2023 ഡിസംബറിൽ ഛത്തീസ്ഗഢിൽ ബിജെപി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം മാവോയിസ്റ്റ് വേട്ടയിൽ വലിയ വർധനയാണ് ഉണ്ടായത്. 2024ൽ 194 മാവോയിസ്റ്റുകളെ വധിച്ചതായും 801 പേരെ അറസ്റ്റ് ചെയ്തതായും 742 പേർ കീഴടങ്ങിയെന്നുമാണ് കണക്ക്. 2025ലെ ആദ്യപാദത്തിൽമാത്രം സംസ്ഥാനത്ത് 103 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബിജാപൂരിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങുകയും ചെയ്തു. മാവോയിസ്റ്റുകളുടെ ത്യാഗസന്നദ്ധതയാണ് പല സംഭവങ്ങളും പ്രകടമാക്കുന്നതെങ്കിലും അവ ഗുണപരമായ ഒരു ഫലവും നൽകിയിട്ടില്ലെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ അവരുടെ പരാജയപ്പെട്ട അടവുകളും തന്ത്രങ്ങളും ആത്മാർത്ഥമായ ആത്മപരിശോധന ആവശ്യപ്പെടുന്നു. മാവോയിസ്റ്റ് ആശയത്തെക്കുറിച്ചുള്ള വിമർശനപരമായ വിലയിരുത്തലിന് സമയമായെന്നാണ് സിപിഐ കരുതുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യയിലെ മാവോയിസ്റ്റുകൾ സായുധ വിപ്ലവ പോരാട്ടം നടത്തിവരികയാണ്. നീണ്ടുനിന്ന ജനകീയ പോരാട്ടത്തിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേടിയ വിജയം ആവർത്തിക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്. ഇന്ത്യയുടെ സാഹചര്യങ്ങൾ വിപ്ലവപൂർവ ചൈനയെ പ്രതിഫലിപ്പിക്കുന്നു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് മാവോയിസ്റ്റ് തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. അവിടെ ദുർബലമായ ഒരു രാഷ്ട്രം, വിദേശാധിനിവേശം, കർഷകരുടെ സായുധ പോരാട്ടം എന്നിവ കമ്മ്യൂണിസ്റ്റ് വിജയത്തിന് വഴിയൊരുക്കിയ ഘടകങ്ങളാണ്. ഇന്ത്യയിലെ സാഹചര്യങ്ങളെ ഇതിനോട് സാമ്യപ്പെടുത്തുന്നത് അടിസ്ഥാനപരമായി പല കാരണങ്ങളാൽ അബദ്ധമായിരിക്കും.
ഫ്യൂഡൽ വ്യവസ്ഥയുണ്ടായിരുന്ന ചൈനയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ സ്ഥിരമായി തെരഞ്ഞെടുപ്പുകൾ നടക്കുന്ന പാർലമെന്ററി ജനാധിപത്യമാണ് നിലനിൽക്കുന്നത്. ഇപ്പോഴുള്ള പാർലമെന്ററി സംവിധാനം എത്ര അപൂർണമാണെങ്കിലും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഘടിക്കാനും പ്രക്ഷോഭം നടത്താനും നയങ്ങളെ സ്വാധീനിക്കാനും നിയമപരമായ വഴികൾ നൽകുന്നുണ്ട്. മാവോയിസ്റ്റുകളാകട്ടെ വ്യവസ്ഥാപിതമായി അതിനെ നിരാകരിക്കുന്നവരാണ്. അതിനപ്പുറം ഇന്ത്യയിലെ ജാതി, മത, പ്രാദേശിക വൈവിധ്യങ്ങൾ ഒരു ഏകീകൃത സായുധ വിപ്ലവത്തെ അപ്രായോഗികമാക്കുകയും ചെയ്യുന്നു. മധ്യേന്ത്യയിലെ ഗോത്രവർഗ മേഖലകൾക്കുപുറത്ത് വിശാലമായ സഖ്യങ്ങൾ രൂപപ്പെടുത്താൻ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കഴിയാത്തത് രാജ്യത്തിന്റെ സാമൂഹിക‑രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നുള്ളതിന്റെ തെളിവാണ്.
1940കളിലെ ചൈനയിൽ നിന്ന് വ്യത്യസ്തമായി, ഉദാരവൽക്കരണാനന്തര ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പരിഷ്കാരങ്ങൾ ആഗ്രഹിക്കുന്ന, വളർന്നുവരുന്ന നഗര തൊഴിലാളിവർഗത്തെയും ഗ്രാമീണ വിഭാഗങ്ങളെയും സൃഷ്ടിച്ചിരുന്നു. അല്ലാതെ അക്രമാസക്തമായ പ്രക്ഷോഭങ്ങളെ മാത്രമല്ല സൃഷ്ടിച്ചത്. മാവോയിസ്റ്റ് ആശയം കാർഷിക വിപ്ലവത്തിൽ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. വർഗതലത്തിൽ സംഭവിച്ച ഈ വ്യതിയാനങ്ങളെ അത് പൂർണമായും അവഗണിക്കുന്നു.
കൂടാതെ പൊലീസ് അടിച്ചമർത്തൽ, രഹസ്യാന്വേഷണ വിഭാഗ നിരീക്ഷണങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് ഭരണകൂടം മാവോയിസ്റ്റ് പ്രവർത്തനങ്ങളെ നേരിടുകയും ചെയ്യുന്നു. തൽഫലമായി, വൻ തോതിലുള്ള ഏറ്റുമുട്ടലുകൾ (ഉദാഹരണത്തിന്, പശ്ചിമ ബംഗാളിൽ കിഷൻജിയുടെ കൊലപാതകം), കൂട്ട കീഴടങ്ങലുകൾ (ആന്ധ്രാപ്രദേശിലും ഛത്തീസ്ഗഢിലും കാണുന്നത് പോലെ) എന്നിവ പ്രസ്ഥാനത്തിന്റെ പ്രവർത്തന ശേഷിയെ തളർത്തിയിരിക്കുന്നു. അതേസമയംതന്നെ മാവോയിസ്റ്റുകളുടെ അതിക്രമങ്ങൾ — സുരക്ഷാ സംഘത്തിനും പൗരന്മാർക്കും എന്തിന് എതിർക്കുന്ന ആദിവാസികൾക്കുമെതിരായ ആക്രമണങ്ങൾ — പ്രധാന അഭ്യുദയകാംക്ഷികളിൽ നിന്നുപോലും അവരെ അകറ്റുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്തു. പ്രസ്ഥാനത്തിനകത്തെ ആന്തരിക ശുദ്ധീകരണ പ്രക്രിയയും (ഉദാഹരണത്തിന് പൊലീസ് ചാരന്മാരെന്ന് മുദ്രകുത്തി വധിക്കുന്നത്) പ്രവർത്തന ശൈലിയെ ദുർബലപ്പെടുത്തി. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് അവകാശപ്പെടുമ്പോൾത്തന്നെ അവരുടെ പ്രവർത്തനങ്ങൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെന്നവകാശപ്പെടുന്ന വിഭാഗങ്ങൾക്ക് ദോഷകരമായാണ് ബാധിക്കുന്നത്. മാവോയിസ്റ്റ് ബാധിത മേഖലകളിലെ സുരക്ഷാ സേനയുടെ നടപടികളുടെ ഫലമായി ആയിരക്കണക്കിന് ആദിവാസികൾക്ക് സ്വന്തം നാട് വിട്ടുപോകേണ്ടിവന്നു. അവർ ഒരേസമയം ഭരണകൂട അടിച്ചമർത്തലിന്റെയും മാവോയിസ്റ്റുകളുടെയും ദുരന്തങ്ങളാണ് നേരിടേണ്ടിവരുന്നത്. അതുപോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം തിരസ്കരിക്കുന്ന മാവോയിസ്റ്റ് നിലപാട് വലതുപക്ഷ ശക്തികൾക്കാണ് സഹായകമായത്. അവരുടെ അക്രമ തന്ത്രങ്ങൾ ഝാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപിക്കും മറ്റ് വലതുപാർട്ടികൾക്കും ഇടതുപക്ഷ പ്രവർത്തനങ്ങളെ “ദേശവിരുദ്ധ“മായി ചിത്രീകരിക്കുന്നതിന് സഹായകമായി. ഇത് വിശാലമായ ഇടതുപക്ഷ, ജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തു.
ലോകത്തെ പല രാജ്യങ്ങളിലെയും മാവോയിസ്റ്റ് പ്രവർത്തനരീതികളുടെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനരീതി പുനഃപരിശോധിക്കുന്നതിന് മാവോയിസ്റ്റുകൾ തയ്യാറാകേണ്ട ഘട്ടമാണിത്. സായുധ വിപ്ലവമെന്ന മാവോയിസ്റ്റ് തന്ത്രം ഒന്നിലധികം രാജ്യങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതിന്റെ അനുഭവങ്ങളുണ്ടായി. അത് പല വിഭാഗങ്ങളെയും അക്രമമാർഗം ഉപേക്ഷിച്ച് മുഖ്യധാരാ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം സ്വീകരിക്കുന്നതിന് നിർബന്ധിതരാക്കി, നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) ദശാബ്ദത്തിലധികം നീണ്ട സായുധ പോരാട്ട സങ്കല്പം ഉപേക്ഷിക്കുകയും മുഖ്യധാരയിലെത്തി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ജനാധിപത്യ പങ്കാളിത്തം സായുധ പോരാട്ടത്തെക്കാൾ അധികം നേട്ടങ്ങൾക്ക് സഹായകമാകുമെന്ന് തെളിയിച്ചുകൊണ്ട് സർക്കാരിനെ നയിക്കുക പോലും ചെയ്യുന്ന സ്ഥിതിയുണ്ടായി. പെറുവിലെ മാവോയിസ്റ്റ് വിഭാഗമായ ഷൈനിങ് പാത്തിന്റെ ക്രൂരമായ അതിക്രമങ്ങൾ, അതിന്റെ നേതാവ് അമിബായേൽ ഗുസ്മാൻ പിടിക്കപ്പെട്ടതോടെ തകർന്ന് ഇല്ലാതായി. സാധാരണക്കാർക്കെതിരായ നിഷ്ഠുരമായ അതിക്രമങ്ങൾ കാരണം അവശേഷിച്ച പ്രവർത്തകരാകട്ടെ പൂർണമായി ഒറ്റപ്പെടുകയും ചെയ്തു. തുർക്കിയിലെ ടികെപി/എംഎൽ അടക്കമുളള തീവ്ര ഇടതുപക്ഷ സായുധവിഭാഗങ്ങൾ ജനപിന്തുണയാർജിക്കുന്നതിൽ പരാജയപ്പെടുകയും ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെത്തുടർന്ന് തകരുകയും ചെ യ്തു. അതേസമയം ഇ തര കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിനകത്ത് നിയമപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയും (സിപിപി) അതിന്റെ സായുധ വിഭാഗവും (എൻപിഎ) പതിറ്റാണ്ടുകളായി പോരാടുന്ന ഫിലിപ്പീൻസിൽ പ്രസ്ഥാനം സ്തംഭനാവസ്ഥയിലാണ്. സൈനിക സമ്മർദവും ജനകീയ പിന്തുണയുടെ അഭാവവും കാരണം നിരവധി പ്രവർത്തകർ കീഴടങ്ങി. വിശാല ഇടതുപക്ഷ സഖ്യങ്ങളിൽ നിന്നും ജനാധിപത്യ പ്രക്രിയകളിൽ നിന്നും ഒറ്റപ്പെടുമ്പോൾ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നുകിൽ ശിഥിലമാകുകയോ അല്ലെങ്കിൽ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാൻ നിർബന്ധിതരാകുകയോ ചെയ്യുന്നുവെന്ന് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു. പാഠം വ്യക്തമാണ്: ബഹുജന രാഷ്ട്രീയ പിന്തുണയില്ലാത്ത സായുധ പോരാട്ടം പരാജയത്തിലാണ് കലാശിക്കുക. അതേസമയം മുഖ്യധാരാ കമ്മ്യൂണിസ്റ്റ്, പുരോഗമന പ്രസ്ഥാനങ്ങളുമായി യോജിച്ച് മുന്നോട്ടുപോകുന്നത് സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾ നേടുന്നതിനുള്ള സുസ്ഥിര പാത ഉറപ്പ് നൽകുകയും ചെയ്യുന്നു.
നക്സൽ പ്രസ്ഥാനത്തിന്റെ തുടക്കം മുതൽതന്നെ സിപിഐ, അതിനെതിരായ പൊലീസ് അതിക്രമങ്ങളെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും അപലപിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതേസമയം, അന്നത്തെ സിപിഐ(എംഎൽ) ഇപ്പോഴത്തെ സിപിഐ (മാവോയിസ്റ്റ്) എന്നിവയുടെ നേതാക്കളോട് അവരുടെ പരാജയപ്പെട്ട അടവുകളും തന്ത്രങ്ങളും പുനഃപരിശോധിക്കണമെന്നും മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ചേരണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു.
1970 ജൂലൈ 11ന് ആന്ധ്രയിലെ വി സത്യനാരായണ, ആദിഭട്ട്‌ല എന്നിവരുടെ നിഷ്ഠുരമായ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും പഞ്ചാബിലെ ഭുജ സിങ്ങിനെയും വിവിധ സംസ്ഥാനങ്ങളിൽ നിരവധി പേരെയും കൊലപ്പെടുത്തിയതിനെയും തുടർന്ന് സിപിഐ ദേശീയ കൗൺസിൽ ഈ നരഹത്യകളെ അപലപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കി. നേതാക്കളും പ്രവർത്തകരും അവലംബിക്കുന്ന വ്യക്തിപരവും സംഘടിതവുമായുള്ള ഭീകരതയും വഴിപിഴച്ചതും ദോഷകരവുമായ സമീപനങ്ങളും ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെടുകയുണ്ടായി. ഇത്തരത്തിലുള്ള കൊലപാതകങ്ങൾക്ക് അറുതി വരുത്തണമെന്ന് സിപിഐ അംഗങ്ങൾ പാർലമെന്റിൽ നിരന്തരം ആവശ്യമുന്നയിക്കുന്നതും എല്ലാവർക്കും അറിവുള്ളതാണ്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ തടയുന്നതിനും അതിന്റെ ഭാഗമായി അണിനിരത്തുന്നതിനുമായി തദ്ദേശീയ ആദിവാസികളെ ഉൾപ്പെടുത്തി 2005ൽ രൂപീകരിച്ച സായുധ സംഘമായ സാൽവ ജുദൂമിനെയും സിപിഐ എതിർത്തിരുന്നു. മാവോയിസ്റ്റുകൾക്കെതിരെ സർക്കാർ സ്പോൺസർ ചെയ്യുന്ന ഇത്തരം സംഘങ്ങളെ നിരോധിക്കണമെന്ന് സിപിഐ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. സിപിഐയുടെ ഈ സുസ്ഥിരനിലപാടിന്റെ ഭാഗമായി, വ്യാജ ഏറ്റുമുട്ടൽ വിഷയം വീണ്ടും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ ഫെബ്രുവരി 11ന് പുറത്തിറക്കിയ പ്രസ്താവനയിൽ, വിശാലമായ പ്രകൃതിദത്ത വനവിഭവങ്ങളും ധാതുസമ്പത്തും കോർപറേറ്റ് സ്ഥാപനങ്ങൾക്ക് കൈമാറാൻ സഹായിക്കുക എന്നതാണ് ഈ കൊലപാതകങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടുകയുമുണ്ടായി. ആദിവാസികളെ ലക്ഷ്യം വച്ചുള്ള വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആശങ്ക സിപിഐ നേതാവ് പി സന്തോഷ് കുമാർ രാജ്യസഭയിലും ഉന്നയിച്ചു.
മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച കേവലം ഭരണകൂട അടിച്ചമർത്തലിന്റെ മാത്രം പരിണതിയല്ലെന്നും രാഷ്ട്രീയ വീക്ഷണത്തിന്റെ പരാജയമാണെന്നുമാണ് സിപിഐയുടെ സുചിന്തിത നിലപാട്. കാലഹരണപ്പെട്ട ഒരു വിപ്ലവ മാതൃകയിൽ പറ്റിപ്പിടിച്ചുകൊണ്ട്, മാവോയിസ്റ്റുകൾ ഇന്ത്യയിലെ തൊഴിലാളിവർഗങ്ങളിൽ നിന്നും പുരോഗമന ബുദ്ധിജീവികളിൽ നിന്നും, അക്രമാസക്ത രീതികൾ അംഗീകരിക്കാത്ത തങ്ങളുടെ അനുഭാവികളിൽ നിന്നുപോലും സ്വയം ഒറ്റപ്പെടുകയാണ്.
മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ മാവോയിസ്റ്റുകളോട് സിപിഐ ആഹ്വാനം ചെയ്യുന്നത് കീഴടങ്ങലായിട്ടല്ല, മറിച്ച് പ്രായോഗികമായ ഒരു പുനഃക്രമീകരണമാണ്. യഥാർത്ഥ സാമൂഹിക പരിവർത്തനമാണ് ലക്ഷ്യമെങ്കിൽ, ബഹുജന സംഘടന, തെരഞ്ഞെടുപ്പ് പങ്കാളിത്തം, നയപരമായ പ്രചരണം എന്നിവയിലൂടെയാണ് മുന്നോട്ടു നീങ്ങേണ്ടത്, ഭരണകൂട അതിക്രമത്തിനും പൊതുജനങ്ങളുടെ എതിർപ്പിനും കാരണമാകുന്ന വ്യർത്ഥമായ സായുധ പോരാട്ടത്തിലൂടെയല്ല. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയില്‍ ഗറില്ലാ യുദ്ധമുറയല്ല, രാഷ്ട്രീയ ഇടപെടലാണ് ഇടതുപക്ഷത്തിന് പ്രായോഗികമായ ഏക മാർഗമെന്ന് ചരിത്രം വിധിയെഴുതിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ പ്രസ്ഥാനം പൂർണമായും തകരുന്നതിന് മുമ്പ് അവർ ഈ പാഠം പഠിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.