പാർലമെന്ററി നടപടിക്രമങ്ങളോടും ജനാധിപത്യ മാനദണ്ഡങ്ങളോടും സർക്കാർ പുലര്‍ത്തുന്ന അവഗണനയിൽ പ്രതിഷേധിച്ചും തങ്ങളുടെ ആശങ്ക വ്യക്തമാക്കിയും ഇന്ത്യ സംഖ്യം പ്രതിനിധി സംഘം ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് കഴിഞ്ഞയാഴ്ച കത്ത് നല്‍കി. ഒഴിഞ്ഞുകിടക്കുന്ന ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് അവസരമൊരുക്കാത്തതും പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നിഷേധിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി കോൺഗ്രസ്, സിപിഐ, സിപിഐ(എം), സമാജവാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ശിവസേന (യുബിടി) തുടങ്ങി ഇന്ത്യ സംഖ്യത്തിലെ വിവിധ കക്ഷികളുടെ എംപിമാർ ഒപ്പിട്ടു നല്‍കിയ നിവേദനം പ്രതിപക്ഷ ഐക്യത്തിന് അടിവരയിടുന്നതാണ്. ബജറ്റ് ചർച്ചകളിൽ നിന്ന് പ്രധാനപ്പെട്ട മന്ത്രാലയങ്ങളെ മാറ്റിനിർത്തുന്നതായും സാമ്പത്തിക തീരുമാനങ്ങളിൽ പാർലമെന്റിന്റെ മേൽനോട്ടം കുറയ്ക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു. സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിന് പിറ്റേന്നാണ് സ്പീക്കറുമായുള്ള കൂടിക്കാഴ്ച നടന്നത്. സഭയുടെ നിലവാരം പാലിക്കാത്ത പെരുമാറ്റം എന്നാരോപിച്ച് ബിർള, പ്രതിപക്ഷ നേതാവിനെ ശാസിച്ചതിന് ശേഷമായിരുന്നു ഇത്. നിലവാരമില്ലാത്ത പെരുമാറ്റം എന്തെന്ന് സ്പീക്കര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ ബിജെപി സമൂഹമാധ്യമ മേധാവി അമിത് മാളവ്യ “പാർലമെന്ററി വിരുദ്ധമായ പെരുമാറ്റത്തിന്” എക്സിൽ രാഹുലിനെ വിമർശിച്ചു. സഭയിൽ സംസാരിക്കുമ്പോൾ രാഹുൽ തന്റെ സഹോദരിയും എംപിയുമായ പ്രിയങ്കാ വാദ്രയുടെ കവിളിൽ തലോടുന്ന വീഡിയോയും ചേർത്തിരുന്നു. ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടും ഇതേ വീഡിയോ പോസ്റ്റ് ചെയ്തു.
2025ലെ വഖഫ് (ഭേദഗതി) ബിൽ ബിജെപി മുന്നോട്ട് കൊണ്ടുപോകുമ്പോൾ, അതിനെതിരെ രാഷ്ട്രീയ ജനതാദൾ പരസ്യമായി രംഗത്തെത്തി. ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) സംഘടിപ്പിച്ച പ്രതിഷേധത്തിൽ ആർജെഡി മേധാവി ലാലു പ്രസാദ് യാദവും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അണിചേർന്നു. പാർട്ടി അധികാരത്തിൽ തുടർന്നാലും ഇല്ലെങ്കിലും വഖഫ് ബിൽ പിൻവലിക്കുന്നതുവരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ബില്ലിലൂടെ വഖഫ് സ്വത്ത് കയ്യടക്കാൻ ആഗ്രഹിക്കുന്നവരുടെ പദ്ധതി വിജയിക്കാൻ അനുവദിക്കില്ല. ജൻ സുരാജ് പാർട്ടി (ജെഎസ്‌പി) നേതാവ് പ്രശാന്ത് കിഷോർ, ആസാദ് സമാജ് പാർട്ടി (എഎസ്‌പി) പ്രസിഡന്റ് ചന്ദ്രശേഖർ ആസാദ്, സമാജ്‌വാദി പാർട്ടി എംപി മൗലാന മൊഹിബുള്ള എന്നിവരും പട്നയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. അതേസമയം, ബിജെപി എംപിയും വഖഫ് ബില്‍ പരിശോധിക്കുന്ന ജെപിസി ചെയർമാനുമായ ജഗദംബിക പാൽ, മുസ്ലിം വ്യക്തിനിയമ ബോർഡ് വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ചു.
എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തി. പിന്നാലെ എഐഎഡിഎംകെ — ബിജെപി സഖ്യത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും സജീവമായി. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രമാണ് ബാക്കി നിൽക്കുന്നത്. അതിർത്തി നിർണയം, ത്രിഭാഷാ നയം തുടങ്ങിയ വിഷയങ്ങളിൽ ഭരണകക്ഷിയായ ഡിഎംകെയുടെ പ്രചരണം നാടിളക്കുകയാണ്. അതിനിടെയുള്ള അമിത് ഷാ — എടപ്പാടി കൂടിക്കാഴ്ച തന്ത്രപരമായ നീക്കമായിട്ടാണ് കാണുന്നത്. തമിഴ്‌നാട്ടിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സർക്കാർ രൂപീകരിക്കുമെന്ന അമിത് ഷായുടെ അഭിപ്രായം എഐഎഡിഎംകെ — ബിജെപി സഖ്യത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാല്‍ എഐഎഡിഎംകെ — ബിജെപി സഖ്യസാധ്യതകളും കൂടിക്കാഴ്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പളനിസ്വാമി പറഞ്ഞു. അതേസമയം, നടൻ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകവും സീമാന്റെ നാം തമിഴർ കച്ചിയും എഐഎഡിഎംകെയുമായി സഖ്യത്തിലേർപ്പെടാൻ യാതൊരു താല്പര്യവും പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എഐഎഡിഎംകെയും ബിജെപിയും തങ്ങളുടെ പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുന്നത് പ്രധാനമാണ്.
പൊലീസ് നിയമസഭയില്‍ കടന്നതില്‍ പ്രതിഷേധിച്ച് ബിജെഡി എംഎൽഎമാർ ഒഡിഷ നിയമസഭയിൽ ഗംഗാജലം തളിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന സംഭവം. നിയമസഭാ നടപടികൾ ആരംഭിച്ചയുടൻ, ഗംഗാജലം നിറച്ച പാത്രങ്ങളുമായി എംഎൽഎമാർ സഭയിലേക്ക് പ്രവേശിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകുന്നതിന് മുമ്പ്, എംഎൽഎമാർ വെള്ളം തളിച്ചുതുടങ്ങി. സ്പീക്കർ സുരാമ പധി എംഎൽഎമാരോട് ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സഭയ്ക്ക് പുറത്ത് പോകാനും ആവശ്യപ്പെട്ടു. സ്പീക്കറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സഭയ്ക്ക് പുറത്തിറങ്ങിയവര്‍ അവിടെയും ഗംഗാജലം തളിച്ചു. നിയമസഭയ്ക്ക് പുറത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ രാജ്യത്തെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ചുചേര്‍ത്തു. വരുംകാല തെരഞ്ഞെടുപ്പുകളിൽ വിജയം നേടുന്നതിന് ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അതിനായി ദീർഘകാല തന്ത്രങ്ങള്‍ മെനയെണമെന്നും നിര്‍ദേശിച്ചു. അധികാരത്തിലേറാതെ പാർട്ടിയുടെ പ്രത്യയശാസ്ത്രം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയില്ല. ജില്ലാ പ്രസിഡന്റുമാരുടെ യോഗങ്ങളിൽ ആദ്യത്തേതിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി, കോൺഗ്രസിന്റെ അടിത്തറയാണ് ഡിസിസികളെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും സഖ്യകക്ഷികളെയും 240 സീറ്റുകളിലേക്ക് ഒതുക്കി. കോൺഗ്രസിന് 20–30 സീറ്റുകൾ കൂടി ലഭിച്ചിരുന്നെങ്കിൽ ഒരു ബദൽ സർക്കാർ രൂപീകരിക്കാനാകുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.