7 May 2024, Tuesday

ജനാധിപത്യം ഇല്ലാതായ അഞ്ച് വർഷം

യെസ്‌കെ
June 20, 2023 4:20 am

ജമ്മു കശ്മീരിൽ ജനാധിപത്യം ഇല്ലാതായിട്ട് അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 2018 മുതല്‍ കേന്ദ്ര ഭരണത്തിനു കീഴിലാണ് കശ്മീര്‍. തങ്ങൾക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കാൻ അഞ്ചുവർഷമായിട്ടും സാധിക്കാത്തതുകൊണ്ടണ് കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ കശ്മീരിൽ ജനായത്തഭരണം പുനഃസ്ഥാപിക്കാൻ ധെെര്യപ്പെടാത്തത്. കശ്മീർ ജനതയും പ്രാദേശിക പാർട്ടികളും കോൺഗ്രസ്, സിപിഐ, സിപിഐ(എം)തുടങ്ങിയ പ്രതിപക്ഷപാർട്ടികളും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. നിലവിൽ പ്രാദേശിക ബിജെപി ഘടകത്തിലും തെരഞ്ഞെടുപ്പ് വെെകുന്നതിൽ അമർഷമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. എന്നാൽ അഞ്ചുവർഷം മുമ്പ് സംസ്ഥാനത്തെ കേന്ദ്രഭരണത്തിനു കീഴിലാക്കാൻ ചൂട്ടുപിടിച്ച ഗവർണർ സത്യപാൽമാലിക് പുറത്തുവിട്ട ചില വിവരങ്ങൾ ബിജെപി കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കുന്നതായതിനാൽ ഉടൻ തീരുമാനമുണ്ടാകാനിടയില്ല. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ കേന്ദ്രഭരണ കാലയളവാണ് കശ്മീരിലേത്. 1977 മുതൽ എട്ട് തവണ ജമ്മു കശ്മീർ കേന്ദ്രഭരണത്തിന്റെ കീഴിലായിട്ടുണ്ട്. ഒടുവിൽ 2019 ഓഗസ്റ്റില്‍ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി ഒഴിവാക്കുകയും സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും മുതിർന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തുകൊണ്ടായിരുന്നു കേന്ദ്രസർക്കാരിന്റെ ജനാധിപത്യധ്വംസനം. മാസങ്ങളോളം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. രണ്ടാം മോഡിസർക്കാർ അധികാരമേറ്റ് 90 ദിവസത്തിനുള്ളിലാണ് കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയത്.

 


ഇതുകൂടി വായിക്കു; കേരളത്തില്‍ ഡിജിറ്റൽ വിപ്ലവത്തിന്റെ നാളുകള്‍


അനുച്ഛേദം 370 റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയായിരുന്നു. ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതായും പ്രഖ്യാപനമുണ്ടായി. കശ്മീരിന് സംസ്ഥാന പദവിയും നിയമസഭയും ലെഫ്റ്റനന്റ് ഗവർണറും ഉണ്ടാകും. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരിക്കും. രാഷ്ട്രപതിയുടെ പ്രതിനിധിയായ എൽജി, മന്ത്രിസഭയുടെ സഹായവും ശുപാർശയും അനുസരിച്ചാണ് പ്രവർത്തിക്കുക. എന്നാൽ എല്ലാ കാര്യങ്ങളിലും എൽജിക്ക് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ല. ഉദാഹരണത്തിന് ഡൽഹിയിൽ, ഭൂമി, നിയമം, പാെലീസ് എന്നീ മേഖലകളിൽ തീരുമാനമെടുക്കാൻ എൽജിക്ക് പൂർണ അധികാരമുണ്ട്. പൂര്‍ണ കേന്ദ്രഭരണപ്രദേശമാകുന്ന ലഡാക്കാകട്ടെ നേരിട്ട് എൽജിയുടെ ഭരണത്തിലായിരിക്കും. രാജ്യതലസ്ഥാനമായ ഡൽഹിയെയും പൂർണമായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നിയമസഭയിൽ ആരോപിച്ചിരുന്നത് ഇവിടെ സ്മരണീയമാണ്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ കശ്മീർ രാജാവായിരുന്ന ഹരിസിങ്, പ്രദേശത്തെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാൻ ആഗ്രഹിച്ചു. എന്നാൽ പാകിസ്ഥാൻ പിന്തുണയോടെ തീവ്രവാദികൾ കശ്മീരില്‍ ആക്രമണം നടത്തി. ഇതിനെത്തുടർന്ന് രാജ്യത്തിന്റെ സംരക്ഷണത്തിനായി ഹരിസിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും തമ്മിൽ ഒപ്പുവച്ച ലയന ഉടമ്പടി പ്രകാരം കശ്മീർ ഇന്ത്യയുടെ ഭാഗമായി. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ജമ്മു കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കശ്മീരി ജനതയ്ക്ക് കൊടുത്ത വാക്ക് സ്വതന്ത്രമായി ഒരു നിയമ നിർമ്മാണസഭ ഉണ്ടാകുമെന്നും അത്, ഒരു ആന്തരിക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്റെ ഫലമായുണ്ടായതാണ് അനുച്ഛേദം 370. അതോടെ 1954ല്‍ കശ്മീർ പൂര്‍ണമായും ഇന്ത്യൻ യൂണിയന്റെ ഭാഗമായി.


ഇതുകൂടി വായിക്കു; ഭരണകൂടം നടത്തുന്നത് മനുഷ്യാവകാശ ലംഘനം


 

ഏറ്റവുമൊടുവിൽ കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2014ലാണ്. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും ബിജെപിയും ചേര്‍ന്ന് സഖ്യസർക്കാർ രൂപീകരിച്ചു. എന്നാൽ 2018 ജൂൺ 19ന് ബിജെപി പിന്തുണ പിൻവലിക്കുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു. ഒരു കേന്ദ്രഭരണപ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പരിമിതമായ അധികാരങ്ങളാണുള്ളത്, യഥാർത്ഥ അധികാരം കേന്ദ്രസർക്കാരിനാണ്. എന്നിട്ടും, ജമ്മു കശ്മീരിലെ ജനത വോട്ടുചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. കാരണം കശ്മീരിനെപ്പോലെ രാജ്യത്തെ മറ്റൊരു സ്ഥലവും വോട്ടവകാശത്തിനായി ഇത്രയും കഷ്ടപ്പെട്ടിട്ടില്ല. 1990മുതൽ ജനാധിപത്യത്തിനും വോട്ടവകാശത്തിനും വേണ്ടി പോരാടിയതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകളെ തീവ്രവാദികൾ കൊന്നൊടുക്കി. എന്നിട്ടും അവര്‍ ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നു. അതില്ലാതാക്കാനാണ് മോഡിഭരണകൂടം ശ്രമിക്കുന്നത്. 1990കളിൽ കശ്മീർ കീഴടക്കിയ തീവ്രവാദികൾ ഒരിക്കലും ഒരു ജനാധിപത്യ സർക്കാരിനെ അംഗീകരിച്ചില്ല. മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെ ലക്ഷ്യംവച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം. കശ്മീരിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകവും പ്രധാന പ്രാദേശിക പാർട്ടിയുമായ നാഷണൽ കോൺഫറൻസ്, തീവ്രവാദികളുടെ പ്രധാന ലക്ഷ്യമായി മാറി. 1990 ജനുവരിയിൽ ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെ സംസ്ഥാനം വീണ്ടും ഗവർണർ ഭരണത്തിലായി. 1996ലെ തെരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരുന്നു. എന്നാൽ നിരവധി രാഷ്ട്രീയ പ്രവർത്തകർക്ക് ജീവന്‍തന്നെ വിലയായി നൽകേണ്ടി വന്നു. എന്നിട്ടും ജനാധിപത്യം നിലനിര്‍ത്താന്‍ പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായി നിലകൊണ്ടു. ഇപ്പോള്‍ മോഡിസര്‍ക്കാര്‍ ജനാധിപത്യം ഇല്ലാതാക്കി അഞ്ച് വർഷത്തിന് ശേഷവും നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന് ഒരു സൂചനയുമില്ല.

തോൽവി ഭയന്ന് ബിജെപി തെരഞ്ഞെടുപ്പ് ഒഴിവാക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരോപിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന് ശേഷം ‘തുടർച്ചയായ ജനാധിപത്യനിഷേധം’ നടക്കുന്നുവെന്ന് പീപ്പിൾസ് കോൺഫറൻസിലെ സജാദ് ലോണും പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് അപേക്ഷിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നത്. അഞ്ച് വർഷത്തെ കേന്ദ്ര ഭരണം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ശ്രീനഗറിൽ റാലി നടത്തിയത് അതിന്റെ ഭാഗമാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ രവീന്ദർ റെയ്ന പറഞ്ഞു. 2020 ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, മണ്ഡല പുനർനിർണയ പ്രക്രിയ പൂർത്തിയാക്കിയയുടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു. 2021 ജൂൺ 24ന് കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിനു ശേഷവും പ്രധാനമന്ത്രി ഇതേ ഉറപ്പ് നൽകിയിരുന്നു. കഴിഞ്ഞവർഷം അവസാനം വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രാദേശിക പാര്‍ട്ടികളുടെ കണക്കുക്കൂട്ടൽ. 2023ലേക്ക് തെരഞ്ഞെടുപ്പ് നീട്ടിയതിൽ ബിജെപിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടായിട്ടുണ്ട്. 2024ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. നിയമസഭയില്‍ തിരിച്ചടിയുണ്ടായാൽ പൊതുതെരഞ്ഞെടുപ്പിനെയാകെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

2018 നവംബർ 21ന് ഗവർണർ സത്യപാൽ മാലിക് ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ടശേഷം, ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ജമ്മു കശ്മീരില്‍ ലോക്‌സഭയോടൊപ്പം തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് 2019ലും കമ്മിഷൻ അറിയിച്ചു. അത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള വിമർശനത്തിനും ഇടയാക്കിയിരുന്നു. പിന്നീട് സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോൾ നടത്താമെന്ന് നിർദേശിക്കുന്നതിനുമായി പ്രത്യേക സമിതിയെ നിയോഗിക്കുകയും, അവർ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു. സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മണ്ഡല പുനർനിർണയം പൂർത്തിയാക്കിയത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി മണ്ഡല പുനർനിർണയം പൂർത്തിയാക്കാൻ രണ്ട് വർഷവും രണ്ട് മാസവും എടുത്തു. ഹിന്ദു ഭൂരിപക്ഷ ജമ്മുവില്‍ ആറ് പുതിയ സീറ്റുകളും മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിന് ഒരു സീറ്റു മാത്രവും നൽകിയാണ് മണ്ഡല പുനർനിർണയ കമ്മിഷൻ അന്തിമ ഉത്തരവിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായാണ് ജമ്മു മേഖലയിൽ കൂടുതൽ സീറ്റനുവദിച്ചതെന്ന വിമർശനവും ഉയർന്നു. ജമ്മു മേഖലയിലെ 43 സീറ്റുകളിൽ 34 എണ്ണം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്. മേഖലയിലെ മുസ്ലിം പ്രാധാന്യം കുറയ്ക്കുന്ന തരത്തിലായിരുന്നു മണ്ഡല പുനർനിർണയം. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ മണ്ഡലങ്ങള്‍ 37ൽ നിന്ന് 43 ആയി ഉയർന്നു. കശ്മീരിലാകട്ടെ സീറ്റുകള്‍ 46ൽ നിന്ന് 47ആയതേയുള്ളു.

പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമാണെന്ന് ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി വ്യക്തമാക്കിയത് കേന്ദ്രത്തിന് തണലായി. ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരുള്‍പ്പെട്ട ബെഞ്ച്, ജമ്മു കശ്മീരിലെ മണ്ഡല പുനഃക്രമീകരണത്തിനായി കമ്മിഷൻ രൂപീകരിച്ച നടപടി ശരിവച്ചുകൊണ്ടാണ് ഇങ്ങനെ വിശദീകരണം നടത്തിയത്. എന്നാൽ, പുനഃക്രമീകരണ കമ്മിഷൻ രൂപീകരിച്ചതു ശരിവയ്ക്കുന്നതായോ, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട നടപടികൾ അംഗീകരിക്കുന്നതായോ വിധിയെ വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കേന്ദ്രഭരണ പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെയും പഞ്ചായത്തുകളുടെയും കാലാവധി അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ ജമ്മു കശ്മീരിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും നവംബറിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഈ വർഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടത്തുമെന്ന സൂചനകൾ നല്‍കുന്നില്ല. അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയകരമായ സമാപനത്തോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് ജമ്മു മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.