
ലോകം മുതലാളിത്തത്തിന്റെ പിടിയിൽ അമരുമ്പോൾ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി മറ്റൊരു മേയ് ദിനം കൂടി വന്നെത്തിയിരിക്കുന്നു. തൊഴിലാളി വർഗവും മനുഷ്യരാണെന്ന് മുതലാളി വർഗത്തെയും ഭരണകൂടങ്ങളെയും ഓർമ്മിപ്പിച്ച ദിവസമാണ് മേയ് ഒന്ന്. എല്ലാ തൊഴിലാളികൾക്കും ജനാധിപത്യ — തൊഴിൽ അവകാശങ്ങളും പരിരക്ഷകളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന ദിനം. കേവലമൊരു ദിനാചരണം എന്നതിനപ്പുറം തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യം നിരന്തരം പുതുക്കുന്ന ദിവസം. വ്യാവസായിക വിപ്ലവ കാലത്ത് ഉയർന്ന തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും പ്രഭാതം മുതൽ പ്രദോഷം വരെ നീളുന്ന അനുസ്യൂതമായ അധ്വാനവും അത്യന്തം ദയനീയമായ തൊഴിൽ — ജീവിത സാഹചര്യങ്ങളും ചേർന്ന് രൂപം കൊണ്ട അസ്വസ്ഥതകൾ വലിയ പ്രതിഷേധങ്ങളായി ഉയർന്നു. അത് 1886 മേയ് ഒന്നിലെ പണിമുടക്കിലേക്കും മേയ് നാലിലെ ഹേ മാർക്കറ്റ് പ്രക്ഷോഭത്തിലേക്കും തുടർന്നുണ്ടായ വെടിവയ്പിലേക്കും നേതാക്കളുടെ അറസ്റ്റിലേക്കും രക്തസാക്ഷിത്വത്തിലേക്കും എത്തിച്ചതാണ് മേയ് ദിനാചരണത്തിന് പിന്നിലെ ചരിത്രം. ചിക്കാഗോ തെരുവീഥികളിൽ അന്നുയർന്ന എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദമെന്ന മുദ്രാവാക്യം അമേരിക്കൻ സാമ്രാജ്യത്വത്തെ മാത്രമല്ല ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി. ആ പ്രതിഷേധ സ്വരത്തിൽ നിന്നുരുത്തിരിഞ്ഞ ബോധമാണ് 1892ൽ ജനീവയിൽ നടന്ന അന്തർദേശീയ സോഷ്യലിസ്റ്റ് സമ്മേളനം മേയ് ഒന്ന് സാർവദേശീയ തൊഴിലാളിദിനമായി അംഗീകരിക്കപ്പെടുന്നതിലേക്ക് നയിച്ചത്. ഇന്നും തൊഴിലാളികളുടെ സംഘടിത ശബ്ദത്തെ മുതലാളിത്തവർഗവും അവർക്ക് ഓശാന പാടുന്ന ഭരണകർത്താക്കളും ഭയപ്പെടുന്നുവെങ്കിൽ അതിന് കാരണം 139 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ പോരാട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ തന്നെയാണ്. ആഗോളതലത്തിൽ തൊഴിലാളിവർഗം പാർശ്വവൽക്കരിക്കപ്പെടുകയും തൊഴിലാളി ഉല്പാദിപ്പിക്കുന്ന സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കരങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്ന ഇന്ന് മേയ് ദിനത്തിന്റെ പ്രസക്തി ഏറെ വർധിച്ചിരിക്കുന്നു.
ലോകത്ത് മുതലാളിത്ത പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. സാമൂഹിക അസമത്വം അഭൂതപൂർവമായി വർധിക്കുന്നു. ജനാധിപത്യ, ട്രേഡ് യൂണിയൻ അവകാശങ്ങൾ ആക്രമിക്കപ്പെടുന്നു. സാമ്രാജ്യത്വ യുദ്ധങ്ങളും ഇടപെടലുകളും ഉപരോധങ്ങളും വ്യാപിക്കുന്നു. പുത്തൻ വ്യാപാര യുദ്ധങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇതെല്ലാം മനുഷ്യത്വരഹിതമായ മുതലാളിത്തത്തിന്റെ കാപട്യമാർന്ന വികൃതമുഖം തുറന്നുകാട്ടുന്നു. സൈനിക — പ്രതിരോധ ചെലവുകൾ വർധിപ്പിച്ചും ചെലവ് ചുരുക്കൽ നയങ്ങൾ നടപ്പാക്കിയും സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള വിഭവങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുന്നു. ലാഭേച്ഛ മാത്രം ലക്ഷ്യമിടുന്ന മുതലാളിത്തം തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുന്നു. തൊഴിലാളികൾ കെെവരിച്ച നേട്ടങ്ങളും തൊഴിൽ സുരക്ഷയും അവഗണിക്കപ്പെടുന്നു. തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുന്ന തരത്തിൽ നിർമ്മിതബുദ്ധി പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉയർന്നുവരുന്നു. സാങ്കേതികവിദ്യ വികസിക്കുന്തോറും മാന്യമായ തൊഴിൽ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് പകരം മൂലധനം ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈകളിലേക്ക് കുമിഞ്ഞുകൂടുകയും ഭൂരിപക്ഷം വരുന്ന തൊഴിലാളി വർഗത്തിനിടയിൽ സാമ്പത്തിക അസമത്വം വർധിക്കുകയും ചെയ്യുമെന്ന ആശങ്കയും ഇന്ന് ശക്തമാണ്. നിരാശാജനകമായ ഈ അവസ്ഥയിൽ പ്രതീക്ഷ നൽകുന്ന ഒരേയൊരു ഘടകം ലോകമെമ്പാടുമുള്ള തൊഴിലാളികൾ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികാവശ്യങ്ങൾ സംരക്ഷിക്കുന്നതിനായി പോരാട്ടത്തിന്റെ പാത തെരഞ്ഞെടുത്തിരിക്കുന്നുവെന്നതാണ്. അതിനാലാണ് “അവരുടെ ലാഭമോ അതോ നമ്മുടെ ജീവിതമോ ‑പ്രതീക്ഷ പോരാട്ടങ്ങളിലാണ്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഈ വർഷത്തെ മേയ് ദിനമാചരിക്കാൻ ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ ആഹ്വാനം ചെയ്യുന്നത്.
തൊഴിലാളികളുടെ ആവശ്യം ആയുധങ്ങളല്ല, മാന്യമായ തൊഴിലും മാന്യമായ ജീവിത സാഹചര്യങ്ങളുമാണെന്നും, തൊഴിലവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാർഗം വർഗസമരമാണെന്നും പ്രഖ്യാപിക്കുന്ന ദിനമായി ഇത്തവണത്തെ മേയ് ദിനം ആചരിക്കണമെന്ന് ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയിലെ തൊഴിലാളിവർഗം മുമ്പെന്നത്തേക്കാളും കൂടുതൽ വെല്ലുവിളികളെ നേരിടുന്ന അവസ്ഥ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ നമ്മെ സംബന്ധിച്ചിടത്തോളം ഈ വർഷത്തേത് കേവലമൊരു ദിനാചരണം മാത്രമല്ല. അതിന് പതിവില്‍ക്കവിഞ്ഞ പ്രാധാന്യവും പ്രസക്തിയും കൈവന്നിരിക്കുന്നു.
മൂന്നാം തവണയും അധികാരത്തിലേറിയ എൻഡിഎ സർക്കാർ ലേബർ കോഡുകൾ നടപ്പാക്കുന്ന വിഷയം വീണ്ടും സജീവമാക്കിയിരിക്കുന്നു. ലേബർ കോഡുകൾ എന്ന ഡമോക്ലസിന്റെ വാൾ ഏതുനിമിഷവും തൊഴിലാളിവർഗത്തിന്റെ തലയ്ക്കുമേൽ പതിച്ചേക്കാം. കോർപറേറ്റുകളുടെയും തൊഴിലുടമകളുടെയും താല്പര്യങ്ങൾക്കനുസൃതമായി അടിമത്ത വ്യവസ്ഥകൾ അടിച്ചേല്പിക്കുന്ന സമഗ്ര രൂപരേഖയാണ് ലേബർ കോഡുകൾ. അവ, തൊഴിലാളികളുടെ മിക്കവാറും എല്ലാ അവകാശങ്ങളും തട്ടിയെടുക്കും. സംഘടിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനകളുടെ അംഗീകാരം, കൂട്ടായ വിലപേശൽ, പ്രക്ഷോഭങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കാനും പണിമുടക്കാനുമുള്ള അവസരം എല്ലാം നിഷേധിക്കപ്പെടും. എതിർപ്പുകളെയും പ്രതിഷേധങ്ങളെയും നേരിടാൻ ക്രൂരവും പ്രതികാരപരവുമായ ശിക്ഷാവിധികൾ അടങ്ങിയതാണ് കോഡുകളിലെ വ്യവസ്ഥകൾ. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും സ്വയംതൊഴിൽ ചെയ്യുന്നവരുടെയും മാന്യമായ തൊഴിലിനും ഉപജീവനത്തിനുമുള്ള അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ലേബർ കോഡുകൾ റദ്ദാക്കുക എന്ന ആവശ്യം മുൻഗണന അർഹിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്തവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും ഗൂഢാലോചനകളെയും ചെറുത്തുതോല്പിക്കേണ്ടതും നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മത തീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ ജനാധിപത്യ സംസ്കാരത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയും ഈ മേയ് ദിനാചരണത്തിൽ നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിൽ തൊഴിലാളിവർഗം തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്ത ഘട്ടമെന്നോണം മേയ് 20ന് ദേശീയ പൊതുപണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും വിനാശകരമായ നവലിബറൽ നയങ്ങൾക്ക് ബദലായുള്ള 17 ഇന അവകാശ പത്രിക അംഗീകരിക്കുന്നതിനും ജനാധിപത്യത്തെയും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഈ ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് ഒറ്റക്കെട്ടായി ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ട് മേയ് ദിനാഘോഷ പരിപാടികൾ നമുക്ക് വിജയിപ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.