പ്രോസിക്യൂഷനുവേണ്ടി മാത്രമല്ല, പ്രതിഭാഗത്തിനുവേണ്ടിയും നന്നായി വാദിക്കാനറിയാമെന്ന് ഒരു വട്ടം കൂടി തെളിയിച്ചിരിക്കുകയാണ് കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണത്തിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി. ഏഴു വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ സമർത്ഥമായി തലയൂരാമെന്ന് പ്രതികൾക്ക് മാർഗം പറഞ്ഞുകൊടുക്കുന്ന നിയമോപദേശകരുടെ വേഷം കൂടി അണിഞ്ഞിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസി. കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രതിപക്ഷ കക്ഷികൾക്കെതിരെയുള്ള ആയുധമായി ഇഡിയെ ദുരുപയോഗപ്പെടുത്തുകയാണെന്ന പണ്ടേയുള്ള ആരോപണം ശരിവയ്ക്കുക കൂടിയാണ് കൊടകരക്കേസ്. പ്രതിസ്ഥാനത്ത് ബിജെപി നേതാക്കളെങ്കിൽ അവരെ രക്ഷപ്പെടുത്താനും പ്രതിപക്ഷ കക്ഷി നേതാക്കളെങ്കിൽ കള്ളക്കേസെടുത്ത് ജയിലിലാക്കാനും അത്യുത്സാഹം നടത്തുന്ന അന്വേഷണ ഏജൻസി കൂടിയായിരിക്കുന്നു ഇഡി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് തൊട്ടുമുമ്പാണ് 2021 ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകരയിൽ വച്ച്, കാറിൽ കടത്തുകയായിരുന്ന മൂന്നരക്കോടി രൂപ കവർച്ചാ സംഘം തട്ടിയെടുത്തത്. പക്ഷേ പണം കവർച്ച ചെയ്യപ്പെട്ടതായി കൊടകര പൊലീസിന് കാർ ഡ്രൈവർ ഷംജീറിന്റെ പരാതി ലഭിച്ചത് നാല് ദിവസത്തിന് ശേഷമായിരുന്നു. എന്നാൽ ഈ നാല് ദിവസങ്ങൾക്കിടെ കോടികൾക്ക് പിന്നിലുണ്ടായിരുന്നവർ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനെയും സംഘടനാ സെക്രട്ടറി എം ഗണേശനെയും ഫോണിൽ പലവട്ടം ബന്ധപ്പെട്ടതിന്റെ തെളിവുകൾ കേരള പൊലീസിന്റെ അന്വേഷണ സംഘം കണ്ടെത്തി.
കേവലം 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടുവെന്നായിരുന്നു ആദ്യ പരാതി. എന്നാൽ പ്രതികളെ പിടികൂടിയ പൊലീസ് സംഘം അവരുടെ ഒളിത്താവളങ്ങളിൽ നിന്ന് രണ്ടു കോടിയിലേറെ രൂപ കണ്ടെടുത്തു. നഷ്ടപ്പെട്ടത് ഹവാല പണമായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തം. ചെറിയ തുകയേ നഷ്ടമായുള്ളൂവെന്ന് വരുത്തിതീർക്കാനുള്ള ഗൂഢാലോചനയാണ് നിർണായകമായ നാലു ദിവസങ്ങൾക്കിടെ നടന്നതെന്നും കേരള പൊലീസ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി എറണാകുളത്തെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ കൊടകരക്കേസ് ദുർബലമാകാനും പ്രതികൾക്ക് രക്ഷപ്പെടാനും സാഹചര്യമൊരുക്കിയിരിക്കുകയാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതേസംഭവത്തിൽ അന്വേഷണം നടത്തിയ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം 2021 ജൂലൈ 23ന് പ്രധാന കുറ്റപത്രവും പിന്നീട് അനുബന്ധ കുറ്റപത്രവും ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്മേൽ വാദം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാനിരിക്കെയാണ് ഇഡി പുതിയ കുറ്റപത്രവുമായി രംഗത്തുവന്നിരിക്കുന്നത്. പൊലീസ് കുറ്റപത്രത്തിൽ കവർച്ച എന്ന കുറ്റകൃത്യം (ഐപിസി 390) ആണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ഇഡി കുറ്റകൃത്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ മാത്രമാണ് ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതികമായി രണ്ടിലും വ്യത്യസ്ത വകുപ്പുകളാണെങ്കിലും ഒരേ സംഭവത്തിൽ രണ്ട് കുറ്റപത്രം വന്നതും രണ്ട് ഏജൻസികളുടെ കണ്ടെത്തലുകൾ വിഭിന്നമായതും ആരെയാണ് സഹായിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
തൃശൂരിലെ ബിജെപി ഓഫിസിൽ ആറ് ചാക്കുകളിലായി കൊണ്ടുവന്ന ഒമ്പതുകോടിയിൽ നിന്നുള്ള 3.5 കോടിയാണ് ആലപ്പുഴയിലേക്ക് കൊടുത്തുവിട്ടതെന്ന് അക്കാലത്ത് തൃശൂരിലെ ബിജെപി ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശൻ പറഞ്ഞതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ഇഡി തയ്യാറായില്ല. പണം കൊടുത്തുവിട്ടതെന്ന് സ്വന്തം കുറ്റപത്രം പറയുന്ന ധർമ്മരാജന്റെ ബിജെപി, ഹവാല ബന്ധം അന്വേഷിക്കാനും ഇഡിക്ക് സമയം കിട്ടിയില്ല. പണം നഷ്ടപ്പെട്ടശേഷമുള്ള നാലുനാൾ പരാതി നൽകാതിരുന്നതെന്തെന്ന ചോദ്യത്തിന്റെ ഉത്തരവും ഇഡി തേടിയില്ല. ധർമ്മരാജൻ, കാർ ഡ്രൈവർ എന്നിവർ കെ സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇഡി അറിഞ്ഞതായി ഭാവിച്ചതുമില്ല. മറിച്ച് ബിജെപി നേതൃത്വം തയ്യാറാക്കി നൽകിയ തിരക്കഥ കുറ്റപത്രമാക്കി മൊഴിമാറ്റം നടത്തുകയായിരുന്നു അവർ. രാജ്യത്തെ കള്ളപ്പണത്തിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ട് സദുദ്ദേശ്യത്തോടെ 1956ൽ രൂപീകൃതമായ ഇഡിയെ കരുവാക്കി നഗ്നമായ അധികാര ദുർവിനിയോഗമാണ് ബിജെപി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി ഇതാണനുഭവമെങ്കിലും നരേന്ദ്ര മോഡി അധികാരത്തിലേറിയ 2014നു ശേഷമാണ് പ്രതിപക്ഷത്തെ വേട്ടയാടൽ ഇഡി മുഖ്യ അജണ്ടയായി മാറ്റിയത്. ഒപ്പം അഴിമതികളിൽ നിന്നും ആരോപണങ്ങളിൽ നിന്നും ബിജെപി നേതാക്കളെ രക്ഷപ്പെടുത്തുക എന്നതു കൂടി ദൗത്യമായി ഏറ്റെടുത്തു. ഇതിന്റെ സമ്പൂർണമായ തെളിവാണ് കൊടകര. കുഴൽപ്പണ ഇടപാടിൽ പരികർമ്മികൾ പലരുണ്ടാവാമെങ്കിലും കർമ്മി ഒരേ ഒരാളാണെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെയാണ് പൊലീസ് ചാർജ് ചെയ്ത കേസിൽ കെ സുരേന്ദ്രനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇഡി കുറ്റപത്രത്തിൽ സുരേന്ദ്രൻ സാക്ഷിപോലുമല്ല. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴുക്കുന്നത് ശതകോടികളാണ്. പ്രചരണത്തിന് പോകുന്ന പ്രതിപക്ഷത്തെ നേതാക്കളുടെ കാറിലും ഹെലികോപ്റ്ററിലും വരെ കയറിയിറങ്ങി പരിശോധന നടത്തുന്ന ഇഡി ഉദ്യോഗസ്ഥർ ബിജെപിയുടെ നോട്ടുകെട്ടുകൾ പരിശോധിച്ച ചരിത്രമില്ല. ഇഡി വന്നാൽ ബിജെപിക്ക് രണ്ടാണ് കാര്യം. പ്രതിപക്ഷത്തെ വേട്ടയാടുന്നതുതന്നെ അതിൽ മുഖ്യം. കൊടകര മോഡലിൽ കുടുങ്ങുന്ന ബിജെപി നേതാക്കളുണ്ടെങ്കിൽ പോറൽ പോലുമേൽക്കാതെ അവരെ രക്ഷപ്പെടുത്താനും ഇഡി കൂടെ വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.