26 April 2024, Friday

ഇവരും അധ്യാപകരാണ്, കണ്ണീർ വീഴ്ത്തരുത്!

എൻ ശ്രീകുമാർ
പ്രസിഡന്റ്, എകെഎസ്‌ടിയു
September 5, 2021 5:45 am

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുൻ റവന്യു മന്ത്രിയും ഇപ്പോഴത്തെ കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ കേരളത്തിലെ പ്രീ പ്രൈമറികളെ സംബന്ധിച്ച് ഒരു സബ്മിഷൻ അവതരിപ്പിച്ചിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ മേഖലയ്ക്ക് ഒട്ടും അഭിമാനകരമല്ല, പ്രീ പ്രൈമറികളുടെ ഇന്നത്തെ സ്ഥിതി. നമ്മുടെ പ്രീ പ്രൈമറികൾ മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിൽ പണിയെടുക്കുന്ന അധ്യാപകരെയും ആയമാരെയും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകുന്നതിനായിരുന്നു സബ്മിഷൻ. അതിന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ മറുപടി ഈ മേഖലയ്ക്ക് അത്ര വലിയ പ്രതീക്ഷ പകർന്നിട്ടില്ല. പ്രീ പ്രൈമറിയുടെ പ്രാധാന്യമെന്തെന്നും ഈ മേഖല അനുഭവിക്കുന്ന ക്ലേശകരമായ സാഹചര്യമെന്തെന്നും അറിയാവുന്നയാളാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ദേഹത്തിന്റെ കൂടുതൽ ശ്രദ്ധ ഈ മേഖലയ്ക്കുണ്ടാകണം. ഇടതുപക്ഷ മുന്നണിയുടെ രാഷ്ട്രീയ തീരുമാനം കൂടി കൈക്കൊണ്ട് ഈ മേഖല ശാസ്ത്രീയമായി പുനർനിർമ്മിക്കാനും തൊഴിൽ ചെയ്യുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനും ഇനിയും അമാന്തിച്ചു കൂടാ. പ്രീ പ്രൈമറികളെ സംബന്ധിച്ച് ഒരു നയരൂപീകരണത്തിന് സർക്കാർ തലത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. മൂന്നു മുതൽ അഞ്ച് വയസു വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം നിർവഹിക്കുന്ന മേഖലയാണ് പ്രീ പ്രൈമറിയെന്ന് നമുക്കറിയാം.

ഏറെക്കുറെ എല്ലാ പ്രൈ­മറി വിദ്യാലയങ്ങൾക്കൊപ്പവും ഇന്ന്, പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്. എന്നാ­ൽ ഇതിൽ കേവലം 2115 പ്രീ പ്രൈമറി സ്ഥാപനങ്ങളെ മാത്രമേ സർക്കാർ അംഗീകരിച്ചിട്ടുള്ളു. 2012 ജൂലായ് മാസത്തിന് മുമ്പ് സ്ഥാപിതമായ സ്ഥാപനങ്ങൾക്കാണ് നിലവിൽ അംഗീകാരമുള്ളത്. ഇവയിൽ 30 വിദ്യാർത്ഥികൾക്ക് ഒരു ടീച്ചറും ഒരു ആയയും സർക്കാർ വേതനം പറ്റി ജോലി ചെയ്യുന്നു. വേതനം വളരെ ചെറുതാണ്. ടീച്ചറിന് 10,500 ആയക്ക് 6,500 രൂപ വീതം. എന്നാൽ 2012ന് ശേഷം സ്ഥാപിതമായ പ്രീ പ്രൈമറികളുടെ നിലനില്പും സംരക്ഷണവും സ്കൂൾ അ­ധ്യാപക രക്ഷാകർത്തൃ സമിതി­കളാണ് നിർവഹിക്കുന്നത്. കുട്ടികളിൽ നിന്ന് ഫീസ് പിരിവു നടത്തിയാണ് ഇവ മുന്നോട്ട് കൊണ്ടുപോകുന്നത്. അധ്യാപകർക്കും ആയ മാർക്കും നാമമാത്ര വേതനം മാത്രം ലഭിക്കുന്നതിനുള്ള സാഹചര്യമേയുള്ളു. എന്നാൽ, ഈ മേഖലയ്ക്ക് അംഗീകാരവും മികവും ഉണ്ടാകുമെന്നും അതുവഴി മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും പ്രതീക്ഷിച്ചാണവർ തുടരുന്നത്.

ഇതുംകൂടി വായിക്കൂ:ഇന്ന് അധ്യാപക ദിനം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിത്രപ്രദർശനമൊരുക്കി ചിത്രകലാധ്യാപകൻ മാതൃകയാവുന്നു

കച്ചവട വിദ്യാഭ്യാസ ശക്തികൾ വലിയ തോതിൽ കയ്യടക്കിവച്ചിരിക്കുന്ന മേഖലയാണിത്. അശാസ്ത്രീയ വിദ്യാഭ്യാസമാണവിടെ അവർ പ്രദാനം ചെയ്യുന്നത്. കുട്ടിക്ക് മാതൃഭാഷയിൽ പഠിക്കാനുള്ള ജന്മാവകാശം ഇത്തരം സ്ഥാപനങ്ങൾ നിഷേധിക്കുന്നു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയുടെ സുപ്രധാന കാലയളവാണ് ആറു വയസുവരെയുള്ള പ്രായഘട്ടം. ശാസ്ത്രീയവും മികവുറ്റതുമായ അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യാൻ പ്രീ പ്രൈമറി ഘട്ടത്തിൽ കഴിയണം. ഏതൊരു കുട്ടിയുടെയും ഭാഷാപരമായ ബുദ്ധി വികസിക്കണമെങ്കിൽ അവന് /അവൾക്ക് പരിചിതമായ മാതൃഭാഷയിൽ ബാല്യകാല വിദ്യാഭ്യാസം ഉറപ്പായെങ്കിലേ സാധിക്കു എന്ന് ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്രം അടിവരയിടുന്നു. സാമൂഹിക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അങ്കണവാടികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നത് മൂന്നു മുതൽ അഞ്ചു വരെ പ്രായഘട്ടത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യ പരവുമായ പരിപാലനം ലക്ഷ്യം വച്ചുകൊണ്ടാണ്. നിലവിൽ 33000 ത്തോളം അങ്കണവാടികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. അതുള്ളപ്പോൾ എന്തിന് പ്രീപ്രൈമറി എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ, അങ്കണവാടികൾ കുട്ടിയുടെയും അമ്മയുടെയും ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ശാസ്ത്രീയ വിദ്യാഭ്യാസം അതിന്റെ മുഖ്യ ലക്ഷ്യമല്ല.

ഇന്ന് അധ്യാപക ദിനം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിത്രപ്രദർശനമൊരുക്കി ചിത്രകലാധ്യാപകൻ മാതൃകയാവുന്നു
ഇതുംകൂടി വായിക്കൂ:

അങ്കണവാടികൾ പൊതുവേ ശിശു സൗഹൃദ അന്ത­രീക്ഷമുള്ളവയല്ല. എന്നാൽ, അങ്കണവാടികളിൽ നിന്ന് ലഭിക്കുന്ന സേവനം കൂടി ഈ പ്രായഘട്ടത്തിലെ കുട്ടികൾക്ക് ലഭ്യമാക്കാനുതകുന്ന ഒരു പദ്ധതി, ഈ മേഖലകളെ സംയോജിപ്പിച്ച് രൂപീകരിക്കാനാണ് ശ്രമിക്കേണ്ടത്. അതിനായുള്ള നിർദ്ദേശങ്ങൾ കേരള സർക്കാരിന് മുന്നിലുണ്ടുതാനും. കുട്ടികൾക്ക് പ്രീ പ്രൈമറികളിലൂടെ മികച്ച വിദ്യാഭ്യാസം നല്കാൻ കഴിയണമെങ്കിൽ സംതൃപ്തരായ ജീവനക്കാർ അത്യന്താപേക്ഷിതമാണ്. ആയതിനാൽ ഈ മേഖലയിലെ ജീവനക്കാർക്ക് മാന്യമായ വേതനം നല്കണം. അവരുടെ യോഗ്യതയും സർക്കാർ നിർണയിക്കണം. നിലവിലുള്ളവർ യോഗ്യരല്ലെങ്കിൽ കൂടുതൽ മികച്ച പരിശീലനം നൽകണം. വർഷങ്ങളായി നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ താലോലിച്ച് വളർത്തിയ ഈ അമ്മമാർക്ക് പെൻഷനും സ്വസ്ഥജീവിതവും സർക്കാർ ഉറപ്പാക്കണം. അവരും അധ്യാപകരാണ്, അവരുടെ കണ്ണീർ വീണ് കേരളം നനയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.