December 9, 2023 Saturday

ചരിത്രത്തിലെ താരതമ്യം…!

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
September 27, 2023 4:15 am

ലോകമെമ്പാടുമുള്ള നൂറിലേറെ വിവിധ മേഖലകളിലെ പണ്ഡിതർ ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തി പ്രസിദ്ധീകരിച്ച പഠനം ഇന്ത്യയിൽ വലിയ വിമർശനത്തിന് ഇടയാക്കി. “തെക്കൻ-മധ്യ ഏഷ്യയിലെ ജനിതക രൂപീകരണം” (ദ ജീനോമിക് ഫോർമേഷൻ ഓഫ് സൗത്ത് ആന്റ് സെൻട്രൽ ഏഷ്യ) എന്ന 2018ലെ ഈ പഠനവിവരം നക്കലായി പുറത്ത് വന്നപ്പോൾ, ഭാരതത്തിൽ എക്കാലവും പുലർത്തിപ്പോന്ന ‘ആര്യന്മാർ കുടിയേറ്റക്കാരാണ്’ എന്ന വാദം വീണ്ടും സാധൂകരിക്കുകയായിരുന്നു. യൂറോപ്പിലേക്ക് മധ്യേഷ്യൻ ഭൂപ്രദേശത്തുനിന്നും ക്രിസ്തുവിന് മുമ്പ് 3000 മുതൽ ഉണ്ടായ കുടിയേറ്റം പോലെ 2000ത്തിനും 1000ത്തിനും ഇടയ്ക്ക് ഭാരതത്തിലേക്ക് കുടിയേറ്റമുണ്ടായി എന്ന് ജനിതക ശ്രേണീ പഠനത്തിലൂടെ തെളിയിക്കപ്പെടുകയായിരുന്നു. ഇവർ ഇന്തോ-യൂറോപ്യൻ ഭാഷ സംസാരിക്കുന്നവരായിരുന്നു എന്നും കണ്ടെത്തി. ഈ കണ്ടെത്തലിന്റെ ഉള്ളടക്കം ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല, അതിന്മേൽ വിമർശന പഠനങ്ങൾ ഉണ്ടായിട്ടില്ല എന്ന വിധത്തിലുള്ള എതിർപ്പാണ് പ്രധാനമായും പുറമേപറഞ്ഞത്. എന്നാൽ തങ്ങളാണ് ഈ രാജ്യത്തെ ആദിവർഗം എന്ന ആര്യസമൂഹത്തിന്റെ ശാഠ്യത്തിന് നിരക്കാത്തതാണ് കണ്ടെത്തൽ എന്നതായിരുന്നു എതിർപ്പിന് പുറത്ത് പറയാത്ത കാരണം.


ഇതുകൂടി വായിക്കൂ:  മണിപ്പൂർ നൽകുന്ന പാഠം


ഹാർവാഡ് മെഡിക്കൽ സ്കൂളിലെ വശീഷ് നരസിംഹൻ, ഡേവിഡ് റീച്ച്, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലറിലെ സഹാധ്യക്ഷൻ കുമാരസ്വാമി തങ്കരാജ്, ലഖ്നൗ ബിർബൻ സഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാലിയോ സയൻസിലെ നീരജ് റായ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യവംശ പഠനമേഖലകളിലെ വിദഗ്ധരാണ് ഈ സംഘത്തിലുണ്ടായിരുന്നത് എന്നത് വിമർശകർ പരിഗണിച്ചില്ല. 2019 സെപ്റ്റംബർ ആറിന് “സയൻസ്” ജേണലിൽ പ്രസിദ്ധീകരിക്കുകയും അനേകർ അനുകൂലാഭിപ്രായം പറയുകയും ചെയ്തു എന്നതും വിമർശകരെ തൃപ്തിപ്പെടുത്തിയില്ല. ഈ കുടിയേറ്റക്കാർ “ഗോപാലകരാ“യിരുന്നു എന്നതും പരിഗണിച്ചില്ല. ഇവിടെയാണ് ഈ പഠനത്തിന് വിധേയമായ വംശത്തിന്റെ ഉത്ഭവദേശത്തിന്റെ സമീപ നാട്ടിൽ നിന്നും ഏതാണ്ട് അതേകാലത്തുതന്നെ നടന്ന മറ്റൊരു കുടിയേറ്റത്തിന്റെ കഥ നമുക്ക് താരതമ്യ പഠനത്തിന് വിധേയമാക്കാൻ ലഭിക്കുന്നത്.
ലോകത്തിലെ മൂന്ന് പ്രമുഖ മതങ്ങളുടെ വംശപിതാവായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് തുടക്കത്തിൽ അബ്രാം എന്നും പിന്നീട് അബ്രാഹാം എന്നും വിളിക്കപ്പെട്ട ഗോത്രപിതാവ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ യൂഫ്രട്ടിസ്-ടൈഗ്രിസ് നദീതീരങ്ങളിൽ നിന്നും പുറപ്പെട്ട ആട്ടിടയന്മാരും അർധദേശാന്തരികളുമായ സമൂഹം കുറെക്കൂടെ പടിഞ്ഞാറോട്ട് നീങ്ങി മെഡിറ്ററേനിയൻ കടലിനോടനുബന്ധിച്ചുള്ള ഭൂപ്രദേശത്ത് കുടിയേറി. കാലഗതിയിൽ അവർ മെച്ചമായ സ്ഥലം അന്വേഷിച്ച് ചെന്നുചേർന്നത് ഈ ജിപ്റ്റിലാണ്. തുടക്കത്തിൽ അവിടെ കാര്യമായ നേട്ടമുണ്ടാക്കിയെങ്കിലും കാലക്രമത്തിൽ രാഷ്ട്രീയ മാറ്റത്തിൽപ്പെട്ട് തൊഴിലാളികളായി ജീവിക്കേണ്ട സാഹചര്യം വന്നുചേർന്നു. സ്വതവേ അർധദേശാന്തരീയത്വമുള്ള ഇവർക്ക് സ്ഥിരതാമസം, അതും മറ്റുള്ളവരുടെ ഔദാര്യത്തിൽ തൊഴിലെടുത്ത് കഴിയുക എന്നത് ഉൾക്കൊള്ളാൻ സാധിച്ചില്ല. അവിടെനിന്നും മോസസിന്റെ നേതൃത്വത്തിൽ പുറപ്പെട്ട് സുദീർഘമായ യാത്രയുടെയും അലച്ചിലിന്റെയും അന്ത്യത്തിൽ പലസ്തീനിലെത്തി ജോർദാൻ നദിയുടെ ഇരുകരകളിലുമായി താമസമാക്കി. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ കുറേക്കാലമെടുത്ത ഈ കുടിയേറ്റക്കാർ സാവകാശം മലമ്പ്രദേശത്തുനിന്നും താഴേക്കിറങ്ങി സമതലങ്ങളിൽ ആ ദേശക്കാരോട് ഇടപഴകി പ്രധാനമായും കൃഷിയിൽ ഏർപ്പെട്ട് ജീവിക്കാൻ ആരംഭിച്ചു.


ഇതുകൂടി വായിക്കൂ: ഗാന്ധി സവര്‍ക്കര്‍ പഠനത്തിലെ വൈരുദ്ധ്യങ്ങള്‍


ഈജിപ്റ്റിൽ നിന്നും തങ്ങളെ വിടുവിച്ച മോസസിന്, അദ്ദേഹത്തിന്റെ ഒളികാല ജീവിതകാലത്ത്, വെളിപ്പെട്ട ദൈവമാണ് അതിനായി നിർദേശം നൽകിയത് എന്നവർ വിശ്വസിച്ചു. ആ ദൈവമാണ് പലസ്തീനിലേക്കുള്ള തങ്ങളുടെ മരുഭൂയാത്രയിൽ രാത്രിയും പകലും തണലായി നിന്ന് സംരക്ഷണം ഒരുക്കിയത് എന്നും അവർ വിശ്വസിച്ചു. പക്ഷെ ആ ദൈവത്തിന് കൃഷിയിടങ്ങളിൽ സംരക്ഷണമൊരുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ അവർക്ക് സംശയവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടിയേറ്റജനം അവിടുത്തെ ദൈവങ്ങളുടെ ആരാധനാ ശൈലികള്‍ ഏറ്റെടുത്ത് പകർത്തി നടത്തുന്ന അവസ്ഥയുണ്ടായി. ഇതിനെ പിൽക്കാലത്തുവന്ന പ്രവാചകന്മാർ എതിർത്തു. കുടിയേറ്റ ഭൂമിയിലേക്കുള്ള യാത്രയിൽ കൂടെ സഞ്ചരിച്ച ദൈവത്തിന്റെ സാന്നിധ്യത്തിന്റെ പ്രതീകമായി ചുമന്നുകൊണ്ട് നടക്കാൻ ഉതകുന്ന നാല് തോൾ തണ്ടുകളും ചെറിയ നാല് കാലുകളുമുള്ള ഒരു പേടകം സൃഷ്ടിച്ച് അതിനെ സാക്ഷ്യപെട്ടകം എന്ന് പേരുനൽകി ഉപയോഗിച്ചു വന്നു. മരുഭൂ യാത്രയിലെ അത്ഭുതാനുഭവങ്ങളുടെ സാക്ഷ്യങ്ങളും അതിനകത്ത് സ്ഥാപിച്ചിരുന്നു. കുടിയേറ്റ ഭൂമിയിൽ നേരിടേണ്ടിവന്ന എതിർപ്പുകളെയും യുദ്ധങ്ങളെയും അഭിമുഖീകരിച്ചിടത്തെല്ലാം ദൈവിക തുണയുടെ പ്രതീകമായി ഈ പേടകം അവർ കൊണ്ടുപോയി. എന്നാൽ എല്ലായിടത്തും വിജയം അവരെ തുണച്ചില്ലെന്നുമാത്രമല്ല പെട്ടകം തന്നെ ശത്രുക്കളുടെ കൈവശമാകുന്ന അവസ്ഥയുമുണ്ടായി.
പെട്ടകം മാത്രം പോരാ മറ്റ് സമൂഹങ്ങളെപ്പോലെ തങ്ങൾക്കും മുന്നിൽ നിന്ന് നയിക്കാൻ ശക്തനായ ഒരു രാജാവുണ്ടായാലേ സ്വസ്ഥജീവിതം സാധ്യമാകൂ എന്ന ചിന്തയിലേക്ക് അവർ എത്തിച്ചേർന്നു. പക്ഷെ അവരുടെ മത നേതാവായിരുന്ന ശാമുവേൽ ഇപ്രകാരമുള്ള ഒരു വ്യക്തിയുടെ കീഴിൽ ജനത്തിനുണ്ടാകാവുന്ന അപകടങ്ങളെ ചൂണ്ടിക്കാണിച്ച് പിൻതിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. ആവശ്യം ശക്തമാവുകയും ഒരു രാജാവിനെ മതനേതൃത്വം തന്നെ നിയോഗിക്കുകയും ചെയ്തു. ശൗൽ എന്ന പുതിയ നേതാവ് പക്ഷെ തീരെ ശക്തനായിരുന്നില്ല. മാത്രമല്ല ഗോത്രങ്ങൾ തമ്മിലുള്ള അധികാര വടംവലിയിൽ പരാജയപ്പെടുകയും ചെയ്തു. തുടർന്നാണ് ശക്തമായ ഗോത്രത്തിന്റെ ജനപിന്തുണയുള്ള ഡേവിഡ് രാജാവാകുന്നത്. ശൗലിന്റെ ഗോത്രം സാവകാശം ഇല്ലാതാവുകയോ ഡേവിഡിന്റെ ഗോത്രത്തിൽ ലയിക്കുകയോ ചെയ്തു. അതോടൊപ്പം ഒരുകാലത്ത് അടിമകളായിരുന്നവർ സാവകാശം കുടിയേറിവന്ന നാട്ടിൽ മേൽക്കോയ്മ നേടി ആ നാട്ടിലുണ്ടായിരുന്നവരെ അടിമകളാക്കുകയും പീഡിപ്പിക്കുകയും നായ്ക്കൾ എന്ന് വിളിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ഈ പുതുവര്‍ഷത്തില്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാം


ഡേവിഡിൽ തീർച്ചയായും ശക്തമായ നേതൃഗുണവും രാഷ്ട്രീയ തന്ത്രജ്ഞതയും കാര്യനിർവഹണ ശേഷിയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഡേവിഡ് തന്നെ എതിർത്തവരെയെല്ലാം നേരിട്ടോ അല്ലാതെയോ ആക്രമിച്ച് കീഴടക്കി ഒരു ചക്രവർത്തിയുടെ സ്ഥാനത്തെത്തിച്ചേർന്നു. താൻ കീഴടക്കിയവരിൽ, കടവിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയിൽ ആകൃഷ്ടനായി അവളെ സ്വന്തമാക്കാൻ കൊന്ന, പട്ടാളക്കാരനായ അവളുടെ ഭർത്താവും ഉൾപ്പെടുന്നു. തന്റെ സുഗമമായ യാത്രയുടെ പാതയിൽ തടസമാകുന്നത് പട്ടാളക്കാരനായാലും പൊലീസുകാരനായാലും ന്യായാധിപനായാലും ഇല്ലാതാകേണ്ടവരാണ് എന്നാണല്ലോ എക്കാലത്തെയും ചക്രവർത്തിമാരുടെ രാഷ്ട്രീയ മീമാംസ.
ആഭ്യന്തര ശത്രുക്കളെ നേരിടാൻ അവരുടെ മതത്തെയും ദൈവ വിശ്വാസത്തെയും ഉപയോഗിക്കുന്നത് ബുദ്ധിപരമായിരിക്കും എന്ന് തിരിച്ചറിഞ്ഞ ഡേവിഡ് അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. രണ്ട് കാര്യങ്ങളാണ് അതിനായി അദ്ദേഹം ചെയ്തത്. ഒന്നാമത് മറ്റൊരു ഗോത്രത്തിനും അവകാശപ്പെടാൻ പറ്റാത്ത സ്വകാര്യഭൂമിയിൽ തന്റെ കൊട്ടാരം നിർമ്മിക്കുക. പിന്നീട് ജറുസലേം എന്ന് പേരു ലഭിച്ച ജബൂസ്യരുടെ പട്ടണം അദ്ദേഹം അതിനായി പിടിച്ചടക്കി. രണ്ടാമത്, ജനത്തെ തന്റെ വരുതിയിൽ വരുത്താൻ അവർ ദൈവ സാന്നിധ്യത്തിന്റെ പൂര്‍ണ പ്രതീകം എന്ന് വിശ്വസിച്ചിരുന്ന സാക്ഷ്യപെട്ടകം തന്റെ കൊട്ടാരത്തിന്റെ അനുബന്ധ കെട്ടിടത്തിലേക്ക് കൊണ്ടുവരികയെന്നതായിരുന്നു. ഓരോ ദേശക്കാരും അവരവരുടെ പശ്ചാത്തലമനുസരിച്ചും ആവശ്യമനുസരിച്ചും സമീപിച്ചിരുന്ന ദൈവ‑മത സാന്നിധ്യം, താൻ അതിനെ അത്യധികം ആദരിക്കുന്നു എന്ന ഭാവത്തിൽ ജനത്തിന്റെ വിശ്വാസപരമായ വികാരം ഉദ്ദീപിപ്പിച്ച് വലിയ ആഘോഷത്തോടെ തന്റെ പട്ടണത്തിലേക്ക് കൊണ്ടുവന്നു.
വഴിയിലുണ്ടായ ഒരപകടത്തിൽ ഭയന്ന ഡേവിഡ് മാർഗമധ്യേ ആഘോഷം അവസാനിപ്പിച്ചത് കണ്ടിട്ടും പാവം ജനം രാജാവിന്റെ തന്ത്രം മനസിലാക്കിയില്ല. പിന്നീട് ആഘോഷമൊന്നും കൂടാതെയാണ് പെട്ടകം കൊട്ടാരത്തിലെത്തിച്ചത്. ഡേവിഡിന് ഈ പെട്ടകം തന്റെ അധികാരം ജനമധ്യത്തിലും അയൽക്കാരുടെ ഇടയിലും സാമന്തരുടെ മധ്യത്തിലും ഉറപ്പിക്കുന്ന രാജദണ്ഡായി ഭവിച്ചു. അങ്ങനെ ദൈവസാന്നിധ്യത്തെ ജനമധ്യത്തിൽ നിന്നും രാജകീയ സംരക്ഷണയിലേക്ക് മാറ്റിയെടുക്കുകയും ദൈവത്തെയും മതത്തെയും ഉപയോഗിച്ച് രാജാധികാരത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: പുതുജീവിതത്തിന് മതം വേണ്ട


മതത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ച രാജാധികാരവും കേന്ദ്രീകൃത രാജ്യവും പക്ഷെ ഒരു തലമുറയ്ക്കപ്പുറത്തേക്ക് നീണ്ടില്ല. ഡേവിഡിന്റെ മകൻ സോളമന് രാഷ്ട്രീയത്തിലോ ജനക്ഷേമത്തിലോ ആയിരുന്നില്ല ശ്രദ്ധ. അയൽപക്കങ്ങളിൽ പോയി വിവാഹം കഴിക്കുന്നതിലും ഭാര്യമാർക്കായി കൊട്ടാരങ്ങൾ ഉണ്ടാക്കുന്നതിലും അതിനായി ജനത്തെ കരംകൊണ്ട് പിഴിയുന്നതിലുമായിരുന്നു. സോളമന്റെ മകന്‍ റഹോബയാമാകട്ടെ ധിക്കാരിയും വിവേകരഹിതനുമായിരുന്നു. ആ വിവേകശൂന്യതയിൽ 10 ദേശക്കാർ വേറിട്ടുപോയി രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു, ആരാധനാമൂർത്തി രണ്ട് പേരുകളാൽ അറിയപ്പെടാനും ഒന്നിൽ കൂടുതൽ ആരാധനാലയങ്ങൾ ഉണ്ടാകാനും ഇടയായി. അങ്ങനെ പഴയ മതവുമില്ല രാജ്യവുമില്ല എന്ന അവസ്ഥയിലായി ഡേവിഡിന്റെ ‘തിയോക്രാറ്റിക്’(ഈശ്വരാധിഷ്ഠിത) രാജ്യം. മതത്തെയും ഈശ്വരനെയും രാഷ്ട്രീയ ചതുരംഗക്കളിയിൽ കരുക്കളാക്കുന്നത് ഈശ്വരനിന്ദയാണെന്ന്, അത് സമൂഹങ്ങളെ ഛിദ്രമാക്കുകയും ജനജീവിതം ദുരിതപൂർണമാക്കുകയും ചെയ്യുമെന്ന്, സാംസ്കാരിക ലോകം പഠിക്കാൻ എത്ര കാലമെടുക്കും എന്നത് നിർണായകമായ ചോദ്യമാണ്. ചരിത്രം പഠിക്കുന്നത് ചരിത്രത്തിൽ നിന്നും പഠിക്കാനാണ് എന്നാണിനി നാം തിരിച്ചറിയുക!.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.