചുള്ള സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളും മനുഷ്യസ്നേഹികളായ അനേകം ആളുകളും അതിരുകളില്ലാത്ത കരുതലിന്റെയും സ്നേഹത്തിന്റെയും നിസ്തുല മാതൃകകൾ സൃഷ്ടിക്കുകയുണ്ടായി.
ഉംറയ്ക്ക് പോകാൻ സ്വരൂപിച്ചുവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തിരുവനന്തപുരം കരമന സ്വദേശി നവാസും കുഞ്ഞുമക്കൾക്ക് മുലപ്പാൽ നൽകാൻ പോലും സന്നദ്ധയായ സഹോദരിയും അതിരുകളില്ലാത്ത കരുതലിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും മറുവാക്കുകളായിരുന്നു. ദുരന്തമുഖത്തുനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട സുജാതയുടെയും കൊച്ചുമകളുടെയും അനുഭവസാക്ഷ്യം കല്പിത കഥകളെയും വെല്ലുന്നതാണ്. പുലർച്ചെ മറ്റുള്ളവരെത്തി അവരെ കൊണ്ടുപോകുന്നതുവരെ ആ അമ്മൂമ്മയും കൊച്ചുമകളും മൂന്ന് ആനകളുടെ സംരക്ഷണത്തിലായിരുന്നു. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ.
ദുരന്തം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെയും ദുരന്തനിവാരണത്തിനായി കേരളം ആവശ്യപ്പെട്ട ധനസഹായം നൽകാതെയും ദുരന്തബാധിതരുടെ വായ്പകൾ ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം എഴുതിത്തള്ളുകയെന്ന ആവശ്യം പരിഗണിക്കാതെയും അപ്രായോഗികമായ നിർദേശത്തോടെ അനുവദിച്ച് നൽകിയ വായ്പയിലൂടെ തങ്ങളുടെ ഉത്തരവാദിത്ത നിർവഹണം നടത്തിയെന്ന് ലാഘവത്തോടെ പ്രഖ്യാപിക്കുകയാണ് കേന്ദ്രം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്ന വിഷയത്തിലും തികഞ്ഞ അലംഭാവമാണ് കാണിച്ചത്. മാരകമായ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടാൽ സംസ്ഥാനത്തിന് സാധാരണ നൽകുന്ന ദുരന്ത പ്രതികരണ നിധിക്ക് പുറമെ ദേശീയ നിധിയിൽ നിന്നും പ്രത്യേക സഹായം നൽകേണ്ടി വരുമെന്നതിനാലും സംസ്ഥാനത്തിന് മറ്റുപല സ്രോതസുകളിൽ നിന്നും സഹായം അഭ്യർത്ഥിക്കാൻ കഴിയുമെന്നതിനാലും അങ്ങേയറ്റം മനുഷ്യത്വരഹിതവും വിവേചനപരവുമായ നടപടികളിലൂടെ അത്തരം സാഹചര്യം തടയുന്നതിനായുള്ള ആസൂത്രിത നീക്കം തന്നെ കേന്ദ്രം നടത്തുകയുണ്ടായി.
ഏറ്റവുമൊടുവിൽ സംസ്ഥാനത്തിന്റെ നിരന്തര സമ്മർദത്തിന് വഴങ്ങി അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുവെങ്കിലും ഉത്തരവിലെ കാലതാമസം നിമിത്തം യുഎൻ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവയിൽ നിന്നടക്കം അധിക സഹായം ലഭിക്കാത്ത സ്ഥിതിവിശേഷമാണുണ്ടായത്. അതുപോലെത്തന്നെ കേരളം കേന്ദ്രത്തിന് ഓഗസ്റ്റ് 17ന് നൽകിയ ആദ്യ മെമ്മോറാണ്ടത്തിൽ തന്നെ പുനർനിർമ്മാണത്തിനുള്ള ചെലവിന്റെ പ്രാഥമിക കണക്കുകൾ സമർപ്പിച്ചിരുന്നു. ദേശീയ നയവും പദ്ധതി ചട്ടക്കൂടും അനുസരിച്ചുള്ള വിവിധ പുനർ നിർമ്മാണച്ചെലവായി കണക്കാക്കിയിരിക്കുന്നത് 2,221.033 കോടി രൂപയാണ്. ഇതിന്റെ ഉത്തരവാദിത്തം യൂണിയൻ സർക്കാരിനാണെന്ന് ദേശീയ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തന്നെ വ്യക്തമാക്കുന്നുണ്ടെന്നിരിക്കെ തുടക്കം മുതൽ ഒളിച്ചുകളിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ദുരിതാശ്വാസത്തിനായി കേരളം ആവശ്യപ്പെട്ട പാക്കേജിന്റെ വിഷയത്തിൽ അവസാന ബജറ്റിൽപ്പോലും തീർത്തും നിഷേധാത്മക സമീപനമായിരുന്നു കേന്ദ്രത്തിന്റേത്.

കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടയിലും ഉരുൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം ഏറ്റവും മാതൃകാപരമായ രീതിയിൽ നടപ്പാക്കാനുള്ള സത്വര നടപടികളുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ജില്ലാ ആസ്ഥാനമായ കല്പറ്റയിലെ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ തറക്കല്ലിടൽ അല്പ ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി നിർവഹിക്കുകയുണ്ടായി. 1000 ചതുരശ്രയടി വിസ്തീർണം വരുന്ന വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രം, പൊതുമാർക്കറ്റ്, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടെ ടൗൺഷിപ്പിലുണ്ടാകും. ടൗൺഷിപ്പിൽ താല്പര്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ വീതം നൽകാനും പദ്ധതിയുണ്ട്. ഇങ്ങനെ പ്രകൃതി ദുരന്തം ഭീതിയുടെ നിഴലിൽ നിർത്തിയ നിസഹായരായ ജനവിഭാഗത്തെ കൈവിടാതെ ചേർത്ത് നിർത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ദുരന്തം ബാധിച്ച ജനതയുടെ പുനരധിവാസത്തിനായുള്ള എഐവൈഎഫ് കാമ്പയിനുകളോട് കേരളമൊന്നടങ്കം ഒരേ മനസോടെ സഹകരിച്ചത് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്. ഒരു നാടിന്റെ പുനർനിർമാണത്തിൽ യുവത്വത്തിന്റെ കരുത്തിനെയും കർമ്മശേഷിയെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞുവെന്നതിൽ എഐവൈഎഫിന് തികഞ്ഞ ചാരിതാർത്ഥ്യവുമുണ്ട്. കേരള ജനത ഒറ്റക്കെട്ടായി നിന്ന് അധ്വാനമായും പണമായും സഹായങ്ങളായും ദുരിതബാധിതരെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയായിരുന്നു. അതെ, ഉരുൾ ദുരന്തത്തിന്റെ തീരാനോവിൽ നിന്നും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പാതയിലേക്ക് ജനകീയ മുന്നേറ്റത്തിന്റെ കരുത്തിൽ തിരിച്ചെത്തുകയാണ് ചൂരൽമല നിവാസികൾ. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.