15 April 2025, Tuesday
KSFE Galaxy Chits Banner 2

കൊടകരയിലെ‍ അന്വേഷണവും മൗനവും

ബിനോയ് ജോർജ് പി
April 1, 2025 4:40 am

കൊടകര കുഴൽപ്പണക്കേസിൽ കേന്ദ്ര എജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്, അവർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചതിലൂടെ വ്യക്തമായി കഴിഞ്ഞു. കള്ളപ്പണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ ബാധ്യസ്ഥരാണ് ഇഡി ഉദ്യോഗസ്ഥർ. രാജ്യത്തെ ഏറ്റവും പ്രമുഖമായ അന്വേഷണ ഏജൻസികളിൽ ഒന്നായ ഇവരുടെ പല നടപടികളും മുമ്പും ചർച്ചയും വിവാദവും ആയിട്ടുണ്ടെങ്കിലും കേരളത്തിൽ അത് വലിയതോതിൽ പ്രകടമായത് കൊടകര കുഴൽപ്പണ ക്കേസിലെ കുറ്റപത്രം സമർപ്പിച്ചതിലൂടെയാണ്. അതിന് ഒരു പ്രധാന കാരണമായി പറയാവുന്നത് കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെല്ലാം മറ്റൊരു അന്വേഷണസംഘം (കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘം) അന്വേഷിച്ച് കണ്ടെത്തി കൈമാറി എന്നതുകൂടിയാണ്. വിവരങ്ങളെ സ്ഥിരീകരിക്കാനുതകുന്ന തെളിവുകളുടെയും മൊഴികളുടെയും പിൻബലം കൂടിയുള്ളവയായിരുന്നു പലതും. സുവ്യക്തവും സംശയത്തിന് വകയില്ലാത്തതുമായ കാര്യങ്ങളിൽപോലും ഇഡി കേന്ദ്ര ഭരണകക്ഷിയുടെ പേരുപോലും പ്രതിപാദിക്കാൻ തയ്യാറായില്ലെന്നതും കൗതുകകരമാണ്. പൊലീസിന്റെ സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്ന ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബിജെപി നേതാക്കളെ ഇഡി കണ്ടില്ലെന്നാണ് അവർ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മാത്രമല്ല, ലഭ്യമായ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ പണം നഷ്ടപ്പെട്ടത് അറിഞ്ഞപ്പോൾ ബിജെപിയുടെ ഹവാല ഇടപാടുകാരനായി പൊലീസ് രേഖകളിൽ പറയുന്ന ധർമ്മരാജൻ ആദ്യം വിളിച്ചത് സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രനെ ആയിരുന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം അപകടകരമായ മൗനമാണ് കേന്ദ്ര അന്വേഷണ ഏജൻസി സ്വീകരിക്കുന്നത്. 

ധർമ്മരാജൻ ബിസിനസുകാരനാണെന്നു മാത്രമാണ് ഇഡിയുടെ പക്ഷം. വളരെ പ്രകടമായ അയാളുടെ ബിജെപി ബന്ധത്തെപ്പറ്റി പോലും നിശബ്ദത പാലിക്കുന്നു. പൊലീസിന്റെ കുറ്റപത്രത്തിൽ ബിജെപിയുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കുഴൽപ്പണ വിതരണത്തെക്കുറിച്ചുള്ള സൂചനകൾ ധാരാളമുണ്ടെങ്കിലും ബിജെപിയെന്ന പദം പോലും സ്പർശിക്കാതെയാണ് ഇഡി കുറ്റപത്രം തയ്യാറാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫിസ് സെക്രട്ടറി ജി ഗിരീശൻ എന്നിവർക്ക് പണമെത്തുന്നതിനെപ്പറ്റിയും അതിന്റെ സ്രോതസിനെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണകളും സൂചനകളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. എന്നാൽ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കേന്ദ്രഭരണകക്ഷിയെ ഒരു അർത്ഥത്തിലും തൊട്ടുതീണ്ടാൻ കഴിയാത്തതും ഒരു വ്യഖ്യാനത്തിലും അവരെ കൂട്ടിക്കെട്ടാൻ കഴിയാത്തവിധം അസന്ദിഗ്ധവുമാണ് ഇഡിയുടെ നീക്കം. ധർമ്മരാജൻ യഥാർത്ഥത്തിൽ കടത്തിയത് 41.40 കോടി രൂപയായിരുന്നുവെന്നും ഇതു പല ജില്ലകളിലെ ബിജെപി ഓഫിസുകൾക്കു വീതിച്ചു നൽകിയെന്നും തൃശൂരിൽ വച്ച് 6.25 കോടി രൂപ ബിജെപി നേതാക്കൾക്ക് കൈമാറുകയും ബാക്കി 3.5 കോടിയിലേറെ രൂപയുമായി ആലപ്പുഴയിലേക്ക് പോകും വഴിയാണ് കൊടകരയിൽ വച്ച് കവർച്ച നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. കൊടകരയ്ക്കു മുൻപ് 2021 മാർച്ച് ആറിന് സേലത്ത് 4.40 കോടി രൂപ കൊള്ളയടിച്ചുവെന്നും അതിൽ കേസുണ്ടെന്നും പറയുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയിരുന്ന കാർ ആക്രമിച്ചാണ് മൂന്നരക്കോടി രൂപ കവർന്നത്. പക്ഷെ പൊലീസിന് പരാതി ലഭിക്കുന്നത് ഏപ്രിൽ ഏഴിനാണ്. 25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ഡ്രൈവർ ഷംജീറിന്റെ ആദ്യ പരാതി. പിന്നീട് ധർമ്മരാജൻ മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് മൊഴിമാറ്റുകയായിരുന്നു. എന്നാൽ, ഈ പണത്തിന് രേഖകളില്ലെന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. ആ സ്ഥാനത്താണ് ഇഡി കുറ്റപത്രത്തിൽ പണത്തിന്റെ ഉറവിടം ധർമ്മരാജൻ വ്യക്തമാക്കി എന്നു രേഖപ്പെടുത്തുന്നത്. കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനു വേണ്ടി എത്തിച്ചതാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തിയത്. കേസിൽ 22 പേരെ പ്രതിചേർത്തു. 2021 ജൂലൈ 23നു കുറ്റപത്രം സമർപ്പിച്ചു. ഒരാൾ കൂടി അറസ്റ്റിലായതിനു പിന്നാലെ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കായി സംസ്ഥാനത്ത് എത്തിയത് 41 കോടി രൂപയാണെന്ന് ഇഡിയ്ക്കുള്ള കത്തിലും കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. കെ സുരേന്ദ്രനെതിരെയുള്ള ധർമ്മരാജന്റെ മൊഴിയും പണം എത്തിച്ചത് കർണാടക എംഎൽസി ലഹർ സിങ്ങാണെന്ന കണ്ടെത്തലുമുണ്ട്. 2021 ഓഗസ്റ്റ് എട്ടിനാണ് കൊടകര കുഴൽപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മിഷണർ കൊച്ചിയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. കുഴൽപ്പണത്തിന്റെ കണക്കും കേസിൽ സാക്ഷികളുടെ മൊഴിയും ഉൾപ്പെടെ കത്തിൽ വിശദമാക്കുന്നുണ്ട്. കർണാടകയിൽ നിന്ന് നേരിട്ട് 14 കോടി 40 ലക്ഷം കേരളത്തിലേക്ക് എത്തി. മറ്റു ഹവാല റൂട്ടുകളിലൂടെ 27 കോടിയും. അങ്ങനെ ആകെ ബിജെപിക്കായി എത്തിയത് 41 കോടി 40 ലക്ഷം രൂപയാണെന്ന് കത്തിൽ പറയുന്നുണ്ട്. കെ സുരേന്ദ്രന്റെ അറിവോടെ കർണാടകത്തിൽനിന്ന് സംഘടനാ സെക്രട്ടറി എം ഗണേശന്റെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് നൽകാൻ പണം കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണ ഇടപ്പാട് സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിയിൽ വരാത്തതിനാൽ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇഡിക്കും ഇൻകംടാക്സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മിഷനും അയച്ചത്. തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മേയ് 10നാണ് ചുമതല ഏറ്റെടുത്തത്. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ്. 

രാജ്യത്തെ കള്ളപ്പണം-കുഴൽപ്പണം തുടങ്ങിയവയുടെ വിതരണവും വ്യാപനവും തടയുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു കേന്ദ്ര അന്വേഷണ വിഭാഗത്തിന്റെ പകൽ പോലെ പരസ്യമായ പക്ഷംപിടിക്കൽ ആരെയും സ്തബ്ധരാക്കും. കറകളഞ്ഞതാവണം ഏതുതരം കുറ്റാന്വേഷണവുമെങ്കിലും പലവിധ പരാതികളും ആരോപണങ്ങളും പല ഏജൻസികളെപ്പറ്റിയും ഉയർന്നു വരാറുണ്ട്. പക്ഷെ അപ്പോഴെല്ലാം കേസുകളുമായി ബന്ധപ്പെട്ട് തെളിമയുള്ളതും ആഴത്തിലുള്ളതുമായ വിവരങ്ങൾ അത്രയേറെ പൊതുജനങ്ങൾക്ക് ലഭിക്കാറില്ല. ഇവിടെ കേരള പൊലീസിന്റെ ആർജവത്തോടെയുള്ള അന്വേഷണ വിവരങ്ങൾ, പരസ്പരം ബന്ധപ്പെടുത്താവുന്ന വസ്തുതാപരമായ മറ്റു വിശദാംശങ്ങൾ എല്ലാം വാർത്താ മാധ്യമങ്ങളിലൂടെ പോലും ലഭ്യമാണ്. രാഷ്ട്രീയമോ മതപരമോ ആയ വലിയ ചർച്ചകളാകുന്ന കേസുകളിലുൾപ്പെടെ അവ്യക്തവും അപൂർണവുമായ വിവരങ്ങളായിരിക്കും പലയിടത്തും പ്രചരിക്കുക. ഇതിൽ നിന്നെല്ലാം വ്യതിരിക്തമായി, പ്രതികളിലേക്ക് കൃത്യമായി വഴിമരുന്നിടുന്ന മൂർത്തമായ വിവരങ്ങളാണ് പൊലീസ് നൽകിയത്. എന്നാൽ ഇവയെല്ലാം നിർലജ്ജം അവഗണിക്കുന്ന പ്രവൃത്തിയായിരുന്നു ഇഡി കുറ്റപത്രത്തിലൂടെ നിർവഹിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.