3 January 2026, Saturday

പാകിസ്ഥാനെക്കൊണ്ട് ‘വൃത്തികെട്ട പണി’ ചെയ്യിച്ച സമാധാനത്തിന്റെ മാലാഖമാർ

ബേബി കാസ്ട്രോ
April 30, 2025 4:15 am

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യുഎസിനും പാശ്ചാത്യശക്തികൾക്കും വേണ്ടി ഞങ്ങൾ വൃത്തികെട്ട പണികൾ ചെയ്യുന്നു. ബ്രിട്ടന് വേണ്ടിയടക്കം. ഞങ്ങൾ അവർക്കുവേണ്ടി സോവിയറ്റ് യൂണിയനെതിരെ യുദ്ധരംഗത്തായിരുന്ന കാലത്ത് ഇന്നത്തെ ഭീകരന്മാർ വാഷിങ്ടണിൽ തീനും കുടിയുമായി കഴിയുകയായിരുന്നു. പിന്നാലെയാണ് 9/11 സംഭവിച്ചത്”. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ക്വാജാ ആസിഫ് ലണ്ടനിൽ വച്ച് സ്കൈ ന്യൂസിനുവേണ്ടി അഭിമുഖം ചെയ്ത യാൽദാ ഹക്കീമിനോട് പറഞ്ഞ വാക്കുകളാണിത്. ഏപ്രിൽ 24ന് വ്യാഴാഴ്ച രാത്രി നടത്തിയ ഈ പ്രസ്താവന ഇന്ത്യൻ മാധ്യമങ്ങൾ വലിയരീതിയില്‍ പ്രസിദ്ധപ്പെടുത്തിക്കണ്ടില്ല. വന്ന വാർത്തകളാകട്ടെ ഭീകരസംഘടനകളെ പിന്തുണച്ചതായി പാക് മന്ത്രി സമ്മതിച്ചതായി അവതരിപ്പിക്കുന്നതുമായിരുന്നു. ഇസ്ലാമിക ഭീകരപ്രവർത്തനത്തിന് പാകിസ്ഥാൻ മണ്ണും വെള്ളവും മാത്രമല്ല ആളും അർത്ഥവും നൽകിവരുന്ന കാര്യം അരമന രഹസ്യമല്ല, അങ്ങാടിപ്പാട്ടാണ്. അതിലൊരു വാർത്തയേയില്ല. എന്നാൽ ഇന്നത്തെ ലോകക്രമത്തിൽ വാർത്തയാകേണ്ട ഭാഗം വരികൾക്കിടയിൽ മുങ്ങിപ്പോയത് എന്തുകൊണ്ടാകാം? മുസ്ലിം തീവ്രവാദികൾ ഒരു ഭാഗത്തും പരിഷ്കൃതലോകം മറുഭാഗത്തും നിലയുറപ്പിച്ചുകൊണ്ട് ആഗോള ഭീകരതയ്ക്കെതിരെ യുദ്ധം നടന്നുവരുന്നു എന്ന വ്യാജ ആഖ്യാനത്തോട് ഈ വെളിപ്പെടുത്തൽ ഒത്തുപോകുന്നില്ല എന്നത് കൊണ്ടുതന്നെ. 9/11 എന്ന് പാക് മന്ത്രി വിശേഷിപ്പിച്ചത് 2001 സെപ്റ്റംബർ പതിനൊന്നിലെ ഭീകരാക്രമണത്തെത്തന്നെ. അന്നാണ് യുഎസിന്റെ ഉറക്കംകെടുത്തിയ ആ സംഭവം ഉണ്ടായത്. അമേരിക്കൻ സാമ്രാജ്യത്വം പാലുകൊടുത്ത് വളർത്തിയ വിഷപ്പാമ്പുകൾ ആ കയ്യിൽത്തന്നെ കൊത്തിയത് അന്നാണ്. അൽ — ഖ്വയ്ദയുടെ നേതൃത്വത്തിൽ 19 ചാവേറുകൾ നാല് യാത്രാവിമാനങ്ങൾ റാഞ്ചി. രണ്ടെണ്ണം ന്യൂയോർക്കിലെ വേൾ‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളിൽ ഇടിച്ചിറങ്ങി. ഒരെണ്ണം ആർലിങ്ടണിലെ യുഎസ് പ്രതിരോധകേന്ദ്രമായ പെന്റഗൺ ആസ്ഥാനത്തും. നാലാമത്തേത് വൈറ്റ് ഹൗസിനെയാണ് ഉന്നംവച്ചതെന്ന് കേട്ടുകേൾവിയുണ്ട്. എന്നാൽ ഒരു യാത്രക്കാരന്റെ ചെറുത്തുനില്പ് മൂലം പെൻസിൽവാനിയയിലെ വയലിൽ അത് തകർന്നുവീഴുകയായിരുന്നു. 2,977 മനുഷ്യർ കൊല്ലപ്പെട്ട ഈ അക്രമം ഭീകരവാദചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ്. 

ജീവാപായമോ സാമ്പത്തികനഷ്ടമോ അല്ല സെപ്റ്റംബർ പതിനൊന്നിനെ ചരിത്രമാക്കി മാറ്റിയത്. ഭരണവർഗമായ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സുകളുടെ താല്പര്യാർത്ഥം എല്ലാ ഭൂഖണ്ഡങ്ങളിലും യുദ്ധത്തിന്റെയും അട്ടിമറികളുടെയും പ്രായോജകരായി പ്രവർത്തിക്കുന്ന യുഎസ് അധികാരികൾ സ്വദേശത്ത് ദാരുണമായതൊന്നും നൂറ്റാണ്ടുകളായി കണ്ടിട്ടുള്ളവരല്ല. ഒന്നും രണ്ടും ലോകമഹായുദ്ധം മനുഷ്യരാശിയെ തകർത്തു തരിപ്പണമാക്കിയപ്പോൾ അവയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ യുഎസ്എ ആയിരുന്നു. ജപ്പാനും ജർമ്മനിയുമടക്കമുള്ള പരാജിതരും ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള വിജയികളും നടുവൊടിഞ്ഞു വീണ സ്ഥാനത്ത് ലോകനായകനായി അമേരിക്ക രംഗപ്രവേശം ചെയ്തു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത എത്രയെത്ര ഭരണാധികാരികളെയാണ് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ചതുരവടിവായ ഗൂഢാലോചനകളിലൂടെ സിഐഎ ഇല്ലാതാക്കിയിട്ടുള്ളത്? എത്രയെത്ര സ്വേച്ഛാധിപതികളെയും പാവസർക്കാരുകളെയുമാണ് തല്‍സ്ഥാനത്ത് അവരോധിച്ചിട്ടുള്ളത്? എന്നാൽ സ്വന്തം മണ്ണിലെ തിരിച്ചടി അവരെ നോവിച്ചു. മൂലധന — സൈനിക — രാഷ്ട്രീയ അധികാരങ്ങളുടെ അജയ്യത തകർന്നുവീണു. നഷ്ടപ്പെട്ട അഹന്ത വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ നീണ്ട ഒരു യുദ്ധം അവർ പ്രഖ്യാപിച്ചു — “ശാശ്വതസമാധാനത്തിനായുള്ള യുദ്ധം”!
തങ്ങൾ തന്നെ പണവും ആയുധങ്ങളും പരിശീലനവും തന്ത്രോപദേശവും നല്‍കിയ ആസുരശക്തിക്കെതിരെയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചത്. അതിലേക്ക് നയിച്ച പശ്ചാത്തലം വിസ്മരിക്കുക സാധ്യമല്ല. സോവിയറ്റ് യൂണിയൻ നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് ചേരിയിലും ഇന്ത്യ നയിച്ച ചേരിചേരാ പ്രസ്ഥാനത്തിലും ഉൾപ്പെട്ട രാജ്യങ്ങൾ സുസ്ഥിരമായ ഭരണക്രമത്തിലേക്ക് നീങ്ങുന്നതും ജനാധിപത്യവും സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസന ക്ഷേമപാതയും തെരഞ്ഞെടുത്ത് മുന്നേറുന്നതും ആഗോള മൂലധനശക്തികൾക്ക് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അവിടങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും അരാജകത്വം വളർത്താനും അളവറ്റ സമ്പത്തും സൈനികശേഷിയും ചാരസാമർത്ഥ്യവുമെല്ലാം യുഎസ് കലവറയില്ലാതെ ചെലവഴിച്ചു. വിയറ്റ്നാമിലും കൊറിയയിലും ക്യൂബയിലും ചിലിയിലും അംഗോളയിലുമെല്ലാം ലോകം അത് ദർശിച്ചതാണ്. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് പാകിസ്ഥാനുവേണ്ടി ഇന്ത്യയെ ആക്രമിക്കാൻ തുനിഞ്ഞ് അമേരിക്കയുടെ ഏഴാം കപ്പൽപ്പട ബംഗാൾ ഉൾക്കടലിൽ എത്തിയതും സോവിയറ്റ് യൂണിയന്റെ ശക്തമായ താക്കീതിനെതുടർന്ന് തിരികെപ്പോയതും ചരിത്രമാണ്.
അഫ്ഗാനിസ്ഥാനിൽ ഒരു ആധുനിക ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതും ഗോത്രമതസമൂഹത്തെ ആധുനികവല്‍ക്കരിക്കാനുള്ള യത്നങ്ങളിൽ മുന്നോട്ടുപോയതും യുഎസ് അധികാരികൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പാകിസ്ഥാനിലെ അമേരിക്കൻ അനുകൂല സൈനികഭരണകൂടത്തിന്റെ നേരിട്ടുള്ള പങ്കാളിത്തത്തോടെയും അമേരിക്കയുടെ കാർമ്മികത്വത്തിലും അഫ്ഗാൻ സമൂഹത്തിലെ ഏറ്റവും പിന്തിരിപ്പനായ എല്ലാ ഘടകങ്ങളെയും ഏകോപിപ്പിക്കുകയും സൈനികവല്‍ക്കരിക്കുകയും ചെയ്തു. അഫ്ഗാനിലെയും മേഖലയിലെയും സമാധാനം ഇല്ലാതാക്കിയ ദീർഘമായ ആഭ്യന്തരകലാപമാണ് ‘ജനാധിപത്യശക്തികൾ’ എന്ന് അഭിമാനിക്കുന്ന ആഗോള മുതലാളിത്തരാജ്യങ്ങൾ അവിടെ സ്പോൺസർ ചെയ്തത്. 

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷവും അഫ്ഗാന്റെ പ്രസിഡന്റായി 1992 ഏപ്രിൽ വരെ തുടർന്ന കമ്മ്യൂണിസ്റ്റ് നേതാവ് മുഹമ്മദ് നജീബുള്ളയെ 1996 സെപ്റ്റംബറിൽ കാബൂളിലെ ഐക്യരാഷ്ട്രസഭാ കാര്യാലയത്തിൽ കടന്ന് പിടിച്ചുകൊണ്ടുപോയി കൊന്ന് വിളക്കുകാലിൽ കെട്ടിത്തൂക്കുകയാണുണ്ടായത്. അമേരിക്കയുടെ ഒത്താശയോടെ മതഭീകരവാദികൾ അന്ന് കൊന്നുകെട്ടിത്തൂക്കിയത് ആധുനിക സമൂഹത്തിലേക്കുള്ള അഫ്ഗാനികളുടെ പ്രയാണത്തെക്കൂടിയാണ്. താലിബാൻ ഭരണത്തിലും പിന്നീട് “ശാശ്വതസമാധാനത്തിനായുള്ള യുദ്ധം” ജയിച്ച പാശ്ചാത്യശക്തികളുടെ ചൊല്പടിയിലും അവർ ഇട്ടെറിഞ്ഞുപോയപ്പോൾ വീണ്ടും താലിബാന്റെ കീഴിലും നരകിക്കുന്ന അഫ്ഗാനികളുടെ വിശിഷ്യ, സ്ത്രീകളുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. മനുഷ്യവികാസത്തിന്റെ എല്ലാ സൂചികകളിലും ഏറ്റവും പിറകിൽ നില്‍ക്കുന്ന ഒരു രാജ്യമായി അഫ്ഗാനെ മാറ്റിയ ഈ ചരിത്രത്തിൽ നമുക്കെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്. പാക് പ്രതിരോധമന്ത്രി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയ ഈ ‘വൃത്തികെട്ട’ പണികൾ എന്തായിരിക്കാം? ഇന്തോ — പാക് യുദ്ധം അല്ലതന്നെ. അർധരാത്രിയിൽ പിറവികൊണ്ട നാൾ തൊട്ടുതന്നെ ഈ രണ്ട് രാജ്യങ്ങളും ശത്രുക്കളാകാൻ വിധിക്കപ്പെട്ടു. 1947ലും 1965ലും 1971ലും 1999ലും യുദ്ധങ്ങൾ നടന്നു. താഷ്കന്റിലും ഷിംലയിലും വച്ച് കരാറുകൾ ഒപ്പിട്ടു. അന്നൊന്നും ഭീകരവാദം ഉണ്ടായിരുന്നില്ല. യുദ്ധത്തിന്റെ ഭാഗമായി കൈക്കൊണ്ട നടപടികൾ, അതെത്ര അക്രമോത്സുകമാണെങ്കിലും അതിനെപ്പറ്റി പാകിസ്ഥാൻ അപമാനപ്പെട്ടിട്ടില്ല. അപ്പോൾ രണ്ട് പരമാധികാര രാജ്യങ്ങൾക്കിടയ്ക്ക് ഒരിക്കലും ചെയ്തുകൂടാത്ത അധാർമ്മികമായ എന്തോ ഒന്നിനെയാണ് ഇംഗ്ലണ്ടിന്റെ മണ്ണിൽ വച്ച് പാക് മന്ത്രി വെളിപ്പെടുത്തിയത്. ഇപ്പോൾ പഹൽഗാമിൽ ചെയ്തതുപോലുള്ള നടപടികൾ. ജനാധിപത്യ ഇന്ത്യയെയും സോഷ്യലിസ്റ്റ് അഫ്ഗാനെയും ഇല്ലാതാക്കാൻ ചെയ്തവയാണ് ആ വൃത്തികെട്ട പണികൾ. എല്ലാം ചെയ്യിച്ച നിങ്ങൾ ഇപ്പോൾ മാലാഖമാരും ചെയ്യേണ്ടിവന്ന ഞങ്ങൾ ചെകുത്താന്മാരുമാണോ എന്നാണ് പാശ്ചാത്യശക്തികളുടെ മുഖത്തുനോക്കി ക്വാജ ആസിഫ് ചോദിച്ചത്. പുതിയ സഹസ്രാബ്ദത്തിൽ ജനിച്ചവർക്ക് 25 വയസ് തികഞ്ഞു. ഇസ്ലാമിക തീവ്രവാദം ഒരു ഭാഗത്തും അമേരിക്കയും പാശ്ചാത്യശക്തികളും ഇസ്രയേലും മറുഭാഗത്തുമായി ഭീകരതയ്ക്കെതിരെ നടത്തുന്ന ഒരു യുദ്ധമായിട്ടാണ് ആ തലമുറയുടെ കണ്മുന്നിൽ ലോകരാഷ്ട്രീയം പ്രത്യക്ഷമാകുന്നത്. ഭീകരവാദത്തിന്റെ ഇരയായ ഇന്ത്യയുടെ സഹജമിത്രങ്ങളാണ് ഒരുപക്ഷം എന്ന് തെറ്റിദ്ധരിച്ചവർ ഏറെയുണ്ട് അവര്‍ക്കിടയില്‍. ആഗോളസാമ്രാജ്യത്വത്തിന്റെ കയ്യിലെ കളിപ്പാവകൾ മാത്രമാണ് ഭീകരവാദികളും അവർക്കിരയാവുന്ന ഇന്ത്യയിലെയും പാകിസ്ഥാനിലെയും അഫ്ഗാനിലെയും സാധാരണജനങ്ങളും എന്ന് പുതിയ തലമുറയെ ഓർമ്മിപ്പിക്കുവാൻ പാക് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ ഉപകരിക്കും. പഹൽഗാമിൽ വെടിയേറ്റുവീണ നിരപരാധികളോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി സാമൂഹികഭിന്നതകളെ ഭീകരവാദമാക്കി വളർത്തുന്ന രാഷ്ട്രീയത്തെ തുറന്നുകാണിക്കുക എന്നതുതന്നെയാണ്. മൂലധനസാമ്രാജ്യത്വത്തിന് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. സ്ഥിരമായ താല്പര്യങ്ങൾ മാത്രം എന്ന സത്യം വിളിച്ചുപറയുക എന്നതുതന്നെയാണ്. 

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.