22 November 2024, Friday
KSFE Galaxy Chits Banner 2

പത്രസ്ഥാപനങ്ങൾ എങ്ങനെ നിലനിൽക്കും

Janayugom Webdesk
July 23, 2022 7:00 am

ആധുനിക കാലഘട്ടത്തിൽ ഇലക്ട്രോണിക്സ് മീഡിയയുടെ കടന്നുവരവ് പത്രങ്ങളുടെ നിലനില്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ കൂടി ഫലമായി സാധാരണ പത്രങ്ങൾ വീർപ്പുമുട്ടിലാകുന്നു. ഇതിന്റെ തുടർച്ചയായി ഇത്തരത്തിലുള്ള പല പത്രങ്ങളും കോർപറേറ്റ് മാധ്യമങ്ങളുടെ ഭാഗമായി മാറുന്നു. കഴിഞ്ഞ പത്തുവർഷത്തിലധികമായി ലോകമാകെ ഇതാണവസ്ഥ. ഈ അവസ്ഥ നിലനിൽക്കുമ്പോൾ അതിനേക്കാൾ വലിയ ഭീഷണിയാകുന്ന ഘടകങ്ങൾ നാൾക്കുനാൾ ശക്തിപ്പെടുകയാണ്. അത്തരം കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ഇന്ത്യയ്ക്കാവശ്യമായ പത്രക്കടലാസിന്റെ 62 ശതമാനം വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ്. അതിൽത്തന്നെ 45 ശതമാനം ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നാണ്. കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ചതുപോലെ മാധ്യമ ലോകത്തെയും ബാധിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒരു വർഷത്തിലധികം പത്രക്കടലാസ് നിർമ്മാണ ഫാക്ടറികൾ അടച്ചിട്ടു. മിക്ക ഫാക്ടറികളിലും ധാരാളം സ്റ്റോക്കുണ്ടായിരുന്നതിനാൽ ആദ്യഘട്ടത്തിൽ പത്രക്കടലാസ് ക്ഷാമം രൂക്ഷമായിരുന്നില്ല. ഈ ഘട്ടത്തിൽ എല്ലാ പത്രങ്ങളും അവരുടെ പേജുകൾ കുറച്ചതുമൂലം പത്രക്കടലാസിന്റെ ഉപയോഗം കുറയുകയും ചെയ്തു. സ്റ്റോക്ക് തീരുകയും ഉല്പാദനം സാധാരണ നിലയിലെത്താതിരിക്കുകയും ചെയ്തപ്പോൾ സ്ഥിതി ഗുരുതരമായി.

അതോടൊപ്പം റഷ്യ‑ഉക്രെയ്ന്‍ യുദ്ധം പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. യുദ്ധത്തിന്റെ സാഹചര്യത്തിൽ അമേരിക്കയും യൂറോപ്പുമെല്ലാം റഷ്യയ്ക്കെതിരെ ഉപരോധമേർപ്പെടുത്തിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഒരു വർഷം മുൻപ് ടണ്ണിന് 452 യുഎസ് ഡോളർ ആയിരുന്ന വില ഇപ്പോൾ 1022 ഡോളർ ആയിരിക്കുന്നു. റഷ്യ കൂടാതെ കാനഡ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ പത്രക്കടലാസ് ഇറക്കുമതി ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയും തൊഴിൽ സമരങ്ങളുംമൂലം ഈ രാജ്യങ്ങളിൽ നിന്നുള്ള പത്രക്കടലാസ് ഇറക്കുമതി ഇപ്പോൾ നിലച്ചിരിക്കുകയാണ്. പത്രക്കടലാസ്, കപ്പലിൽ കൊണ്ടുവരുന്നതിനുള്ള കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും പ്രതിസന്ധിയുടെ ആക്കം വർധിപ്പിക്കുന്നു. ഈ സന്ദർഭം ഉപയോഗപ്പെടുത്തി ഷിപ്പിങ് കമ്പനികൾ അവരുടെ നിരക്കിൽ 250 ശതമാനം വരെയാണ് വർധനവ് വരുത്തിയിരിക്കുന്നത്. ലോക മാർക്കറ്റിൽ പത്രക്കടലാസിന്റെ വില കുതിച്ചുയർന്ന ഘട്ടത്തിൽ തന്നെ കേന്ദ്രസർക്കാർ ഇറക്കുമതി ചെയ്യുന്ന കടലാസിന് അഞ്ചു ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി പത്രക്കടലാസിന്റെ വിലയിൽ ഒരു വർഷത്തിനുള്ളിൽ 122 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

 


ഇതുകൂടി വായിക്കു; അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങൾ നിഷേധിക്കുന്നു


പത്രവ്യവസായത്തില്‍ ഉല്പാദനച്ചെലവിന്റെ 45 ശതമാനത്തിലധികം പത്രക്കടലാസിനാണ്. അച്ചടിക്കാവശ്യമായ അലൂമിനിയം പ്ലേറ്റിന്റെ വിലയിൽ ഒരു വർഷത്തിനുള്ളിൽ 45 ശതമാനത്തിന്റെ വർധനവും മഷിക്ക് 55 ശതമാനത്തിന്റെ വർധനവും ഉണ്ടായി. ഇന്ധനവില വർധനയുടെ കുതിച്ചുചാട്ടംമൂലം പത്രം എത്തിക്കുന്ന വാഹനങ്ങളുടെ നിരക്കും അടിക്കടി വർധിപ്പിക്കേണ്ടി വരുന്നു.
കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും പത്രസ്ഥാപനങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്നതാണ്. വിശേഷിച്ചും ഇടത്തരം ചെറുകിട പത്രങ്ങളെ. ബിജെപി അധികാരത്തിൽ വന്നതിനുശേഷം കേന്ദ്രസർക്കാരിന്റെയോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയോ പരസ്യങ്ങൾ കിട്ടുന്നതിന് പത്രങ്ങൾക്ക് എബിസി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഫലത്തിൽ അഞ്ചു ലക്ഷത്തിലധികം സർക്കുലേഷൻ ഇല്ലാത്ത പത്രങ്ങൾക്ക് കേന്ദ്ര സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പൂർണമായും കിട്ടാതായി. ഹിന്ദിഭാഷയ്ക്ക് പുറത്തുള്ള പ്രാദേശിക ഭാഷാ പത്രങ്ങളെയാണ് ഇത് കൂടുതൽ പ്രതികൂലമായി ബാധിച്ചത്. ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ഇത് ബാധിക്കുന്നു. അറിയുവാനുള്ള അവകാശത്തിന്റെ നിഷേധമായിട്ടാണ് ഫലത്തിൽ ഇത് മാറുന്നത്. രാജ്യത്ത് മാധ്യമങ്ങളുടെ രജിസ്ട്രേഷൻ നടത്തുന്നതിന് അധികാരമുള്ള ആർഎൻഐ നിരവധിയായ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മാധ്യമ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയും ഉണ്ട്. ഇതു മൂലം നിരവധി മാസികകൾക്കും വാരികകൾക്കും വർഷങ്ങളായി കിട്ടിക്കൊണ്ടിരുന്ന പോസ്റ്റൽ സൗജന്യം ഇല്ലാതായി. ഒരു ഭാഗത്തു കൂടി മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന നിയമങ്ങൾക്ക് രൂപം നല്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് സാമ്പത്തികമായി പത്രസ്ഥാപനങ്ങളെ തകർക്കുന്ന നടപടികളും സ്വീകരിക്കുന്നു. ഇങ്ങനെ പാർലമെന്ററി ജനാധിപത്യത്തിനു തന്നെ അപകടം സൃഷ്ടിക്കുന്ന നടപടികൾ നാൾക്കുനാൾ ശക്തിപ്പെടുകയാണ്.


ഇതുകൂടി വായിക്കു; അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങൾ നിഷേധിക്കുന്നു


കഴിഞ്ഞ നാലു വർഷമായി കേരളത്തിലെ പത്രങ്ങൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. വില വർധിപ്പിക്കാത്ത ഏക ഉല്പന്നം ദിനപ്പത്രമാണെന്ന് പറയാം. ഒരു ദിവസം ഒരു രൂപയുടെ വർധനവ് വരുത്തുന്നതുകൊണ്ടു മാത്രം പത്രസ്ഥാപനങ്ങൾക്ക് ഇന്നത്തെ നിലയിൽ പിടിച്ചുനിൽക്കാനാകില്ല. പ്രത്യേകിച്ച് ഇടത്തരം ചെറുകിട പത്രസ്ഥാപനങ്ങൾക്ക്. എന്നാൽ കേന്ദ്ര സർക്കാർ വിചാരിച്ചാൽ പത്രസ്ഥാപനങ്ങൾക്ക് നടുവുനിവർത്തി നിൽക്കാനാകും. കേരള സർക്കാരിനും കുറച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയും. രാജ്യത്ത് ആവശ്യമായി വരുന്ന പത്രക്കടലാസ് ഇവിടെത്തന്നെ ഉല്പാദിപ്പിക്കാൻ നടപടി സ്വീകരിക്കുക, അതുവരെ പത്രക്കടലാസ് ഇറക്കുമതി തീരുവ ഉപേക്ഷിക്കുക, ചെറുകിട- ഇടത്തരം പത്രങ്ങൾക്ക് കൂടി പരസ്യം നൽകുക, ഇറക്കുമതി പത്രത്തിന്റെ വില കുറയ്ക്കാൻ ലോക മാർക്കറ്റിൽ ഇടപെടൽ നടത്തുക, പത്രക്കടലാസ് ഇറക്കുമതിക്കുള്ള തടസങ്ങൾ നീക്കം ചെയ്യുക, ഇന്ധനവില നിയന്ത്രിക്കുക, ആർഎൻഐയുടെ നടപടിക്രമങ്ങൾ ലളിതമാക്കുക മുതലായ കാര്യങ്ങൾ കേന്ദ്രസർക്കാരിന് ചെയ്യാനാകും.

കേന്ദ്ര സർക്കാർ വില്പനയ്ക്കുവച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാനും പത്രക്കടലാസ് ഉല്പാദനം തുടങ്ങാനുമുള്ള കേരള സർക്കാരിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഇക്കാര്യത്തിൽ കുറച്ചു കാര്യങ്ങൾ കൂടി കേരളം ചെയ്യണം. പത്രങ്ങൾക്കു നല്കുന്ന പിആർഡി പരസ്യ നിരക്കിൽ 50 ശതമാനം വർധനവ് ഏർപ്പെടുത്തുക, 2022 മാർച്ച് 31 വരെയുള്ള പരസ്യ കുടിശിക വിതരണം ചെയ്യുക, വൈദ്യുതി നിരക്കിൽ വരുത്തിയ വർധനവിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും മാധ്യമങ്ങളുടെ നിലനില്പിന് പ്രാധാന്യം നല്കുന്ന കേരള സർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കുക തന്നെ വേണം. ഒപ്പം പത്രക്കടലാസിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുക അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും വേണം. രാഷ്ട്രീയപാർട്ടികളും എംപിമാരും ഇക്കാര്യം ഗൗരവപൂർവം തന്നെ കാണണം. പത്രസ്ഥാപനങ്ങളുടെ നിലനിൽപ്പ് ജനാധിപത്യത്തിന്റെ നിലനില്പിന്റെ ഭാഗമായി എല്ലാവരും കാണണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.