22 November 2024, Friday
KSFE Galaxy Chits Banner 2

ദരിദ്രരുടെ ഇന്ത്യയും കേരള ബദലും

വിനോദ് മുഖത്തല
February 6, 2023 4:30 am

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം “ആസാദി കാ അമൃത് മഹോത്സവ്“എന്നപേരിൽ കൊണ്ടാടുന്ന ഇന്ത്യ, ലോക പട്ടിണിസൂചികയിൽ 113-ാം സ്ഥാനത്താണുള്ളത്. മാറിമാറിവരുന്ന സർക്കാരുകൾ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയിട്ടും, ഹരിതവിപ്ലവം പോലുള്ള ബൃഹദ്പദ്ധതികൾ മുഖാന്തിരം ഭക്ഷ്യോല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചിട്ടും ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ഇന്നും ദാരിദ്ര്യരേഖയ്ക്ക് മുകളിൽ എത്തിയിട്ടില്ല എന്നുള്ളത് നമ്മുടെ ഭരണസംവിധാനത്തിലെയും, പദ്ധതി നിർവഹണത്തിലെയും വലിയ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. ദാരിദ്ര്യം എന്നത് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങൾ ഉൾപ്പെട്ട ഒരു ബഹുമുഖ സങ്കല്പമാണ്. ‘ദാരിദ്ര്യം വെറും പണത്തിന്റെ അഭാവമല്ല. ഒരു മനുഷ്യജീവി എന്ന നിലയിൽ ഒരാളുടെ മുഴുവൻ കഴിവുകളും സാക്ഷാത്കരിക്കുന്നതിനുള്ള ശേഷി ഇല്ലാതിരിക്കുക എന്നതാണ്’ എന്ന് പ്രൊഫ. അമർത്യാസെൻ വിലയിരുത്തുന്നു. ആഗോളതലത്തിലെ ദാരിദ്ര്യരേഖ കണക്കാക്കിയിരിക്കുന്നത് രണ്ട് ഡോളറിൽ താഴെ വരുമാനമുള്ളവര്‍ എന്നാണ്. അതനുസരിച്ച് ലോകത്ത് 900 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഇന്ത്യയില്‍ അഞ്ച് പേരിൽ ഒരാളും.

 


ഇതുകൂടി വായിക്കു; സഹകരണ ഫെഡറലിസത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ


ഇന്ത്യയിലെ ദരിദ്രരിൽ 80 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കൂടുതൽ പട്ടികവർഗ-പട്ടികജാതി വിഭാഗത്തിലും. ജനസംഖ്യയുടെ 68.5 ശതമാനം, ദിവസം രണ്ട് ഡോളറിൽ താഴെയും (150 രൂപ), 30 ശതമാനം 1.25 ഡോളറിൽ താഴെയും (100 രൂപ) മാത്രം വരുമാനം ഉള്ളവരാണ്. 30 ശതമാനം വരുന്ന അതിദരിദ്രരുടെ എണ്ണം 40 കോടിയോളം വരും എന്നറിയുമ്പോഴാണ് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഭീകരാവസ്ഥ എത്രവലുതാണെന്ന് ബോധ്യമാവുക. 1990 ൽ നടപ്പിലാക്കിയ ആഗോളീകരണ, നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ 265 ലക്ഷം കോടി ആയി വളർന്നതിലൂടെ ലോകത്തെ തന്നെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായി 5–10 ശതമാനമാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ വളര്‍ച്ച എന്നാണ് സാമ്പത്തിക സർവേ പറയുന്നത്. ലോക ബാങ്കും, ഐഎംഎഫും മറ്റു് ക്രെഡിറ്റ് ഏജൻസികളും ഇന്ത്യയുടെ വളർച്ച മുന്നോട്ടാണ് എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സമ്പദ്‌വ്യവസ്ഥ വളർന്നിട്ടും രാജ്യത്തെ ജനസംഖ്യയിൽ ചെറിയ ശതമാനത്തിന് മാത്രമേ അതുകൊണ്ട് ഗുണം ഉണ്ടായിട്ടുള്ളൂ. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം എക്കാലത്തേക്കാളും അധികരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. പണിയെടുക്കുന്ന കർഷകരുടെയും തൊഴിലാളികളുടെയും അധ്വാനത്തെ മാനിക്കാത്ത, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അഭ്യുന്നതിക്കായ് പ്രവർത്തിക്കാത്ത ഭരണകൂട വ്യവസ്ഥിതി ഉള്ളിടത്താണ് പട്ടിണിയും, അനാരോഗ്യവും അതുമൂലമുള്ള സാമൂഹിക ജീർണതയും നിറഞ്ഞ ഒരു ജനത ഉണ്ടാകുന്നത്.

രാജ്യത്തിന്റെ സ്ഥിതി ഇതായിരിക്കുമ്പോഴാണ് അതിൽ നിന്നും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന, കോർപറേറ്റ് അനുകൂല, നവ ഉദാരീകരണ നയങ്ങൾക്ക് ബദലായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജൈത്രയാത്ര തുടരുന്നത്. സർക്കാരിന് തുടർഭരണം നേടിക്കൊടുക്കുന്നതില്‍ ഇത്തരം നയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് രണ്ടാംവരവിൽ എടുത്ത ആദ്യത്തെ മന്ത്രിസഭാ തീരുമാനം തന്നെ കേരളത്തിലെ ഏഴ് ശതമാനം വരുന്ന അതിദരിദ്രരെ കൈപിടിച്ചുയർത്തി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദാരിദ്ര്യം പൂർണമായും നിർമാർജനം ചെയ്യുമെന്നായത്. 2016 ൽ അധികാരത്തിലെത്തിയതു മുതല്‍ സർക്കാർ പട്ടിണി ഇല്ലാതാക്കുന്നതിനായി ഒട്ടനവധി നടപടികളാണ് സ്വീകരിച്ചത്. കേരളം പിന്തുടർന്നുവരുന്ന തനതായ വികസനവഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ദാരിദ്ര്യ സൂചിക 2011–12ൽ 11 ഉം 2021–22 ൽ ഏഴും ശതമാനം മാത്രമാണ്. ദേശീയ ശരാശരി 30 ശതമാനമാണെന്ന് ഓര്‍ക്കണം. ഗ്രാമ‑നഗര പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ അനുപാതത്തിൽ ഉണ്ടായ കുറവ് നമ്മുടെ ദാരിദ്ര്യ ലഘൂകരണത്തിന്റെ വിജയമാണ് പ്രതിഫലിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കു;സെസും ചില മാധ്യമ ചിന്തകളും


 

കാലാകാലങ്ങളിൽ അധികാരത്തിൽവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതികളാണ് കേരളത്തിൽ സ്ഥിതി വ്യത്യസ്തമാക്കിയത്. ഭൂപരിഷ്കരണ നിയമം, ആരോഗ്യ‑വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾ, അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചത്, സാമൂഹ്യ സുരക്ഷ ലക്ഷ്യമിട്ടു നടപ്പിലാക്കിയ ക്ഷേമപെൻഷനുകൾ, കുടുംബശ്രീ വഴിയുള്ള സ്ത്രീ ശാക്തീകരണ പദ്ധതികൾ, ശക്തമായ പൊതുവിതരണ സമ്പ്രദായം എന്നിവ കേരളത്തിൽ ദാരിദ്ര്യം പടിപടിയായി ഇല്ലാതാക്കുന്നതിന് വളരെയേറെ സഹായിച്ചിട്ടുണ്ട്. 1973–74 കാലത്ത് ഇന്ത്യയിലെ 54.88 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖക്ക് താഴെ ആയിരുന്നപ്പോൾ കേരളത്തിൽ അത് 59.79 ശതമാനമായിരുന്നു. 2011-12 ആയപ്പോഴേക്കും കേരളത്തിലെ ദരിദ്രരുടെ എണ്ണം ഏഴ് ശതമാനം ആയി കുറയ്ക്കാൻ കഴിഞ്ഞപ്പോൾ രാജ്യത്തെ അതിദരിദ്രര്‍ 29.92 ശതമാനമായി തുടര്‍ന്നു.

2019–21 കാലത്ത് കോവിഡ് സൃഷ്ടിച്ച ഭക്ഷ്യപ്രതിസന്ധി ലോകത്തെ 30 കോടിയോളം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ലോകവും, രാജ്യവും എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോൾ കേരളത്തിലെ ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനുവേണ്ടി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ലോകത്തിന്റെ ആകെ പ്രശംസ പിടിച്ചുപറ്റിയതാണ്.
മനുഷ്യരോട് മാത്രമല്ല പക്ഷിമൃഗാദികളോട് പോലും കാരുണ്യത്തിന്റെ ഉറവവറ്റാത്ത സ്നേഹത്തിന്റെ കരങ്ങൾ നീട്ടാനായത് ലോകത്തിനാകെ മാതൃകയായി. നവ ഉദാരീകരണ നയങ്ങൾക്കും കോർപറേറ്റ് അനുകൂല സമീപനങ്ങൾക്കും ബദലായ നയരൂപീകരണത്തിലൂടെ സമൂഹത്തിലെ പട്ടിണി തുടച്ചുമാറ്റി ദാരിദ്ര്യനിർമാർജനം നടത്തുന്നതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് കൂടുതല്‍ വിപുലമായി ആരംഭിച്ചു കഴിഞ്ഞു. അതിലൂടെ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ കേരളത്തിൽ നിന്നും ദാരിദ്ര്യം പൂർണമായി നിർമാർജനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.