17 May 2024, Friday

സ്ത്രീ സമൂഹത്തിന് കരുത്തു നൽകിയ കുടുംബശ്രീ

ജാഫര്‍ മാലിക്
എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ
October 13, 2023 4:12 am

കേരളത്തിന്റെ സാമൂഹ്യ ഭൂമികയിൽ സ്ത്രീജീവിതത്തിന് പ്രസാദാത്മകമായ പരിവർത്തനം സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കഴിഞ്ഞ 25 വർഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാൻ കഴിഞ്ഞ ഏക പ്രസ്ഥാനം. ലോകത്തിനു മുന്നിൽ ഉദാത്ത മാതൃകയായി അഭിമാനപൂർവം ഉയർത്താനാവുന്ന ഒന്നാണ് കുടുംബശ്രീ ചരിത്രം. ദാരിദ്ര്യത്തെ മറികടന്ന സാധാരണക്കാരായ സ്ത്രീകളുടെ അതിജീവനവും, സാമ്പത്തികവും സാമൂഹികവും മാനസികവും ബൗദ്ധികവുമായ വികാസവും ഉൾപ്പെടെയുള്ള വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. പെൺകരുത്തിൽ പടുത്തുയർത്തിയ സമാനതകളില്ലാത്ത മുന്നേറ്റം.
ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ് മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായുള്ള ഈ ത്രിതല സംഘടനാ സംവിധാനം. ഏതൊരു രാജ്യത്തിന്റെയും വികസന സ്വപ്നങ്ങൾ പൂർണമായും സാക്ഷാത്കരിക്കണമെങ്കിൽ ദാരിദ്ര്യമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കിയേ തീരൂ. ഈ സത്യം തിരിച്ചറിഞ്ഞത് 1998ലെ എല്‍ഡിഎഫ് സർക്കാരാണ്. ദാരിദ്ര്യം ഇല്ലായ്മ ചെയ്തു കൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് 1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായത്. തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും അതിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ശ്രമകരമായ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തു. അടുക്കളയുടെ ചുറ്റുവട്ടത്തിനുള്ളിൽ ഗാർഹിക ഉത്തരവാദിത്തങ്ങളുമായി മാത്രം കഴിഞ്ഞിരുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിലേക്കാണ് വെളിച്ചമെത്തിയത്. അയൽക്കൂട്ടങ്ങളിൽ സൂക്ഷ്മസമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതിൽ നിന്നും വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയൽക്കൂട്ടങ്ങൾ മാറി.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയില്‍ 8029.47 കോടി രൂപയുടെ നിക്ഷേപം അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പ് എന്നിവയുമായി സഹകരിച്ചു കൊണ്ട് ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതിയിലൂടെ 11.31 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം വനിതകൾ ഇതില്‍ അംഗങ്ങളാണ്. പ്രാദേശിക വിഭവശേഷിയും വനിതകളുടെ തൊഴിൽ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ‑വേതനാധിഷ്ഠിത തൊഴിൽ മേഖലകളിലും നിരവധി വനിതകൾക്ക് ജീവനോപാധി ലഭ്യമാക്കിയിട്ടുണ്ട്. പരിശീലന പദ്ധതികളുടെ ഭാഗമായി 96,864 പേർക്ക് തൊഴിൽ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിനും 72,412 പേർക്ക് തൊഴിൽ നേടിക്കൊടുക്കാനും കഴിഞ്ഞു.

 


ഇതുകൂടി വായിക്കൂ; വനിതാ സംവരണവും തുടര്‍ നടപടികളും


 

ഒഎൻഡിസി ഡിജിറ്റൽ പ്ലാറ്റ്ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാര രംഗത്തേക്ക് കൂടി കുടുംബശ്രീ കടന്നിരിക്കുകയാണ്. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സംരംഭകർക്ക് വരുമാന വർധനവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുത്തൻ ചുവടുവയ്പ്. കുടുംബശ്രീ ബസാർഡോട്ട്കോം (kudum­bashree­bazaar. com) കൂടാതെ ആമസോൺ സഹേലി, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയും ഉല്പന്ന വിപണനം കാര്യക്ഷമമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 1108 ജനകീയ ഹോട്ടലുകളും പ്രവർത്തിക്കുന്നു. അമൃതം ന്യൂട്രിമിക്സ് നിർമ്മിച്ചു വിതരണം ചെയ്യുന്ന ‘ന്യൂട്രിമിക്സ്’ പദ്ധതി, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് അജൈവ മാലിന്യ സംസ്കരണത്തിനായി ഹരിതകർമ്മസേന, കെട്ടിട നിർമ്മാണരംഗത്ത് സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ കെട്ടിട നിർമ്മാണ യൂണിറ്റുകൾ, ‘എറൈസ്’ മൾട്ടി ടാസ്ക് ടീമുകൾ എന്നിവയും കുടുംബശ്രീ വിജയിപ്പിച്ച പദ്ധതികളാണ്. കൊച്ചി റെയിൽ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. 555 വനിതകൾ ഇവിടെയുണ്ട്. കൊച്ചി വാട്ടർ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെൺകരുത്താണ്. സാമൂഹ്യ സുരക്ഷാ മേഖലയിൽ പാവപ്പെട്ടവർക്ക് തണലൊരുക്കുന്ന പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തുന്നുണ്ട്. അഗതികുടുംബങ്ങളുടെ അതിജീവന ഉപജീവന മാനസിക ആവശ്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് അവർക്ക് കരുതലും സുരക്ഷയും ഒരുക്കുന്നതിനായി നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയം. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് 1,57,382 അഗതി കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്നു. സാമൂഹ്യ സുരക്ഷാ മേഖലയിലെ ഇടപെടലിന്റെ ഉദാഹരണമാണ് ബഡ്സ് സ്കൂളും പുനരധിവാസ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ബഡ്സ് സ്ഥാപനങ്ങൾ. 11,092 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 330 ബഡ്സ് സ്ഥാപനങ്ങളിൽ പരിശീലനം നൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 28,528 ബാലസഭകളിൽ അംഗങ്ങളായ 4,26,509 കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും വികസന പ്രക്രിയയിൽ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

കാസർകോട്, കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ‘കന്നഡ സ്പെഷ്യൽ പ്രോജക്ട്’ പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. ആധുനിക കാലത്തെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ ഏറ്റെടുക്കാനും അംഗങ്ങളെ പ്രാപ്തരാക്കാനായി ബാക്ക് ടു സ്കൂൾ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്ത്രീപദവി സ്വയംപഠന പ്രക്രിയ, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി 14 ജില്ലകളിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, പ്രാദേശികതലത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 19,326 വിജിലന്റ് ഗ്രൂപ്പുകൾ, 803 ജെന്‍ഡർ റിസോഴ്സ് സെന്ററുകൾ, 140 മാതൃകാ ജെൻഡർ റിസോഴ്സ് സെന്ററുകൾ, 304 സ്കൂളുകളിലും 70 കോളജുകളിലും ജെൻഡർ ക്ലബ്ബുകൾ, 360 കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവയുൾപ്പെടെ വളരെ വിപുലമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. സ്വയംപ്രതിരോധത്തിനും ആത്മവിശ്വാസം വളർത്തുന്നതിനും കരാട്ടേ പരിശീലനം നൽകുന്ന ‘ധീരം’ പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ മുഖേന ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ട് അവിടുത്ത ദരിദ്ര വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും അഭയകേന്ദ്രമാവുകയാണ് കേരളത്തിന്റെ കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന, സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നത് കുടുംബശ്രീയാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നഗരദരിദ്രർക്കായി ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി അഭയകേന്ദ്രങ്ങളും തെരുവോര കച്ചവടക്കാർക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനായി പ്രവർത്തന മൂലധനവും തിരിച്ചറിയിൽ കാർഡും നൽകുന്നുണ്ട്.


ഇതുകൂടി വായിക്കൂ; ചരിത്രത്തിലെ താരതമ്യം…!


പ്രളയക്കെടുതിയിൽ വീടും ഉപജീവന മാർഗങ്ങളും ഉൾപ്പെടെ ഏറെ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു കൊണ്ട് നാടിനു തുണയാകാൻ തങ്ങൾ ഒപ്പമുണ്ടെന്ന് കുടുംബശ്രീ തെളിയിച്ചു. ശക്തമായ ഒരു യുവനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 19,544 ഓക്സിലറി ഗ്രൂപ്പുകൾക്ക് രൂപം നൽകി. ഈ ഗ്രൂപ്പുകളിലെ വിദ്യാസമ്പന്നരായ യുവതികളുടെ ബൗദ്ധിക ശേഷിയും ഊർജസ്വലതയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി തുടക്കമിട്ട ‘ഷീ സ്റ്റാർട്ട്സ്’ പദ്ധതിക്ക് ഏറെ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. എൻയുഎൽഎം പദ്ധതി വഴി നഗരമേഖലയിലെ നഗരദരിദ്രരുടെ ജീവിത നിലവാരം ഉയർത്തുന്നതിലും സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ തുടർച്ചയായി ആറ് തവണ ദേശീയ പുരസ്കാരവും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.
25 വർഷം പൂർത്തിയാകുമ്പോൾ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിലൂടെ, സ്ത്രീശാക്തീകരണം എന്ന മഹനീയ ലക്ഷ്യം അതിന്റെ സമഗ്രതയിൽ കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും അധികാര കസേരയിലേക്ക് വരെ എത്താൻ കഴിഞ്ഞ അയൽക്കൂട്ട വനിതകൾ നിരവധിയാണ്. ഇപ്രകാരം കേരളീയ സ്ത്രീസമൂഹത്തെ മുന്നോട്ടു നയിച്ചു കൊണ്ടും പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയ്ക്ക് കരുത്തേകിയും പുതിയ വികസന ചക്രവാളങ്ങൾ എത്തിപ്പിടിക്കാനാണ് കുടുംബശ്രീയുടെ പരിശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.