കഴിഞ്ഞ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദർശിച്ച് സംഘടനാ സ്ഥാപകൻ കെ ബി ഹെഡ്ഗേവാറിനും എം എസ് ഗോൾവാൾക്കറിനും ആദരാഞ്ജലികളർപ്പിച്ചു. തൊട്ടടുത്തയാഴ്ച, ജനതാദൾ (യുണൈറ്റഡ്), തെലുങ്കുദേശം പാർട്ടി എന്നിവയുൾപ്പെടെ സഖ്യകക്ഷികളുടെ പിന്തുണയോടെ വിവാദമായ വഖഫ് ഭേദഗതി ബിൽ മോഡി സര്‍ക്കാര്‍ പാർലമെന്റിൽ അവതരിപ്പിച്ചു. രണ്ട് സംഭവങ്ങള്‍ക്കും പരസ്പരബന്ധമില്ലെന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ അവ തമ്മില്‍ ജൈവികമായ ബന്ധമുണ്ട്. രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന ഭീതിദമായ ഭാവിയിലേക്ക് ഇവ വിരൽ ചൂണ്ടുന്നു. മോഡിയുടെ നാഗ്പൂർ സന്ദർശനം അദ്ദേഹവും ആർഎസ്എസും തമ്മിലുള്ള ശീതയുദ്ധത്തിന് ശമനമുണ്ടാക്കാനാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ജെഡിയുവും ടിഡിപിയും വഖഫ് ബില്ലിന് നൽകുന്ന ഉപാധിരഹിത പിന്തുണ സൂചിപ്പിക്കുന്നത് പാർലമെന്റിൽ ഭൂരിപക്ഷമില്ലെങ്കിലും ബിജെപിക്ക് അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ്. നിലവില്‍ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയിലായതിനാല്‍ ഹിന്ദുത്വ അജണ്ട നിയന്ത്രിക്കപ്പെടുമെന്ന പ്രതീക്ഷ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. മോഡി — ആർഎസ്എസ് വടംവലി ആർഎസ്എസ് പാരിസ്ഥിതിക വ്യവസ്ഥയെ ദുര്‍ബലമാക്കുമെന്ന ചിന്തയും അസ്ഥാനത്താണ്. ആർഎസ്എസിന് സ്വയം നിലനില്‍ക്കാനും അതിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന രീതിയില്‍ മുന്നേറാനുമുള്ള മാർഗമുണ്ട്. ഏത് ഭരണകൂടം രാജ്യം ഭരിച്ചാലും ഇന്ത്യയുടെ സാമൂഹിക — രാഷ്ട്രീയ സ്വഭാവം വെെകാതെ ഹിന്ദുത്വത്തിന് അനുകൂലമായി മാറ്റാൻ സാധ്യതയുണ്ട് — ഒരുപക്ഷേ സ്ഥിരമായി. ബിജെപി ഭരണത്തിന്റെ 11 വർഷവും, ഇന്ത്യയുടെ രാഷ്ട്രീയം ലിബറൽ‑സെക്യുലറിൽ നിന്ന് ഭൂരിപക്ഷമതാടിസ്ഥാനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മോഡിയുടെയും അദ്ദേഹത്തിന്റെ രണ്ടാമനായ ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ആർഎസ്എസിന്റെ ആത്യന്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ആക്രമണാത്മക നീക്കത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ജമ്മു കശ്മീരിന്റെ അനുച്ഛേദം 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയാനും, മുത്തലാഖ് നിരോധിക്കാനും, അയോധ്യയിൽ രാമക്ഷേത്രം സ്ഥാപിക്കാനും, പൗരത്വ ഭേദഗതി നിയമവും വഖഫ് ബില്ലും കൊണ്ടുവരാനും, ഏകീകൃത സിവിൽ കോഡിനായി സമ്മർദം ചെലുത്താനും മോഡി സർക്കാർ ഭരണഘടനാപരമായ നിയമനിർമ്മാണ, നീതിന്യായ മാർഗങ്ങൾ ഉപയോഗിച്ചു. ബജ്റംഗ്‌ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ രാഷ്ട്രീയേതര സംഘടനകളെയും രാജ്യമെമ്പാടും വളർന്നുവന്ന വര്‍ഗീയ സംഘടനകളെയും ഭൂരിപക്ഷാധിനിവേശ സംസ്കാരം അഴിച്ചുവിടാൻ അത് ലജ്ജയില്ലാതെ അനുവദിച്ചു. പശു സംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ, മുസ്ലിം സ്ഥാപനങ്ങൾ നിർബന്ധിതമായി അടച്ചുപൂട്ടൽ, മതേതര നേതാക്കള്‍ക്കെതിരായ ആക്രമണങ്ങൾ, ശാരീരികമായോ സമൂഹമാധ്യമങ്ങളിലൂടെയോ വിദ്വേഷ പ്രസംഗങ്ങൾ എന്നിവയാണ് ഇതിന്റെ ഫലം. ചരിത്രത്തിന്റെ വർഗീയ വ്യാഖ്യാനങ്ങളെ ആയുധമാക്കുകയും ഹിന്ദുക്കള്‍ ഇരകളാണെന്ന് അവകാശപ്പെടുകയും പീഡകരുടെ രക്തത്തിനെന്ന പേരില്‍ മുസ്ലിങ്ങളെ വേട്ടയാടുകയും ചെയ്യുന്നു. സുപ്രീം കോടതി നിർദേശങ്ങൾ ലംഘിച്ച് മുസ്ലിങ്ങളുടെ വീടുകൾ നിയമവിരുദ്ധമായി തകർക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ ബുൾഡോസറുകൾ ഉപയോഗിച്ചു. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് പതിവായി. ബിജെപി മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ഭാരവാഹികൾ എന്നിവരാണ് ന്യൂനപക്ഷങ്ങൾക്കെതിരായ ആരോപണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആദായനികുതി നിയമം, വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം, വിദേശികളുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. 2014 മുതൽ മോഡി രാജ്യത്തെ നയിച്ച, വിഭാഗീയവും വർഗീയവുമായ പാതയിലൂടെയുള്ള യാത്ര നിർണായക ദൂരം പിന്നിട്ടിരിക്കുന്നു. ആ പാത ഇപ്പോൾ ഹിന്ദുരാഷ്ട്രം എന്ന തിരിച്ചുവരവില്ലാത്ത ഘട്ടത്തിലേക്ക് അടുക്കുന്നു, ആർഎസ്എസിന്റെ സ്വപ്നങ്ങളുടെ രാഷ്ട്രം. സ്വാതന്ത്ര്യസമരത്തിലെ അതികായന്മാർ ഏറെ ശ്രദ്ധയോടെ പരിപോഷിപ്പിച്ചതും തുടർന്ന് ഭരണഘടനയിൽ പ്രതിഷ്ഠിച്ചതുമായ മൂല്യങ്ങളിലേക്ക് രാജ്യത്തെ തിരികെയെത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ മൂല്യങ്ങളെ പരിപാലിക്കുന്നവർ ഉയർന്നു പ്രവര്‍ത്തിച്ചില്ലെങ്കിൽ, ഇന്ത്യ ആര് ഭരിച്ചാലും ആർഎസ്എസിന്റെ ഏകവർണവും ഏകസംസ്കാരാധിഷ്ഠിതവുമായ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകുമെന്ന് തോന്നുന്നു.
ബിജെപിയുമായി ബന്ധപ്പെടാതെ തന്നെ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാക്കാൻ ആർഎസ്എസ് ആവാസവ്യവസ്ഥ പ്രവർത്തിക്കുന്നുണ്ട്. നൂറു വർഷമായി അത് അധികാരത്തിന്റെ കടിഞ്ഞാണിനായി ക്ഷമയോടെ കാത്തിരിക്കുകയാണ്. 2014ന് മുമ്പ്, ഹിന്ദുക്കളില്‍ അന്തർലീനമായ മതേതര സ്വഭാവത്തെ വർഗീയ വിദ്വേഷം കൊണ്ട് മന്ദീഭവിപ്പിക്കാനുള്ള പരിപാടി അത് തന്ത്രപരമായി പ്രയോഗിച്ചു. മതേതരരെന്ന് അവകാശപ്പെടുന്നവർ ഈ കാലഘട്ടത്തില്‍, പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര കോൺഗ്രസില്‍ ഉറക്കത്തിലായിരുന്നു. അത് രണ്ട് ഘട്ടങ്ങളിലായി നിർണായകശക്തി നേടാൻ ആർഎസ്എസിനെ അനുവദിച്ചു. അരവിന്ദ് കെജ്‌രിവാളിനെ പോലുള്ള അനുയായികളുടെ സഹായത്തോടെ അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ പ്രസ്ഥാനത്തോടെയാണ് ആദ്യഘട്ടം ആരംഭിച്ചത്. അവിടെ ആർഎസ്എസ് അദൃശ്യമായി പ്രവർത്തിച്ചു. രാഷ്ട്രത്തിന്റെ ഭാഗധേയം മാറ്റാൻ കഴിയുന്ന ഒരു മാസ്മരിക പ്രതീകമായി നരേന്ദ്ര മോഡിയെ അവതരിപ്പിച്ചതോടെയാണ് അത് അവസാനിച്ചത്. ജനങ്ങൾ അതിൽ വീണു, ഇന്ത്യയെ ആർഎസ്എസിന്റെ മടിത്തട്ടിലെത്തിച്ചു. ഭരണത്തിലെത്തിയതോടെ ആർഎസ്എസ് അതിന്റെ രാഷ്ട്രീയ മുന്നണിയായ ബിജെപിയിലൂടെ ഹിന്ദുരാഷ്ട്ര പദ്ധതിയെ പരമാവധി പ്രയോജനപ്പെടുത്തി. ഭീകരാക്രമണം നടന്ന ദിവസം ഒന്നിലേറെ വസ്ത്രം മാറിയതിന് ഒരു കേന്ദ്രമന്ത്രിയെ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയ രാജ്യത്ത്, മഹാത്മാഗാന്ധിയുടെ ഘാതകനും ഇന്ത്യയിലെ ആദ്യത്തെ സ്വദേശ ഭീകരനുമായ നാഥുറാം ഗോഡ്സെയുടെ അനുയായിയെ നിയമനിർമ്മാതാവായി പാർലമെന്റിലേക്ക് അയച്ചു. പ്രധാനമന്ത്രി തന്നെ രാജ്യത്തെ മുസ്ലിങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളും സൂചനകളും ഉപയോഗിച്ച് സംസാരിക്കുന്നത് നാം കേട്ടു. മുസ്ലിങ്ങൾക്കെതിരായ അക്രമത്തിനും കൊലപാതകത്തിനുമുള്ള ആഹ്വാനങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്നു. പകരം ഇതിനെതിരെയും ജനാധിപത്യത്തിനുവേണ്ടിയുമുള്ള ശബ്ദങ്ങൾ അടിച്ചമർത്തലിലൂടെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു.
കായികതാരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിജെപി എംപിക്കെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ മുൻനിര വനിതാ ഗുസ്തിക്കാരെ ഡൽഹിയിലെ തെരുവുകളിൽ പൊലീസ് പരസ്യമായി വലിച്ചിഴച്ച് അപമാനിച്ചത്, ഭീകരഭരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഒരു ദശാബ്ദം മുമ്പ് ഡൽഹിയിലെ നിർഭയയുടെ ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനുമെതിരെ വൻ പ്രതിഷേധങ്ങൾ കണ്ട ഒരു രാജ്യത്താണ് ഇത് സംഭവിച്ചത്. ഒരു ദശാബ്ദത്തിനുള്ളിലെ ഈ മാറ്റം എന്താണ് വിശദീകരിക്കുന്നത്? ഒരേയൊരു കാര്യം, ആർഎസ്എസ് ആവാസവ്യവസ്ഥ ഇന്ത്യന്‍ സംസ്കാരത്തിന്റെ വേരുകൾ ആഴത്തിൽ കുഴിച്ചെടുത്ത് സ്വന്തം രീതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു. ആർഎസ്എസ് വീക്ഷണത്തെ അംഗീകരിക്കുന്ന, സൗമ്യരായ സുഹൃത്തുക്കളും അയൽക്കാരും ഉൾപ്പെടെയുള്ളവര്‍ നേരത്തെയും നമുക്കുണ്ടായിരുന്നു. പക്ഷേ അവരിപ്പോൾ വിദ്വേഷ അജണ്ടയെ പരസ്യമായി പിന്തുണയ്ക്കുന്നു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനതത്വത്തെ ആക്രമിക്കാൻ പണവും ശക്തിയും പ്രചരണവും അഴിച്ചുവിട്ടുകൊണ്ട് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യങ്ങളെ സാധാരണവൽക്കരിക്കുന്നു. പ്രതിപക്ഷം പോലും ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. ഒന്നുകിൽ ജയിലിലടയ്ക്കപ്പെടുന്നതിൽ നിന്ന് സ്വയം രക്ഷിക്കാൻ അല്ലെങ്കിൽ ഹിന്ദു വോട്ടർമാരെ പിണക്കാതിരിക്കാൻ. ആർഎസ്എസ് രാജ്യത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.
ബിജെപിയുടെ സഖ്യകക്ഷികള്‍ മാത്രമല്ല, പ്രതിപക്ഷത്തുള്ള പലരും ഹിന്ദുത്വയുമായി കൊമ്പുകോർക്കാൻ തയ്യാറാകുന്നില്ല. ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഭയന്ന് പ്രതിപക്ഷത്തുള്ളവരും മുസ്ലിങ്ങൾക്കുവേണ്ടി നിലകൊള്ളാൻ ധെെര്യപ്പെടുന്നില്ല. പക്ഷേ അവരുടെ ഈ അനുമാനം തെറ്റാണ്. ഭൂരിപക്ഷം ഹിന്ദുക്കളും ഇപ്പോഴും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ല. അവരുടെ വിജയശതമാനം ഇതുവരെ 38 ശതമാനം കവിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോൺഗ്രസിന് തങ്ങളുടെ മതേതര യോഗ്യത പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് അവരെ നിലനിർത്താൻ കഴിയുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണവർ പിന്നോട്ട് പോകുന്നത്.
ബിജെപിയുടെ വർഗീയകളികൾക്കെതിരെ സുരക്ഷിതമായി നില്‍ക്കാനും അതിർത്തി കടക്കാതിരിക്കാനും അവര്‍ ഇഷ്ടപ്പെടുന്നു. ലക്ഷ്യം തെറ്റുമോ, പിടിക്കപ്പെടുമോ എന്നൊക്കെയുള്ള ഭയം അവരെ പിടികൂടിയിരിക്കുന്നു. പ്രതിപക്ഷത്തിന്റെ മാനസിക ശക്തിയെ ആര്‍എസ്എസ് കൃത്യമായി തകർത്തിരിക്കുന്നു. അതിനാൽ പ്രതിപക്ഷം അധികാരത്തിൽ വന്നാലും അവര്‍ക്ക് ഒരു ഭീഷണിയുമില്ല. കാരണം രാജ്യത്തിന്റെ ഹിന്ദുത്വ യാത്ര താല്‍ക്കാലികമായി നിർത്താനേ കഴിയൂ, പിന്നോട്ട് മാറ്റാൻ എളുപ്പത്തില്‍ കഴിയില്ല. സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷത്തിൽ നിന്നുള്ള ചിലർ തന്നെ ഹിന്ദുത്വ ഇടത്തിനായി ബിജെപിയുമായി മത്സരിച്ചേക്കാം. “ഹിന്ദു താല്പര്യങ്ങൾ സംരക്ഷിക്കുന്നവർ മാത്രമേ ഇന്ത്യ ഭരിക്കൂ” എന്ന മുദ്രാവാക്യം സംഘ്പരിവാര്‍ ഉന്നയിക്കുന്നത് വെറുതെയല്ല. ഇതിനെ ഒരു പ്രത്യയശാസ്ത്ര പോരാട്ടമായി കാണുന്നുവെങ്കിൽ, പ്രതിപക്ഷം ഒന്നിച്ചു പ്രവർത്തിക്കേണ്ട ഒരു അടിയന്തരഘട്ടമാണിത്. ഇപ്പോഴല്ലെങ്കിൽ പിന്നീടൊരിക്കലും ഉണ്ടാകില്ല എന്നത് വ്യക്തമാണ്. ഇന്ത്യയെ ശാശ്വതമായി വർഗീയവൽക്കരിക്കുന്നതിൽ നിന്ന് രക്ഷിക്കണമെന്നുണ്ടെങ്കില്‍ കാത്തിരിക്കാന്‍ രണ്ട് വർഷം പോലുമില്ല. രാഹുൽ ഗാന്ധി 50 വർഷത്തെ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ആർഎസ്‌എസിനെ അവഗണിച്ചതിലൂടെ 2014 ന് മുമ്പ് 50 വർഷത്തിലധികം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.