21 January 2026, Wednesday

ബിജെപിയുടെ അംബേദ്കര്‍ പ്രേമം വ്യാജം

ശിവസുന്ദർ
May 17, 2025 4:45 am

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, “ഭരണഘടന തിരുത്തും” എന്ന അതിഭാവുകത്വവും അമിത ആത്മവിശ്വാസവും നിറഞ്ഞ പ്രചരണം മൂലം നിരാശാജനകമായ പ്രകടനം കാഴ്ചവച്ച ബിജെപി, അതിനുശേഷം അംബേദ്കറെയും ഭരണഘടനയെയും വിടാതെ പിന്തുടരുകയാണ്. തങ്ങളുടെ രക്ഷകരായി കരുതുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ തിരികെക്കൊണ്ടുവരാൻ ഡോ. ബി ആർ അംബേദ്കറുടെയും ഭരണഘടനയുടെയും പൈതൃകം അവകാശപ്പെടുന്നതിനുള്ള ഒരവസരം പോലും സംഘ്പരിവാർ പാഴാക്കിയിട്ടില്ല. സംഘ്പരിവാർ ഭരണഘടനാ വിരുദ്ധരാണെന്ന ധാരണ മാറ്റുന്നതിനായി ഇന്ത്യയിലുടനീളം നിരവധി വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. 1952ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈ (സംവരണ) നിയോജകമണ്ഡലത്തിൽ നിന്ന് അംബേദ്കർ മത്സരിച്ചപ്പോൾ കോൺഗ്രസല്ല, ഭാരതീയ ജനസംഘമാണ് (ബിജെപിയുടെ മുൻ രൂപം) അംബേദ്കറെ സഹായിച്ചതെന്ന് അവർ അവകാശപ്പെട്ടിരിക്കുന്നു. 2024ല്‍ ലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന തമിഴ്‌നാട്ടിലെ അശ്വത്ഥാമൻ അല്ലിമുത്തു, കർണാടകയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ തുടങ്ങിയവര്‍ അവകാശപ്പെടുന്നത്, മുംബൈ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കുള്ള അംബേദ്കറുടെ സ്ഥാനാർത്ഥിത്വത്തെ ജനസംഘം പിന്തുണച്ചുവെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കുന്നതിൽ തങ്ങളുടെ പിന്തുണ നിർണായകമായിരുന്നു എന്നുമാണ്.
ഇതിന് മറുവാദമെന്ന നിലയിൽ, തന്റെ പരാജയത്തിന് പിന്നിൽ സവർക്കറുടെ പങ്കുണ്ടെന്ന് സംശയിച്ചിരുന്നതായി അംബേദ്കർ തന്റെ സുഹൃത്തിന് എഴുതിയ ഒരു കത്ത് കോൺഗ്രസ് നേതാക്കൾ ഉദ്ധരിക്കുന്നു. കത്തിന്റെ സത്യാവസ്ഥയെ ബിജെപി നേതാക്കൾ വെല്ലുവിളിച്ചിട്ടുണ്ടെങ്കിലും, അത് കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കാന്‍ അവർക്ക് ധെെര്യമില്ല. അംബേദ്കറെ പരാജയപ്പെടുത്താനുള്ള സംഘത്തിന്റെ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള തെളിവായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഇതേ കത്ത് ഉദ്ധരിച്ചു.

സമകാലിക രാഷ്ട്രീയാവശ്യങ്ങൾക്കനുസൃതമായി സംഘ്പരിവാര്‍ നിരവധി വസ്തുതകൾ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവ സന്ദർഭോചിതമാക്കുകയും അംബേദ്കറുടെ ശരിയായ രാഷ്ട്രീയം പരിഗണിക്കുകയും ചെയ്തില്ലെങ്കിൽ തീര്‍ത്തും അർത്ഥശൂന്യമാകും. അംബേദ്കർ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ചരിത്രരേഖകൾ സൂക്ഷ്മമായി പരിശോധിച്ചാൽ, അതിനു പിന്നില്‍ ജനസംഘമല്ല, കോൺഗ്രസാണെന്ന് ബോധ്യമാകും. ജനസംഘം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കാരണം, അതാത് സംസ്ഥാന നിയമസഭാംഗങ്ങളാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്തത് എന്നതുതന്നെ. 1952ലെ ആദ്യ രാജ്യസഭയിൽ 217 അംഗങ്ങളുണ്ടായിരുന്നു. അതിൽ 12 പേർ നാമനിർദേശം ചെയ്യപ്പെട്ടവരാണ്. വിവിധ സംസ്ഥാന നിയമസഭകളിൽ നിന്ന് 295 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. അന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ബോംബെ നിയമസഭയ്ക്ക് അനുവദിച്ചത് 17 സീറ്റുകളാണ്. അന്നത്തെ ബോംബെ നിയമസഭയുടെ അംഗബലം 281 ആയിരുന്നു. അതായത് ഓരോ രാജ്യസഭാംഗത്തിനും 16 എംഎൽഎമാരുടെ അംഗീകാരം ആവശ്യമായിരുന്നു. 1951–52 തെരഞ്ഞെടുപ്പിൽ, 281 സീറ്റുകളിൽ കോൺഗ്രസ് 269 എണ്ണവും നേടി. അംബേദ്കറുടെ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ (എസ്‌സിഎഫ്) ഒരു സീറ്റ് മാത്രമാണ് നേടിയത്. സോഷ്യലിസ്റ്റ് പാർട്ടി ഒമ്പത്, സിപിഐ ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഭാരതീയ ജനസംഘം ബോംബെയിൽ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. ആകെ 4,876 വോട്ടുകൾ മാത്രം നേടിയ അവര്‍ക്ക് കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ടു. ഒരു എംഎൽഎ പോലും ഇല്ലാത്ത പാർട്ടിക്ക് അംബേദ്കറുടെ വിജയത്തിന് എങ്ങനെ സഹായിക്കാന്‍ കഴിയും? അംബേദ്കറിന് രാജ്യസഭാ സീറ്റ് ഉറപ്പാക്കുന്നതിൽ അവരുടെ പിന്തുണ “നിർണായക“മാണെന്ന് അവകാശപ്പെടാനാവുന്നതെങ്ങനെ? അംബേദ്കറെ നാമനിർദേശം ചെയ്തതാണെങ്കില്‍പ്പോലും, അത് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരായിരിക്കണം. അതല്ല, അദ്ദേഹം ബോംബെയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതാണെങ്കിൽ, അത് കോൺഗ്രസ് പിന്തുണയോടെയുമാവണം. അംബേദ്കറുടെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന് പങ്കൊന്നുമില്ലെന്നും ബിജെപിയുടെ അവകാശവാദങ്ങൾ കെട്ടുകഥകളാണെന്നും വ്യക്തം.

1952ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അംബേദ്കർ നെഹ്രു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളാൽ അംബേദ്കറുടെ എസ്‌സി‌ എഫ് കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും അവര്‍ക്കെതിരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും തീരുമാനിച്ചു. കോൺഗ്രസിനോട് മാത്രമല്ല, രാഷ്ട്രീയ സ്വയംസേവക് സംഘവുമായോ, ഹിന്ദു മഹാസഭയുമായോ, കമ്മ്യൂണിസ്റ്റുകളുമായോ സഖ്യമില്ല എന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുമായി മാത്രമാണ് രാഷ്ട്രീയ, തെരഞ്ഞെടുപ്പ് സഖ്യം എസ്‌സി‌എഫ് പ്രഖ്യാപിച്ചത്. അതിനാൽ, ഹിന്ദു മഹാസഭയോ ജനസംഘമോ അംബേദ്കറെ പിന്തുണച്ചുവോ എന്ന ചോദ്യം പോലും ഉയരുന്നില്ല. മറിച്ച്, അവർ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് ശത്രുത പുലർത്തുകയാണ് ചെയ്തത്.
1954 ആയപ്പോഴേക്കും അംബേദ്കർ ബുദ്ധമതം സ്വീകരിക്കാൻ തയ്യാറെടുത്തു. ഹിന്ദു മഹാസഭയിലെ വി ഡി സവർക്കർ, ആർഎസ്എസിന്റെ എം എസ് ഗോൾവാൾക്കർ തുടങ്ങിയ നേതാക്കൾ അംബേദ്കറെ ധർമ്മദ്രോഹിയെന്നും മതദ്രോഹിയെന്നും നിരന്തരം പരിഹസിച്ചു. ബുദ്ധമതം സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെയും കളിയാക്കി. അതിൽ ക്ഷത്രിയ വീര്യം ഇല്ലെന്നാണ് അവർ ആരോപിച്ചത്. പ്രബുദ്ധ ഭാരതിലെ തന്റെ രചനകളിലൂടെ സവർക്കറുടെ “വീർ” എന്ന പദവിയെ അംബേദ്കർ പരിഹസിച്ചിട്ടുണ്ട്. 1954ലെ ഉപതെരഞ്ഞെടുപ്പുകളുടെ സമയമായപ്പോഴേക്കും ആർഎസ്എസ്, ഹിന്ദു മഹാസഭ, ജനസംഘം എന്നിവ അംബേദ്കറെ കോൺഗ്രസിനെപ്പോലെ തന്നെ ശത്രുവായി പ്രഖ്യാപിച്ചിരുന്നു. മറ്റൊരവകാശവാദം — ആർഎസ്എസിലെ ദത്തോപാന്ത് തെങ്കാടിയെ എസ്‌സിഎഫിന്റെ സെക്രട്ടറിയാക്കി, ജനസംഘം അംബേദ്കറുടെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ചുവെന്നാണ്. മഹാരാഷ്ട്ര സർക്കാർ പ്രസിദ്ധീകരിച്ച ‘ഡോ. ബാബാസാഹേബ് അംബേദ്കർ: രചനകളും പ്രസംഗങ്ങളും’ എന്ന പുസ്തകത്തിന്റെ 17 മുതൽ 22 വരെയുള്ള വാല്യങ്ങൾ എഡിറ്റ് ചെയ്ത ഹരി നാർക്കെ ഇത് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. അത്തരം വ്യാജ അവകാശവാദങ്ങള്‍ക്ക് ഇന്നത്തെ ബിജെപി-ആർഎസ്എസ് വാട്‌സ്ആപ്പ് ഫോർവേഡുകളിൽ മാത്രമേ നിലനില്പുള്ളൂ. ആ കാലഘട്ടത്തിലെ ഹിന്ദുത്വ നേതാക്കളുടെ പ്രസംഗങ്ങളിലോ എഴുത്തുകളിലോ ഔദ്യോഗിക രേഖകളിലോ ഒന്നും വിഷയമില്ല. ഹിന്ദു മഹാസഭാ നേതാവും ആർഎസ്എസ് സഹസ്ഥാപകനുമായ ബി എസ് മൂഞ്ചെ അംബേദ്കറെ സഹായിക്കുന്നത് പാമ്പിന് പാൽ കൊടുക്കുന്നത് പോലെയാണെന്ന് പ്രസ്താവിച്ചിരുന്നുവെന്നതാണ് വാസ്തവം. 1952ലെയും 54ലെയും തെരഞ്ഞെടുപ്പുകളിൽ അവരുടെ ഔദ്യോഗിക നിലപാടും ഇതുതന്നെയായിരുന്നു.
ഇതിനർത്ഥം കോൺഗ്രസിന് അംബേദ്കറുടെ രാഷ്ട്രീയത്തോട് അനുകമ്പയുണ്ടായിരുന്നു എന്നല്ല. അന്തസിലും ആത്മാഭിമാനത്തിലും സാമൂഹിക — സാമ്പത്തിക ജനാധിപത്യത്തിലും വേരൂന്നിയ ഒരു സ്വയംഭരണ ദളിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനം കോൺഗ്രസിനും സ്വീകാര്യമായിരുന്നില്ല. അംബേദ്കർക്ക് ഭരണഘടനാ അസംബ്ലിയിൽ പ്രവേശിക്കാൻ ഒരു ജനൽ പോലും തുറക്കില്ല എന്ന് സർദാർ പട്ടേൽ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കാനും കോൺഗ്രസ് സജീവമായി ശ്രമിച്ചു.

പക്ഷേ സ്വാതന്ത്ര്യലബ്ധിക്കുശേഷം വിഭജനത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയ ഐക്യം കെട്ടിപ്പടുക്കുന്നതിലെ രാഷ്ട്രീയ പ്രയോജനം കണക്കിലെടുത്ത്, 1952ൽ അംബേദ്കറെ ഭരണഘടനാ അസംബ്ലിയിലേക്ക് കൊണ്ടുവരാനും പിന്നീട് രാജ്യസഭയിലേക്കുള്ള നാമനിർദേശത്തെ പിന്തുണയ്ക്കാനും കോൺഗ്രസ് നേതൃത്വം തന്ത്രപരമായ തീരുമാനമെടുത്തു. അംബേദ്കറാകട്ടെ ലഭ്യമായ പരിധിക്കുള്ളിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താൻ സഹായകമാകുന്ന ഈ സഹകരണം സ്വീകരിച്ചു, ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായി. എന്നാല്‍ ഭരണഘടന അംഗീകരിച്ചതിനുശേഷം, അംബേദ്കർ കോൺഗ്രസിൽ നിന്നും ജനസംഘം പോലുള്ള ഹിന്ദുത്വ ശക്തികളിൽ നിന്നും സ്വയം അകലം പാലിക്കാൻ ശ്രമിച്ചു. പുരോഗമന ഘടകങ്ങളുമായി സഖ്യമുണ്ടാക്കാനും അദ്ദേഹം ശ്രമിച്ചു. സ്വാഭാവികമായും, അത്തരമൊരു രാഷ്ട്രീയം അദ്ദേഹത്തെ കോൺഗ്രസുമായി അകറ്റി; രാഷ്ട്രീയ എതിരാളിയും തെരഞ്ഞെടുപ്പ് എതിരാളിയുമാക്കി. രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് അംബേദ്കറെ പരാജയപ്പെടുത്തി. അതേസമയം, രാജ്യസഭയിലെത്താൻ അദ്ദേഹത്തെ സഹായിച്ചു.
തൊഴിലാളിവർഗങ്ങളുടെ വിശാലമായ ഒരു സഖ്യം സൃഷ്ടിക്കുന്നതിലും അതുവഴി സ്വാതന്ത്ര്യാനന്തര ചരിത്രത്തിന്റെ ഗതി മാറ്റുന്നതിലും നിർണായക സഖ്യകക്ഷിയാകാൻ കഴിയുമായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ പോലും അംബേദ്കറുമായി തന്ത്രപരമായ രാഷ്ട്രീയ ബന്ധം സ്ഥാപിക്കാൻ ഗൗരവമായി ശ്രമിച്ചില്ല. അംബേദ്കറുടെ പ്രത്യയശാസ്ത്ര മുൻവിധിയും ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്തുതന്നെയായാലും, ഹിന്ദുത്വ ശക്തികളായ ഹിന്ദു മഹാസഭ, ആർ‌എസ്‌എസ്, ജനസംഘം എന്നിവ ഒരിക്കലും അംബേദ്കറുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ പിന്തുണച്ചിട്ടില്ല, അദ്ദേഹം അവരുടെ പിന്തുണ തേടിയുമില്ല. അതാണ് ചരിത്ര സത്യം.
(ദ വയര്‍)

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.